UPDATES

കേരളം

എല്ലാവരുടെയും മുത്തവിലിയാന്‍ – കേരളം കണ്ടു പഠിക്കേണ്ട കാര്യങ്ങള്‍

നാഷിഫ് അലിമിയാന്‍
 
തലശ്ശേരിയിലെ തീരദേശമായ ചക്യത്തുമുക്കിലെ മെയിലോംകുന്ന് മുത്തവിലിയാന്‍ പള്ളിയില്‍ വിളക്കു തെളിയിക്കുന്നത് വയോധികയായ ബീച്ചൂത്തയാണ്. കഴിഞ്ഞ 70 വര്‍ഷമായി വിളക്കു തെളിയിക്കുന്ന ബീച്ചൂത്തക്കൊപ്പം അരയസമുദായത്തിലെ ശാരദയും കൗസല്യയും മാധവിയമ്മയും കൂട്ടിനു വരും. ചിലപ്പോള്‍ ഇവരുടെ പെണ്‍മക്കളാവും ബീച്ചൂത്തയുടെ തുണ. ബീച്ചൂത്തക്ക് മുത്തവിലിയാന്‍ പോരിശാക്കപ്പെട്ടവരാണെങ്കില്‍ ഇവര്‍ക്ക് ഔലിയ പുണ്യാളനാണ്. ”ബീച്ചൂത്ത ഓലെ പെരക്കത്തെ കാര്യം പറയുമ്പം കടലിപ്പോയ നമ്മ കെട്ട്യോന്മാര്‌ടെ കാര്യാ നമ്മ പറയുന്നെ. മുത്തബ്‌ലിയനോടു പറഞ്ഞാ അവര്‍ക്ക് അപകടോന്നും പറ്റൂല. അബ്‌ലിയ കാത്തോളും ഓരെ…”. ഇവരുടെ വാക്കുകള്‍ പോലെ തന്നെയാണ് ചക്യത്തുമുക്കിലെ കാര്യങ്ങളും. മെയിലോംകുന്ന് പള്ളിയിലെ മുത്തവിലിയാന്‍ ചക്യത്തുമുക്കുകാരുടെ സ്വന്തമാണ്.
 
മുസ്‌ലിമായാലും ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുത്തവിലിയാന്റെ പള്ളി എല്ലാവരുടെയുമാണ്. വേഷത്തിലും രൂപങ്ങളിലും പോലും മതവത്കരണം പ്രകടമാകുന്ന കാലത്ത് മതങ്ങളുടെ വേലിക്കെട്ടുകള്‍ മായ്ച്ചുകളയുന്നതാണ് മെയിലോംകുന്ന് മുത്തവിലിയാന്റെ ആണ്ടു നേര്‍ച്ചയും. തലായ് ബാലഗോപാല ക്ഷേത്ര കമ്മിറ്റിയും അരയസമാജവും മൊയ്തീന്‍ പള്ളി കമ്മിറ്റിയും ചേര്‍ന്ന കമ്മിറ്റിയാണ് ആണ്ടുനേര്‍ച്ചയുടെ സംഘാടകര്‍. മതത്തിന്റെ മതില്‍കെട്ടുകളില്ലാതെ പരസ്പരം കൈകോര്‍ക്കുന്ന ആണ്ടുനേര്‍ച്ച എല്ലാ ചിങ്ങത്തിലും മൂന്നാമത്തെ വെള്ളിയാഴ്ചയാണ് നടക്കുക. രാവിലെ ആറിനു തുടങ്ങുന്ന ചടങ്ങുകള്‍ ഉച്ചവരെ നീളും. മുത്തവിലായന്റെ ശവകുടീരത്തില്‍ വെള്ള പുതപ്പിക്കലാണ് പ്രധാന ചടങ്ങ്. ഒപ്പം ചന്ദനത്തിരികളും വെളിച്ചെണ്ണയുമായി നാടൊന്നാകെയെത്തും. നേര്‍ച്ചക്കെത്തുന്നവര്‍ക്ക് പ്രസാദമായി അവില്‍ കുഴച്ചതും കട്ടന്‍കാപ്പിയും നല്‍കും. ഇത്തവണ 450 കിലോ അവിലാണ് കുഴച്ചത്. 175 കിലോ പഞ്ചസാരയും 2000 തേങ്ങയും ഉപയോഗിച്ചു. ഇതിനുള്ള തുക കണ്ടെത്തുന്നത് ഹിന്ദു മുസ്‌ലിം സമുദായക്കാര്‍ ഒന്നിച്ചാണ്.
 
മുത്തവിലിയാന്റെ നേര്‍ച്ചയുമായി ബന്ധപ്പെട്ടു വ്യക്തമായ ചരിത്രം ആര്‍ക്കുമറിയില്ല. വര്‍ഷങ്ങളായി നടന്നുപോരുന്നുവെന്ന് മാത്രം. മുക്കുവ സമൂഹം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമായതിനാല്‍ കടലില്‍ പോകും മുമ്പ് തൊഴിലാളികള്‍ എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാര്‍ത്ഥിക്കുമത്രെ. മുത്തവിലിയാന്റെ ഖബറില്‍ വെള്ള പുതപ്പിച്ചാല്‍ കടല്‍ക്ഷേഭത്തിലും രക്ഷപ്പെടാമെന്നാണ് അരയസമൂഹക്കാരുടെ വിശ്വാസം. ആണ്ടു നേര്‍ച്ചയുടെ അന്ന് പ്രദേശത്തെ ആരും കടലില്‍ പോകില്ല. എല്ലാവരും മുത്തവിലിയാന്റെ ചാരത്തുണ്ടാകണമെന്നും നിര്‍ബന്ധമാണ്. ഹിന്ദു മുസ്‌ലിം സമുദായക്കാര്‍ കൈകോര്‍ത്ത് നേര്‍ച്ച നടത്തുമ്പോള്‍ ക്രിസ്ത്യന്‍ സമൂഹത്തില്‍പെട്ട മത്സ്യത്തൊഴിലാളികള്‍ സഹായങ്ങളുമായി പള്ളിയിലെത്തും. കണ്ണു തുറന്നൊന്നു നോക്കുന്നതു പോലും വര്‍ഗീയതയാവുന്ന കാലത്ത് ആണ്ടു നേര്‍ച്ച ചക്യത്തുമുക്ക് പ്രദേശത്തെ ഐക്യത്തിന്റെയും സമുദായ മൈത്രിയുടെയും അതിരുകളും അളവുകളുമില്ലാത്ത സ്‌നേഹത്തിന്റെയും നേര്‍സാക്ഷ്യമാവുകയാണ്.
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍