UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

എന്റെ ആഫ്രിക്ക : എത്ര സുന്ദരമായ ആചാരങ്ങള്‍

സംസ്കാരങ്ങളുടെ തറവാടായ ആഫ്രിക്ക വൈവിധ്യങ്ങളുടെ കലവറ കൂടിയാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. വളരെ വൈവിധ്യമാര്‍ന്ന ആചാരങ്ങള്‍ക്കും അനുഷ്ഠാങ്ങള്‍ക്കും ഈ മണ്ണിനോളം തന്നെ പഴക്കമുണ്ട് .കാലാന്തരത്തില്‍ കടന്നു വന്ന മുസ്ലിം – ക്രിസ്ത്യന്‍ – ഹിന്ദു – ജൂത ആചാരങ്ങള്‍ ഈ നാടിന്റ്റെ സംസ്കരത്തോട്‌  ഇണചേര്‍ന്നു. ഗോത്രസംസ്കാരങ്ങളുടെ അടിസ്ഥാനം തന്നെ കുടുംബമാണ്. അതിരുകള്‍ ഇല്ലാത്ത കുടുംബം എന്ന വിശ്വസമാണ് ഈ നാടിനെ സകല അടിച്ചമര്‍ത്തലില്‍ നിന്നും മോചനം നേടാന്‍ സഹായിച്ചത്.

 
കുടുംബത്തിലേക്ക് കടന്നു ചെല്ലാനുള്ള പാരമ്പര്യ വാതിലാണ് വിവാഹം. ഓരോ നാട്ടിലും ഓരോ ഗോത്രത്തിലും ചടങ്ങുകള്‍ വ്യത്യസ്തമാണെങ്കിലും അടിസ്ഥാനപരമായി ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള കൂടിച്ചേരലാണത്. ഗോത്രങ്ങളോ വിശ്വാസങ്ങളോ ഒന്നും രണ്ടു വ്യക്തികള്‍ ചേര്‍ന്നു കുടുംബമായി തീരുന്നതിനു തടസ്സമാകില്ല.
 
അവനും അവളും പ്രണയത്തിലാകുന്നു. ഇവിടെ പ്രണയത്തിന് അതിര്‍വരമ്പുകളില്ല. ജാതിയുടെയോ മതത്തിന്റെയോ സംസ്കാരത്തിന്റെയോ കുടുംബബന്ധങ്ങളുടെയോ കൂച്ചുവിലങ്ങുകളില്ല. വളര്‍ത്തി വലുതാക്കിയതിന്റെ കണക്കുപറച്ചിലുകളില്ല. കുടുംബ ത്യാഗത്തിന്റെയും സമുഹ മന:സാക്ഷിയുടെയും ഭീഷണിയില്ല. ഞാന്‍ സ്നേഹിക്കുന്നു. എന്നെ സ്നേഹിക്കുന്നു. കുറച്ചു നാള്‍ ഇടപഴകി പരസ്പരം മനസിലാക്കാന്‍ ശ്രമിക്കുന്നു. മുന്‍പോട്ടുള്ള യാത്രയില്‍ ഒരുമിച്ചു പോകാന്‍ കഴിയുന്നവരാണ് എന്ന്‍ ഉറപ്പായാല്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നു. പൊതുവേ മുപ്പതു വയസിനു ശേഷമാണു സ്ത്രീകളും പുരുഷന്മാരും വിവാഹത്തെ കുറിച്ച് ചിന്തിക്കുക.

 
വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്‍ ആചാരപ്രകാരം ഒരു കത്തിലൂടെ പെണ്‍കുട്ടിയുടെ സമ്മതം ചോദിക്കുന്നു. ഇതാണ് ആദ്യത്തെ ചടങ്ങ്. കല്യാണം കഴിക്കാന്‍ ആഗ്രഹിക്കുന്ന പയ്യന്‍ നേരിട്ടല്ലാതെ കാരണവന്മാര്‍ മുഖേനയും പെണ്‍കുട്ടിയുടെ താല്‍പര്യം ഔദ്യോഗികമായി അറിയാന്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്കു കത്ത് നല്കാറുണ്ട്. സമ്മതം അറിയിച്ചുള്ള മറുപടി കിട്ടിയാല്‍ സന്തോഷം അറിയിച്ചുള്ള കൈനീട്ടവും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്കുള്ള സമ്മാനവുമായി പയ്യനും കുടുംബവും ഹാജര്‍. ഈ കൈനീട്ടത്തിനു മേഹാരി എന്നാണ് പറയുക. ചിലയിടങ്ങളില്‍ പെണ്ണിന്റെ വീട്ടുകാര്‍ ഇത്ര തുക വേണമെന്നു ആവശ്യപെടും. പൊതുവെ അങ്ങനെ ആവശ്യപെടാറില്ല.
 
അങ്ങനെ വിവാഹം തീരുമാനിച്ചു കഴിഞ്ഞാല്‍ പെണ്ണും ചെറുക്കനും തങ്ങളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും ഒരു ദിവസം വീട്ടിലേക്കു ക്ഷണിക്കുന്നു. വിവാഹ തീരുമാനം അറിയിക്കുന്നു, വിവാഹ ചെലവുകളെ കുറിച്ച് സംസാരിക്കുന്നു. എല്ലാവരും സ്വമേധയാ ഒരു തുക വിവാഹ ചെലവിലേക്ക് സംഭാവന നല്ക്കുന്നു. ബാക്കി അതിഥിക്കള്‍ക്കായി നിശ്ചിത തുക തീരുമാനിക്കുന്നു. ഈ തുകയും അത് സ്വീകരിക്കുന്ന തീയതിയും കാണിച്ചു കൊണ്ടുള്ള കല്യാണകാര്‍ഡ് നല്കുന്നു. അങ്ങനെ ബാധ്യതകളും ഭാരങ്ങളും കടങ്ങളുമില്ലാതെ ഒരു തകര്‍പ്പന്‍ കല്യണം ഒരുങ്ങുകയാണ്.  
 
ഒരു കല്യാണം കഴിയുമ്പോള്‍ കുടുംബം കടത്തില്‍ മുങ്ങില്ല. പെങ്ങന്മാരെ കെട്ടിക്കാന്‍ ആരും നാട് വിടില്ല. കാരണം എല്ലാരും അവനവനാല്‍ കഴിയുന്നത് നല്കി, നാടകീയതയില്ലാതെ, അഭിമാന – ദുരഭിമാന കഥകളില്ലാതെ, പാരമ്പര്യത്തിന്റെയും കുടുംബ മഹിമയുടെയും പുളിച്ചു തികട്ടലുകള്‍ ഇല്ലാതെ, ആചാരങ്ങളുടെയും നാട്ടുനടപ്പുകളുടെയും ദുഷിച്ച ഗന്ധമില്ലാതെ സ്‌നേഹത്തിന്റെയും സൌഹൃദത്തിന്റെയും പങ്കുവെയ്ക്കലിന്റെയും ആഘോഷമാണ് വിവാഹം.
 
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിവാഹ രീതിയാണിത് .
 
വിവാഹത്തിന് രണ്ടുമാസം മുന്‍പ് പെണ്‍കുട്ടിക്ക് ‘സന്ധുക്ക് ” കിട്ടും. വലിയ പെട്ടി എന്നര്‍ത്ഥം വരുന്ന സ്വാഹിലി വാക്കാണ് സന്ദുക്ക്. വിവാഹത്തിന് തയ്യാറെടുക്കുന്ന ഒരു പെണ്‍കുട്ടി ആഗ്രഹിക്കുന്നതെല്ലാം ആ പെട്ടിയിലുണ്ടാകും. ബന്ധുക്കളും സുഹൃത്തുക്കളുമായ സ്ത്രീജനങ്ങള്‍ നല്‍കുന്ന സമ്മാനങ്ങളാണ് ആ പെട്ടി നിറയെ. ഒരു വര്‍ഷത്തേക്കാവശ്യമായ വസ്ത്രങ്ങള്‍ മുതല്‍ ബ്രെഷും പയ്സ്റ്റും വരെ അതിലുണ്ടാകും.
 
അതിനു ശേഷമുള്ള ദിവസങ്ങള്‍ സൗന്ദര്യ പരിപോഷണത്തിനുള്ള ദിവസങ്ങളാണ്. മുതിര്‍ന്നവരായ സ്ത്രീകളും കൂട്ടുകാരും അവളെ സഹായിക്കാന്‍ ഉണ്ടാകും. മുതിര്‍ന്ന സ്ത്രീകളോടൊപ്പം ചിലവഴിച്ച് അവരുടെ ജീവിതനുഭവങ്ങള്‍ മനസ്സിലാക്കാനുള്ള സമയം കൂടിയാണിത്.
 
ശാരീരികമായും മാനസികമായും തയ്യാറെടുത്തു കഴിയുമ്പോള്‍; വിവാഹതീയതി എത്തും. മതപരമല്ലാത്ത 
സ്വാഹിലി വിവാഹം വളരെ ചെറിയ ചടങ്ങാണ്. മുന്ന് തവണ വധുവിന്റെ സമ്മതം ചോദിക്കുന്നു, സമ്മതമെങ്കില്‍ വധുവും വരനും വിവാഹ പ്രതിജ്ഞ ചൊല്ലുന്നു. സമ്മതമല്ല എന്ന് പറയുകയാണെങ്കില്‍ വിവാഹം നടക്കില്ല. 
 
മുസ്ലിം, ക്രിസ്ത്യന്‍ വിശ്വാസികള്‍ ഏറെയുള്ള കിഴക്കനാഫ്രിക്കന്‍ രാജ്യങ്ങളില്‍ വിവാഹരീതി അടിസ്ഥാനപരമായി ഒന്നാണെങ്കിലും മതപരമായ ആചാരങ്ങളും കൂടി ഉണ്ടാകുമെന്ന് മാത്രം .
 
കല്യാണം കഴിഞ്ഞു, സമ്മാനമയി കട്ടില്‍, കുട്ട, വട്ടി, ചിരവ, ചെരുപ്പ് എന്ന് വേണ്ട ഒരു കുഞ്ഞു ജീവിതം തുടങ്ങാന്‍ ആവശ്യമായതെല്ലാം കിട്ടും.
 
വിവാഹത്തിന് വധൂവരന്മര്‍ പരമ്പരാഗത വസ്ത്രങ്ങള്‍ ആകും അണിയുക. മതപരമായ ചടങ്ങുകള്‍ പാലിക്കുന്നവരാണെങ്കില്‍ അതനുസരിച്ചുള്ളതും. ബന്ധുക്കള്‍ മിക്കവാറും ഒരേ പോലെയുള്ള വസ്ത്രങ്ങള്‍ ആകും ധരിക്കുക. വധുവിന്റെ ബന്ധുക്കള്‍ ഒരേ നിറത്തിലുള്ളത്, വരന്റെ ബന്ധുക്കള്‍ ഒരേ തരത്തിലുള്ളത് എന്ന രീതിയില്‍.
 
ഗോത്രങ്ങളോടുള്ള വിധേയത്വം ഇന്നും ഇവിടെയുണ്ട്. പക്ഷെ ഗോത്രത്തിനു പുറത്തു നിന്നുള്ള വിവാഹവും ഇവിടെ സ്വീകാര്യമാണ്. ആരുടെയും സംസ്‌കാരവും പാരമ്പര്യവും ഒന്നും ഒരു വിവാഹം കൊണ്ടോ പ്രണയം കൊണ്ടോ തകര്‍ന്നു പോകില്ലെന്നു ഇവിടെ മനുഷ്യര്‍ക്കറിയാം. അതു കൊണ്ട് തന്നെ സ്‌നേഹിച്ചതിന്റെ പേരില്‍ ആരും ആരെയും ഇവിടെ കൊല്ലില്ല. ആരും തല്ലി ചാവുകയുമില്ല. നിനക്കാരെയും സ്‌നേഹിക്കാം. എങ്ങനെയും ജീവിക്കാം. നിന്റെ ജീവിതം നിന്റെ ഉത്തരവാദിത്തമാണ്.
 
മനസിന്റെ വലുപ്പവും മനുഷ്യരിലെ നന്മയുമാണ് വികസനത്തിന്റെ മാനദണ്ഡമെങ്കില്‍ ഈ നാടിനെ കവച്ചു വെയ്ക്കാന്‍ ആര്‍ക്കും കഴിയില്ലായിരുന്നു. നൂറ്റാണ്ടുകളുടെ അടിമത്തത്തിനും സാമ്രാജ്യത്വത്തിനും തകര്‍ക്കാന്‍ കഴിയാത്ത അത്മവീര്യമാണ് ഓരോ മനുഷ്യന്റെയും സ്വന്തമായുള്ളത്.
 
അനാചാരങ്ങളും ആഭിചാരങ്ങളും മാത്രം കേട്ടു പഴക്കമുള്ള ഈ നാടിന്റെ നന്മയെ കുറിച്ച് അറിയാന്‍ ഇനിയുമേറെയുണ്ട്. അത് വരും ലക്കങ്ങളില്‍.  
 
ഇനി ചില വിവാഹ ചിത്രങ്ങള്‍ കണ്ടു നോക്കൂ! 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍