UPDATES

കേരളം

കേരള രാഷ്ട്രീയത്തില്‍ അങ്ങനെ രാശി\’ക്കല്ലും\’

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞത് ആരാണെന്ന് വരും ദിവസങ്ങളില്‍ ചിലപ്പോള്‍ വ്യക്തമായേക്കാം. കേരളമല്ലേ മുന്‍ അനുഭവങ്ങള്‍ പലതും നോക്കുമ്പോള്‍ ഉറപ്പൊന്നുമില്ല ആളെ കണ്ടെത്താനാവുമെന്ന്. കാലാവസ്ഥാ പ്രവചന വകുപ്പിന്റെ മുന്നറിയിപ്പു പോലെ കണ്ടെത്താനും കണ്ടെത്താതിരിക്കാനും സാദ്ധ്യതയുണ്ട്. എറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ ഉണ്ടെന്നൊക്കെയാണ് തിരുവഞ്ചൂര്‍ പറയുന്നത്. വരുമ്പോഴറിയാം. മൊബൈല്‍, സി.സി ടിവി കാലമായതിനാല്‍ പറയാന്‍ പറ്റില്ല എറിയാനായി മറഞ്ഞോ തെളിഞ്ഞോ നിന്നവന്റെ ഫോട്ടം ആരെങ്കിലും പിടിച്ചിട്ടുണ്ടോയെന്ന്.

 

കോട്ട കോട്ട ചെങ്കോട്ട….

 
മുഖ്യമന്ത്രിയും കോണ്‍ഗ്രസുകാരും കട്ടായം പറയും പോലെ, എറിഞ്ഞത് ഇടതു മുന്നണിക്കാരാണെങ്കില്‍ ഇതിലും വലിയൊരു മണ്ടത്തരം വേറെയില്ല. കണ്ണൂരിലെ സി.പി.എമ്മുകാരായതു കൊണ്ട് പറയാന്‍ പറ്റില്ല. അവര്‍ ഇതിലും വലിയ മണ്ടത്തരങ്ങള്‍ പലതും കാണിക്കുന്നവരാണ്. മുഖ്യമന്ത്രിയുടെ നെറ്റിക്കിട്ടു തന്നെ ഏറു കൊടുക്കാന്‍ കഴിഞ്ഞത് അഭിമാനമായി കാണുന്ന ചിലര്‍ ഇപ്പോഴും അവിടെയുണ്ട്. പാര്‍ട്ടി ഏതായാലും വെട്ടിച്ചാകാന്‍ അണികളെ ഇക്കാലത്തും കിട്ടുന്ന അത്യപൂര്‍വ്വം ദേശങ്ങളില്‍ ഒന്നാണിത്. ആജന്മ ശത്രു കെ. സുധാകരനോട് ലോക്‌സഭയില്‍ മുട്ടി എട്ടു നിലയില്‍ പൊട്ടിയെങ്കിലും കോട്ട ചെങ്കോട്ട എന്നൊക്കെയാണ് ജയരാജന്മാര്‍ അവകാശപ്പെടുന്നത്. പാലു കൊടുത്തു വളര്‍ത്തിയ അബ്ദുളളക്കുട്ടിയോടു പോലും തോറ്റു. നിയമസഭാ തിരഞ്ഞെടുപ്പില്‍ 11ല്‍ അഞ്ചിടത്തും തോറ്റു. ഭരണവും പോയി. എന്നിട്ടും പറയുന്നു, രണ്ടു സീറ്റു വീതം മാത്രം വിട്ടു കൊടുത്ത കൊല്ലവും ആലപ്പുഴയുമെന്നുമല്ല, കണ്ണൂരാണ് കോട്ടയെന്ന്. എറിഞ്ഞത് സി.പി.എമ്മുകാരാണെങ്കില്‍ കണ്ണൂരെ പാര്‍ട്ടിയോട് ഉമ്മന്‍ ചാണ്ടി വീണ്ടും കടപ്പെട്ടിരിക്കുന്നു. ആരെറിഞ്ഞെന്ന് തെളിയും വരെ കണ്ണൂരിലെ സി.പി.എമ്മുകാരാണ് ഇതു ചെയ്തതെന്നേ ജനങ്ങള്‍ വിശ്വസിക്കൂ. മേല്‍പ്പടിയാന്‍മാരുടെ ഇതുവരെയുളള കൈയ്യിലിരുപ്പ് അതാണല്ലോ. 
 
രാശിക്കല്ല്….
 
അപ്രതീക്ഷിത ക്‌ളൈമാക്‌സുകള്‍ ഒന്നുമുണ്ടായില്ലെങ്കില്‍ നല്ല രാശിയുളള ഒരു കല്ലാണ് മുഖ്യമന്ത്രിയുടെ നെഞ്ചില്‍ വീണത്. കെ. മുരളീധരന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഗണ്‍മോന്‍’ സലീംരാജിന്റെ കോടികളുടെ ഭൂമി തട്ടിപ്പു വാര്‍ത്തകളുടെ നാണക്കേടിലായിരുന്നു കഴിഞ്ഞ ദിവസം വരെ സാക്ഷാല്‍ മുഖ്യന്‍. വെറുമൊരു കോണ്‍സ്റ്റബിളാം ഗണ്‍മാനെവിടുന്ന് ഇരുനൂറ് കോടിയുടെ ആസ്തിയെന്നൊക്കെയുളള സംശയങ്ങള്‍ ജനങ്ങളില്‍ മുള പൊട്ടിയിരുന്നു. കളളനു കഞ്ഞിവച്ചവനാണോ ഉമ്മന്‍ചാണ്ടിയെന്ന സംശയം ജനങ്ങളില്‍ വേരു പിടിച്ചു വരുന്ന ഘട്ടവുമായിരുന്നു. കടകംമ്പളളിക്കാരന്‍ സുരേന്ദ്രനെ അടക്കം വെട്ടി കടകംമ്പളളളിയില്‍ ബദല്‍ ജനസമ്പര്‍ക്ക പരിപാടി നടത്തി അടുത്ത പോരിന് കോപ്പു കൂട്ടി പ്രതിപക്ഷ നേതാവും എത്തിയിരുന്നു. പണി കിട്ടാന്‍ പാകത്തിന് സരിതക്കു പിന്നാലെ ഗണ്‍മാന്റെ വിക്രമങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. സലീം രാജിന് പിന്നില്‍ വന്‍ശക്തിയുണ്ടാമെന്ന്, വി.എസിനെ നിയമം പഠിപ്പിച്ച കൊടുക്കാമെന്നു വ്യക്തമാക്കിയ ബഹുമാനപ്പെട്ട ജഡ്ജി പോലും സംശയം പ്രകടിപ്പിച്ചിരുന്നു. 
 
 
എല്ലാ കഷ്ടക്കാലവും തീര്‍ത്തുകൊണ്ടല്ലേ ആ കല്ലു വന്നു വീണത്. ആ കല്ലെറിഞ്ഞവനെ അല്ലെങ്കില്‍ ആ ബുദ്ധി ഉപദേശിച്ചു കൊടുത്തവരോടു ഉമ്മന്‍ ചാണ്ടി നന്ദി പറയണം. വെറുതെ നന്ദി പറഞ്ഞാല്‍ പോരാ. ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ എന്ന കുറിപ്പു സഹിതം ടിയാന്റെ ഫോട്ടോയും മനോരമയില്‍ കൊടുക്കണം. ഇന്നലെ വരെ ചീത്ത വിളിക്കുകയും സംശയത്തോടെ കാണുകയും ചെയ്തവരെല്ലാം ഒറ്റ നിമിഷം കൊണ്ടല്ലേ ഉമ്മന്‍ ചാണ്ടിയുടെ പിന്‍തുണക്കാരായത്. ഏറു കൊണ്ട് നെറ്റിയില്‍ ചെറിയൊരു പാടു വന്നിട്ടും അതുവച്ച് പൊതു സമ്മേളനത്തില്‍ സുവിശേഷ പ്രസംഗം നടത്തിയതോടെ ഉമ്മന്റെ ഗ്രാഫ് വീണ്ടും ഉയര്‍ന്നു. തന്ത്രങ്ങളില്‍ ആശാനാണെങ്കിലും നേരാം വണ്ണം പ്രസംഗിക്കാന്‍ ഇനിയും ഉമ്മന്‍ ചാണ്ടിക്ക് അറിയില്ലെന്ന കോണ്‍ഗ്രസുകാരുടെ പരാതി ഒറ്റ പ്രസംഗം കൊണ്ട് തീര്‍ത്തു കൊടുത്തു. മലയാളിയുടെ വികാര ഞരമ്പ് അറിഞ്ഞുളള അടി ശരിക്കും ഏറ്റു.
 
വിവിധ പാര്‍ട്ടികളിലെ നൂറു കണക്കിന് സാധാരണ പ്രവര്‍ത്തകര്‍ തെരുവില്‍ പൊലീസിന്റെ അടിയും ഇടിയും ചവിട്ടും കുത്തുമേറ്റ് ചതഞ്ഞ് അരഞ്ഞപ്പോഴൊന്നും ഉണരാത്ത കേരള മന:സാക്ഷി പൊടുന്നനെ ഉണര്‍ന്ന് എഴുന്നേറ്റു. നേതാക്കളായ നേതാക്കളെല്ലാം മുഖ്യമന്ത്രിക്കു പിന്തുണയുമായി എത്തി. അഹിംസയില്‍ മാത്രം വിശ്വസിക്കുന്ന എസ്.ഡി.പി.ഐ പോലും അക്രമത്തെ അപലപിച്ചു. മുഖ്യമന്ത്രി കസേരിയില്‍ നിന്നും വലിച്ചിറക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചെന്നിത്തല പോലും ആകാവുന്ന ഉച്ചത്തില്‍ അപലപിക്കുകയും പഞ്ചായത്തു തോറും പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. 
 
കെ. സുധാകരനാണ് ഇതിനെല്ലാം പിന്നിലെന്നാണ് ജയരാജന്മാരുടെ വാദം. അങ്ങനെയാണെങ്കില്‍ സുധാകരനെ സമ്മതിക്കണം. മറുഭാഗത്ത് ഇതിനൊക്കെ പ്രാപ്തിയും ഇമ്മാതിരി തന്ത്രങ്ങളില്‍ പരിചയവുമുളള അപൂര്‍വം നേതാവെന്ന നിലയില്‍ ഈ ആരോപണവും ജനം അത്രവേഗം തളളിക്കളയില്ല. അങ്ങനെയെങ്കില്‍ ചെന്നിത്തലയുടെ കാര്യം പോക്കായെന്ന് ഉറപ്പാണ്. ഐക്കാരനായ സുധാകരനെ ഉമ്മന്‍ ചാണ്ടി പൊക്കിയെങ്കില്‍ പിന്നെ ചെന്നിത്തലയുടെ ആലിന്‍കാ ഒരിക്കലും പഴുക്കില്ല. തന്ത്രമന്ത്രാദികളില്‍ ഉമ്മന്‍ ചാണ്ടിയെ വെല്ലുന്നവര്‍ കുറവാണ്. ഏതടവും പയറ്റും, അടികൊണ്ട ശേഷമേ ഒപ്പം നില്‍ക്കുന്നവരറിയൂ. അതൊരടവായിരുന്നെന്ന്.  
 
പിന്നില്‍ക്കുത്ത്
 
മനോരമയോടു മുഖ്യമന്ത്രി പറഞ്ഞതു ശരിയാണെങ്കില്‍, സിനിമയില്‍ ഇറങ്ങിയാല്‍ രജനീകാന്തിനെ കടത്തിവെട്ടാം. കാറിന്റെ ഇടതു വശത്തെ ചില്ലു തകര്‍ത്ത് അകത്തു വന്ന കല്ല് തന്റെ നെഞ്ചില്‍ തട്ടി തെറിച്ച് വലതു വശത്തെ ചില്ലു തകര്‍ത്തു പുറത്തു പോയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നേരെ വരുന്ന വെടിയുണ്ട വിരലുകൊണ്ട് തട്ടി വശത്തേക്ക് തിരിച്ചു വിടുന്ന ടെക്‌നിക് ഇതുവരെ രജനീകാന്തിനേ വശമുണ്ടായിരുന്നുളളു.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍