UPDATES

വിദേശം

സിറിയന്‍ യുദ്ധത്തിന്റെ തിരനാടകം ഇറാഖില്‍ എഴുതിക്കഴിഞ്ഞു

ജെഫ്രി ലൂയിസ് 
(ഫോറിന്‍ പോളിസി)
 
ആഗസ്റ്റ് 21, ബുധനാഴ്ച്ച രാവിലെ , കെയ്പ് കോഡില്‍ ഞാന്‍ സുഖമായി ഉറങ്ങുകയാണ്. എന്നാല്‍ കടലുകള്‍ക്കകലെ സിറിയയില്‍ ആ പ്രഭാതം ഭയാനകമായ ദുരിതമാണ് വിതച്ചത്. ദമാസ്‌കസിന്നടുത്തുള്ള ആശുപത്രികളില്‍ ആയിരക്കണക്കിനാളുകള്‍ വന്നുകൊണ്ടിരുന്നു. Doctors Without Borders-ലെ ഡോക്ടര്‍മാര്‍ സേവനം നല്കുന്ന മൂന്ന് ആശുപത്രികളില്‍ നാഡീവ്യൂഹ വിഷബാധയുടെ ലക്ഷണങ്ങളുമായി 3,600-ലേറെപ്പേര്‍ എത്തി. അവരില്‍ 355 പേര്‍ മരിച്ചു.
 
എന്നാല്‍ ഡോക്ടര്‍മാര്‍ക്ക്  ഈ ലക്ഷണങ്ങളുടെ കാരണമെന്താണെന്നോ, ആരാണ് ആക്രമണത്തിന് ഉത്തരാവാദിയെന്നോ കൃത്യമായി പറയാനാകുന്നില്ല. ‘ലക്ഷണങ്ങള്‍ വെച്ചുനോക്കിയാല്‍ നാഡീവ്യൂഹത്തെ ബാധിക്കുന്ന ഒരു വിഷവസ്തു വലിയതോതില്‍ ബാധിച്ചിട്ടുണ്ടെന്ന് കാണാം’, എന്ന് ഡോക്ടര്‍മാരുടെ ദൌത്യസംഘത്തലവന്‍ ഡോക്ടര്‍ ബാര്‍ട് ജാന്‍സെന്‍സ് പറഞ്ഞു.
 
കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരു രാസായുധാക്രമണത്തിന്റെ പൂര്‍ണ വിശ്വസനീയമല്ലാത്ത വാര്‍ത്തകള്‍ വന്നപ്പോള്‍, ബഷര്‍ അല്‍ അസദ് നഗരങ്ങളില്‍ രാസാക്രമണം നടത്താന്‍ തുടങ്ങിയാല്‍ ‘നമ്മള്‍ അയാളത് ചെയ്‌തോ ഇല്ലയോ എന്ന് അമ്പരന്നിരിക്കരുത് ‘ എന്ന് ഞാന്‍ എഴുതിയിരുന്നു. കൃത്യമായൊരു വിധി നിര്‍ണയത്തിന് ഇനിയും സമയമെടുത്തേക്കാം, എന്നാല്‍ മുമ്പുള്ളതിനേക്കാള്‍ കൂടുതല്‍ വിശ്വസനീയമായ സാഹചര്യത്തെളിവുകള്‍ ഇത്തവണ വന്നിട്ടുണ്ട്. എല്ലാ വസ്തുതകളും പുറത്തുവരുന്നതിനുമുമ്പ് വിധിയെഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും, അസദ്, ഘൌടയില്‍ രാസാക്രമണം നടത്തി എന്നുതന്നെയാണ് തെളിഞ്ഞുതുടങ്ങുന്നത്. 
 
രാസാക്രമണത്തിന്റെ പേരില്‍ അസദിനെ ശിക്ഷിക്കാന്‍ തക്ക ലക്ഷ്യവേധിയായ ഒരാക്രമണം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തന്റെ ഉപദേഷ്ടാക്കളുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തി എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അസദിനും കാര്യങ്ങള്‍ പന്തിയല്ല എന്ന് പിടികിട്ടിയിട്ടുണ്ട്. അതുകൊണ്ടാണ് ഒരാഴ്ച്ച മുക്കിമൂളിനിന്നതിനു ശേഷം ഐക്യരാഷ്ട്രസഭയുടെ (യു.എന്‍) വസ്തുതാ പരിശോധക സംഘത്തിന് ഘൌട സന്ദര്‍ശിക്കാന്‍ അനുമതി നല്കിയത്. ഇങ്ങനെ സഹകരിക്കുകയാണെങ്കില്‍ അമേരിക്ക ആക്രമിക്കാന്‍ സാധ്യതയില്ലെന്നാണ് അസദ് കണക്കുകൂട്ടുന്നത്. യു.എന്‍ പരിശോധകര്‍ മനുഷ്യകവചമാകുമെന്നും അയാള്‍ കരുതുന്നുണ്ടാകും. സിറിയയുടെ പെട്ടന്നുണ്ടായ ഈ സുതാര്യത അധികമാളുകളെ മണ്ടന്മാരാക്കില്ല. ‘ഏറെ വൈകി, വളരെക്കുറച്ച് ‘ എന്ന് പാശ്ചാത്യ അധികൃതര്‍ ഇതിനോടകം പറഞ്ഞുകഴിഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ ശ്രമിച്ച യു.എന്‍ സംഘത്തിന് വെടിവെപ്പിനെത്തുടര്‍ന്ന് തിരിച്ചുപോരേണ്ടിവന്നു. ഒരു സൈനികാക്രമണം ഈ ഘട്ടത്തില്‍ അനിവാര്യമായിരിക്കുന്നു. കൊസോവ വിമോചന സേനയെ സഹായിക്കാന്‍ നാറ്റോ (NATO) നടത്തിയ 78 ദിവസത്തെ വ്യോമാക്രമണമോ (Operation Allied force), ലിബിയയിലെ അടുത്തിടെ നടത്തിയ സൈനിക ഇടപെടലോ ആയി നിരീക്ഷകര്‍ Operation Habitual Line-Stepperനെ താരതമ്യപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. ഒരു വലിയ വ്യോമാക്രമണം സാധ്യമാണെങ്കിലും, കുറച്ചുകൂടി പരിമിതമായ സൈനിക ദൌത്യമാണ് എനിക്കു അഭികാമ്യമായി തോന്നുന്നത്. കൊസോവോയിലോ, ലിബിയയിലോ പോലെ പടിഞ്ഞാറന്‍ വ്യോമാക്രമണത്തിന്റെ പിന്‍ബലത്തില്‍ മുന്നേറാവുന്ന ഒരു സംഘടിത പ്രതിപക്ഷം സിറിയയിലില്ല. ബലപ്രയോഗത്തിന്റെ അഗ്‌നിപരീക്ഷതന്നെ അത് കൃത്യമായ നയതന്ത്ര പരിഹാരങ്ങളിലേക്ക് നയിക്കുന്നുണ്ടോ എന്നാണ്. എന്നാല്‍ സിറിയയില്‍ ഈ പ്രതീക്ഷവേണ്ട. വ്യോമാക്രമണത്തിന്റെ ആനുകൂല്യം ഉപയോഗിക്കാനാവാത്തതരത്തില്‍ ചിന്നിച്ചിതറിയ ഒരു പ്രതിപക്ഷമാണ് ഇവിടുള്ളത്.
 
 
ഒബാമ ഭരണകൂടം ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ഇനിയൊരു രാസാക്രമണത്തിന് തടയിടുന്നവിധത്തില്‍ ഒരു ഒറ്റത്തവണ ആക്രമണം  നടത്താനാണ് സാധ്യത കൂടുതലും. ഇത്തരമൊരു ദൌത്യത്തിന് ചരിത്രത്തിന്റെ നേരിട്ടുള്ള പിന്‍ബലവുമുണ്ട്. അത് 1998ല്‍ ഇറാഖിന് നേരെ ക്ളിന്‍റണ്‍ നടത്തിയ Operation Desert Fox ആണ്. ആ ദൌത്യം പൂര്‍ണവിജയം എന്ന് പറയാന്‍ ആകില്ലെങ്കിലും സിറിയയില്‍ അമേരിക്കക്ക് ദീര്‍ഘകാലം തുടരാതെതന്നെ സിറിയയുടെ രാസാക്രമണശേഷിക്ക് തടയിടാനും കഴിയും.
 
നിങ്ങളീ ചെറിയ സംഭവം മറന്നിരിക്കും. 1990കളില്‍ നാം ഒരുപാട് ക്രൂയിസ് മിസൈലുകള്‍ തൊടുത്തുവിട്ടു. എന്തിനാണ് നമ്മളൊരു  ദൌത്യത്തിന് ഒരു ജര്‍മന്‍ ജനറലിന്റെ (Erwin Rommel@Desert Fox) പേരിട്ടതെന്നും നിങ്ങള്‍ അത്ഭുതപ്പെട്ടേക്കാം. 1990-കളുടെ പകുതിയോടെ ഇറാഖിനെതിരായ ഉപരോധം വേണ്ടത്ര ഫലങ്ങള്‍ തരാതായി. തുടര്‍ന്നു ഒന്നിലേറെ മരുഭൂമി ദൌത്യങ്ങള്‍ പരമ്പരയായി വന്നു. ഒടുവില്‍ ജനറല്‍ ആന്തണി സിന്നി പറഞ്ഞു, ‘നമുക്കയാളെ (സദ്ദാം ഹുസൈന്‍) കയ്യോടെ പിടിക്കണം. അയാള്‍ക്കൊരു വ്യാജസുരക്ഷിതത്വം തോന്നിപ്പിക്കാം. എന്നിട്ടയാളെ പൊളിച്ചടുക്കാം.’ അതിനു ഹ്യൂഗ് ഷെല്ടിന്‍ പറഞ്ഞ മറുപടി, ‘നമ്മളൊരു കുറുക്കനെപ്പോലെ കൌശലക്കാരാകണം. സത്യത്തില്‍ നമുക്കതിനെ Operation Desert Fox എന്ന് വിളിക്കാം’ എന്നാണ്. 
 
വ്യോമപ്രതിരോധ സംവിധാനങ്ങള്‍, നിയന്ത്രണകേന്ദ്രങ്ങള്‍, കൂട്ടവിനാശകാരിയായ ആയുധങ്ങള്‍, അവയുടെ നിര്‍മാണ കേന്ദ്രങ്ങള്‍, റിപ്പബ്ലിക്കന്‍ ഗാര്‍ഡ് താവളങ്ങള്‍, വ്യോമതാവളങ്ങള്‍, സാമ്പത്തിക കേന്ദ്രങ്ങള്‍ എന്നിങ്ങനെ 7 മേഖലകളിലെ 97 ലക്ഷ്യങ്ങളെയാണ് അന്ന് ആക്രമിച്ചത്. നേതൃലക്ഷ്യസ്ഥാനങ്ങളും, വിനാശകാരിയായ ആയുധകേന്ദ്രങ്ങളും ആയിരുന്നു അന്നത്തെ മുഖ്യ ആക്രമണലക്ഷ്യങ്ങള്‍. 70 മണിക്കൂര്‍ നീണ്ടുനിന്ന ബോംബാക്രമണം അവസാനിച്ചത് വിശുദ്ധമാസമായ റമദാനിന് തൊട്ടുമുമ്പാണ്. തന്റെ കാര്യാലയത്തിലെ ഒരു സ്ത്രീയുമായുള്ള വഴിവിട്ട ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ക്ളിന്‍റണ്‍ ആ ആക്രമണത്തിന് ഉത്തരവിട്ടതെന്ന്  ചിലര്‍ പറയുന്നു. അതെന്തായാലും, തന്റെ മുച്ചീട്ടുകളികൊണ്ട് ലോകത്തെ ഇനിയും പറ്റിക്കാനാവിലെന്ന്  ക്ളിന്‍റണ്‍ ഭരണകൂടം അന്ന് സദ്ദാമിനെ ബോധ്യപ്പെടുത്തി. അന്നത്തെ ദൌത്യവും നമ്മുടെ ഇറാഖ് അധിനിവേശത്തിന്റെ ശരിതെറ്റുകളും അവിടെ നില്ക്കട്ടെ. ക്ളിന്‍റണ്‍ ഭരണകാലത്തെ അധികൃതര്‍ പറയുന്നത് സദ്ദാമിനെ അനനന്തകാലത്തേക്ക് തളച്ചിടാന്‍ Operation Desert Fox മതിയാകുമായിരുന്നെന്നും തുടര്‍ന്നുള്ള അധിനിവേശം വിനാശകാരിയായ ഒരു നയവ്യത്യാനമായിരുന്നു എന്നുമാണ്. ബുഷ് ഭരണകാലത്തെ അധികാരികള്‍ ഇതിനോട് യോജിക്കില്ലെങ്കിലും.
 
യുദ്ധാനന്തര ഇറാഖ് സര്‍വെ സംഘത്തിന്റെ (ISG) വിശദമായ പഠനങ്ങളും, സദ്ദാമിന്റെ ആഭ്യന്തര ചര്‍ച്ചകളുടെ ശബ്ദരേഖകളുമെല്ലാം ഡെസര്‍ട്ട് ഫോക്‌സിന്റെ ആഘാതങ്ങള്‍ എന്തൊക്കെയെന്ന് കണക്കാക്കല്‍ എളുപ്പമാക്കുമെന്ന് നമുക്ക് തോന്നും. എന്നാല്‍ അതങ്ങനെയല്ല. ഇറാഖ് സര്‍വെ സംഘത്തെ നയിച്ച രണ്ടു പേര്‍ തന്നെ ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായക്കാരാണ്.
 
 
ISG-യുടെ ആദ്യതലവനായ ഡേവിഡ് കെയ്, ഡെസര്‍ട്ട് ഫോക്‌സ് ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് ക്ളിന്‍റണ്‍ ഭരണകൂടത്തിന്റെ യുക്തികളാണ് പങ്കുവെക്കുന്നത്. അത് ഇറാഖിന്റെ രാസ, ജൈവ ആയുധമോഹങ്ങളെ എന്നേക്കുമായി ഇല്ലാതാക്കിയെന്നും, അവരുടെ മിസൈല്‍, ആയുധ നിര്‍മാണ ശേഷികളെ നിവരാനാകാത്തവിധം തകര്‍ത്തെന്നും കെയ് കരുതുന്നു. എന്നാല്‍ കേയ്ക്ക്  ശേഷം വന്ന സംഘത്തലവന്‍ ചാര്‍ളീ ഡോല്‍ഫെര്‍ ഭിന്നാഭിപ്രായമാണ് പറഞ്ഞത്. ഡെസര്‍ട്ട് ഫോക്‌സ് വെറും ‘നിഷ്ഫലമായ ബോംബാക്രമണ അഭ്യാസമായിരുന്നു’ എന്നും ‘ആചാരപരമായ രക്തവര്‍ഷമായിരുന്നു’ എന്നുമാണ് ഡോല്ഫര്‍ പറഞ്ഞത്. അദ്ദേഹത് കൂടുതല്‍ വിശദീകരിച്ചില്ല. പക്ഷേ, സദ്ദാമിന്റെ ആഗ്രഹങ്ങളെ തകിടംമറിച്ച ‘അഴിമതിയുടെ ചുഴലികളെ’പ്പറ്റി ISG റിപ്പോര്‍ട്ടില്‍ പറയുന്നതില്‍ നിന്നും അത് വ്യക്തമാണ്. ഡെസര്‍ട്ട് ഫോക്‌സ് സദ്ദാമിന്റെ ആയുധശേഷിയെ നിര്‍ണായകമായി തകര്‍ത്തുകളഞ്ഞു. വ്യോമാക്രമണങ്ങള്‍ വീണ്ടും വേണ്ടിവന്നേക്കാമെങ്കിലും, സദ്ദാമിനെ അനിശ്ചിതകാലത്തേക്ക് നീര്‍വീര്യനാക്കാന്‍ കഴിഞ്ഞെന്ന് ക്ളിന്‍റണ്‍ ഭരണകൂടം കരുതി. ഡെസര്‍ട്ട് ഫോക്‌സിന് ശേഷം സദ്ദാം നടത്തിയ വലിയ അടിച്ചമര്‍ത്തല്‍ അയാളുടെ അരക്ഷിതാവസ്ഥയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ഇതിന് വിരുദ്ധമായി ഡോല്ഫയര്‍ വാദിക്കുന്നത്, അമേരിക്കക്ക് ചെയ്യാവുന്ന പരമാവധി ആക്രമണം ഡെസര്‍ട്ട് ഫോക്‌സ് ആണെന്ന് സദ്ദാം ധരിച്ചെന്നും, അത് ഇറാഖി സ്വാതന്ത്ര്യ ദൌത്യത്തിന്റെ ഭീഷണിയെ വിലകുറച്ചുകാണാന്‍ അയാളെ പ്രേരിപ്പിച്ചെന്നുമാണ്. നിര്‍ഭാഗ്യവശാല്‍ Saddam Tapes പോലുള്ള പഠനങ്ങള്‍ ഈ വിഷയത്തിലേക്ക് വേണ്ടത്ര വെളിച്ചം വീശുന്നില്ല. ഡോല്ഫഠറിന് പിന്തുണക്കാരുണ്ടാകും എന്നും ഞാന്‍ സമ്മതിക്കുന്നു. കൂട്ടവിനാശകാരിയായ ആയുധങ്ങള്‍ക്കായുള്ള തെരച്ചില്‍ നിഷ്ഫലമായി തുടരവേ, ഉപരോധങ്ങള്‍ പൊളിഞ്ഞുവീഴാനും സദ്ദാം വീണ്ടും ആയുധശേഷി നേടാനും അധികകാലം വേണ്ടെന്നാണ് അധിനിവേശത്തിനുവേണ്ടി വാദിച്ചവര്‍ പറഞ്ഞുകൊണ്ടിരുന്നത്. ഈ വാദം അംഗീകരിച്ചാല്‍ ഡെസര്‍ട്ട് ഫോക്‌സ് നിരാശാജനകമായ ഒരു പരാജയമായിരുന്നു എന്നു പറയേണ്ടിവരും. 
 
ഡെസര്‍ട്ട് ഫോക്‌സ് സദ്ദാമിനെ ഒരു പൊയ്‌ക്കോലമാക്കി മാറ്റിയില്ലായിരിക്കും, പക്ഷേ അതയാളുടെ ആയുധശേഷിയെ ഗണ്യമായി ഇല്ലാതാക്കുകതന്നെ ചെയ്തു. അന്ന്, ഡെസര്‍ട്ട് ഫോക്‌സ് പോലുള്ള പരമ്പര ആക്രമണങ്ങള്‍ അത്ര ആകര്‍ഷണീയമായിരുന്നിരിക്കില്ല. പക്ഷേ, ഇന്നിപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ അധിനിവേശാനന്തര ഇറാഖിലെ കുരുതിയുമായി താരതമ്യം ചെയ്യവേ, അതത്ര മോശമായിരുന്നില്ല എന്നും കാണാം. 
 
സമാനമായൊരു ആക്രമണം സിറിയയിലെ നേതൃത്വത്തിനും, കൂട്ടവിനാശകാരിയായ ആയുധ ശേഖരങ്ങള്‍ക്കും മേലുണ്ടാക്കുന്ന ദീര്‍ഘകാലപ്രത്യാഘാതം ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അത് വീണ്ടുമൊരു രാസായുധാക്രമണത്തില്‍ നിന്നും അവരെ തടയുമോ?
 
വിശ്വാസ്യതയെക്കുറിച്ച് ഒരുപാട് വാദങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേള്‍ക്കുകയുണ്ടായി. പലതും വളരെ നിഷേധാത്മകമാണ്. Calculating Credibility എന്ന ഡാരില്‍ പ്രെസ്സിന്റെ പുസ്തകം ഇക്കൂട്ടത്തില്‍ മികച്ചതാണ്. ദുഷ്ടന്മാര്‍ക്കെതിരെ നമ്മള്‍ ബോബാക്രമണം നടത്തുന്നത് നിവൃത്തിയില്ലാത്ത ഘട്ടത്തിലാണെന്നാണ് ഡാരില്‍ പറയുന്നത്. ശക്തിയുടെ സന്തുലനവും, ഉള്‍പ്പെട്ടിട്ടുള്ള താല്പര്യങ്ങളുമാണ് പഴയ നടപടികളെക്കാള്‍ ഒരു ‘ഭീഷണിയുടെ വിശ്വാസ്യത’യെ കണക്കാക്കുമ്പോള്‍ വിദേശ നേതാക്കള്‍ പരിഗണിക്കുന്നതെന്നാണ് ഡാരിലിന്റെ അഭിപ്രായം. ചുരുക്കിപ്പറഞ്ഞാല്‍ പേരിനെക്കാളും പ്രതാപത്തേക്കാളുമേറെ നിലവിലെ സാഹചര്യങ്ങളാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നത്. ഡാരിലിനോട് ഇതില്‍ ഒരു ചെറിയ വിയോജിപ്പുണ്ട്. വിദേശനേതാക്കള്‍ പലപ്പോളും നിലവിലെ ലോകവീക്ഷണത്തെ ബലപ്പെടുത്തന്ന തരത്തിലായിരിക്കും കാര്യങ്ങള്‍ വ്യാഖ്യാനിക്കുന്നത്. അത്, പുറംലോകത്തിന് അറിയുന്ന താല്പര്യങ്ങളുടെ കണക്കുകൂട്ടലോ വസ്തുതാപരമോ ആകണമെന്നില്ല. യാഥാര്‍ഥ്യവും സദ്ദാമിന്റെ വിശ്വസ്ത സംഘത്തിന്റെ അനുമാനങ്ങളും തമ്മില്‍ എത്രമാത്രം അന്തരമുണ്ടായിരുന്നു എന്ന് saddam tapes മനസ്സിലാക്കിത്തരും. എന്തുവന്നാലും അമേരിക്ക തനിക്കുപിന്നാലെയാണെന്നോ, അതോ, ക്രൂയിസ് മിസൈല്‍ ആക്രമണത്തില്ക്കൂടുതലായി നമ്മളൊന്നും ചെയ്യില്ലെന്നോ അസദ് കരുതെന്നെങ്കില്‍ Operation Habitual Line-Stepper ആ ധാരണകളെ ശക്തിപ്പെടുത്തുകയെ ഉള്ളൂ. 
 
മറുവശത്ത് രാസായുധങ്ങളുടെ ഉപയോഗവും, വ്യാപനവും തടയാന്‍ അമേരിക്കക്ക് താല്പര്യമുണ്ട്. കൂട്ടക്കൊലകള്‍ക്ക് പ്രാപ്തിയുള്ള ആയുധങ്ങള്‍ക്കെതിരെ പല പോരായ്മകളോടെയാണെങ്കിലും അന്താരാഷ്ട്രസമൂഹം ഒരു നിലപാടെടുത്തിട്ടുണ്ട്. ജൈവായുധങ്ങള്‍, രാസായുധങ്ങള്‍, കുഴിബോംബുകള്‍, ഒളിബോംബുകള്‍, പിന്നെ ആണവായുധങ്ങളുമെല്ലാം നിരോധിക്കാനുള്ള ശ്രമത്തെ, അഭിപ്രായ വ്യത്യാസങ്ങളെ അക്രമംകൊണ്ടു പരിഹരിക്കാന്‍ ശ്രമിക്കാത്ത ഒരു ലോകത്തിന്നായുള്ള ചെറിയ നീക്കങ്ങളായാണ് ഞാന്‍ കാണുന്നത്. യുദ്ധത്തിന്റെ ഭീകരത അല്പമെങ്കിലും കുറയ്ക്കാന്‍. രാസായുധാക്രമണത്തിന് ഇരയായ ചില ഇറാന്‍കാരുമായി സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. രാസാക്രമണം അതിഭീകരമാണ്. സിറിയന്‍ സര്‍ക്കാരും വിമതരും മറ്റ് അക്രമങ്ങളില്‍ ഏര്‍പ്പെടുന്നത് ഇതിനെ ചെറുതാക്കുന്നില്ല.
 
 
സിറിയയുടെ രാസായുധങ്ങളെയും മിസൈല്‍, ആണവ സൌകര്യങ്ങളെയും, ഭരണകൂടത്തിന്റെ സുരക്ഷ ഉറപ്പാക്കുന്ന മറ്റിടങ്ങളെയും ഡെസര്‍ട്ട് ഫോക്‌സിന് സമാനമായൊരു ഒറ്റത്തവണ ആക്രമണത്തിലൂടെ നീര്‍വീര്യമാക്കുന്നതിന്റെ ഗുണത്തെക്കുറിച്ചും ആലോചിക്കേണ്ടതാണ്. ഇസ്രയേല്‍ ഇത്തരം ചില ആക്രമണങ്ങള്‍ പരിമിതമായി നടത്തിക്കഴിഞ്ഞു. ഹിസ്‌ബൊള്ളക്കുള്ള മിസൈല്‍ വിതരണത്തിനും സിറിയയുടെ രാസായുധ ഗവേഷണങ്ങള്‍ നടക്കുന്ന കേന്ദ്രത്തിനും (scientific Studies and Research Centre) നേരെയായിരുന്നു അവ. അമേരിക്കന്‍ ആക്രമണത്തിന് വിധേയമാക്കേണ്ട ലക്ഷ്യസ്ഥാനങ്ങള്‍ ഉണ്ട് എന്നതിലും സംശയമില്ല. അതെതൊക്കെയാണെന്ന് ഞാന്‍ പട്ടിക നിരത്തേണ്ട കാര്യമില്ല. കുറെക്കാലമായി, ബോംബാക്രമണത്തിന് വിധേയമായ അല്‍കിബറിലെ ആണവനിലയത്തോട് ബന്ധപ്പെട്ട മൂന്നു കേന്ദ്രങ്ങളില്‍ പരിശോധന അനുവദിക്കാന്‍ ഐക്യരാഷ്ട്ര സഭ ആവശ്യപ്പെടുന്നു. ഈ കേന്ദ്രങ്ങള്‍ വിമതര്‍ കയ്യടക്കും എന്ന് കരുതവേതന്നെ നിസ്സഹകരണത്തിലൂടെ അപായഭീഷണികള്‍ കുറക്കുന്നതിനെപ്പറ്റിയും നമുക്കാലോചിക്കാം. 
 
അത്തരമൊരാക്രമണം കൂടുതല്‍ നഗരങ്ങളില്‍ രാസാക്രമണം നടത്തുന്നതില്‍ നിന്നും അസദിനെ പിന്തിരിപ്പിക്കാനും തടയാനും ഇടയാക്കാം. അസാദിന്റെ സേനാതലവന്മാരും ഇക്കാര്യത്തില്‍ അസദിനെപ്പോലെ പ്രധാനികളാണ്. ഇനി മുന്നും പിന്നും നോക്കേണ്ടതില്ലെന്ന് അസദ് തീരുമാനിക്കുകയും, കൂടുതല്‍ നഗരങ്ങളില്‍ രാസാക്രമണം നടത്തുകയും ചെയ്‌തേക്കാം. ഘൌട ആക്രമണത്തിനുശേഷം സിറിയന്‍ ഭരണകൂടം എന്തെങ്കിലും നിയന്ത്രണം പുലര്‍ത്തുമെന്ന് ഞാന്‍ കരുതുന്നില്ല. അസദിനെയും സേനാമേധാവികളെയും തടയാനായില്ലെങ്കിലും രാസാക്രമണം വീണ്ടും നടത്തുന്നത് ഏറെ ദുഷ്‌ക്കരമാക്കാന്‍ എങ്കിലും സാധിയ്ക്കും. 
 
ഹിസ്‌ബൊള്ള പോലുള്ള ഭീകരസംഘടനകളെ മുന്നില്‍ നിര്‍ത്തി ആക്രമണം നടത്തി അസദ് സംഘര്‍ഷം രൂക്ഷമാക്കാനുള്ള ആപത്സാധ്യതയും ഉണ്ട്. ഒരു സൈനികനടപടി തീര്‍ച്ചയായും അത്തരം അപായസാധ്യതകള്‍ സൃഷ്ടിക്കും. വഴുവഴുപ്പന്‍ വാദങ്ങള്‍ പലതും പറയും. നമ്മുടെ താത്പര്യങ്ങള്‍ക്ക് എത്രമാത്രം ഇടപെടലാണ് ആവശ്യമെന്ന് പ്രസിഡന്റിന് ഉത്തമബോധ്യമുണ്ടെങ്കില്‍ പിന്നെ ഊഹിക്കാവുന്ന തരത്തിലുള്ള രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് അദ്ദേഹം വഴിപ്പെടേണ്ട കാര്യമില്ല. സിറിയന്‍ ഇടപെടലിനെക്കുറിച്ചുള്ള ചര്‍ച്ചകളെ മുഴുവന്‍ വേട്ടയാടുന്നത് ഇറാഖിന്റെ പ്രേതമാണ്. എന്തെങ്കിലും ചെയ്യുന്നത് ഇറാഖിലെ അനുഭവങ്ങള്‍ ആവര്‍ത്തിക്കുകയായിരിക്കും എന്ന് ന്യായമായും ഭയപ്പെടുന്ന ഏറെപ്പേരുണ്ട്.
 
കഴിഞ്ഞ ഒരു ദശാബ്ദമായി നമ്മുടെ വിദേശനയം ഏറെ സംഘര്‍ഷാത്മകമാണ്. ഇതിന്റെ അര്‍ത്ഥം നാമൊരിക്കലും ബലം പ്രയോഗിക്കരുതെന്നല്ല. Operation Iraq freedom-ത്തിലെ കുരുതിക്കുമുമ്പ് അന്താരാഷ്ട്രതലത്തിലെ നയതന്ത്ര ലക്ഷ്യങ്ങള്‍ക്ക് പിന്തുണ നേടാനായി പരിമിതമായതോതില്‍ ബലപ്രയോഗത്തിന് അമേരിക്കക്കായി എന്നത് Operation desert fox നമ്മെ ഓര്‍മിപ്പിക്കുന്നു. പരിമിതമായ ബലപ്രയോഗം ആഗ്രഹിക്കുന്ന ഫലങ്ങള്‍ എപ്പോളും തന്നെന്നു വരില്ല. പ്രസിഡന്റിന്റെ രാഷ്ട്രീയ എതിരാളികള്‍ അംഗീകരിക്കാനും സാധ്യതയില്ല. പക്ഷേ അത്, അസദിനും വേട്ടക്കാര്‍ക്കും ഘൌടയില്‍ ചെയ്തത് ആവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും എന്നുതന്നെ ന്യായമായും കരുതാം. 
 
(Jeffrey Lewis is director of the East Asia Nonproliferation Program at the James Martin Center for Nonproliferation Studies)

 

 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍