UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കേരളം

ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ അഥവാ ചിരിച്ചു ചിരിച്ചു മരണം

ഇരുപത്തി അഞ്ചു വര്‍ഷം മുമ്പ്. കണ്ണൂര്‍ ജില്ലയിലെ മാടായി സൌത്ത് എല്‍. പി സ്‌കൂളില്‍ പഠിച്ചു കൊണ്ടിരിക്കുന്നു. ഉച്ചസമയം കഞ്ഞിയും പയറും കഴിച്ചു വേഗം ഞങ്ങള്‍ ക്രിക്കറ്റ് കളിക്കാന്‍ പോകും. ഇന്ത്യ ലോകകപ്പൊക്കെ നേടി കപില്‍ ദേവ് ഒക്കെ ഹീറോ ആയി നിക്കുന്ന കാലം. ക്രിക്കറ്റ് ഒക്കെ കാണണമെങ്കില്‍ ഏതെങ്കിലും വീട്ടിലെ പടിക്കല്‍ പോയി ഭിക്ഷക്കാരെ പോലെ നിക്കണം. ചിലപ്പോഴൊക്കെ അവരുടെ ആട്ടൊക്കെ കേക്കേണ്ടി വരും. എന്നാലും നാണം കേട്ട് അവരുടെ വീട്ടിനു മുന്നില്‍ കാത്തു കിടക്കും, ടി വി കാണാന്‍.  ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒരു ട്യുഷന്‍ ടീച്ചറെ ഞങ്ങള്‍ക്ക് കിട്ടിയത് അക്കാലത്തായിരുന്നു. അവര്‍ ഒരിക്കലും ഒരു നല്ല ടീച്ചര്‍ ആയിരുന്നില്ല. പക്ഷെ അവര്‍ ഞങ്ങള്‍ക്ക് വേണ്ടി ഇരുപത്തി അഞ്ചു വര്‍ഷത്തിനു ശേഷവും മറക്കാന്‍ വയ്യാത്ത ഒരു കാര്യം ചെയ്തു. ഒരിക്കല്‍ ഒരു ഇന്ത്യ –   ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരം അവസാന ദിവസത്തെ കളിയില്‍ അവര്‍ ട്യുഷന്‍ ഒഴിവാക്കി ഞങ്ങളെ കളി കാണാന്‍ അനുവദിച്ചു. ആ മത്സരത്തില്‍ ആയിരുന്നു മനീന്ദര്‍ സിംഗ് ഇന്ത്യയുടെ അവസാന ബാറ്റ്‌സ്മാന്‍ ആയി ഇറങ്ങിയതും പക്ഷെ ഔട്ട് ആയി ഇന്ത്യ ഒരു റണ്‍സിനൊ മറ്റോ തോറ്റു പോയതും.
 
അക്കാലത്ത് ആണ് ഞങ്ങള്‍ മാടായി സൌത്ത് എല്‍ പി എന്ന ഞങ്ങളുടെ കണ്ണൂര്‍ ജില്ലയിലെ സ്‌കൂളില്‍ ക്രിക്കറ്റ് കളി തുടങ്ങിയത്. ഉച്ചക്കഞ്ഞിയും പയറും കഴിച്ചു കഴിഞ്ഞു ഞങ്ങള്‍ മട്ടല്‍ ബാറ്റും എടുത്ത് ഗ്രൌണ്ടിലേക്ക് ഓടും. ഉച്ചക്കു കിട്ടുന്ന ഒരു നാല്പത്തി അഞ്ചു മിനിറ്റില്‍ ഒരു പത്തു ഓവര്‍ കളി ആണ്. പിന്നെ വിയര്‍ത്ത് കുളിച്ചു ഉച്ചക്കത്തെ ക്ലാസ്സില്‍ ഇരിക്കും, അപ്പോഴായിരിക്കും മലയാളം മാഷ് പറയുക – ‘കുട്ടികളെ എല്ലാവരും വ്യായാമം ചെയ്യണം. ആണ്‍ കുട്ടികള്‍ക്ക് ഗ്രൌണ്ടില്‍ കളിക്കാം, പെണ്കുട്ടികള്‍ക്ക് വീട്ടു ജോലികളില്‍ അമ്മമാരെ സഹായിക്കാം.’
 
 
അങ്ങനെ ഒരിക്കല്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ എനിക്ക് ബാറ്റ് ചെയ്യാനുള്ള അവസരം കിട്ടി. മട്ടല്‍ ബാറ്റുമായി ഓടുകയായിരുന്നു. അപ്പോഴാണ് അപ്പുറത്തെ ബാറ്റ്‌സുമാനുമായി ശക്തിയായി കൂട്ടി ഇടിച്ചു താഴെ വീഴുന്നത്. അപ്പുറത്തെ ബാറ്റ്‌സ്മാന്റെ ബാറ്റ് എന്റെ വയറ്റത്താണ് കൊണ്ടത്. താഴെ വീണു മുകളിലെ ചുട്ടു പൊള്ളുന്ന നീലാകാശത്തെ മേഘങ്ങള്‍ കറങ്ങുന്നത് പോലെ തോന്നിയത്. കുട്ടികള്‍ ഉടനെ പോയി മാഷെ വിളിച്ചോണ്ട് വന്നു. വേദന കൊണ്ട് പുളയുംപോ മാഷ് പറഞ്ഞതിങ്ങനെ ആയിരുന്നു. ‘അതവന്റെ അടവ്. കണ്ട പൊലയന്മാരോക്കെ പഠിക്കാനുന്നും പറഞ്ഞു വന്നോളും, അതിന്റെ കൂടെ ക്രിക്കറ്റ് കളിയും. പിന്നെ കുറെ ക്കാലം കഴിഞ്ഞു. ‘ഒരു വട്ടം കൂടിയാ പഴയ വിദ്യാലയ തിരുമുറ്റത്തെത്തുവാന്‍ മോഹം’ എന്ന കവിത കാണാപാഠം പഠിക്കുമ്പോ ‘റാം ജി റാവു’ സിനിമ കണ്ടു ചിരിക്കുന്നതിനേക്കാള്‍ ചിരിച്ചു മണ്ണ് കപ്പി. 
 
സീന്‍ 2 
 
പിന്നെ പഠിച്ചത് മരിയഗിരി ഇ എം എച്ച് എസ് എന്ന പീരുമേട്ടിലെ സ്‌കൂളില്‍ ആയിരുന്നു. ഇടുക്കി ജില്ലയില്‍. അച്ഛന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് ഞങ്ങള്‍ പീരുമേട്ടില്‍ എത്തിയത്. മരിയഗിരി സ്‌കൂളില്‍ എന്നും പ്രാര്‍ഥന ഉണ്ടാകും. സ്‌കൂളിലെ പ്രാര്‍ത്ഥനക്ക് ആത്മാവിനെന്തെങ്കിലും സുഖം കിട്ടുവോ? അതൊന്നുമില്ല. ഹെഡ് മാസ്റ്റര്‍ അച്ഛന്റെ തല്ലു കിട്ടരുതേ എന്നായിരുന്നു മിക്കവാറും മനസ്സില്‍ പ്രാര്‍ത്ഥിക്കുക. സ്‌കൂളിലെ ഈ പ്രാര്‍ത്ഥനകള്‍ക്കും കുര്‍ബാനകള്‍ക്കും മറ്റു പല മതപരമായ ചടങ്ങുകള്‍ക്കും പിന്നെ അമ്പലത്തില്‍ പോക്കിനും ഒന്നിനും ഒരു സന്തോഷവും തരാന്‍ പറ്റിയില്ല. അത് മാത്രമല്ല, ഒരിക്കല്‍ പീരുമേട്ടിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിനു പുറത്തെ ഗ്രൗണ്ടില്‍ ‘കണ്ടേറു’ എന്ന കളി കളിക്കുകയായിരുന്നു. അമ്പലം എല്ലാവര്‍ക്കുമുള്ളതല്ലെങ്കിലും ഗ്രൌണ്ട് ഒരു പരിധിവരെ എല്ലാവര്ക്കുമുള്ളതായിരുന്നു. ഞങ്ങള്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ എന്റെ ഒരു ഏറു കൊണ്ട് അമ്പലത്തിന്റെ ഒരു ജനാല പൊട്ടിയതിനു അമ്പലക്കാര് എന്നെ ഒരു ഒന്നര മണിക്കൂറോളം ഒരു മുറിയില്‍ പൂട്ടിയിട്ടു . ഞാന്‍ ദൈവത്തിനു മുന്നില് ഒരു കാഴ്ച വസ്തു ആയി. 
 
 
അച്ചന്‍ വന്നു നഷ്ടപരിഹാരം ഒക്കെ കൊടുത്തു ആണ് എന്നെ രക്ഷിച്ചെടുത്തത്. അന്ന് അമ്പലത്തിലെ ദൈവത്തിനോട് പോയി പണി നോക്കാന്‍ പറഞ്ഞു, ആ സംഭവത്തിനു ശേഷം എന്നെ തല്ലാത്ത അച്ഛനെ സ്‌നേഹിക്കാന്‍ തുടങ്ങി. അച്ചന്മാരെ സ്‌നേഹിക്കാനും ചില കാരണങ്ങളുണ്ടല്ലോ. അമ്പലത്തില്‍ പോക്കും നിര്‍ത്തി. ഓരോരുത്തര്‍ക്കും ഉണ്ടല്ലോ അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിക്കാതിരിക്കാന്‍ ഓരോരോ കാരണങ്ങള്‍. 
 
സ്‌കൂളിലെ കുര്‍ബാനക്കും അമ്പലത്തിലെ പ്രാര്‍ത്ഥനക്കും ഒക്കെ അപ്പുറം ഞങ്ങളെ ആത്മീയമായ അനുഭൂതിയില്‍ തന്നെ എത്തിച്ചതു ഞങ്ങളുടെ വീട്ടിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി വിയില്‍ വന്നിരുന്ന ഞായറാഴ്ച്ചകളിലെ തമിഴ് സിനിമകള്‍ ആയിരുന്നു. പീരുമേട്ടില്‍ ഞങ്ങള്‍ കുറച്ചു പേരുടെ ആന്റിനയില്‍ കിട്ടിയിരുന്നത് കൊടൈക്കനാല്‍ എന്ന ചാനല്‍ ആയിരുന്നു. ഞങ്ങള്‍ എല്ലാ ആഴ്ചയും രജനികാന്തിന്റെ സിനിമ വരണേ എന്ന് പ്രാര്‍ത്ഥിച്ചു. അതല്ലെങ്കില്‍ സത്യരാജിന്റെ എങ്കിലും എന്ന് കരഞ്ഞു പ്രാര്‍ത്ഥിച്ചു. പാര്‍ത്ഥിപന്റെ ‘പുതിയ പാത’ ഒക്കെ കണ്ടു കരഞ്ഞു. ചിലപ്പോള്‍ അച്ഛന്‍ ഞങ്ങളെ പാമ്പനാര്‍ ശാന്തി ടാക്കീസില്‍ തമിഴ് സിനിമക്ക് കൊണ്ട് പോകും. തൂണുകള്‍ നിറഞ്ഞ ശാന്തി ടാക്കീസില്‍ കനകയുടെയും രാമരാജിന്റെയും പ്രണയം ഒക്കെ കണ്ടു കയ്യടിച്ചു.
 
തമിഴ് സിനിമയിലേക്ക് എന്നെ കൊണ്ടെത്തിച്ചത് ഹരിഹരന്‍ എന്ന തമിഴ്‌നാട്ടുകാരന്‍ ആയ പാമ്പനാറിലെ കൂട്ടുകാരന്‍ ആയിരുന്നു. അവന്‍ എന്നെ തമിഴ് അക്ഷരങ്ങള്‍ എഴുതാനും തമിഴ് സംസാരിക്കാനും പഠിപ്പിച്ചു.   സിനിമകളുടെ കഥകള്‍ പറഞ്ഞു തന്നു. ‘കരകൊട്ടക്കാരന്‍’ സിനിമയിലെ കൌണ്ടമണി സെന്തില്‍ തമാശകള്‍ ഞങ്ങള്‍ പറഞ്ഞു ചിരിച്ചു. ചിലപ്പോള്‍ രജനികാന്തിന്റെ പണക്കാരന്‍ സിനിമയിലെ ‘ഊരുക്കുള്ള ചക്കിരവര്‍ത്തി… ആണാ ഉണ്മയിലെ മെഴുകു വാര്‍ത്തി…’ എന്നാ പാട്ടോക്കെ ക്ലാസില്‍ പാടി. അപ്പൊ ക്ലാസ്സിലെ ഒരുത്തന്‍ അതിനെ ‘ചട്ടിക്കുള്ളേ എണ്ണയും ഒഴിച്ചു അതുക്കുല്ലേ ബോണ്ടയും വറുത്തു’ എന്ന് കളിയാക്കും. എനിക്ക് അണ്ണാച്ചി എന്ന ഇരട്ടപ്പെരോക്കെ വീഴുകയും ചെയ്തു. അണ്ണാച്ചിപ്പടങ്ങള്‍ നിലവാരമില്ലാത്തതാണ് എന്ന വര്‍ത്തമാനങ്ങളും നാട്ടില്‍ നിലനിന്നിരുന്നു. അങ്ങനെ ഒരിക്കല്‍ ഒരു ക്ലാസ്സിലെ വിരുതന്‍ വീട്ടില്‍ പോകുന്നു എന്ന് പറഞ്ഞു ഹോസ്റ്റലില്‍ നിന്ന് ചാടി രജനികാന്തിന്റെ ‘ദളപതി’ വണ്ടിപ്പെരിയാറിലെ ടാക്കീസില്‍ പോയി കണ്ടു ഞങ്ങളോട് കഥ പറഞ്ഞു. പിന്നെ ഹെഡ് മാസ്റ്റര്‍ അച്ചന്റെ തല്ലും  കൊണ്ടു. തല്ലു കൊണ്ട് കഴിഞ്ഞു വീണ്ടും അവന്‍ ദളപതിയില്‍ സന്തോഷം കണ്ടെത്തി. ‘അച്ചന്റെ തല്ലു കൊണ്ടാലെന്താ രജനികാന്തിന്റെ ഇടിയല്ലേ ഇടി?’ എന്നവന്‍ പറഞ്ഞും കാണും. ഞങ്ങള്‍ കുറച്ചു പേര്‍ക്ക് എങ്കിലും വ്യക്തിപരമായി സ്‌കൂളിനെക്കാലും സിനിമ സന്തോഷം തന്നു. ആത്മീയമായ സന്തോഷം തന്നെ. സ്‌കൂളും അമ്പലങ്ങളും തരാത്ത സന്തോഷം തന്നു ഞങ്ങളുടെ ബ്ലാക്ക് ആന്‍ഡ് വെയിറ്റ് ടി വിയും തൂണ് നിറഞ്ഞ ടാക്കീസുകളും. ജനങ്ങള്‍ വൈകുന്നേരം അമ്പലങ്ങളിലും പള്ളികളിലും പോകുന്നതിനേക്കാള്‍ സിനിമാ ടാക്കീസുകളില്‍ പോയി. അവര്‍ ഇരുട്ടിലെ വെളിച്ചത്തില്‍ ദൈവത്തെ കണ്ടു. അതിന്റെ ആത്മീയതയില്‍ അര്‍മാദിച്ചു. സിനിമയില്‍ കാബറ കണ്ടു. അമ്പലത്തില്‍ പോയവര് പൂജാരിയുടെ ഷര്‍ട്ടിടാത്ത ശരീരം കണ്ടു. ജീവിതം ഒഴുകി.  
 
 
സീന്‍ 3
ഒരിക്കല്‍ ഹരിഹരനെയും ഞങ്ങളുടെ ക്ലാസ്സില്‍ തന്നെ പഠിക്കുന്ന അവന്റെ ചേട്ടനെയും സംസാരിച്ചതിനു ഒരു മാഷ് എഴുന്നെപ്പിച്ചു നിര്‍ത്തി. മൂന്നാമതൊരാള്‍ കൂടി ഉണ്ടായിരുന്നു. മൂന്നു പേരുടെയും അചഛന്മാരുടെ ജോലി എന്താണെന്ന് ചോദിച്ചു. ‘പലചരക്കു കച്ചവടം’ എന്നാണു അവര്‍ പറഞ്ഞത്. അപ്പോള്‍ ആ മാഷ് പറഞ്ഞതിങ്ങനെ ആയിരുന്നു. ‘ഓഹോ… അപ്പൊ മൂന്നും പലചരക്കാണ് അല്ലെ?’ ഒരുപാട് ബിസിനസുകാരുടെ മക്കള്‍ അവിടെ പഠിക്കുന്നുണ്ടായിരുന്നു. പക്ഷെ അവരോടൊന്നും ആ മാഷ് ‘നീയൊക്കെ ബിസിനെസ്സ് ആണല്ലേ എന്ന് ചോദിക്കുന്നത് കേട്ടിട്ടില്ല. പലച്ചരക്കിനോട് ചില മാഷമ്മാരുടെ പുച്ഛമേ….(വീണ്ടും ഒരുവട്ടം കൂടി… ചിരിച്ചു ചിരിച്ചു മരണം)
 
പിന്നെ മറ്റൊരു കൂട്ടുകാരന്‍ ഞങ്ങളുടെ ക്ലാസ്സില്‍ ഉണ്ടായിരുന്നു. ഞാനും അവനും മറ്റൊരാളും കൂടി ആണ് സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ ചേര്‍ന്നത്. ഞങ്ങള്‍ മൂന്നു പേരും ദളിത് വിഭാഗത്തില്‍ പെട്ടവര്‍. എന്റെ ഇരട്ടപ്പേര് ‘അണ്ണാച്ചി’, രണ്ടാമത്തവന്റേതു ‘മാള’ മൂന്നാമാത്തവന്‍ ‘കൊള്ളക്കാരന്‍’. മൂന്നാമത്തെയാള്‍ക്ക് കൊള്ളക്കാരന്‍ എന്ന പേര് കിട്ടാന്‍ ഒരു കാരണം ഉണ്ടായിരുന്നു. 
 
മരിയഗിരിയും പീരുമേടും തമ്മില്‍ രണ്ടു മൂന്നു കിലോമീറ്റര്‍ ദൂരം ഉണ്ട്. ഒരിക്കല്‍ മൂന്നാമത്തെ കൂട്ടുകാരനും മറ്റുള്ളവരും സ്‌കൂള്‍ വിട്ടു പോകുമ്പോള്‍ ഒരു ചെറിയ ആള്‍സഞ്ചാരമില്ലാത്ത കുന്നിലേക്ക് കയറി. അവിടെ കുറെ കാല്പാടുകള്‍ കണ്ടു. അത് ‘കൊള്ളക്കാരായിരിക്കാം’ എന്നു അവരുടെ ബുദ്ധിയില്‍ അവര്‍ അനുമാനിച്ചു. അവര്‍ വന്നു സ്വാഭാവികമായും ആ കാര്യം സ്‌കൂളില്‍ പറഞ്ഞു. സ്‌കൂളില്‍ വലിയ ഭീതിയുണ്ടാക്കുന്ന സംഭവം ആയി മാറി. കുട്ടികള്‍ ആകെ ഭയപ്പെട്ടു എന്ന് പറഞ്ഞു ആ പാവത്തിനെ ഓരോ ക്ലാസ്സിലും കൊണ്ട് പോയി മാപ്പ് പറയിച്ചു . ചൂരല് കൊണ്ട് നല്ല തല്ലും കിട്ടി. ഒരു പക്ഷെ സ്‌കൂള്‍ ജീവിതത്തില്‍ അവന്‍ അനുഭവിച്ച ഏറ്റവും വലിയ ടോര്‍ച്ചര്‍ ആയിരിക്കും അത്. അങ്ങനെ അവനു കൊള്ളക്കാരന്‍ എന്ന പേരും വീണു. ആരംഭിച്ച അന്ന് മുതല്‍ നൂറു ശതമാനം തികക്കുന്ന ആ സ്‌കൂളില്‍ അവന്‍ പത്താം ക്ലാസ്സില്‍ എത്തിയാല്‍ ആ സ്‌കൂളിന്റെ നൂറു ശതമാനം പോകുമോ എന്ന ഭീതിയില്‍ ഒമ്പതാം ക്ലാസ്സില്‍ വെച്ചു തന്നെ ടി സിയും കൊടുത്തു വിട്ടു. അവന്‍ നെടുങ്കത്തെ ഒരു സ്‌കൂളില്‍ എസ് എസ് എല്‍ സി പഠിച്ച് ജയിച്ചു. 
 
 
ഏകദേശം ഇരുപത്തി രണ്ടു വര്‍ഷങ്ങള്‍ക്കും ശേഷം കഴിഞ്ഞ ആഴ്ച എനിക്ക് ഫേസ്ബുക്കില്‍ ഒരു ഫ്രെണ്ട്‌ റിക്വസ്റ്റ് വന്നു. ഒമ്പതാം ക്ലാസ്സില്‍ ഒരു സ്‌കൂള്‍ ഓടിച്ചു വിട്ട ആ പഴയ കൂട്ടുകാരന്‍ ആയിരുന്നു. കൂട്ടുകാരന്‍ ഫോണ്‍ നമ്പര്‍ തന്നു. ഞാന്‍ വിളിച്ചു. ഞാന്‍ ചോദിച്ചു, പിന്നീട് ആ സ്‌കൂളില്‍ പോകാന്‍ തോന്നിയിട്ടില്ലേ? അവന്‍ പറഞ്ഞു ‘ഇല്ല…’ അവന്‍ അതിനു മറ്റൊരു കാരണം കൂടി പറഞ്ഞു. ‘ഞാന്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുമ്പോ ഒരിക്കല്‍ ഒരു ടൂര്‍ പരിപാടിയുടെ മീറ്റിങ്ങിനു ഒരു മിനിറ്റ് ഞാന്‍ വൈകിയിരുന്നു. അങ്ങനെ വൈകിയത് കൊണ്ട് തന്നെ ആ സ്‌കൂള്‍ എന്നെ ഒഴിവാക്കി. പക്ഷെ എനിക്കും പിന്നാലെ വന്ന ഒരു അച്ചായാന്‍ കുട്ടിയെ അവര്‍ ഉള്‍പെടുത്തുകയും ചെയ്തു. എനിക്കങ്ങോട്ടൊന്നും പോകാന്‍ തോന്നുന്നില്ല’. അവന്‍ പറഞ്ഞു, പിന്നെ ആ കൂട്ടുകാരന്‍ ചങ്ങനശ്ശേരി മേഖലയിലെ പി ആര്‍ ഡി എസ്സിനെക്കുരിച്ചോക്കെ സംസാരിച്ചു.  
 
ആ സ്‌കൂളിനു കൊള്ളക്കാരനായ അയാള്‍ ഇന്ന് ഒരു പോലീസുകാരനാണ്. കൊള്ളക്കാരന്‍ എന്ന് വിളിച്ച സ്‌കൂളിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹമില്ലാത്ത പോലീസുകാരന്‍. ജൂഡോ ചാമ്പ്യന്മാര്‍ ആയ ഇരട്ടക്കുട്ടികളുടെ അച്ഛനും. ചില സിനിമകളില്‍ നായകന്മാര്‍ കൊള്ളക്കാരായി പ്രതികാരം വീട്ടുമ്പോള്‍ ഇവിടെ പതിനഞ്ചു വയസ്സിനും മുമ്പ് ഒരു സ്‌കൂള്‍ കൊള്ളക്കാരന്‍ ആക്കി മാറ്റിയ എന്റെ കൂട്ടുകാരന്‍ വര്‍ഷങ്ങള്‍ക്കും ശേഷം ഒരു പോലീസുകാരാന്‍ ആയാണ് പ്രതികാരം ചെയ്തത്. അല്ലെങ്കില്‍ പ്രതികാരം ചെയ്തു കൊണ്ടിരിക്കുന്നത്.
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍