UPDATES

ഓഫ് ബീറ്റ്

ചെന്‍ വിരമിക്കുമായിരിക്കും – ഒരു പക്ഷേ!

2012 ലണ്ടന്‍ ഒളിമ്പിക്‌സിലെ സാന്നിദ്ധ്യം കൊണ്ട് ലോകശ്രദ്ധ പിടിച്ചു പറ്റിയ ചൈനീസ് റിക്ഷാ ഡ്രൈവര്‍ ചെന്‍ ഗുവാന്‍മിംഗ് ഒളിമ്പിക്‌സിനോടുള്ള തന്റെ പ്രണയത്തിനു ഓരോ കോട്ടവും തട്ടിയിട്ടില്ല്‌ലെന്നു തെളിയിക്കാന്‍ ഒരുങ്ങുകയാണ്. 2001ല്‍ കിഴക്കന്‍ ചൈനയിലുള്ള തന്റെ നാട്ടില്‍ നിന്നും തുടങ്ങിയ വര്‍ഷങ്ങള്‍ നീണ്ട ഈ മുച്ചക്ര ഒളിമ്പിക് യാത്ര 2020 വരെ തുടരാനാണ് അദ്ദേഹത്തിന്റെ തീരുമാനം. 57 വയസ്സു പിന്നിട്ട ചെന്‍ 2020നു ശേഷം തന്റെ രണ്ടു പതിറ്റാണ്ട് നീണ്ട റോഡ് ജീവിതത്തില്‍ നിന്നും വിരമിക്കാന്‍ തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. ലണ്ടനിലെ ചൈനാ ടൌണില്‍ ഒരു ‘ചെറിയൊരു ബ്രേക്കെ’ടുക്കുന്ന അദ്ദേഹം ഇപ്പോള്‍ തന്റെ സമയം നീക്കി വെച്ചിരിക്കുന്നത് യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ അവിടുത്തുകാരുമായി പങ്കുവെക്കാനും ജിയന്‍ഗ് സുവിലെ തന്റെ ഗ്രാമത്തില്‍ നിന്നും 20 രാജ്യങ്ങള്‍ പിന്നിട്ട് ലണ്ടനിലെത്താന്‍ തന്നെ സഹായിച്ച മുച്ചക്ര സഹചാരിയെ പരിചയപ്പെടുത്താനുമാണ്.
സഞ്ചരിച്ച രാജ്യങ്ങളില്‍ നിന്നുമെടുത്ത ഫോട്ടോ പതിച്ച കുപ്പായമിട്ട ഈ സഞ്ചരിക്കുന്ന വീടാണ് പെണ്ണും പിടക്കൊഴിയോന്നുമില്ലാത്ത ഈ വെള്ളത്താടിക്കാരന് എല്ലാം. അദ്ദേഹം തന്റെ യാത്രകളെ ഓര്‍മ്മിച്ചെടുക്കുമ്പോള്‍ കേള്‍ക്കാനിരിക്കുന്നവരിലും ഹിമാലത്തിന്റെ പൊക്കവും തുര്‍ക്കിയിലെ മലനിരകളുടെ തണുപ്പും കാണാന്‍ സാധിക്കും .
 
 
ഉള്‍വിളി
2001വരെ ചെന്‍ എന്ന കര്‍ഷകന്‍ ഒരിക്കലും സ്വപ്നം പോലും കണ്ടില്ല തന്റെ ഗ്രാമത്തിനു പുറത്തുള്ള ലോകത്ത് താന്‍ പാറിപ്പറന്നു നടക്കുമെന്ന്. ബീജിംഗ് 2008 ഒളിമ്പിക്‌സിനുള്ള വേദിയായി തിരഞ്ഞെടുക്കപ്പെട്ടതു ആ വര്‍ഷമാണ്. ‘ആ വാര്‍ത്ത വന്നപ്പോള്‍ എനിക്ക് ഉള്‍വിളിയുണ്ടായി, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടാന്‍ പോകുന്ന ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് എനിക്ക് തോന്നി, എന്റെ രാജ്യത്തിന് വേണ്ടി ഞാന്‍ ഇറങ്ങിത്തിരിച്ചു’. അങ്ങനെ കൈയില്‍ ഏഴായിരം യുവാനുമായി (1145 ഡോളര്‍) അദ്ദേഹം വീട്ടില്‍ നിന്നും ഒളിംപിക്‌സിന്റെ സന്ദേശം നെഞ്ചിലേറി തന്റെ റിക്ഷയുമായി ഇറങ്ങിത്തിരിച്ചു. രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തിയ ചെന്‍ ഒളിംപിക്  സന്ദേശം കൈമാറുന്നതിനു പുറമേ ഒരു കാര്യം കൂടി ചെയ്തു തുടങ്ങി – തെരുവില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍. ഒളിമ്പിക്‌സ് കാണാന്‍ വരുന്നവര്‍ക്ക് തന്റെ രാജ്യത്തെ സുന്ദരിയാക്കി കാണിക്കാനായിരുന്നു അദ്ദേഹമത് ചെയ്തത് .
ഒളിംപിക്‌സ് അടുത്തു വന്നപ്പോള്‍ ചെന്‍ ബീജിംഗിലേക്ക് യാത്ര തിരിച്ചു, അവിടെ ഒളിംപിക് പാര്‍ക്കിനടുത്തുള്ള മാലിന്യങ്ങള്‍ ദിവസം ആറു മണിക്കൂര്‍ ചിലവിട്ടു അദ്ദേഹം വൃത്തിയാക്കി.
 
‘വിദേശികള്‍ വരുമ്പോള്‍ മാലിന്യം കണ്ടാല്‍ നമുക്കല്ലേ നാണക്കേട്, ഒളിമ്പിക്‌സ് നല്ലവണ്ണം നടക്കാനാണ് ഞാനിതു ചെയ്യുന്നത് ‘. യാത്രയിലെ ചിലവുകള്‍ക്കുള്ള വക റിക്ഷ ഓടിച്ച് അദ്ദേഹം ഉണ്ടാക്കും. അനധികൃത സര്‍വീസുകള്‍ നിരോധിച്ച സ്ഥലങ്ങളില്‍ ചെന്‍ സൈക്കിള്‍ റിപ്പയര്‍ ചെയ്തു കൊടുത്ത് പണം കണ്ടെത്തും. അധികൃതര്‍ പലയിടങ്ങളിലും തടസ്സങ്ങളുണ്ടാക്കി, പ്രത്യേകിച്ചും അര്‍ബന്‍ മാനേജ്‌മെന്റ് ഉദ്യോഗസ്ഥര്‍. അവര്‍ റിക്ഷ ലൈസന്‍സിന്റെ പേരിലും മറ്റും പലയിടങ്ങളിലും വച്ചു ഉപദ്രവിച്ചു. പക്ഷെ ഇതൊന്നും അദ്ദേഹത്തിന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയെ തടഞ്ഞില്ല.
 
‘ഞാന്‍ ചെയ്യുന്നതിന്റെ പ്രാധാന്യം എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ ഉമ്മാക്കിയൊന്നും എന്റെയടുത്ത് വിലപ്പോയില്ല’
 
 
ഒളിമ്പിക്‌സ് കാണാനുള്ള ടിക്കറ്റിനുള്ള കാശ് കയ്യിലില്ലാത്തതുകൊണ്ടു ചെന്‍ നഗരത്തിലെ ഒരു വലിയ സ്‌ക്രീനിലെ ചലിക്കുന്ന രൂപങ്ങള്‍ കണ്ടു തൃപ്തിയടഞ്ഞു. ‘ആ വികാരം എനിക്ക് ഇഷ്ടമായി. അതു നഷ്ടപ്പെടുത്താന്‍ ഞാന്‍ തയ്യാറായില്ല. ഞാനത് ലണ്ടന്‍ വരെ കാത്തു സൂക്ഷിച്ചു’.  
 
ലണ്ടന്‍ വിശേഷങ്ങള്‍ 
2010 മെയ് ചെന്‍ തന്റെ ഗ്രാമത്തില്‍ നിന്നും വീണ്ടും ഒളിംപിക് ദീപശിഖ നെഞ്ചിലേറി യാത്ര തിരിച്ചു. ഇത്തവണ തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ വിയറ്റ്‌നാം, കംബോഡിയ, തായ് ലാന്‍ഡ് പിന്നെ തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ഫ്രാന്‍സ്, ഒടുവില്‍ ലണ്ടന്‍.
 
ബോര്‍ഡറുകളില്‍ അധികൃതര്‍ തടയുമ്പോള്‍ ചെന്‍ അവരോടു  ഇന്റര്‍നെറ്റില്‍ തന്നെക്കുറിച്ച് നോക്കാന്‍ പറഞ്ഞു. അത് മൂലം യാത്ര സുഖകരമായി.
 
ലണ്ടനില്‍ ചെന്‍ ജോണ്‍ ബീസ്റ്റന്‍ എന്നൊരു ബിസിനസ്സുകാരനുമായി പരിചയപ്പെടുകയും അദ്ദേഹം ചെനിനെ ഒരു സ്റ്റാര്‍ ആക്കി മാറ്റുകയും ചെയ്തു. യാത്രയുടെ  ഉദ്ദേശ്യം തിരിച്ചറിഞ്ഞ മാധ്യമങ്ങള്‍ അദ്ദേഹത്തെ കൊണ്ടാടി. ലണ്ടന്‍ ഒളിംപിക്‌സ് മിശ്ര വികാരത്തില്‍ കുരുങ്ങിക്കിടക്കുകയായിരുന്നു. ചെനിന്റെ വാര്‍ത്ത ലണ്ടന്‍ നിവാസികളുടെയും മാലോകരുടെയും ഒളിംപിക്‌സ് വികാരത്തിനു ഊര്‍ജ്ജം പകര്‍ന്നു.
 
 
എലെമെന്ററി  വിദ്യാഭ്യാസം മാത്രമുള്ള തനിക്ക്, യാത്ര ഭൂപ്രകൃതിയെക്കുറിച്ചും, സംസ്‌ക്കാരങ്ങളെക്കുറിച്ചും ഒരുപാട് അറിവ് തന്നു, ക്ളാസ് റൂമില്‍ നിന്നും കിട്ടിയതെല്ലാം ചത്ത വാക്കുകളായിരുന്നുവെന്ന് ചെന്‍ ഇടയ്ക്കിടെ പറയാറുണ്ട്. 
 
‘മാനവികതയെ എങ്ങനെ നോക്കിക്കാണണമെന്നും പല തരത്തിലുള്ള പല രാജ്യങ്ങളില്‍ നിന്നുമുള്ള പല ഭാഷ സംസാരിക്കുന്ന മനുഷ്യരെ എങ്ങെനെ ബഹുമാനിക്കണമെന്ന് ഒളിംപിക്‌സ് എനിക്ക് പഠിപ്പിച്ചു തന്നു. ലോകത്തിലെ യുദ്ധക്കൊതി ഇല്ലാതാക്കാന്‍ ഈ മാമാങ്കത്തിന് സാധിക്കുമെന്ന് എനിക്ക് തോന്നുന്നു. ഇതുകൊണ്ടാണ് ഞാന്‍ ചെയ്യുന്നത് എനിക്ക് പ്രധാനപ്പെട്ടതാവുന്നത്. സമാധാനമുള്ള ഒരു ലോകമാണ് ഞാന്‍ സ്വപ്നം കാണുന്നത്.’
 
ചെനിന്റെ അടുത്ത പ്ളാന്‍ കാനഡയാണ്. പിന്നെ 2015 അവസാനം വരെ നോര്‍ത്ത് അമേരിക്കയിലെ മറ്റു സ്ഥലങ്ങളും. ഒടുവില്‍ ലാറ്റിന്‍ അമേരിക്കയിലേക്ക് – 2016 റിയൊ ഡി ജെനീറോ. ഒരു പക്ഷെ 2020നു ശേഷം അദ്ദേഹം റിട്ടയര്‍മെന്റിന്റെ കാര്യം ആലോചിക്കും – ‘അതും ഒരു പക്ഷെ’!   
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍