UPDATES

കേരളം

സംസ്ഥാന എ.ഡി.ജിപിയുടെ ജാതി ചോദിക്കുമ്പോള്‍

പ്രീപാ ചെല്ലപ്പന്‍
                                            
 
ജാതി വ്യവസ്ഥ അതിന്റെ എല്ലാ അതിര്‍വരമ്പുകളും ഭേദിച്ച് സഞ്ചരിക്കുകയാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് സംസ്ഥാന എ.ഡി.ജി.പിക്കെതിരെ ഉയര്‍ത്തികൊണ്ട് വന്ന ജാതി ആക്ഷേപം. കെ.പി. കേശവമേനോന്‍ തുടങ്ങിവച്ച, മലയാളത്തിലെ ദേശീയ പത്രമായി കണക്കാക്കപ്പെടുന്ന മാതൃഭമിക്ക് ഇത്രയും തരം താഴ്ന്ന രീതിയില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ ധൈര്യം നല്‍കിയത് ഇന്ന് കേരളത്തിലേക്ക് തിരിച്ചുവന്നിരിക്കുന്ന ഭീകരമായ ജാതി സമവാക്യങ്ങള്‍ തന്നെയാണെന്നതില്‍ സംശയമില്ല. അയിത്തോച്ചാടനത്തിനെതിരെ ഗുരുവായൂര്‍, വൈക്കം സത്യാഗ്രഹങ്ങള്‍ക്ക് വേണ്ടി വേണ്ടുവോളം മഷി ചെലവാക്കിയ പത്രമാണ് സവര്‍ണ്ണ മനോഭാവത്തോടെ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനായ ടി.പി. സെന്‍കുമാറിനെതിരെ ആ വാര്‍ത്ത പടച്ചുവിട്ടത്. ‘സവര്‍ണ്ണ’ മനോഭാവം അതില്‍ ഒളിഞ്ഞുകിടപ്പുണ്ടെന്ന് മനസിലാക്കിയ ഉടന്‍ ‘അവര്‍ണ്ണ’രുടെ ജിഹ്വയായ കേരളകൗമുദി അത് ഏറ്റുപിടിച്ചു. അവര്‍ അടുത്ത ദിവസം മുന്‍ പേജില്‍ തിരിച്ചടിച്ചു. അവര്‍ണ ഉദ്യോഗസ്ഥനെതിരെ കെട്ടുകഥ, താറടിക്കാന്‍ കള്ളപ്രചരണമെന്നായിരുന്നു തലക്കെട്ട്. ടി.പി. സെന്‍കുമാര്‍ എന്ന ഉദ്യോഗസ്ഥനെതിരെ പടച്ചുവിട്ട നുണ പുറത്തുകൊണ്ടുവന്നതിനൊപ്പം അദ്ദേഹം ഈഴവനാണെന്ന് കൂടി കേരളകൗമുദി പറഞ്ഞുവച്ചു. ഗതികേട് എന്നല്ലാതെ എന്ത് പറയാന്‍. അത് തെളിയിക്കാന്‍ സാക്ഷര കേരളത്തിലെ ഏറ്റവും ഉയര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്റെ പിതാവ് പഴയ എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകനായിരുന്നുവെന്ന് തെളിയിച്ചുകൊണ്ട് മറ്റൊരു വാര്‍ത്ത കൂടി കൗമുദി നല്‍കി അദ്ദേഹത്തെ വല്ലാതെ അങ്ങ് ‘ആദരിച്ചു’. മറ്റൊരു പ്രമുഖ പത്രവും മാതൃഭൂമിയുടെ വാര്‍ത്ത പിന്‍പറ്റുകയോ തെറ്റായ വാര്‍ത്തയ്‌ക്കെതിരെ രംഗത്തു വരികയോ ചെയ്തില്ലെന്നതും ആലോചിക്കേണ്ട വസ്തുതയാണ്.
 
സെന്‍കുമാര്‍ അരയസമുദായംഗമാണെന്നും മലയരയനാണെന്ന് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് നല്‍കി പട്ടികവര്‍ഗ്ഗ ക്വാട്ടയിലാണ് ഐ.പി.എസ് നേടിയതെന്നുമാണ് മാതൃഭൂമിയുടെ വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ ഈഴവന്റെയും നായരുടെയും ആശാരിയുടെയും തട്ടാന്റെയും പുലയന്റെയും പറയന്റെയും അരയന്റെയും ക്രിസ്ത്യാനിയുടെയും മുസ്ലിമിന്റെയുമൊന്നും ഔദാര്യമില്ലാതെ പഠിച്ച് മെറിറ്റിലാണ് അദ്ദേഹം ഉദ്യോഗം നേടിയതെന്നതാണ് വസ്തുത. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ സെന്‍കുമാറിന്റെ ഇത്തരം രേഖകള്‍ ഒരു പ്രമുഖ പത്രത്തിന് ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടുകളൊന്നുമില്ല. എന്നാല്‍ അതിനൊന്നും മെനക്കെടാന്‍ തയ്യാറാകാതെ വാര്‍ത്ത അടിച്ചു പ്രസദ്ധീകരിക്കുകയാണ് അവര്‍ ചെയ്തത്. അത് ശരിയായായ മാദ്ധ്യമപ്രവര്‍ത്തനമാണോ എന്ന വസ്തുതയ്ക്കൊപ്പം അതിനു പിന്നിലെ മാനസികാവസ്ഥ കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. അതേക്കുറിച്ച് ഞാന്‍ ഇവിടെ പറയുന്നില്ല. മാധ്യമ പ്രവര്‍ത്തന നിലവാരത്തെ കുറിച്ച് വിലയിരുത്തേണ്ടത് പേര് വച്ച് വാര്‍ത്ത എഴുതിയ ആളും, അത് പ്രസദ്ധീകരിക്കാന്‍ തയ്യാറായ എഡിറ്റര്‍മാരും അതിന്റെ മുതലാളിമാരുമൊക്കെയാണ്. കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും ഇത്തരമൊരു ഗതി ഉണ്ടാകാന്‍ പാടില്ല.
 
 
തന്റെ ജാതി സ്വത്വം ഉറപ്പിക്കാന്‍ കേരളകൗമുദിയെ അനുവദിക്കുന്നതിന് പകരം ജോലിയല്ല, തന്റെ മെറിറ്റാണ് ഇവിടെ നോക്കേണ്ടതെന്ന് കേരള സമൂഹത്തോട് ഉറക്കെ പറയാന്‍ സെന്‍കുമാറും തയ്യാറായില്ല. ഈഴവനാണോ നായരാണോ കസേരയിലിരിക്കുന്ന ഉദ്യോഗസ്ഥന്‍ എന്ന് അറിയേണ്ട കാര്യം പൊതുജനത്തിനില്ല. പക്ഷേ ഇന്ന് പല സമുദായ നേതാക്കളും അങ്ങനെയാണ് വിളിച്ചു പറഞ്ഞുനടക്കുന്നത്. ലഭിക്കേണ്ട സ്‌കൂളുകളുടെ എണ്ണം കുറഞ്ഞാല്‍ അപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ പറയും അവിടെ എവിടെയും ഒരു ഈഴവന്‍ ഇല്ലല്ലോയെന്ന്. നായരില്ലെന്ന് പറയുന്നതിന് പകരം ന്യൂനപക്ഷങ്ങളാണ് അവിടെ കൂടുതലെന്നായിരിക്കും സുകുമാരന്‍ നായരുടെ പരിഭവം. ഇവര്‍ രണ്ടും കൂടി ചേര്‍ന്നാല്‍ മുസ്ലിം സമുദായത്തെ കടന്നാക്രമിക്കുകയും ചെയ്യും. ഓരോ സമുദായത്തിനും ഒരു ഡി.ജി.പിയും ചീഫ് സെക്രട്ടറിയും വേണമെന്ന് വരെ പറയാന്‍ ഈ മഹാന്മാര്‍ക്ക് മടിയുമില്ല.
 
ജാതി പറച്ചിലും അത് പറഞ്ഞുള്ള ആക്ഷേപങ്ങളും ശക്തമായി കേരളത്തിലേക്ക് തിരിച്ചുവന്നിരിക്കുന്നു. അറ് പതിറ്റാണ്ടിന് മുന്‍പ് ജനങ്ങള്‍ കാര്‍ക്കിച്ചു തുപ്പി പടിയടച്ച് പിണ്ടം വച്ച വാക്കുകളാണ് സവര്‍ണ്ണനും അവര്‍ണ്ണനുമൊക്കെ. അതൊക്കെ വാര്‍ത്തകളിലേക്ക് തിരിച്ചുവരുമ്പോള്‍ അതിനെ വെറുതേ കാണരുത്.
ജാതി എന്നും നമ്മുടെ സമൂഹത്തില്‍ നിലനിന്നിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ മൂത്രപുരയ്ക്കുള്ള മറ പോലെ അതിനൊരു അല്‍പ്പം മറയെങ്കിലും നമ്മല്‍ അടുത്തകാലം വരെ കെട്ടിപൊക്കി വച്ചിരുന്നു. എന്നാല്‍ കുറച്ചുനാളായി ആ മതില്‍ പൊളിഞ്ഞിട്ട്. വീണ്ടും അത് കെട്ടിപ്പൊക്കാന്‍ നമ്മുടെ സമുദായ സംഘടനകള്‍ സമ്മതിച്ചില്ല. ഫലമെന്താണെന്ന് വച്ചാല്‍  യുവാക്കള്‍ അഭിമാനത്തോടെ സമുദായ സംഘടനകളുടെ കൊടികളുടെ കീഴില്‍ അണിനിരക്കാന്‍ തുടങ്ങിയിരിക്കുന്നു. ഫെയ്‌സ് ബുക്കുകളില്‍ പേരിനൊപ്പം വാലും കൂടി നിര്‍വൃതി അടയുന്നു. രാഷ്ട്രീയ പാര്‍ട്ടികളെക്കാള്‍ വലിയ ജനക്കൂട്ടം സമുദായ സംഘടനകളുടെ ജാഥകള്‍ക്കും പരിപാടികള്‍ക്കും ഒത്തുകൂടുന്നു.സമുദായ സംഘടനകള്‍ ചെറിയ മീനല്ല. അടുത്തിടെ സുകുമാരന്‍ നായര്‍ ഒരു രാജി നാടകം അഭിനയിച്ചിരുന്നു. സര്‍ക്കാരില്‍ നിന്ന് എന്‍.എസ്.എസിന് ലഭിച്ച എല്ലാ സീറ്റുകളും രാജിവയ്ക്കുമെന്നായിരുന്നു പ്രഖ്യാപനം. എസ്.എന്‍.ഡി.പിയും ഈ തന്ത്രമൊക്കെ കുറേയൊക്കെ പ്രയോഗിച്ചു. പ്രഖ്യാപനത്തിനൊടുവില്‍ നായരുടെ മകള്‍ക്കുണ്ടായിരുന്ന സ്ഥാനവും നഷ്ടപ്പെട്ടു. ബുദ്ധിമാനായ ഉമ്മന്‍ചാണ്ടി ഇതൊന്നും കണ്ടില്ലെന്നാണ് നടിച്ചു. ഒടുവിലെന്തായി രാജി സമ്മര്‍ദ്ദം തിരിച്ചാക്കി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ എം.പി. ഗോവിന്ദന്‍ നായര്‍ എന്‍.എസ്.എസിലെ സ്ഥാനം രാജിവച്ച് ദേവസ്വം ബോര്‍ഡ് സ്ഥാനം നിലനിറുത്തി. ഇത്തരം ഗിമ്മിക്കുകളുമായാണ് സമുദായ സംഘടനകള്‍ ജീവിച്ചുപോകുന്നത്. ഈ പാളിച്ചയെ തുടര്‍ന്നു അല്‍പ്പം അയഞ്ഞു നില്‍ക്കുകയാണ് ഇപ്പോള്‍ രണ്ടു കൂട്ടരും. ഇനി തിരഞ്ഞെടുപ്പ് അടുക്കുന്ന സ്ഥിതിക്ക് വീണ്ടും ജീവന്‍ വയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
 
 
ഏഴെട്ട് വര്‍ഷം മുന്‍പ് ‘താഴ്ന്ന സമുദായത്തില്‍പ്പെട്ട’ ഒരു ഉദ്യോഗസ്ഥന്‍ വിരമിച്ചപ്പോള്‍ ആ ഓഫീസ് ചാണകവെള്ളം ഉപയോഗിച്ച് ശുദ്ധിയാക്കിയ ശേഷമാണ് മറ്റൊരു ഉദ്യോഗസ്ഥന്‍ അവിടേക്ക് ഗൃഹപ്രവേശം നടത്തിയത്. ഇത് വലിയ വാര്‍ത്തയായിരുന്നു. അതിന്റെ അന്വേഷണമൊക്കെ എവിടെ ചെന്നാണ് അവസാനിച്ചതെന്ന് ആര്‍ക്കും അറിയില്ല. ഏതായാലും കേരളത്തില്‍ ഇത്തരം കാടത്തരങ്ങള്‍ കൂടിവരികയാണ്.
 
ഒരു മാമാടമ്പി നേതാവിന്റെ മുമ്പില്‍ കാല്‍കയറ്റി വച്ച് ഇരുന്നതിന് ഒരു കേന്ദ്ര മന്ത്രിയെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാന്‍ വരെ മാടമ്പി നേതാവിന്റെ ബ്രാക്കറ്റ് പാര്‍ട്ടി തുനിഞ്ഞിറങ്ങി. ഒടുവില്‍ മാടമ്പിക്കും കിട്ടി എട്ടിന്റെ പണി. ഇപ്പോള്‍ അണ്ടന്‍ അടകോടന്‍ പ്രയോഗങ്ങളുമായി അരങ്ങുവാഴുന്ന ചീഫ് വിപ്പ് ഒരു യോഗത്തില്‍ വച്ച് പഴയ സര്‍ക്കാരിലെ ബോര്‍ഡ് മന്ത്രിയെ ജാതിപ്പേര് വിളിച്ചാണ് ആക്ഷേപിച്ചത്. അക്ഷേപം വളരെ ലളിതമാണ്. പുലയ സമുദായത്തില്‍പ്പെട്ട നീ എങ്ങനെയാണ് സിനിമാക്കാരനായ നായര്‍ മന്ത്രിയെ പേര് വിളിക്കുന്നതെന്നായിരുന്നു വിപ്പിന്റെ സംശയം. ജാതിയുടെ പേരിലുള്ള എത്ര എത്ര ഉദാഹരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാണിക്കാനാകും.
 
ഒരു കാര്യം വ്യക്തമാണ്. ബെല്‍ബോട്ടം പാന്റ്‌സ് കേരളത്തിലേക്ക് ഫാഷനായി തിരിച്ചെത്താന്‍ ഇരുപത് വര്‍ഷമേ വേണ്ടിവന്നുള്ളു. ഇപ്പോള്‍ ഇതാ എന്‍പതുകളിലെ കറുത്ത കണ്ണട വീണ്ടും സജീവമായിരിക്കുന്നു. അതേ പോലെ ഒരുപാട് പേരുടെ ജീവതാഗ്യം കൊണ്ടും സമരം കൊണ്ടും സമൂഹത്തില്‍ നിന്ന് പടിയടച്ച് പിണ്ടം വയ്ക്കപ്പെട്ട  ഹോയ് ഹോയ് വിളികളും അവര്‍ണ്ണനും സവര്‍ണ്ണനുമൊക്കെ മറ്റും തിരിച്ചുവരാന്‍ അധികം താമസിക്കേണ്ടിവരില്ല. നമ്മുടെ ഉമ്മന്‍ചാണ്ടി തന്നെയാണ് അന്നത്തെ മുഖ്യമന്ത്രിയെങ്കില്‍ നസ്രാണി ഉമ്മന്‍ചാണ്ടി എന്നായിരിക്കും അദ്ദേഹത്തെ നാം വിളിക്കുക.
 
 
അവര്‍ണ്ണനെയും സവര്‍ണ്ണനെയും കുറിച്ച് കേരളകൗമുദി സ്ഥാപകനായ സി.വി. കുഞ്ഞുരാമന്‍ എഴുതിയ രസകരമായ ഒരു കുറിപ്പ്.
 
‘അവര്‍ണ്ണന്റെയും സവര്‍ണ്ണന്റെയും ഉല്‍പ്പത്തി ഇപ്രകാരമായിരുന്നു. മന്വന്തരങ്ങള്‍ക്കും മുന്‍പ്. അതായത് മനുഷ്യരാശിയുടെ തുടക്കത്തില്‍, അവര്‍ണ്ണനും സവര്‍ണ്ണനുമുണ്ടായിരുന്നു. വണ്ണമില്ലാത്തവനും വണ്ണമുള്ളവനും. ചുരുക്കി പറഞ്ഞാല്‍ നല്ലപോലെ ഭക്ഷണം കഴിക്കാത്തവനും നല്ല പോലെ ഭക്ഷണം കഴിക്കുന്നവനും എന്നൊരു വേര്‍തിരിവുണ്ടായിരുന്നു. ഈ വക വിഷയമെല്ലാം പനയോലയില്‍ എഴുതുകയായിരുന്നു ഒരു കണ്ണിമ ചിമ്മാതെ ജനാര്‍ദ്ദനന്‍ നായര്‍. പഴയ കാലമല്ലേ, ഇന്നത്തെപ്പോലെ വൈദ്യുതി പ്രകാശമില്ല. പേനയാണെങ്കില്‍ ഓരോ തവണയും മഷിക്കുപ്പിയില്‍ മുക്കി എഴുതണം. ഇങ്ങനെ എഴുതുന്‌പോള്‍ അറിയാതെ സവണ്ണന്റെയും അവണ്ണന്റെയും ‘ണ്ണ’ യുടെ മകളില്‍ ഒരു തുള്ളി മഷി വന്നു വീണു! അങ്ങനെയാണ് അവര്‍ണ്ണനും സവര്‍ണ്ണനും സൃഷ്ടിക്കപ്പെട്ടതത്രേ!’
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍