UPDATES

വിദേശം

അമേരിക്ക പൊണ്ണത്തടി കയറ്റിയയയ്ക്കുന്നതെങ്ങനെ?

ജോണ്‍ നോറിസ് (ഫോറിന്‍ പോളിസി)

മെക്സിക്കോയിലാണ് ഇന്ന് അമേരിക്കയെക്കാള്‍ അധികം പൊണ്ണത്തടിയുള്ളവര്‍ ഉള്ളത്. അവിടെ മൂന്നിലൊന്നും പൊണ്ണത്തടിയുള്ളവരാണ്. പ്രഥമവനിത മിഷേല്‍ ഒബാമ കാര്യമായിത്തന്നെ ആരോഗ്യകരമായഭക്ഷണവും വ്യായാമവും പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അമേരിക്ക രഹസ്യമായി ലോകത്തില്‍ എല്ലാവരെയും തടിയന്മാരാക്കി മാറ്റുകയാണ്. അമേരിക്കയുടെ രീതി ഇതാണ്: “ഒരു കരടിയുടെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ നിങ്ങള്‍ കരടിയേക്കാള്‍ വേഗത്തില്‍ ഓടണമെന്നില്ല. നിങ്ങളുടെ തൊട്ടടുത്ത്‌ ഉള്ളയാളെക്കാള്‍ വേഗത്തില്‍ ഓടിയാല്‍ മതിയാകും.”

മെക്സിക്കോക്കാരുടെ പൊണ്ണത്തടിക്ക് അമേരിക്കയെ കുറ്റം പറയുന്നത് ശരിയല്ല എന്ന് തോന്നിയേക്കാം. അമേരിക്കക്കാരെപ്പോലെ മെക്സിക്കോക്കാരും തടിവയ്ക്കുന്നത് കൂടുതല്‍ തിന്നുന്നത് കൊണ്ടും കുറവു വ്യായാമം ചെയ്യുന്നത് കൊണ്ടും കൂടുതല്‍ സമയം ടിവി കാണുന്നത് കൊണ്ടുമാണ്. എന്നാല്‍ അല്‍പ്പമൊന്നു ചുഴിഞ്ഞുനോക്കിയാല്‍ വേറെ ചിലവ കാണാന്‍ കഴിയും. ലോകം മുഴുവന്‍ ഈ പൊണ്ണത്തടിബാധ പരത്തുന്നത് അമേരിക്കയുടെ കൃഷി, വ്യവസായ, പരസ്യ, ശാസ്ത്ര സാങ്കേതങ്ങളാണ്. അമേരിക്കയുടെ പോളിസികളില്‍ പലതും ഇന്റര്‍നാഷണല്‍ വിപണികളെ ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍ അമേരിക്കയുടെ ഭക്ഷ്യകണ്ടെത്തലുകള്‍ ലോകത്താകമാനമുള്ള മനുഷ്യരെ, പ്രത്യേകിച്ച് ദരിദ്രരെയാണ് അക്ഷരാര്‍ത്ഥത്തില്‍ ഊതിവീര്‍പ്പിക്കുന്നത്. അമേരിക്കന്‍ ടാക്സ്ദാതാക്കള്‍ പോഷകാഹാരത്തെ പുറന്തള്ളുന്ന ഒരു ഭക്ഷ്യനിര്‍മ്മാണസമ്പ്രദായത്തെയാണ് പരിപോഷിപ്പിക്കുന്നത്.
 


 

തങ്ങളുടെ തന്നെ ഊതിവീര്‍പ്പിച്ചതരം രൂപത്തില്‍ ലോകത്തെയും ആക്കിമാറ്റാന്‍ കഴിഞ്ഞതില്‍ ഒരുപക്ഷെ അമേരിക്കക്ക് കുറ്റബോധം തോന്നിയേക്കാം- ഒരു തരം മൃദു അധികാരസ്ഥാപനമാണ്‌ അമേരിക്ക നടത്തുന്നത്. ആഗോളതലത്തില്‍ മനുഷ്യര്‍ക്ക്‌ തടി കൂടുന്ന ഈ സാഹചര്യത്തില്‍ അമേരിക്ക കൊണ്ട് വന്ന തീന്മേശമാറ്റങ്ങള്‍ ഒന്ന് നോക്കുന്നത് നന്നായിരിക്കും.

മെക്സിക്കോയുടെ തടികൂടല്‍ അവരുടെ വര്‍ധിച്ച സോഫ്റ്റ്‌ഡ്രിങ്ക് ഉപയോഗം മൂലം ഉണ്ടായതാണ്. മെക്സിക്കോക്കാരാണ് ലോകത്തില്‍ തന്നെ ഏറ്റവുമധികം സോഡയുള്ള പാനീയങ്ങള്‍ ഉപയോഗിക്കുന്നത്. മെക്സിക്കോയില്‍ വിലകുറഞ്ഞ ജങ്ക് ഫുഡും സോഡാപാനീയങ്ങളും ധാരാളമായി ലഭ്യമാകാന്‍ കാരണമായ നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് അഗ്രീമെന്റ് ആണ് ഉത്തരവാദിയെന്നു പഠനങ്ങള്‍ പറയുന്നു. അഗ്രീമെന്റ് നടപ്പിലായതോടെ അമേരിക്കയില്‍ നിന്ന് മെക്സിക്കോയിലേയ്ക്കുള്ള കോണ്‍ സിറപ്പ് കയറ്റുമതി ആയിരത്തിഇരുനൂറ് ശതമാനമാണ് വര്‍ധിച്ചത് എന്ന് യു എസ് കൃഷിവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയുടെ കുടിലമായ സാമ്പത്തികതന്ത്രങ്ങളാണ് മെക്സിക്കോയുടെ ഭക്ഷണരീതിയെ കീഴ്മേല്‍മറിച്ചത്. അമേരിക്ക പഞ്ചസാര കയറ്റുമതിയില്‍ വലിയ താരിഫുകള്‍ വയ്ക്കുകയും കോണ്‍, സോയാബീന്‍സ് പോലുള്ള വിളകള്‍ക്ക് വലിയ സബ്സിഡികള്‍ നല്‍കുകയും ചെയ്തു. എഴുപതുകളില്‍ പഞ്ചസാരയുടെ താരിഫ് കൂടുതല്‍ ഉയരുകയും കോണ്‍ സിറപ്പില്‍ നിന്ന് മധുരം നിര്‍മ്മിക്കാനുള്ള വിദ്യ ജപ്പാന്റെ സഹായത്തോടെ അമേരിക്കക്ക് സിദ്ധിക്കുകയും ചെയ്തതോടെ കഥ മാറി. ഫ്രൂക്ടോസ് അംശം കൂടുതലുള്ള കോണ്‍ സിറപ്പ് സോസില്‍ മുതല്‍ സോഡയില്‍ വരെ എല്ലാത്തിലും എത്താന്‍ തുടങ്ങി. അതിനു വില വളരെ കുറവുമായിരുന്നു. എണ്‍പത്തിനാലില്‍ കോക്കും പെപ്സിയും പഞ്ചസാരക്ക് പകരം ഫ്രൂക്ടോസ് കോണ്‍ സിറപ്പ് ഉപയോഗിക്കാന്‍ തുടങ്ങി. തൊട്ടുപിന്നാലെ മറ്റുള്ള സോഡ, പലഹാരനിര്‍മ്മാതാക്കളും.  കോണ്‍ ഉപഭോഗം കൂടിയതോടെ അമേരിക്കക്കാരുടെ തടിയും കൂടി.

ആളുകള്‍ വില കുറഞ്ഞ കോണ്‍ സിറപ്പ് വാങ്ങാനും ഉപയോഗിക്കാനും മടി കാണിച്ചില്ല. കോണ്‍ സിറപ്പ് ആരോഗ്യകരമാണ് എന്ന് കാണിക്കുന്ന പരസ്യങ്ങളും വലിയ മുതല്‍മുടക്കില്‍ പ്രത്യക്ഷമാകാന്‍ തുടങ്ങി. എന്നാല്‍ പ്രിന്‍സ്ടന്‍ യൂനിവേര്‍സിറ്റി നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അനിയന്ത്രിതമായി തടി കൂട്ടുന്നതാണ് ഈ കോണ്‍ സിറപ്പ് എന്നും കൊക്കെയ്ന്‍ പോലെ ആളുകളെ അടിമപ്പെടുത്തുന്ന ഒന്ന് ഇതിലുണ്ട് എന്നുമാണ്.
 

അമേരിക്ക ലോകത്തെ മുഴുവന്‍ തടി വയ്പ്പിക്കാന്‍ നോക്കുന്നു എന്നൊക്കെ പറഞ്ഞാല്‍ അതൊരു അവിശ്വസനീയമായ ഗൂഡാലോചനയായി തോന്നും. എന്നാല്‍ അമേരിക്കയിലെ ടര്‍ക്കി വാലിന്റെ കഥ നോക്കുക, സമോവ എന്ന രാജ്യത്തിന്റെയും.

നാല്‍പ്പതുശതമാനത്തോളം കൊഴുപ്പ് ഉള്ള ടര്‍ക്കി വാലുകള്‍ കാലങ്ങളായി അമേരിക്കക്കാര്‍ ഉപയോഗിക്കാത്ത ഒരു വസ്തുവായിരുന്നു. അമേരിക്കയില്‍ ടര്‍ക്കിയുടെ വാല്‍ വളര്‍ത്തുമൃഗങ്ങളുടെ ഭക്ഷണത്തില്‍ മാത്രമേ ഉപയോഗിക്കാനാവൂഎന്നും ഈയിടെ ഒരു തീരുമാനമുണ്ടായി. എന്നാല്‍ രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ അമേരിക്ക അവരുടെ ടര്‍ക്കി വാലുകള്‍ സമോവയില്‍ പ്രചരിപ്പിക്കാന്‍ തുടങ്ങി. സമോവ എന്ന ദ്വീപ് രാജ്യത്തിന്റെ പ്രിയഭക്ഷണമായി അത് മാറി. രണ്ടായിരത്തിയേഴായപ്പോഴെയ്ക്കും സമോവക്കാര്‍ പ്രതിവര്ഷം നാല്‍പ്പത്തിനാലു പൌണ്ട് ടര്‍ക്കി വാല്‍ ഭക്ഷിക്കുന്നുവെന്നതായി കണക്ക്. അറുപതുകള്‍ കഴിഞ്ഞതോടെ സമോവക്കാര്‍ തടിയന്‍മാരായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവരുടെ സ്വാഭാവിക ഭക്ഷണമായിരുന്ന മീനിനെ ടര്‍ക്കിയുടെ പിന്‍ഭാഗം തീന്മേശയില്‍ നിന്ന് പുറത്താക്കിക്കഴിഞ്ഞു. പോഷകമൂല്യം കുറവുള്ള ഈ ഭക്ഷണം കഴിക്കാന്‍ അവരെ പ്രേരിപ്പിച്ചത് ഫോറിനായ ഇറക്കുമതിചെയ്ത സാധനങ്ങള്‍ മികച്ചതാണ് എന്ന തെറ്റിദ്ധാരണയായിരുന്നു.

പൊതുജനാരോഗ്യത്തിനു വലിയ വിപത്താണ് ഇത് എന്ന് തിരിച്ചറിഞ്ഞ സമോവന്‍ അധികൃതര്‍ രണ്ടായിരത്തിയേഴില്‍ ടര്‍ക്കി വാല്‍ ഇറക്കുമതി നിറുത്തലാക്കി. എന്നാല്‍ അതിനോട് അമേരിക്ക വിയോജിച്ചു. സമോവക്കാര്‍ അമേരിക്കന്‍ ടര്‍ക്കിവളര്‍ത്തല്‍ കമ്പനികളോട് എതിരിടാന്‍ ലോകാരോഗ്യസംഘടനയുടെ സഹായം പോലും തേടി. ലോകാരോഗ്യസംഘടന സമോവയുടെ അംഗത്വഅപേക്ഷ തള്ളിക്കളഞ്ഞു. രണ്ടായിരത്തിപതിനൊന്നില്‍ ടര്‍ക്കി വാല്‍ ഇറക്കുമതി പുനരാരംഭിക്കുന്നത് വരെ സമോവയുടെ വാണിജ്യബന്ധങ്ങള്‍ തകരാറിലായി. പതിയ ആളുകളെ ബോധാവല്‍ക്കരിക്കാനാകും എന്ന പ്രതീക്ഷയില്‍ ഒരു ഒത്തുതീര്‍പ്പിന് വഴങ്ങാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു സമോവ.
 

ഇതിനിടെ അമേരിക്ക അതിന്റെ ഫാസ്റ്റ്ഫുഡ് ചെയ്നുകള്‍ കയറ്റിയയച്ചുകൊണ്ടേയിരുന്നു. മക്ഡോനാല്ട്സിന് ഇന്ന് നൂറ്റിപ്പതിനെട്ട് രാജ്യങ്ങളില്‍ ഭക്ഷണശാലകളുണ്ട്. രണ്ടാം സ്ഥാനത്ത് കെ എഫ് സിയും പിന്നാലെ ടാക്കോ ബെല്‍, പിസാ ഹട്ട് എന്നിവരും ഉണ്ട്.

നിങ്ങള്‍ പ്രതീക്ഷിച്ച പോലെ തന്നെ സങ്കടകരമാണ് ഇതിന്റെ പരിണിതഫലം. ലോകത്തെമ്പാടും ആളുകള്‍ കൂടുതല്‍ കൂടുതല്‍ മാരകരോഗങ്ങള്‍ക്ക് അടിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ അല്ലെങ്കില്‍ പടിഞ്ഞാറന്‍ സംസ്കാരം മറ്റിടങ്ങളില്‍ എത്തിക്കേണ്ടത് ഇങ്ങനെയല്ല.

കൊഴുപ്പ് കയറ്റിയയയ്ക്കണമെന്ന് അമേരിക്കക്ക് എന്തിനാണ് ഇത്ര വാശി? പ്രധാനകാരണം പണം തന്നെ. പൊട്ടറ്റോ ചിപ്സ് മുതല്‍ സിറിയല്‍ വരെ അങ്ങനെ പാക്ക് ചെയ്ത ഭക്ഷണസാധനങ്ങളുടെ വിപണി തൊണ്ണൂറുശതമാനം വര്‍ധനവാണ് രണ്ടായിരത്തിപന്ത്രണ്ടില്‍ കണ്ടത്. പെപ്സികോ മാത്രം പ്രതിവര്‍ഷം പത്തുബില്യന്‍ ഡോളറിനുള്ള പൊട്ടറ്റോ ചിപ്സ് വില്‍ക്കുന്നു. മറ്റുള്ളവരും പിറകിലല്ല. കൊക്കകോളയും പെപ്സിയും ലോകത്തിന്റെ നാല്‍പ്പതുശതമാനം സോഫ്റ്റ്‌ ഡ്രിങ്ക് വിപണിയാണ് കൈകാര്യം ചെയ്യുന്നത്. കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് സോഡാ വില്‍പ്പന ഇരട്ടിയിലേറെആയിട്ടുണ്ട്‌. ഇതില്‍ ഏറിയ പങ്കും വികസ്വരവിപണികളില്‍ നിന്നാണ്.

അമേരിക്ക സ്വന്തം ഇടങ്ങളില്‍ ആരോഗ്യശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് വര്‍ധിച്ചതോടൊപ്പം തന്നെ മറ്റുരാജ്യങ്ങളില്‍ അനാരോഗ്യകരമായ ശീലങ്ങള്‍ പ്രചരിപ്പിക്കുന്നതും വര്‍ധിപ്പിച്ചിട്ടുണ്ട്. അമേരിക്കക്കാര്‍ പത്തുവര്‍ഷം മുന്‍പത്തെക്കാള്‍ വളരെ കുറവ് ഫാസ്റ്റ് ഫുഡ് മാത്രമാണ് കഴിക്കുന്നത്‌. അമേരിക്കന്‍ അമിതവണ്ണം കുറയ്ക്കാനുള്ള ശ്രമമാണ് ഇത്. കുട്ടികളെ ആകര്‍ഷിക്കുന്ന അനാരോഗ്യകരമായ മക്ഡോനല്ട്സ് ഹാപിമീല്‍ നിരോധിക്കപ്പെട്ടു. ഭക്ഷണത്തിനൊപ്പം സൌജന്യമായി പാവകള്‍ നല്‍കുന്ന രീതി ടാക്കോ ബെല്ലും നിറുത്തി. ഭക്ഷണശീലങ്ങള്‍ മാറിയതോടെ ഭക്ഷ്യവ്യവസായം പുതിയ വിപണികള്‍ തേടിത്തുടങ്ങി.കോണ്‍ സിറപ്പിന്റെ കാര്യം തന്നെയെടുക്കുക. അമേരിക്കന്‍ ഉപയോഗം വല്ലാതെ കുറഞ്ഞു. അപ്പോള്‍ അമേരിക്കന്‍ കോണ്‍ ഉല്‍പ്പാദകര്‍ കയറ്റുമതിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.അമേരിക്കന്‍ പുകയില ഉപയോഗം കുറഞ്ഞതിനോടൊപ്പം ചൈന പോലുള്ള രാജ്യങ്ങളില്‍ അമേരിക്കന്‍ പുകയില കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതും ഇതേ പോലെ തന്നെ ഒരു കഥയാണ്.

അമേരിക്കന്‍ ഭക്ഷണകമ്പനികള്‍ സ്ഥിരമായി പറയുന്ന ഒരു ഭാഷയുണ്ട്. ലോകത്താകെയുള്ള കുട്ടികള്‍ വ്യായാമം ചെയ്യാത്തത് കൊണ്ടാണ് തടി കൂടുന്നത് എന്ന്. അത് സത്യമാണ്. എന്നാല്‍ അത്തരം ശാസ്ത്രീയപഠനങ്ങളെ അവര്‍ തങ്ങളുടെ ദുഷ്പ്രവര്‍ത്തികള്‍ മറച്ചുപിടിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് മാത്രം.
 


 

പല രാജ്യങ്ങളും ഇന്ന് നേരിടുന്ന പ്രധാനപ്രശ്നങ്ങള്‍ അമിതവണ്ണവും പോഷകാഹാരക്കുറവുമാണ്. വികസ്വരരാജ്യങ്ങളില്‍ മുപ്പതുമില്യന്‍ കുട്ടികളാണ് അമിതവണ്ണം നേരിടുന്നത്. ഇതിന്റെ പ്രധാനകാരണങ്ങളിലോന്നായി കരുതുന്നത് ഗര്‍ഭകാലത്തും കുഞ്ഞുങ്ങളായിരുന്നപ്പോഴും സംഭവിച്ച പോഷകാഹാരക്കുറവും. ടൈപ് ടു ഡയബടീസ്, ഹൃദ്രോഗം എന്നിങ്ങനെ അവരെ കാത്തിരിക്കുന്ന മാരകരോഗങ്ങള്‍ അനവധി.

സമോവന്‍ അധികാരികള്‍ ആളുകളെ ടര്‍ക്കി വാല്‍ കഴിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നു. മെക്സിക്കോയുടെ വിദ്യാഭ്യാസമന്ത്രാലയം സ്കൂള്‍കുട്ടികള്‍ കോള കുടിക്കുന്നത് കുറയ്ക്കാന്‍ ശ്രമിക്കുന്നു. ഇവര്‍ നേരിടേണ്ടി വരുന്നത് വില കുറച്ച് കോള വില്‍ക്കുന്ന അമേരിക്കന്‍ ഭീമന്‍മാരെയാണ്. ആഫ്രിക്കന്‍ യൂണിയന്‍ കുട്ടികള്‍ക്ക് വേണ്ടി ആഫ്രിക്കന്‍ ഭക്ഷ്യസുരക്ഷാദിവസം ആചരിക്കുന്നു. എന്നാല്‍ മികച്ച ഓഫറുകളുമായി മക് ഡോനാല്ട്സ് ഹാപ്പി മീല്‍ നില്‍ക്കുമ്പോള്‍ അവര്‍ എന്തുചെയ്യും?

അമേരിക്ക അവരുടെ കൊഴുപ്പ്-ഫ്രൂക്ടോസ് കയറ്റുമതി ഇരട്ടിയാക്കാന്‍ ഒരുങ്ങുകയാണ്. ജൂലൈയില്‍ പാസായ ഫാം ബില്ലില്‍ കോണ്‍, സോയ, കടല എന്നിവയ്ക്ക് വലിയ സബ്സിഡികള്‍ അനുവദിച്ചിട്ടുണ്ട്. ഇത്തരം ഭരണവും ഒപ്പം മികച്ച കൊര്‍പ്പരെറ്റ് പരസ്യങ്ങളും കൂടിയായാല്‍ ലോകത്തിന്റെ ബാക്കിഭാഗം ഇനിയും തടിവയ്ക്കുമെന്ന് ഉറപ്പാണ്. ഭക്ഷണം കൊടുക്കുന്ന കൈ എതാണെന്നതിന് സംശയം വേണ്ട.

(Norris is executive director of the Sustainable Security and Peacebuilding Initiative at the Center for American Progress.)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍