UPDATES

സയന്‍സ്/ടെക്നോളജി

ഇനി നമുക്ക് കൊതുകുകളെ രോഗികളാക്കാം

മാര്‍ട്ടിന്‍ എന്‍സറിങ്ക് (സയന്‍സ് നൌ)

ആയിരക്കണക്കിന് വര്‍ഷങ്ങളായി കൊതുകുകള്‍ മനുഷ്യരെ രോഗികളാക്കിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇന്ന് മനുഷ്യര്‍ ഇത് തിരിച്ചാക്കാന്‍ ഒരു വഴി കണ്ടെത്തിയിരിക്കുന്നു. കൊതുകുകള്‍ക്ക് അതിന്‍റെ തന്നെ അണുബാധ തിരിച്ചുനല്‍കിയാല്‍ അത് മലേറിയ പരത്തുന്നത് തടയാമെന്നാണ് ഒരു പുതിയ പഠനം സൂചിപ്പിക്കുന്നത്. കൊതുകുകളുടെ ലൈംഗിക ജീവിതത്തില്‍ ചില സൂത്രപ്പണികള്‍ നടത്തുന്ന വിചിത്രമായ ഒരു ബാക്ടീരിയത്തിന്റെ സഹായത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.

കീടങ്ങളുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന വൈദ്യശാസ്ത്രശാഖയിലെ ഒരു നാഴികക്കല്ലാണ് ഇത്. ഈ കണ്ടെത്തലിന്റെ ഭാഗമാകാന്‍ കഴിയാതെ പോയതില്‍ തനിക്ക് അസൂയ ഉണ്ടെന്നു ഓസ്ട്രേലിയന്‍ എന്റൊമോളജിസ്റ്റായ സ്കോട്ട് ഓ നീല്‍ പറഞ്ഞു. “ഞങ്ങള്‍ എല്ലാവരും വര്‍ഷങ്ങളായി ശ്രമിച്ചുകൊണ്ടിരുന്ന കാര്യമാണിത്.” ഇതിലെ കേന്ദ്രകഥാപാത്രമായ അനോഫെലസ് സ്റ്റെഫെന്‍സി എന്ന കൊതുക് ദക്ഷിണേഷ്യയിലും മിഡില്‍ ഈസ്റ്റിലും മലേറിയ പരത്തുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നവയാണ്. ന്യൂഡല്‍ഹിയോ കല്‍ക്കട്ടയോ പോലെയുള്ള നഗരങ്ങളെ പൂര്‍ണ്ണമായും മലേറിയയുടെ പിടിയില്‍ നിന്ന് രക്ഷിക്കുക എന്ന പ്രതീക്ഷയാണ് ഈ പഠനവിജയം നല്‍കുന്നതെന്ന് നെതര്‍ലാന്‍ഡില്‍ നിന്നുള്ള ഗവേഷകനായ വില്ലേം ടാക്കന്‍ പറയുന്നു. ആഫ്രിക്കയില്‍ കൂടുതലായി കണ്ടുവരുന്ന എ. ഗാംബിയെ എന്ന മലേറിയ പരത്തുന്ന കൊതുകിലും ഇതേ രീതി പ്രയോഗിക്കാന്‍ സാധിച്ചേക്കും.

അസുഖങ്ങള്‍ പരത്തുന്ന കൊതുകുകളെ തുടച്ചുനീക്കി പകരം അസുഖങ്ങള്‍ പരത്താന്‍ കഴിയാത്ത കൊതുകുകളെ രൂപപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ശാസ്ത്രജ്ഞര്‍ ഒരുപാട് കാലമായി സ്വപ്നം കാണാന്‍ തുടങ്ങിയിട്ട്. ഇതിനു സഹായകമാകുന്ന വോള്‍ബാക്കിയ എന്ന ബാക്ടീരിയ കഴിഞ്ഞ ദശാബ്ദത്തില്‍ കണ്ടുപിടിക്കപ്പെട്ടു. ഈ ബാക്ടീരിയ കൊതുക് അമ്മമാരില്‍ നിന്ന് കൊതുകുകുഞ്ഞുങ്ങളില്‍ എത്തി അവരുടെ ലൈംഗികജീവിതങ്ങളില്‍ ചില തിരിമറികള്‍ നടത്തുന്നു. ഉദാഹരണത്തിന്, ഈ അണുബാധയുള്ള ആണ്‍ കൊതുകുകള്‍ക്ക് അണുബാധയില്ലാത്ത പെണ്കൊതുകുകളുമായി ഇണ ചേരാനാകില്ല. സൈറ്റോപ്ലാസ്മിക് ഇന്‍കോമ്പാറ്റബിലിറ്റി എന്നാണു ഈ അവസ്ഥയെപ്പറ്റി ശാസ്ത്രഭാഷയില്‍ പറയുന്നത്. ചുരുക്കിപ്പരഞ്ഞാല്‍ ഈ ബാക്റ്റീരിയയുടെ ഇടപെടലിലൂടെ വളരെക്കുറച്ചുസമയം കൊണ്ട് തന്നെ രോഗബാധയില്ലാത്ത ഒരു പുതുതലമുറ കൊതുകുകള്‍ ജന്മമെടുക്കും.

ശാസ്ത്രജ്ഞരുടെ ആദ്യത്തെ ആശയം മനുഷ്യരില്‍ വരുന്ന രോഗങ്ങളെ ചെറുക്കാനുള്ള തരം ജീനുകള്‍ കൊതുകുകളില്‍ ഉള്‍പ്പെടുത്തുക എന്നതായിരുന്നു. കൊതുകു ജനസംഖ്യയില്‍ മുഴുവന്‍ ഈ ജീന്‍ എത്തിക്കാനായി വോള്‍ബാക്കിയയെ ഉപയോഗിക്കാനായിരുന്നു അവരുടെ ശ്രമം. എന്നാല്‍ കൊതുകുകളില്‍ വോള്‍ബാക്കിയയെ എത്തിക്കുന്നത് തന്നെ ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. മാത്രമല്ല, എന്തോ കാരണം കൊണ്ട് കൊതുകുകളില്‍ ഈ വോള്‍ബാക്കിയ ഇന്‍ഫെക്ഷന്‍ അധികകാലം നിലനില്‍ക്കുകയും ചെയ്തില്ല. ഈ ഗവേഷണത്തിലെ വലിയ ഒരു നാഴികക്കല്ല് 2005ലാണ് സംഭവിക്കുന്നത്. ജോണ് ഹോപ്കിന്‍സ് സര്‍വകലാശാലയിലെ സി ഷിയോന്ഗും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഡെംഗു പനി പരത്തുന്ന ഈഡിസ്‌ ഈജിപ്തി എന്ന കൊതുകിന് ഈ അണുബാധ ഉണ്ടാക്കുന്നതില്‍ വിജയിച്ചു.

കുറച്ചുവര്ഷം കഴിഞ്ഞപ്പോള്‍ ഓനീലും കൂട്ടരും മറ്റൊരു അത്ഭുതകരമായ കണ്ടെത്തല്‍ നടത്തി. വോള്‍ബാക്കിയയെ അവര്‍ക്ക് അണുബാധ പ്രതിരോധിക്കുന്ന ജീനുകളോട് ചേര്‍ക്കേണ്ടി വന്നില്ല. വോള്‍ബാക്കിയ തന്നെ ഈഡിസ്‌ ഈജിപ്തിയെ വൈറസ്‌ പരത്തുന്നതില്‍ നിന്ന് തടഞ്ഞു. മറ്റു പല വൈറസുകളുടെ കാര്യത്തിലും ഇത് തന്നെ സംഭവിച്ചു എന്നും അവര്‍ കണ്ടെത്തി.

ഇത് എങ്ങനെ സംഭവിക്കുന്നു എന്നത് ഇതുവരെ വ്യക്തമല്ല; ഡെന്‍ഗു വൈറസ്‌ പോലെയുള്ള വൈറസുകളുമായി അവശ്യപോഷകങ്ങളുടെ പേരില്‍ വോള്‍ബാക്കിയ മത്സരിക്കുന്നുണ്ടാകാം എന്നതാണ് ഒരു അനുമാനം. ശാസ്ത്രജ്ഞര്‍ എന്തായാലും ഈ അവസരം ഉപയോഗപ്പെടുത്തുക തന്നെ ചെയ്യുകയാണ്. 2011ല്‍ ഓനീലിന്റെ സംഘം വോള്‍ബാക്കിയ അണുബാധയുള്ള ഈഡിസ്‌ ഈജിപ്തി കൊതുകുകളെ രോഗത്തിന്റെ നിരക്ക് കൂടുതലുള്ള ഓസ്ട്രേലിയയില്‍ ഇറക്കിവിട്ടു. ഇപ്പോള്‍ വിയട്നാമിലും പരീക്ഷണങ്ങള്‍ നടക്കുകയാണ്.

എന്നാല്‍ കൊതുകുകള്‍ പരത്തുന്ന ഏറ്റവും മാരകരോഗം ഡെന്‍ഗുവല്ല, മലേറിയയാണ്. വര്ഷം തോറും അര മില്യന്‍ ആളുകളാണ് മലേറിയ മൂലം മരിക്കുന്നത്. ഇത് പരത്തുന്നത് മറ്റൊരു ജനുസ്സില്‍ പെട്ട അനോഫെലെസ് കൊതുകുകളാണ്. അവയെ വോള്‍ബാക്കിയ അണുബാധക്ക് വിധേയരാക്കുക ഏറെ ബുദ്ധിമുട്ടാണ്. അനോഫെലെസ്‌ കൊതുകുകളില്‍ സ്വാഭാവികമായി ബാക്ടീരിയ അണുബാധയുള്ളവയേയില്ല. ഈ എങ്ങുമെത്താത്ത അന്വേഷണം ഈ ലക്‌ഷ്യം സാധ്യമാണോ എന്ന് സംശയിക്കാന്‍ പല ഗവേഷകരെയും പ്രേരിപ്പിച്ചതായി ഓനീല്‍ പറയുന്നു.

എന്നാല്‍ ഏറ്റവും പുതിയ പഠനമനുസരിച്ച് ഈഡിസ്‌ സ്റെഫെന്സിയെ വോള്‍ബാക്കിയ അണുബാധയ്ക്ക് വിധേയരാക്കുക സാധ്യമാണ്. മാത്രമല്ല ഈ അണുബാധ 34  തലമുറ വരെ പടരുകയും ചെയ്യും.എന്താണ് ഇതിന്റെ രഹസ്യം? പകുതി ഭാഗ്യമാണെന്ന് ടാക്കെന്‍ പറയുന്നു. വോള്‍ബാക്കിയ WAlbB എന്ന അണു പരീഷിച്ചപ്പോള്‍ ഈഡിസ്‌ കൊതുകിനു ഭാഗ്യവശാല്‍ അനുബാധയേറ്റു. ഈ വിജയത്തിന്റെ മറ്റൊരു പ്രധാനകാരണം ജോലിയിലെ വൈദഗ്ധ്യമാണ്. എന്റൊമോളജിസ്ട്ടായ ജേസന്‍ റാസ്ഗന്‍ പറയുന്നു. “കൊതുക് മുട്ടകളില്‍ കുത്തിവയ്ക്കുന്നത് ഒരു കല തന്നെയാണ്. അത് ചെയ്യുന്നതില്‍ ലോകത്തിലെ ഏറ്റവും മികച്ചയാളാണ് സി.”

ആയിരക്കണക്കിന് കൊതുക് മുട്ടകളില്‍ അണുവിനെ കുത്തിവെച്ചശേഷമാണ് ഒരെണ്ണം വിജയിച്ചത്. തീരെച്ചെറിയ ഒരളവു സൈറ്റോപ്ലാസം കൊതുക്മുട്ടയുടെ സെല്ലുകളില്‍ നിന്ന് കുത്തിയെടുത്ത ശേഷമാണ് ബാക്ടീരിയയെ പ്രവേശിപ്പിക്കാനുള്ള ഇടം ഉണ്ടാക്കുന്നത്‌. ഇതിനിടെ സെല്‍ പൊട്ടിപ്പോകാതിരിക്കാനും പ്രത്യേകശ്രദ്ധ വേണം, സി പറഞ്ഞു. മരണം വിതയ്ക്കുന്ന വലിയ ഭീകരന്മാരാണെങ്കിലും അനോഫിലസ് കൊതുകുകള്‍ വളരെ ദുര്‍ബലരാണെന്നാണ് സിയുടെ കണ്ടെത്തല്‍.

അണുബാധയേറ്റ കൊതുകുകളില്‍ മലേറിയ അണുക്കള്‍ കടത്തി കൊതുകിന്റെ ശരീരത്തിന്റെ ഉള്ളില്‍ വെച്ചുതന്നെ മലേറിയയെ അവസാനിപ്പിക്കാന്‍ കഴിയുമോ എന്നും സിയും സംഘവും പരീക്ഷിച്ചുനോക്കി. വോള്‍ബാക്കിയ അണുബാധയുള്ള കൊതുകുകള്‍ പ്രതീക്ഷിച്ചത് പോലെ പൂര്‍ണ്ണമായി മലേറിയ വിമുക്തരായില്ല. എന്നാല്‍ അവയുടെ ഉമിനീരില്‍ ഉള്ള മലേറിയ അണുക്കളുടെ സാധാരണജീവച്ചക്രമായ പതിനാലു ദിവസത്തില്‍ നിന്ന് അത് ഏകദേശം മൂന്നുദിവസമായി കുറഞ്ഞു. അതിനര്‍ത്ഥം അവയ്ക്ക് രോഗം പരത്താന്‍ അപ്പോഴും കഴിയുമെങ്കിലും രോഗം പരത്താനുള്ള അവയുടെ ശേഷി ഗണ്യമായി കുറഞ്ഞുവെന്നാണ്.

മറ്റൊരു പ്രധാനപ്രശ്നം വോള്‍ബാക്കിയ അണുബാധയുള്ള കൊതുകുകള്‍ മറ്റു കൊതുകുകളുടെയത്ര എണ്ണം കുഞ്ഞുങ്ങളെ സൃഷ്ടിക്കുമോ എന്നതായിരുന്നു, താക്കെന്‍ പറയുന്നു. അങ്ങനെ പറ്റുന്നില്ലെങ്കില്‍ അവയ്ക്ക് മറ്റുകൊതുകുകളെക്കാള്‍ എണ്ണത്തില്‍ പെരുകാന്‍ കഴിയില്ല. അപ്പോള്‍ ഒരുപക്ഷെ ഈ പഠനം കൊണ്ട് മലേറിയയെ തുരത്താനായെന്നും വരില്ല. ഈ പ്രശ്നത്തെപ്പറ്റിയാവും തന്റെ അടുത്തപഠനപ്രബന്ധം എന്ന് സി പറയുന്നു. വേഗം ഫലം കിട്ടാനായി അണുബാധയുള്ള എത്ര കൊതുകുകളെ പുറത്തുവിടണം എന്നതിനെപറ്റിയും പഠിക്കേണ്ടിയിരിക്കുന്നു. ചിലപ്പോള്‍ ഇതിനേക്കാള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വോള്‍ബാക്കിയ അണുക്കള്‍ പോലും കണ്ടേക്കാം, റാസ്ഗന്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ ഏറ്റവും പ്രധാനം ഈ പഠനത്തില്‍ ഗവേഷകര്‍ വിജയിച്ചു എന്നതാണ്. അദ്ദേഹത്തിന്റെ സംഘം ആഫ്രിക്കയിലെ ഈഡിസ്‌ ഈജിപ്തിയെ അണുബാധ ഏല്‍പ്പിക്കാനുള്ള ശ്രമത്തിലാണ്. “ഇത് സാധ്യമാണ് എന്ന് കാണുന്നത് എന്നെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ഞങ്ങള്‍ ശ്രമം തുടരുക തന്നെ ചെയ്യും.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍