UPDATES

കേരളം

സര്‍ക്കാര്‍ അറിയുന്നതിന് : ഇടുക്കി തീറെഴുതുന്നതാന്‍ വരട്ടെ

കണ്‍മുന്നില്‍ കണ്ട ദുരന്തത്തെ വകവെക്കാതെ ഇടുക്കിയില്‍ പ്രകൃതിയെ ഇല്ലാതാക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളും ഖനനങ്ങളും ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. ചീയപ്പാറയിലെ ദുരന്തത്തിനു ശേഷം സെന്റര്‍ഫോര്‍ എര്‍ത്ത് ആന്റ് സയന്‍സ് സ്റ്റഡീസ് (സെസ്) നടത്തിയ പഠനത്തില്‍ ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍ സംഭവിച്ച മേഖലകളില്‍ വീണ്ടും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. 
 
കൊടും വേനലില്‍ ദുരിതമനുഭവിച്ചു കഴിഞ്ഞിരുന്നവര്‍ക്ക് ആശ്വാസമായെത്തിയ മഴ ഇക്കൊല്ലം നടുക്കുന്ന ഓര്‍മ്മകളാണ് നല്‍കിയത്. രാജ്യത്തെയും സംസ്ഥാനത്തെയും മഴ ഒരേപോലെ ഭീതിയിലാഴ്തി. ഉത്തരാഖണ്ഢിലും ഇടുക്കി ചീയപ്പാറയിലുമായി ആയിരങ്ങളുടെ ജീവനപഹരിച്ചു. ഉത്തരാഖണ്ഡ് പ്രളയത്തില്‍ പൊലിഞ്ഞത് 5700 ഓളം പേരാണ്. ചീയപ്പാറയിലെ ഉരുള്‍പൊട്ടലില്‍ കൊല്ലപ്പെട്ടത് 14 ജീവനുകളും. വിത്യസ്ഥ ദേശങ്ങളാണെങ്കിലും ചീയപ്പാറയും ഉത്താരാഖണ്ഡും തമ്മില്‍ പ്രകൃതിദുരന്തങ്ങളുടെ കാര്യത്തില്‍ ചില സമാനതകളുണ്ട്. രണ്ടിടത്തും ഉരുള്‍പൊട്ടലും പ്രകൃതി ദുരന്തവും ആദ്യമല്ല. ദുരന്തങ്ങള്‍ സംബന്ധിച്ച് രണ്ടിടങ്ങളിലും മുന്നറിയിപ്പുകളും പഠനങ്ങളുമുണ്ടായിരുന്നു. ഇവ അവഗണിച്ചതാണ് ചീയപ്പാറയിലും ഉത്തരാഖണ്ഡിലും ദുരന്തങ്ങള്‍ക്ക് കാരണമായത്. 
 
മഴ തുടരുകയാണെങ്കില്‍ ചീയപ്പാറയില്‍ ഇനിയും ഉരുള്‍പൊട്ടല്‍ ഉണ്ടാകുമെന്നാണ് പഠനസംഘം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇടുക്കിയിലെ ഉരുള്‍പൊട്ടല്‍ മേഖലകളില്‍ താമസിക്കുന്നയാളുകളുടെ സുരക്ഷക്ക് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ജില്ലകളക്ടര്‍ക്കും മറ്റ് റവന്യു ഉദ്യോഗസ്ഥര്‍ക്കും നര്‍ദേശം നല്‍കികഴിഞ്ഞു. ടൂറിസവും വികസനവും മറയാക്കിയുള്ള പ്രകൃതി ചൂഷണങ്ങളാണ് ചീയപ്പാറയില്‍ പ്രകൃതി ദുരന്തത്തിന് കാരണം. സംസ്ഥാനത്തെ അഞ്ച് ശതമാനത്തോളം പ്രദേശങ്ങള്‍ ഉരുള്‍പൊട്ടലിനു സാധ്യതയേറിയവയാണെന്നും അതില്‍ മൂന്നും ഇടുക്കിയിലാണെന്നും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 
    
ഉരുള്‍പൊട്ടല്‍ മേഖലകളെക്കുറിച്ച് സെസിലെ സയന്റിസ്റ്റ് ജി. ശങ്കറിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഉരുള്‍പൊട്ടലിന് പ്രധാന കാരണം പ്രദേശത്തെ ഭൂവിനിയോഗത്തിലുള്ള തെറ്റായ രീതിയാണെന്നാണ് പഠനസംഘത്തിന്റെ പ്രധാന കണ്ടെത്തല്‍. അതേസമയം ഉരുള്‍പൊട്ടലുണ്ടാകാനുള്ള കാരണങ്ങളെക്കുറിച്ച് ഇടുക്കി മേഖലകളില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് അടുത്തയാഴ്ച സര്‍ക്കാറിന് കൈമാറും. ദുരന്ത സാധ്യതാ സെല്ലുമായി സഹകരിച്ചാണ് സെസ് ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പഠനം നടത്തിയത്.  
 
ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ ഉദ്യോഗസ്ഥ ഒത്താശയോടെ ടൂറിസം മറയാക്കി നടത്തുന്ന അനധികൃത വികസനപ്രവര്‍ത്തനങ്ങളും ഖനനങ്ങളുമാണ് ദുരന്തത്തിന് കാരണമായത്. ഗംഗാതീരത്ത് ഖനനമാഫിയ നടത്തുന്ന പകല്‍കൊള്ള പരസ്യമായ രഹസ്യമാണ്. 150-ഓളം ക്രഷര്‍ യൂണിറ്റുകള്‍ ഉത്തരാഖണ്ഡില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഖനന നിയമത്തിലെ എല്ലാ വ്യവസ്ഥകളും നിയമങ്ങളും ലംഘിച്ചാണ് മാഫിയയുടെ പ്രവര്‍ത്തനം. നദീതടത്തിലെ അനധികൃത ഖനനമാണ് അവിടെ പ്രളയത്തിന്റെ ഭീകരത വര്‍ദ്ധിപ്പിച്ചത്. ഉത്തരാഖണ്ഡ് പ്രളയത്തോടെ അവിടത്തെ പ്രധാന വരുമാന മാര്‍ഗമായിരുന്ന ടൂറിസം മേഖല ഏതാണ്ട്  പൂര്‍ണ്ണമായും തകര്‍ന്നില്ലാതായി.  ഇടുക്കിയിലും വികസനത്തിന്റെ മറവില്‍ ഭൂമി ഇടിച്ചു നിരത്തുന്നതിനും അനധികൃത ഖനനത്തിനും സര്‍ക്കാരും രാഷ്ട്രീയപ്രവര്‍ത്തകരും ഒരുപോലെ ഒത്താശചെയ്യുന്നു. കനത്ത മഴയില്‍ മണ്ണൊലിപ്പു തടയുന്നതിന് കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിറഞ്ഞ, ഭൂമിയുടെ സ്വാഭാവികത നഷ്ടപ്പെട്ട ചീയപ്പാറ പ്രദേശത്തിനു കഴിഞ്ഞില്ല. ഏകദേശം 200 ഓളം ക്രഷര്‍ ക്വാറികള്‍ ഇടുക്കിയിലുണ്ട്. ഇതിലേറെയും അനധികൃതമായി പ്രവര്‍ത്തിക്കുന്നവയാണ്.
 
1998ല്‍ ഇടുക്കി ജില്ലയില്‍ സെസ് ഉരുള്‍പൊട്ടല്‍ സാധ്യതയെക്കുറിച്ച് നടത്തിയ പഠനത്തില്‍ ഹൈ റിസ്‌ക് ഏരിയയില്‍ ഉല്‍പ്പെടുത്തിയ പ്രദേശമായിരുന്നു ചീയപ്പാറ. ഭൂമിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തിയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വന്‍ അപകടത്തിനു വഴിതെളിക്കുമെന്ന് അന്ന് സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാനത്തിനു ടൂറിസത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിത്തരുന്ന ഇടുക്കി ജില്ലയില്‍ ഭൂമിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തി റിസോര്‍ട്ടുകളും വന്‍കെട്ടിടങ്ങളും കെട്ടിപ്പൊക്കിയതാണ് അപകടത്തിനു കാരണമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. 
 
പ്രദേശത്ത് ഭുമിയുടെ നിലവിലുള്ള ഘടനക്കു മാറ്റം വരുത്തുന്നതിനു മുമ്പ് വിശദമായ പഠനങ്ങളും പ്ളാനിങ്ങും നിര്‍ബന്ധമാണ്. കെട്ടിടങ്ങള്‍ അടക്കമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നത് ഇത്തരം ശാസ്ത്രീയ പഠനങ്ങള്‍ക്കു ശേഷമായിരിക്കണം. ഭൂമി നികത്തലും മണ്ണെടുക്കലും പൂര്‍ണമായും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ഈ വര്‍ഷത്തെ കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ ഇടുക്കിയില്‍ മാത്രം മരിച്ചത് 22 പേരാണ്. ഇതില്‍ 13 പേരും മരിച്ചത് ചീയപ്പാറയിലെ ഉരുള്‍പ്പൊട്ടലില്‍.
 
കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മൊത്തം 200 കോടിക്കുമുകളില്‍ നഷ്ടമുണ്ടായപ്പോള്‍ അതില്‍ 22. 5 കോടിയോളം രൂപയുടെ നഷ്ടം ഇടുക്കിയില്‍ മാത്രം സംഭവിച്ചത്.  
 
പ്രദേശത്തെ നിയന്ത്രണമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും കയ്യേറ്റങ്ങളെയും എത്രയും പെട്ടന്ന് ഒഴിപ്പിക്കണമെന്നും  ഇല്ലെങ്കില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുമെന്നും സമിതി മുന്നറിയിപ്പുനല്‍കി. പ്രദേശത്തെ ഭൂമിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളോ ഭൂമി തുരക്കലോ നിരപ്പാക്കലോ അനുവദിക്കാതിരിക്കുക, സ്വാഭാവിക നീരൊഴുക്കിനെ തടസപ്പെടുത്താതിരിക്കുക, വനവത്കരണം പ്രോത്സാഹിപ്പിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. കെട്ടിടങ്ങളടക്കമുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഇത്തരം പഠനത്തിനു ശേഷമേ അനുമതി നല്‍കാവൂയെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. ഉരുള്‍പൊട്ടലിനെതുടര്‍ന്നുണ്ടാകുന്ന കനത്ത നീരൊഴുക്ക് ഇടുക്കിയിലെ അണക്കെട്ടുകള്‍ക്കും ഭീഷണിയാണ്. നീരൊഴുക്കിനെ തുടര്‍ന്ന് അണക്കെട്ടുകളില്‍ ചെളിയടിയുന്നത് ഗുരുതരമായ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. കുടിവെള്ള വിതരണ പദ്ധതികള്‍ക്കായുള്ള ചെറു ഡാമുകളില്‍ ചെളി അടിയുന്നത് സംഭരണ ശേഷി കുറയ്ക്കുമെന്നും വിലയിരുത്തിയിട്ടുണ്ട്. കനത്ത മഴയും ദുരന്തവും ഡാമുകള്‍ സ്ഥിതി ചെയുന്ന പ്രദേശത്ത് മണ്ണിടിച്ചില്‍പോലുള്ള ദുരന്തങ്ങള്‍ക്ക് കാരണമായാല്‍ അത് ഡാമുകള്‍ക്ക് ഭീഷണിയാണ്. ഒരു പ്രദേശത്തെ ഒന്നാകെ കാര്‍ന്നു തിന്നുന്ന വന്‍ ദുരന്തത്തിന് കാരണമാകും.
 

                                                                                                                     Photo: THe Hindu
 
ഉരുള്‍പൊട്ടല്‍ സാധ്യത ഏറ്റവും കൂടി മേഖലയില്‍ ജനങ്ങളെ അധിവസിക്കാന്‍ അനുവദിച്ചതാണ് ചീയപ്പാറയില്‍ അപകടം കനത്തതാകാന്‍ കാരണമെന്ന് സെസ് പഠന സംഘം വിലയിരുത്തുന്നു. മഴ ഉരുള്‍പൊട്ടലിനു ശക്തമായ കാരണമാകുമെന്നതിനാല്‍ പ്രദേശത്തു റെയിന്‍ ഗേജുകളുടെ ശൃംഖല സ്ഥാപിക്കണമെന്നും മുന്നറിയിപ്പു സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും നേരത്തെ നടത്തിയ പഠനങ്ങളില്‍ നിര്‍ദ്ദേശിച്ചിരുന്നു. നിരവധി ഏജന്‍സികള്‍ ആധികാരികമായ  പഠനം നടത്തി ഇടുക്കി ജില്ലയെ കാത്തിരിക്കുന്ന ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി. എന്നാല്‍  ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ പ്രവചിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിട്ടും ഉത്തരാഖണ്ഡിലേതുപോലെ അവയെല്ലാം അവഗണിക്കപ്പെട്ടു. 
 
ഭൂഘടനയുടെയും നീരൊഴിക്കിന്റെയും സ്വാഭാവികത നഷ്ടപ്പെടുത്തരുതെന്ന മുന്നറിയിപ്പിന് പുല്ലുവില പോലും കല്‍പ്പിച്ചില്ല. കയ്യേറ്റങ്ങള്‍ക്കും കുന്നിടിക്കലിനും ടൂറിസം വികസനം മറയാക്കി. ജില്ലയുടെ പ്രധാനവരുമാന മാര്‍ഗമായ കൃഷിയെ നശിപ്പിച്ചു ടൂറിസം വളര്‍ത്തി. കേരളത്തിന്റെ ടൂറിസം വരുമാനത്തിന്റെ ഏറിയ പങ്കും വരുന്നത് ഇന്ന് ഇടുക്കി ജില്ലയില്‍ നിന്നാണ്. എന്നാല്‍ ടൂറിസത്തിന്റെ പേരില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഗാഡ്ഗില്‍ കമ്മറ്റികള്‍ അടക്കമുള്ള വിദദ്ധ സമിതികള്‍ പരിസ്ഥിതി ഏറ്റവും ദുര്‍ബലമെന്നു വിധിയെഴുതിയ ഇടുക്കിയടക്കമുള്ള പശ്ചിമഘട്ട മേഘലകളിലാണ്. എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടുപോലുള്ള പഠനങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. പ്രകൃതിയെ നശിപ്പിച്ചുള്ള വികസനത്തിന് തടയിട്ടില്ലെങ്കില്‍ ഇടുക്കിയടക്കമുള്ള മലയോര പ്രദേശങ്ങളില്‍ ഇനിയും തുടര്‍പ്രകൃതിദുരന്തങ്ങളുണ്ടാകും. മലയോര പ്രദേശങ്ങളിലെ കയ്യേറ്റങ്ങളും നിയന്ത്രണമില്ലാത്ത അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങളും അവസാനിപ്പിച്ചില്ലെങ്കില്‍ ഉത്തരഖണ്ഡ് പോലെ, ചീയപ്പാറയിലേതുപോലെ ഒരു ദുരന്തം അതി വിദൂരമല്ല… 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍