UPDATES

സിനിമ

വജ്ദയുടെ \’സൌദി\’ സൈക്കിള്‍

ഡാനാ സ്റ്റീവന്‍സ്
(സ്ലേറ്റ്)

 

സൈക്കിളും കുട്ടികളും തമ്മില്‍ രസകരമായ ഒരു ബന്ധമാണുള്ളത്. നിഷ്ക്കളങ്കതയും പര്യവേക്ഷണവും മുന്നോട്ടുള്ള സ്വതന്ത്രമായ ചലനവും ഒക്കെ കൂടിച്ചെര്‍ന്ന ഒരു ബന്ധമാണത്. ഇതിനു മുന്‍പും ഇത് സിനിമയുടെ വിഷയമായിട്ടുണ്ട്: Di Sicaയുടെ “Bycycle Thieves ” മുതല്‍ സ്പീല്‍ബര്‍ഗ്ഗിന്‍റെ “E.T” വരെ, Dardenne സഹോദരങ്ങള്‍ മുതല്‍ കിഡ് വിത്ത്‌ എ ബൈക്ക് വരെ.

 

എന്നാല്‍ പൂര്‍ണ്ണമായും സൗദി അറേബ്യയില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യചിത്രമെന്ന നിലയിലും അവിടെ നിന്നുള്ള ഒരു സ്ത്രീ സംവിധായകയുടെ ആദ്യ ചിത്രമെന്ന നിലയിലുംോ ശ്രദ്ധേയമാണ് “Wadjda”- . ഒരു കൊച്ചുപെണ്‍കുട്ടി സ്വന്തമായി ഒരു സൈക്കിള്‍ വാങ്ങാനായി പണം സമ്പാദിക്കുന്നതിന്റെ കഥയാണിത്. ഒപ്പം സ്ത്രീകളുടെ സ്വാതന്ത്ര്യം തീവ്രമായി വിലക്കിയിരിക്കുന്ന ഒരിടത്തില്‍ പെണ്ണായി വളരുന്നതിന്റെയും കഥയാണ് വജ്ദ. വളരെ മികച്ച ഒരു ആദ്യചിത്രം. 

 

പത്തുവയസുകാരി വജ്ദ ഒരു ആണ്‍കുട്ടിയെപ്പോലെയാണ്. റിയാദിലെ ഇടത്തരം താമസസ്ഥലത്താണ് അവള്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്നത്. അവളുടെ അമ്മ ഇസ്ലാമികമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു സ്ത്രീയാണ്. ഭര്‍ത്താവിനോടുള്ള പേടിയിലാണ് അവരുടെ മുഴുവന്‍ ജീവിതവും. ഒരു എണ്ണക്കമ്പനി തൊഴിലാളിയായ ഭര്‍ത്താവ് ദീര്‍ഘകാലം വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കാറുണ്ട്. അവര്‍ക്ക് നല്‍കാന്‍ കഴിയാത്ത മകന് വേണ്ടി രണ്ടാം ഭാര്യയെ സ്വീകരിക്കാന്‍ അയാള്‍ തയ്യാറാണ്. വജ്ദയുടെ സ്കൂള്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഒരു മതപഠനശാലയാണ്. സ്കൂള്‍ ഹെഡ്മിസ്ട്രസ് എപ്പോഴും കുരുത്തക്കേടുകള്‍ നോക്കിനടക്കുകയുമാണ്.

 

 

ഒരു കാറിനുമുകളില്‍ കെട്ടിവെച്ചിരിക്കുന്ന മനോഹരമായ ഒരു പച്ച സൈക്കിള്‍ കണ്ടതോടെ വജ്ദക്ക് സ്വന്തമായി ഒരു സൈക്കിള്‍ വേണമെന്നായി. സംസ്കാരം അതിനനുവദിക്കില്ല എന്നൊക്കെ ഉണ്ടായിരുന്നെങ്കിലും അവള്‍ അത് ആഗ്രഹിച്ചു. (സൈക്കിള്‍ ഓടിച്ചാല്‍ നിനക്കൊരിക്കലും കുട്ടികളുണ്ടാകില്ല- അവളുടെ അമ്മ പേടിപ്പിക്കാന്‍ ശ്രമിച്ചു.) അവളോട്‌ പ്രേമമുള്ള ഒരു അയല്‍വാസി പയ്യനോട് രഹസ്യമായി അവളെ സൈക്കിള്‍ പഠിപ്പിക്കാന്‍ അവള്‍ ചട്ടം കെട്ടി. സൈക്കിള്‍ വാങ്ങാനുള്ള പണം സമ്പാദിക്കാനായി അവള്‍ സ്കൂളില്‍ പല തിരിമറികളും നടത്തി.

 

ഖുറാന്‍ പഠനത്തിലൊന്നും വലിയ താല്പ്പര്യമില്ലായിരുന്ന വജ്ദ സ്കൂളിലെ ഖുറാന്‍ വായനാമത്സരത്തിന് സമ്മാനത്തുകയുണ്ടെന്നു കേട്ടതോടെ വലിയ ഉല്സാഹത്തിലായി. നിരോധിക്കപ്പെട്ട അമേരിക്കന്‍ പോപ്പ് സംഗീതം കേള്‍ക്കാനായിരുന്നു അവള്‍ക്ക് ഇഷ്ടം. എന്നാല്‍ സൈക്കിള്‍ കിട്ടുമെന്ന് തോന്നിയപ്പോള്‍ വജ്ദ വല്ലാത്തൊരു ആവേശത്തോടെ ഖുറാന്‍ വായിക്കാന്‍ തുടങ്ങി. അവളുടെ അമ്മയെയും ഹെഡ്മിസ്ട്രസിനെയും ഇത് കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്.

 

വജ്ദയുടെ ശ്രമങ്ങള്‍ അങ്ങനെ പുരോഗമിക്കുന്നു. വളരെ ചെറിയ കാര്യങ്ങളിലൂടെയാണ് കഥ ചുരുള്‍ നിവരുന്നത്‌. രണ്ടുസ്കൂള്‍ കുട്ടികള്‍ തമ്മിലുള്ള നോട്ടമോ വിലക്കപ്പെട്ട സ്വാതന്ത്ര്യം അല്‍പ്പനേരം ഒന്ന് ആസ്വദിക്കുന്നതോ ഒക്കെ കഥാഗതിയെ ബാധിച്ചേക്കാം. വളരെ ലളിതമായ കഥ എന്ന് ഒറ്റ നോട്ടത്തില്‍ തോന്നുമെങ്കിലും ഓരോ സീനിലും സാമൂഹ്യവിമര്‍ശനമുണ്ട്.

 

വലിയ വിപ്ലവങ്ങള്‍ കഥയിലില്ലെങ്കിലും അല്‍ മന്‍സൂറിന്റെ സന്ദേശം പുരോഗമനപരമാണ്. ഇതൊരു ഫെമിനിസ്റ്റ് മാനിഫെസ്റോ അല്ല. പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ ഒരു യഥാര്‍ത്ഥ ആവിഷ്ക്കാരമാണ്. അല്‍ മന്‍സൂര്‍ പലപ്പോഴും ഒരു വാകി ടോക്കിയുമായി വാനിനുള്ളില്‍ ഇരുന്നാണ് സംവിധാനം ചെയ്തത്. പരസ്യമായി പുരുഷന്മാര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുന്ന ഒരു സ്ത്രീ വല്ലാത്ത കാഴ്ചയായേനെ. സൗദി ഗവണ്മെന്റിന്റെ അനുമതിയോടെയാണ് അവര്‍ ചിത്രം നിര്‍മ്മിച്ചത്. (1980കള്‍ മുതല്‍ ഈ രാജ്യത്ത് സിനിമാ തിയെറ്ററുകള്‍ക്ക് വിലക്കാണ്).

 

സിനിമയില്‍ അങ്ങനെ വലിയ പുതുമകള്‍ ഒന്നും ഉണ്ടായേക്കില്ല. അവസാനസീനില്‍ നായിക തന്റെ സൈക്കിള്‍ പൊടിപറക്കുന്ന റിയാദ് വഴികളിലൂടെ ചവിട്ടുന്നതും അവളുടെ മുടിയിഴകളില്‍ കാറ്റ് പിടിക്കുന്നതും കാണുമ്പോള്‍ ആരുടേയും ഹൃദയം നിറയും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍