UPDATES

വിദേശം

ഇറാനെതിരെ സദ്ദാമിന്റെ രാസായുധ പ്രയോഗത്തിന് പിന്നില്‍ അമേരിക്ക – റിപ്പോര്‍ട്ട്

ഷെയ്ന്‍ ഹാരിസ്, മാത്യൂ എം എയ്ഡ്
(ഫോറിന്‍ പോളിസി)
 
 
സിറിയയില്‍ നടന്ന രാസായുധ പ്രയോഗത്തെ തുടര്‍ന്നു അവിടെ സൈനിക ഇടപെടല്‍ നടത്താന്‍ യു.എസ് സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്. പക്ഷേ, കാലങ്ങള്‍ക്ക് മുമ്പ്, ഇപ്പോള്‍ ഉണ്ടായിട്ടുള്ളവയെക്കാള്‍ വിനാശകരമായ നാഡീവാതകാക്രമണങ്ങള്‍ നടന്നപ്പോള്‍, അവ നടക്കുമെന്ന് അറിഞ്ഞിട്ടും തടയാന്‍ അമേരിക്കന്‍ സൈനിക, രഹസ്യാന്വേഷകവൃത്തങ്ങള്‍  ഒന്നും ചെയ്തിരുന്നില്ല.  
 
1988ല്‍ ഇറാന്‍ – ഇറാഖ് യുദ്ധം കെട്ടടങ്ങുന്ന സമയം, ഇറാന്‍, ഇറാഖിന്റെ ചെറുത്തുനില്‍പ്പിലുള്ള ഒരു വീഴ്ച്ച ഉപയോഗപ്പെടുത്തിക്കൊണ്ട് തന്ത്രപരമായ മുന്‍തൂക്കം നേടാന്‍പോവുന്നുവെന്ന് ഉപഗ്രഹചിത്രങ്ങളിലൂടെ യു.എസ്. മനസ്സിലാക്കി. യു.എസ്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ഇറാനിയന്‍ പടനീക്കങ്ങള്‍ ഇറാഖിനു കൈമാറി. സദ്ദാം ഹുസൈന്റെ സൈന്യം നാഡികളെ സ്വാധീനിക്കുന്ന മാരകമായ സരിന്‍ ഉള്‍പ്പെടെയുള്ള രാസായുധങ്ങള്‍ ഉപയോഗിക്കുമെന്നും അവര്‍ക്ക് അറിയാമായിരുന്നു. 
 
ഇറാനിയന്‍ ട്രൂപ്പുകളുടെ നീക്കങ്ങളും സൈനികവിന്യാസങ്ങളും സംബന്ധിച്ച ചിത്രങ്ങളും ഭൂപടങ്ങളും അവരുടെ വ്യോമപ്രതിരോധങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളും രഹസ്യാന്വേഷണസംഘം നല്‍കിയിരുന്നു. 1988-ലുണ്ടായ പ്രധാനപ്പെട്ട നാല് പ്രത്യാക്രമണങ്ങള്‍ക്കും മുമ്പുതന്നെ യു.എസ്. ഉപഗ്രഹചിത്രങ്ങളുടെയും ഭൂപടങ്ങളുടെയും മറ്റു രഹസ്യവിവരങ്ങളുടെയും സഹായത്തോടെ ഇറാഖ് മസ്റ്റാഡ് ഗ്യാസും സരിനും ഉപയോഗിക്കുകയുണ്ടായി. ഈ ആക്രമണങ്ങള്‍ യുദ്ധം ഇറാഖിനനുകൂലമായി മാറാന്‍ സഹായിക്കുകയും ഇറാനെ കൂടിയാലോചനയിലെത്തിക്കുകയും ഇറാഖിന്റെ വിജയം സംരക്ഷിക്കുന്നതില്‍ റീഗന്‍ ഭരണം പുലര്‍ത്തിയ ദീര്‍ഘവീക്ഷണമുള്ള നയങ്ങള്‍ തുടരുമെന്ന് അവര്‍ ഉറപ്പു നല്‍കുകയും ചെയ്തു. വളരെ വര്‍ഷങ്ങളായി തുടര്‍ന്നുവന്ന പരമ്പരയില്‍ റീഗന്‍ ഭരണത്തിന് അറിയാമായിരുന്നതും അവര്‍ വെളിപ്പെടുത്താതിരുന്നതും ആയ അവസാനത്തെ രാസാക്രമണങ്ങളായിരുന്നു അവ.
 
ഇറാഖിന്റെ രാസായുധാക്രമണങ്ങളെ അനുകൂലിച്ചിരുന്ന യു.എസ്. അധികാരകേന്ദ്രങ്ങള്‍, സദ്ദാമിന്റെ ഭരണകൂടം ഒരിക്കലും അദ്ദേഹം രാസായുധങ്ങള്‍ ഉപയോഗിക്കുമെന്ന് പറഞ്ഞിട്ടില്ല എന്ന് വളരെക്കാലം അവകാശപ്പെട്ടിരുന്നു. വിരമിച്ച വായുസേനാ കേണല്‍ റിക്ള്‍ ഫ്രാങ്കോന ഭിന്നമായൊരു ചിത്രം നല്‍കുന്നു. 1988ലെ യുദ്ധവേളയില്‍ അദ്ദേഹം ബാഗ്ദാദില്‍ ഉപസൈനികമേധാവിയായിരുന്നു. ‘നാഡീവാതകം ഉപയോഗിക്കാന്‍ തങ്ങള്‍ പ്രേരിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന് ഇറാഖ് നമ്മളോട് പറഞ്ഞിട്ടില്ല. അവര്‍ക്കങ്ങനെ പറയേണ്ടതുമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് മുമ്പേതന്നെ അതറിയാമായിരുന്നു.’ ‘ഫോറിന്‍ പോളിസി’യോട് അദ്ദേഹം പറഞ്ഞു.
 
ഫ്രാങ്കോനയെ പോലുള്ള മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളും, അടുത്ത കാലത്ത് പുറത്തു വിട്ട സി.ഐ.എ രേഖകളും പ്രകാരം യു.എസ്സിന്റെ പക്കല്‍ 1983 മുതല്‍ തുടങ്ങുന്ന ഇറാഖി രാസായുധാക്രമണങ്ങളുടെ വ്യക്തമായ രേഖകളുണ്ടായിരുന്നു. ആ സമയത്ത് നിയമവിരുദ്ധമായ രാസായുധാക്രമണങ്ങള്‍ തങ്ങള്‍ക്കുമേല്‍ പ്രയോഗിക്കുന്നതായി ആരോപിക്കുകയും ഐക്യരാഷ്ട്രസംഘടനയ്ക്കു സമര്‍പ്പിക്കാന്‍ ഒരു കേസ് നിര്‍മ്മിക്കുകയും ആയിരുന്നു ഇറാന്‍. പക്ഷേ, ഇറാഖിനെസംബന്ധിച്ച തെളിവുകള്‍ അവരുടെ പക്കല്‍ ഇല്ലായിരുന്നു. ഇവ മിക്കവാറും യു.എസ്. ഭരണകൂടത്തിന്റെ തലപ്പത്തുള്ള രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാത്രം അയക്കപ്പെട്ട അതീവ രഹസ്യമായ റിപ്പോര്‍ട്ടുകളായിരുന്നു. എന്നാല്‍ സി.ഐ.എ. ഇതില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. 
 
സിറിയന്‍ സര്‍ക്കാറില്‍ ആരോപിതമായ രാസായുധാക്രമണങ്ങളില്‍ യു.എസ്. ഇടപെടണോ എന്ന് ഇന്ന് കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇതില്‍നിന്ന് ഭിന്നമായി ശത്രുക്കള്‍ക്കുനേരെയും സ്വന്തം ജനങ്ങള്‍ക്കുനേരെതന്നെയും സദ്ദാം നടത്തിയ വ്യാപകമായ രാസായുധപ്രയോഗത്തില്‍ മൂന്നു പതിറ്റാണ്ടുകള്‍ക്കുമുമ്പ് യു.എസ്. സ്വീകരിച്ചത് തണുപ്പന്‍ സമീപനമായിരുന്നു എന്ന് കാണാം. 
 
ആയുധപ്രയോഗത്തെസംബന്ധിക്കുന്ന കാര്യമായ തെളിവുകളൊന്നും ഇറാന്‍ കണ്ടെത്താനിടയില്ല, തങ്ങളുടെ കയ്യില്‍ അവ ഉണ്ടെങ്കിലും — എന്ന് ഈ രേഖകളില്‍ സി.ഐ.എ. പറയുന്നു. സോവിയറ്റ് യൂണിയന്‍ മുമ്പുതന്നെ അഫ്ഗാനിസ്താനില്‍ രാസായുധങ്ങള്‍ ഉപയോഗിക്കുകയും ചില പ്രത്യാഘാതങ്ങള്‍ അനുഭവിക്കുകയുമുണ്ടായിട്ടുണ്ട് എന്നതും കൂടി ഏജന്‍സി പരാമര്‍ശിക്കുന്നു.
 
സദ്ദാം രാസായുധങ്ങള്‍ ഉപയോഗിക്കുമെന്ന് ഉദ്യോഗസ്ഥര്‍ സംശയിച്ചപ്പോള്‍ത്തന്നെ യു.എസ് തന്ത്രപരമായ പിന്‍ബലം ഇറാഖിനു നല്‍കിയെന്ന് മുമ്പേ വെളിവായിരുന്നു. എന്നാല്‍ മെറിലാന്‍ഡ് യൂണിവേഴ്‌സിറ്റി കോളേജ് പാര്‍ക്കിലെ നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ഇപ്പോള്‍ പുറത്തു വിട്ടിട്ടുള്ള രേഖകളുടെ ശേഖരത്തില്‍ മുന്‍ രഹസ്യാന്വേഷണോദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളോടൊപ്പം ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന സി.ഐ.എ. രേഖകള്‍ എങ്ങനെ, എപ്പോള്‍ ഇറാഖ് ഈ മാരകായുധങ്ങള്‍ ഉപയോഗിച്ചു എന്നതിനെക്കുറിച്ച് യു.എസ്സിനുണ്ടായിരുന്ന ആഴത്തിലുള്ള അറിവ് വെളിപ്പെടുത്തുന്നു. നാഡീവാതകാക്രമണങ്ങളെക്കുറിച്ച് മുതിര്‍ന്ന യു.എസ്. ഉദ്യോഗസ്ഥര്‍ക്ക് അപ്പപ്പോള്‍ വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്നും ഇവ കാണിക്കുന്നു. അവ എക്കാലത്തെയും അതിഭീകരമായ ചില രാസായുധാക്രമണങ്ങളില്‍ അമേരിക്കയുടെ ഔദ്യോഗികമായ പങ്ക് ആവര്‍ത്തിക്കുന്നവയാണ്.
 
പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ അടുത്ത സുഹൃത്തായിരുന്ന കേന്ദ്ര രഹസ്യാന്വേഷണസംഘത്തലവന്‍ വില്യം കാസി അടക്കമുള്ള മുഖ്യ സി.ഐ.എ. ഉദ്യോഗസ്ഥര്‍ക്ക് ഇറാഖി രാസായുധ നിര്‍മാണ ഫാക്ടറിയെക്കുറിച്ചും ഇത് വേഗത്തിലാക്കാന്‍ ഇറ്റലിയില്‍ നിന്നു ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നതുമൊക്കെ യു.എസിന് അറിയാമായിരുന്നു. 
 
ഇറാന്‍ യു.എസ്സിന്റെ പശ്ചിമേഷ്യന്‍ താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിനല്‍കാനിടയുണ്ട് എന്നും ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് ഉണ്ടായിരുന്നു. ‘ഇറാഖി ആക്രമണങ്ങള്‍ തുടരുകയും ശക്തമാവുകയും ചെയ്യുമ്പോള്‍ ഇറാനിയന്‍ സൈന്യത്തിന് ഒരു ഇറാഖി രാസവാതകഷെല്ല് കിട്ടാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുന്നു.’ സി.ഐ.എ 1983 നവംബറിലെ പരമരഹസ്യമായ ഒരു രേഖയില്‍ പറയുന്നു. ‘ടെഹ്‌റാന്‍ ഇങ്ങനെയൊരു തെളിവ് യു.എന്നിലെത്തിക്കുകയും സാര്‍വ്വദേശീയനിയമങ്ങള്‍ ലംഘിക്കുന്നതില്‍ യു.എസിന് മേല്‍ കുറ്റം ചുമത്തപ്പെടുകയും ചെയ്യും.’
 
അതേ സമയം ഉപസൈനികമേധാവിയുടെ കാര്യാലയം ഉപഗ്രഹനിരീക്ഷണചിത്രങ്ങളുപയോഗിച്ച് ഇറാഖിന്റെ ആക്രമണപദ്ധതികള്‍ പരിശോധിക്കുകയായിരുന്നു എന്ന് ഫ്രാങ്കോന ഫോറിന്‍ പോളിസിയോട് പറഞ്ഞു. ഒരു മുന്‍ സി.ഐ.എ. ഉദ്യോഗസ്ഥന്റെ അഭിപ്രായപ്രകാരം അവ ഓരോ ആക്രമണത്തിനും മുമ്പ് ഇറാനിയന്‍ താവളങ്ങള്‍ക്ക് എതിരെയുള്ള തങ്ങളുടെ പീരങ്കിപ്പടകള്‍ക്ക് ഇറാഖ് രാസായുധങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിന്റെ ചിത്രങ്ങളായിരുന്നു.
 
അറബിക്  ഭാഷയറിയാവുന്നയാളും, പശ്ചിമേഷ്യന്‍ വിഷയങ്ങളില്‍ പരിചയസമ്പന്നനും ആണ് ഡിഫന്‍സ് ഇന്റെലിജെന്‍സ് ഏജന്‍സിയിലും നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയിലും പ്രവര്‍ത്തിച്ച ഫ്രാങ്കോന.1984ല്‍ ജോര്‍ദ്ദനിലെ അമ്മനില്‍ വായുസേനാ ഉപമേധാവിയായിരിക്കെയാണ് ഇറാഖ് ഇറാനെതിരെ രാസായുധങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ആദ്യം അറിയുന്നത് എന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം അറിഞ്ഞ വിവരങ്ങളില്‍ ഇറാഖ്, തെക്കന്‍ ഇറാഖില്‍ തബുന്‍ എന്ന നാഡീവാതകം (ജി.എ.എന്നും അറിയപ്പെടുന്നു) ഉപയോഗിച്ചുവെന്ന് വ്യക്തമാക്കുന്നു.
 
കാസിയ്ക്കും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇറാഖിന്റെ രാസാക്രമണങ്ങളെക്കുറിച്ചും തുടര്‍ പദ്ധതികളെക്കുറിച്ചും തുടര്‍ച്ചയായി വിവരംകിട്ടിയിരുന്നു എന്ന് സി.ഐ.എ. രേഖകള്‍ കാണിക്കുന്നു. ‘ഇറാഖികള്‍ മസ്റ്റാഡ് ഗ്യാസ് വലിയ അളവില്‍ ഉണ്ടാക്കുകയോ കൈക്കലാക്കുകയോ ചെയ്യുകയാണെങ്കില്‍ അവര്‍ അവ അതിര്‍ത്തിക്കടുത്തുള്ള ഇറാനിയന്‍ ട്രൂപ്പുകള്‍ക്കും ടൗണുകള്‍ക്കും നേരെ ഉപയോഗിക്കുമെന്ന് മിക്കവാറും തീര്‍ച്ചയാണ്.’ 
 
പക്ഷേ അത്, യുദ്ധത്തില്‍ എന്തു വിലകൊടുത്തും ഇറാഖിന്റെ ജയം ഉറപ്പിക്കാന്‍ റീഗന്‍ എടുത്ത മിന്നല്‍ നടപടിയായിരുന്നു.
 
നാഡീവാതകത്തിന്റെ പ്രയോഗം ഇറാന്‍റെ പോരാട്ടങ്ങളെ പാതി വഴിയില്‍ ഉപേക്ഷിക്കുന്നതിനു കാരണമാകുമെന്ന് സി.ഐ.എ. ഒരു രേഖയില്‍ നിരീക്ഷിക്കുന്നു. ഇറാഖിന്റെ പതിവുതാവളങ്ങള്‍ക്കുനേരെ ഇറാന്‍ സേനകള്‍ ഇരമ്പിയടുക്കുന്ന രീതി ചില പോരാട്ടങ്ങളില്‍ നിര്‍ണ്ണായകമായിരുന്നു. ഇറാഖ് അല്‍ ബസ്രയുടെ മുന്നണിക്കു നേരെ ഇറാഖ് നാഡീവാതകപ്രയോഗം തുടങ്ങിയെന്നും ശൈത്യത്തിനു മുമ്പുതന്നെ കാര്യമായ അളവില്‍ സൈനികാവശ്യത്തിന് അത് ഉപയോഗിക്കാന്‍ അവര്‍ക് കഴിയുമെന്നും 1984 മാര്‍ച്ചില്‍ സി.ഐ.എ. റിപ്പോര്‍ട്ട് ചെയ്യുന്നു.
 
1925ലെ ജനീവ പ്രോട്ടോക്കോള്‍വഴി യുദ്ധത്തില്‍ രാസായുധങ്ങള്‍ ഉപയോഗിക്കുന്നത് തടയപ്പെട്ടിരുന്നു. അംഗങ്ങള്‍ മറ്റു രാഷ്ട്രങ്ങളെയും ഈ കരാര്‍ അംഗീകരിപ്പിക്കാന്‍ എല്ലാ ശ്രമങ്ങളും ചെയ്യുമെന്ന് അതില്‍ പ്രഖ്യാപിക്കുന്നു. 1975ല്‍ യു.എസ്സും ഈ പ്രോട്ടോകോള്‍ അംഗീകരിക്കുകയുണ്ടായി. ഇറാഖ് പക്ഷേ, ഒരിക്കലും അംഗീകരിച്ചില്ല. നമ്മുടെ പരിഗണനയിലുള്ള സംഭവത്തിനു വര്‍ഷങ്ങള്‍ക്കു ശേഷം 1997 വരെയും, ഇത്തരം ആയുധങ്ങളുടെ നിര്‍മ്മാണം തടയുന്ന രാസായുധസന്ധി പ്രാബല്യത്തില്‍ വന്നിരുന്നില്ല.
 
ഇറാഖി ആക്രമണങ്ങളുടെ ആദ്യഘട്ടത്തില്‍, 1983ല്‍, മസ്റ്റാര്‍ഡ് ഗ്യാസ് ഉപയോഗിച്ചിരുന്നു. പൊതുവേ നാശകരമല്ലെങ്കിലും ഇത് തൊലിപ്പുറത്തും മറ്റും സാരമായ പൊള്ളിച്ചകള്‍ ഉണ്ടാക്കും. മാരകമായ അണുബാധകളിലേക്ക് ഇത് നയിച്ചേക്കാം. അന്ധതയ്ക്കും ശ്വാസനാളരോഗങ്ങള്‍ക്കും കാരണമാകാം. അര്‍ബ്ബുദത്തിനുള്ള സാധ്യതകളും വളരെയാണ്. മസ്റ്റാര്‍ഡ് പ്രയോഗിക്കപ്പെട്ടപ്പോള്‍ യു.എസ്. പരിമിതമായിപ്പോലും രഹസ്യവിവരങ്ങള്‍ ഇറാഖിനു നല്‍കിയില്ല. പക്ഷേ അവര്‍ കുറ്റകരമായ ഇറാഖി രാസാക്രമണങ്ങള്‍ക്ക് തെളിവു കൊണ്ടുവരുന്നതില്‍ ഇറാനെ സഹായിച്ചുമില്ല.
 
ഇറാഖി രാസാക്രമണങ്ങളുടെ ശക്തമായ തെളിവുകള്‍ 1984ല്‍ പുറത്തുവന്നു. പക്ഷേ സ്വന്തം ജനങ്ങള്‍ക്കുനേരെ മാരകായുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ പോലും സദ്ദാമിനെ ഇത് തടഞ്ഞില്ല. സദ്ദാം രാസായുധങ്ങള്‍ ഉപയോഗിക്കുന്നതിനെക്കുറുച്ച് സി.ഐ.എ. കൂടുതല്‍ അറിഞ്ഞപ്പോള്‍ യുദ്ധവസാനംവരെ ഇറാഖിനെ ചാരവൃത്തിയില്‍ സഹായിക്കുന്നത് ഉദ്യോഗസ്ഥര്‍ വിലക്കി. 1986ല്‍ ഇറാഖുമായി ഒരു രഹസ്യവിനിമയക്കരാര്‍ മുന്നോട്ടുവെച്ചിരുന്നു പ്രതിരോധവകുപ്പ്. പക്ഷേ സദ്ദാം ഹുസൈനെ ഭ്രഷ്ടനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരെ കൊള്ളരുതാത്തവരുമായി സി.ഐ.എ.യും പ്രതിരോധവകുപ്പും കണ്ടതിനാല്‍ ഇത് അവസാനിപ്പിക്കപ്പെട്ടു എന്നാണ് ഫ്രാങ്കോന പറഞ്ഞത്.
 
1987ല്‍ ഈ അവസ്ഥ മാറി. ഇറാന്‍ ബസ്രയ്ക്കു കിഴക്ക് വന്‍തോതില്‍ ട്രൂപ്പുകളും ഉപകരണങ്ങളും കോപ്പുകൂട്ടുന്നതിന്റെ കൃത്യമായ സൂചനകള്‍ സി.ഐ.എ. ചാരോപഗ്രഹങ്ങള്‍ പിടിച്ചെടുക്കുകയുണ്ടായി എന്ന് അന്ന് ഡിഫെന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയിലായിരുന്ന (ഡി.ഐ.എ.) ഫ്രാങ്കോന പറഞ്ഞു. ഡി.ഐ.എ.യിലെ വിശകലനസംഘം മുഖ്യമായും ശ്രദ്ധിച്ചത് തെക്കുകിഴക്കന്‍ ബസ്രയിലെ ഇറാഖി നിരയില്‍ ഇറാന്‍ ഒരു പഴുത് കണ്ടെത്തിയെന്ന് ഉപഗ്രഹചിത്രങ്ങള്‍ കാണിക്കുന്നു എന്നതാണ്. നഗരത്തിന്റെ കിഴക്ക് വിന്യസിച്ചിരുന്ന ഇറാഖി പടയ്ക്കും തെക്കുകിഴക്കുള്ള തന്ത്രപ്രധാനമായ ഫാഓ ഉപദ്വീപിലും ചുറ്റുമായി വിന്യസിച്ചിരുന്ന ഇറാഖി പടയ്ക്കും ഇടയിലായിരുന്നു ഈ വിള്ളല്‍.
 
ഇറാഖി അണിയിലുള്ള വിടവിന് എതിര്‍വശത്തെ സേനാവിന്യാസങ്ങളിലേക്ക്  ഇറാനിയന്‍ എഞ്ചിനീയറിങ്ങ് – ബ്രിഡ്ജിങ് യൂണിറ്റുകള്‍ രഹസ്യമായി നിങ്ങുന്നതായി ഉപഗ്രഹങ്ങള്‍ കണ്ടെത്തി. ഇതാണ് ഒരു വര്‍ഷമായി പടകൂട്ടുന്ന ഇറാനിയന്‍ മിന്നലാക്രമണപ്പട ചാടിവീഴാന്‍ പോകുന്ന സ്ഥലം എന്നായിരുന്നു അതിന്റെ സൂചന – ഫ്രാങ്കോന പറഞ്ഞു.
 
1987ന്റെ അവസാനം വാഷിങ്ടണ്‍ ഡി.സി.യിലുള്ള ഫ്രാങ്കോനയുടെ സ്ഥാപനത്തിലെ ഡി.ഐ.എ. വിശകലനസംഘം ഒരു ടോപ് സീക്രട് റിപ്പോര്‍ട്ട് തയ്യാറാക്കി. ‘At the gates of Basarah’ എന്ന് പേരിട്ട ഈ റിപ്പോര്‍ട്ട് 1988 ഇറാനിയന്‍ മിന്നലാക്രമണം മുന്‍പു നടന്ന എല്ലാ മിന്നലാക്രമണങ്ങളെക്കാളും വലുതായിരിക്കുമെന്നും ഇത് ഇറാഖി അണി ഭേദിച്ച് ബസ്ര പിടിച്ചടക്കാനുള്ള ഒരൊന്നാന്തരം അവസരമാണെന്നും മുന്നറിയിപ്പു നല്‍കുന്നു. ബസ്ര കീഴടങ്ങുകയാണെങ്കില്‍ ഇറാഖി സൈന്യം തകരുമെന്നും ഇറാന്‍ യുദ്ധം ജയിക്കുമെന്നുകൂടി താക്കീതു നല്‍കുന്നു.
 
പ്രസിഡന്റ് റീഗന്‍ റിപ്പോര്‍ട്ട് വായിച്ചതിനു ശേഷം പ്രതിരോധസെക്രട്ടറി ഫ്രാങ്ക് കാലൂച്ചിയെ അഭിസംബോധന ചെയ്തുകൊണ്ട് ‘ഇറാന്റെ വിജയം അസ്വീകാര്യമാണ്’ എന്ന് കുറിക്കുകയുണ്ടായി എന്നും ഫ്രാങ്കോന പറയുന്നു.
 
അനന്തരം യു.എസ്. ഭരണകൂടത്തിന്റെ ഉന്നതലത്തില്‍നിന്ന് ഒരു തീരുമാനമുണ്ടായി. (നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെയും സി.ഐ.എ.യുടെയും അംഗീകാരം ആവശ്യമായിരുന്നു അതിന്). ഇറാഖി രഹസ്യാന്വേഷണസംഘങ്ങള്‍ക്ക് എല്ലാ ഇറാനിയന്‍ യുദ്ധ യൂണിറ്റുകളുടെയും വിന്യാസങ്ങളെയും നീക്കങ്ങളെയും കുറിച്ച് ലഭ്യമായത്രയും വിശദവിവരങ്ങള്‍ നല്‍കാന്‍ ഡി.ഐ.എ ചുമതലപ്പെട്ടു. ഉപഗ്രഹചിത്രങ്ങളും ഒരുപക്ഷേ ഭദ്രമായ ചില ഇലക്ട്രോണിക്കല്‍ രേഖകളും ഈ വിവരങ്ങളില്‍ ഉള്‍പ്പെടുന്നു. ഇറാന്റെ അടുത്ത ആക്രമണം പ്രതീക്ഷിക്കുന്ന ബസ്‌റയുടെ കിഴക്കന്‍ മേഖലയ്ക്ക് ഡി.ഐ.എ. പ്രത്യേകം ഊന്നല്‍ നല്കിയിരുന്നു. സൈനികവിനിമയകേന്ദ്രങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ചും ഇറാനിയന്‍ വായുസേനയുടെയും വ്യോമപ്രതിരോധ വ്യൂഹത്തിന്റെയും കാര്യപ്രാപ്തിയെക്കുറിച്ചുമുള്ള വിവരങ്ങളും ഏജന്‍സി നല്‍കിയിരുന്നു. ഈ വിവരങ്ങള്‍ മിക്കതും ഇറാഖി വായുസേനയ്ക്ക് പ്രസ്തുതകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിക്കത്തക്ക വിധം ‘ലക്ഷ്യവേധിക’ളായിരുന്നു – ഫ്രാങ്കോനയുടെ അഭിപ്രായത്തില്‍.  
 
തുടര്‍ന്ന് സരിന്‍ ആക്രമണങ്ങള്‍ ഉണ്ടായി.
 
സരിന്‍ തലചുറ്റലും ശ്വാസതടസ്സങ്ങളും പേശിവലിവും ഉണ്ടാക്കുന്നു. മരണത്തില്‍ത്തന്നെ എത്തിക്കാം. ഇറാനിയന്‍ ഉദ്യോഗസ്ഥരുമായും രേഖകളുമായും ബന്ധപ്പെടാന്‍ കഴിയാഞ്ഞതിനാല്‍ സി.ഐ.എ. വിശകലനസംഘത്തിന് ഇറാനിയന്‍ അത്യാഹിതങ്ങളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനായിട്ടില്ല. എങ്കിലും സൈനികപോരാട്ടത്തിനുമുമ്പ് നടന്ന നാലു രാസായുധപ്രയോഗങ്ങളിലും ആയിരങ്ങള്‍ കൊല്ലപ്പെട്ടതായി ഏജന്‍സി കണക്കുകൂട്ടുന്നു. ഇറാനുമായുള്ള യുദ്ധത്തില്‍ ഇറാഖ് ആകെ ഉപയോഗിച്ച രാസായുധങ്ങളുടെ മൂന്നില്‍ രണ്ട് ഭാഗം യുദ്ധത്തിന്റെ ഒടുവിലത്തെ 18 മാസങ്ങളില്‍ പ്രയോഗിക്കപ്പെട്ടു എന്നാണ് സി.ഐ.എ. വിലയിരുത്തല്‍.
 
1988 കാലഘട്ടത്തില്‍ യു.എസ്. ചാരസഹായം സദ്ദാമിന്റെ സൈന്യത്തിലേക്ക് ഒഴുകുകയായിരുന്നു. ആ മാര്‍ച്ചില്‍ വടക്കന്‍ ഇറാഖിലെ ഹലബ്ജ എന്ന കുര്‍ദ്ദിഷ് ഗ്രാമത്തില്‍ സദ്ദാം ഒരു നാഡീവാതകാക്രമണം നടത്തുകയുണ്ടായി.
 
ഒരു മാസത്തിനു ശേഷം ഇറാഖി സേന സരിന്‍ നിറച്ച് ആകാശബോംബുകളും പീരങ്കിയുണ്ടകളും ബസ്രയുടെ തെക്കുകിഴക്കുള്ള ഫാവോ ഉപദ്വീപിലെ ഇറാനിയന്‍ ട്രൂപ്പുകള്‍ക്കുനേരെ പ്രയോഗിച്ചു. ഇത് ഇറാഖി സേനയെ ഒരു വന്‍വിജയം നേടാനും ഉപദ്വീപ് മുഴുവന്‍ തിരിച്ചുപിടിക്കാനും സഹായിച്ചു. ഫാവോ ഉപദ്വീപിലെ പ്രത്യാക്രമണം ഏറെ പ്രതീക്ഷിരുന്ന ബസ്ര പിടിച്ചടക്കാനുള്ള ഇറാന്‍ മുന്നേറ്റം തടയുകയും ചെയ്യുകയുണ്ടായി. ഇറാനിന് ഒരു പ്രത്യാക്രമണത്തിന് അവസരം നഷ്ടപ്പെട്ടതിനാല്‍ വാഷിങ്ടണ്‍ ഈ വിജയത്തില്‍ വളരെ സന്തോഷിക്കുകയുണ്ടായി – ഫ്രാങ്കോന പറഞ്ഞു.
 
ഇറാഖിന്റെ രാസായുധപദ്ധതിയെക്കുറിച്ച് ഉണ്ടായിരുന്ന ഉള്‍ക്കാഴ്ച്ച 2003ല്‍ യു.എസിന്റെ അധിനിവേശത്തില്‍ സി.ഐ.എ.യും മറ്റ് രഹസ്യാന്വേഷണ ഏജന്‍സികളും ഇറാഖിന്റെ പദ്ധതിയെക്കുറിച്ച് നല്‍കിയ അപക്വമായ വിലയിരുത്തലുകളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നു. അപ്പൊഴാണെങ്കില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘത്തിന് ഇറാഖില്‍ കൂടുതല്‍ കയ്യുണ്ടായിരുന്നു. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്താന്‍ ഉദ്യോഗസ്ഥരെ അയയ്ക്കാനും കഴിഞ്ഞു.
 
ഫാവോ ഉപദ്വീപ് ഇറാഖിസേന പിടിച്ചടക്കിയതിനു പിന്നാലെ ഫ്രാങ്കോന അവിടം സന്ദര്‍ശിച്ചിരുന്നു. സരിന്റെ മാരകഫലങ്ങളെ ചികിത്സിക്കാന്‍ ഉപയോഗിച്ചിരുന്ന അട്രോപിന്റെ നൂറുകണക്കിന് ഒഴിഞ്ഞ സൂചികള്‍ യുദ്ധക്കളത്തില്‍ ചിതറിക്കിടക്കുന്നത് അദ്ദേഹം കണ്ടു. ഫാവോ ഉപദ്വീപില്‍ ഇറാഖികള്‍ സരിന്‍ ഉപയോഗിച്ചിരുന്നു എന്നതിന് തെളിവായി ഫ്രാങ്കോന ഏതാനും സൂചിക്കുഴലുകള്‍ ശേഖരിച്ച് ബാഗ്ദാദിലേക്ക് തിരിച്ചുകൊണ്ടുപോവുകയുണ്ടായി.
 
നാഡീവാതകങ്ങളുടെ വന്‍തോതിലുള്ള ഉപയോഗം നിമിത്തം ഓരോ ആക്രമണവും വന്‍വിജയമായിരുന്നു. ഈ ആക്രമണങ്ങളില്‍ ഒടുവിലത്തേതായ വിശുദ്ധറമസാന്‍ ആക്രമണം 1988 ഏപ്രിലില്‍ ഇറാഖ് ആരംഭിച്ചു. അന്നോളം ഇറാഖ് ഉപയോഗിച്ചതില്‍ ഏറ്റവുമധികം സരിന്‍ ഇതില്‍ ഉപയോഗിക്കപ്പെട്ടു. സദ്ദാമിന്റെ ഈ അസാധാരണമായ അക്രമത്തോടടുക്കുന്ന ഒരു രാസാക്രമണവുമുണ്ടായിട്ടില്ല ഈ കാല്‍നൂറ്റാണ്ടില്‍. ഒരുപക്ഷേ ദമസ്‌കസ്സിനടുത്ത് കഴിഞ്ഞയാഴ്ച്ച പ്രക്ഷോഭങ്ങള്‍ നടക്കുംവരെ. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍