UPDATES

വയനാട്ടിലെ ഓര്‍ക്കിഡുകള്‍ ഹര്‍ത്താല്‍ നടത്തുന്നില്ല

മന്‍സൂര്‍ തലശ്ശേരി

ജൈവവൈവിദ്ധ്യത്താലും അവയെക്കുറിച്ചുള്ള അറിവിനാലും സമ്പമായ വയനാട് നീലഗിരി ബയോസ്ഫിയറിന്റെ ഭാഗമാണ്. സഹ്യപര്‍വ്വതത്തിലെ ഏതാണ്ട് എല്ലാ ആവാസവ്യവസ്ഥകളും കാണപ്പെടുന്ന ഇവിടം അപൂര്‍വ്വങ്ങളായ സസ്യവര്‍ഗ്ഗങ്ങളുടെ കലവറയാണ്. കേരളത്തില്‍ കാണപ്പെടുന്ന 5000-ത്തോളം പുഷ്പിത സസ്യങ്ങളില്‍ 2600-ലധികവും വയനാട്ടില്‍ നിന്നും രേഖപ്പെടുത്തിയവയാണ്. ഇതില്‍ 800-ലധികം സസ്യങ്ങള്‍ ലോകത്ത് പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്നവയാണ് എന്നത് തന്നെ ഈ പ്രദേശത്തിന്‍റെ ജൈവവൈവിദ്ധ്യപരമായ സവിശേഷതയെയും, സംരക്ഷണപ്രാധാന്യത്തെയും എടുത്ത് കാട്ടുന്നു.

1800-കളില്‍ ബ്രിട്ടീഷ് മില്ലിട്ടറി ഓഫീസറായിരുന്ന റിച്ചാര്‍ഡ് ബെഡോം (1871- 1873) വയനാടന് കാടുകളില്‍ നടത്തിയ പഠനങ്ങളിലൂടെയാണ് ഈ പ്രദേശത്തിന്റെ ജൈവവിധ്യത്തെക്കുറിച്ച് ലോകം അറിഞ്ഞു തുടങ്ങിയത്.

വയനാടന്‍ കാടുകളിലെ 2600-ലധികം പുഷ്പിത സസ്യങ്ങളില്‍ 174-ഇനവും 'ഓര്‍കിഡേസി'എന്ന സസ്യകുടുംബത്തിലെ ഓര്‍ക്കിഡുകളാണ്. എം ഏസ് സ്വാമിനാഥന്‍ റിസേര്‍ച്ച് ഫൌണ്ടേഷന്‍റെ കീഴില്‍ ഡോ. രതീഷ് നാരായണനും സംഘവും നടത്തിയ പഠനങ്ങളാണ് ജില്ലയിലെ ഓര്‍ക്കിഡുകളുടെ വൈവിധ്യത്തെക്കുറിച്ച് ശാസ്ത്രീയമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇടയാക്കിയത്. വയനാട്ടില്‍ല്‍ നിന്നും കണ്ടെത്തിയ 174 ഓര്‍ക്കിഡുകളില്‍ 59 എണ്ണം പുല്‍മേടുകളിലും, നിത്യഹരിതവനങ്ങളിലും മണ്ണില്‍ വളരുന്നവയുമാണ്. എന്നാല്‍ 115 ഇനം മറ്റ് മരങ്ങളില്‍ പറ്റിപ്പിടിച്ച് വളരുവ 'സാപ്രോഫൈറ്റ്' എന്ന വിഭാഗത്തില്‍ ഉള്ളവയാണ്.

വയനാട്ടിലെ ഓര്‍ക്കിഡുകളിലെ മറ്റൊരു പ്രധാന സവിശേഷത 76 ഇനം ലോകത്ത് പശ്ചിമഘ'ത്തില്‍ മാത്രം കാണപ്പെടുന്നവയാണ് എന്നതാണ്. ഇതില്‍ തന്നെ ബള്‍ബോഫില്ലം റോസ്‌മേരിയാനം, ബള്‍ബോഫില്ലം സൈലന്റ്‌വാലിയന്‍സിസ്, എരിയ ത്യാഗി, ഇപ്‌സിയ മലബാറിക്ക, കിന്‍ജിഡിയ, നിവിയം, ഒബറോണിയ വയനാടന്‍സിസ്, ഒബറോണിയ സ്വാമിനാഥനി തുടങ്ങിയവ ഇവിടെ മാത്രം കാണപ്പെടുവയാണ്. ഇവയില്‍ 'ഒബറോണിയ സ്വാമിനാഥനി' വയനാടന്‍ കാടുകളില്‍ നിന്നും കണ്ടെത്തി ശാസ്ത്രലോകത്തിനു മുമ്പില്‍ എത്തിച്ചത് ഡോ. രതീഷ് നാരായണനും സംഘവും നടത്തിയ പഠനങ്ങളാണ്.

വയനാട്ടിലെ 17 ഓര്‍ക്കിഡുകള്‍ വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന റെഡ് ഡാറ്റ ബുക്കില്‍ ഇടം നേടിയവയാണ്. ഇവയില്‍ ഏറ്റവും കൂടുതല്‍ സംരക്ഷണപ്രാധാന്യം അര്‍ഹിക്കുവയില്‍ ഒന്നാണ് 1855-ല്‍ മബലാര്‍ കാടുകളില്‍ നിന്നും ജെര്‍ഡോ എന്ന ശാസ്ത്രജ്ഞന്‍ കണ്ടെത്തിയ 'ജപ്‌സിയ മലബാറിക്ക' എന്നയിനം. വംശനാശം വന്നു എന്നു വിശ്വസിച്ചിരുന്ന 'മലബാര്‍ ഡാഫോഡില്‍ ഓര്‍ക്കിഡ്' എന്നറിയപ്പെടുന്ന ഈ അപൂര്‍വ്വയിനം ഓര്‍ക്കിഡ് വയനാട്ടിലെയും സൈലന്റ്‌വാലിയിലെയും പുല്‍മേടുകളില്‍ അവശേഷിക്കുന്നു എന്ന കണ്ടെത്തല്‍ ഇത്തരം പഠനങ്ങളുടെ ആവശ്യകതയാണ് ചൂണ്ടികാണിക്കുന്നത്.

വയനാട്ടില്‍ കാണപ്പെടുന്ന 174-ഇനം ഓര്‍ക്കിഡുകളില്‍ 60 ശതമാനത്തിലധികവും കാണപ്പെടുത് 1000- 2000 മീറ്ററിനും ഇടയില്‍ കാണപ്പെടുന്ന നിത്യഹരിതവനങ്ങളിലും, ചോലവനങ്ങളിലുമാണ്. ഇലകൊഴിയും കാടുകളില്‍ ഇവയുടെ വൈവിധ്യം താരതമ്യേന കുറവാണ്.

ആവാസവ്യവസ്ഥകളിലെ ചെറിയ വ്യതിയാനങ്ങള്‍പോലും നിലനില്‍പ്പിനെ ബാധിക്കുന്ന ഓര്‍ക്കിഡുകളില്‍ പലതും വംശനാശഭീഷണിയിലാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ശാസ്ത്രീയമായ പഠനങ്ങളും, സംരക്ഷണ  പ്രവര്‍ത്തനങ്ങളും, ബോധവല്‍ക്കരണവും ഈ മേഖലയില്‍ ആവശ്യമാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍