UPDATES

സിനിമ

നിങ്ങള്‍ ഞാന്‍ പാടുന്നത് കേള്‍ക്കുന്നു, ഞാന്‍ മന്നാഡെ പാടുന്നത് കേള്‍ക്കുന്നു

ഒരിക്കല്‍ വിഖ്യാത ഗായകന്‍ അനശ്വരനായ മുഹമ്മദ് റാഫി പറഞ്ഞു. “നിങ്ങള്‍ ഞാന്‍ പാടുന്നത് കേള്‍ക്കുന്നു, ഞാന്‍ മന്നാഡെ പാടുന്നത് കേള്‍ക്കുന്നു’. അത്രയധികം ബഹുമാനം റാഫി മന്നാഡെയ്ക്ക് നല്‍കിയിരുന്നു, മന്നാഡെ തിരിച്ചും. റാഫിയാണ് തന്നെക്കാള്‍ മികച്ച ഗായകനെന്ന് തുറന്നു പറയുന്നതില്‍ മന്നാഡെ മടിച്ചിരുന്നില്ല. അതായിരുന്നു ഇരുവരും തമ്മിലുള്ള അടുപ്പവും. 
 
ടീം അഴിമുഖം
 
മലയാളിക്ക് തന്റെ ഘനഗാംഭീര്യ ശബ്ദത്തില്‍ ചലചിത്ര ഗാനത്തിന്റെ മധുരം നുള്ളിത്തന്ന പ്രിയഗായകന്‍ മന്നാഡെ ഇനിയില്ല. ഒരൊറ്റ ഗാനത്തിലൂടെ മലയാളികളുടെ മുഴുവന്‍ മനസു കീഴടക്കിയ അപൂര്‍വ പ്രതിഭ; കഴിഞ്ഞ ഏഴു പതിറ്റാണ്ടു കൊണ്ട് മൂവായിരത്തിലധികം പാട്ടുകള്‍ പാടിയ മഹാഗായകന്‍. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന മന്നാഡെ ഇന്നു പുലര്‍ച്ചെയാണ് ബാംഗ്ലൂരിലെ ആശുപത്രിയില്‍ അന്തരിച്ചത്. അദ്ദേഹത്തിന് 94 വയസായിരുന്നു.
 
ബംഗാളിലാണ് ജനിച്ചതെങ്കിലും ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അദ്ദേഹം പാടിയിട്ടുണ്ട്. മന്നാഡെയുടെ ആലാപന ശൈലി തന്നെയായിരുന്നു അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തിയത്. ബംഗാളിക്കും മലയാളത്തിനും പുറമെ ഹിന്ദി, ഗുജറാത്തി, മറാഠി, അസമീസ്, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം അദ്ദേഹം പാടി. ചെമ്മീനിലെ അനശ്വരമായ മാനസമൈനേ മലയാളികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ ഗാനമാണ്. നെല്ല് എന്ന ചിത്രത്തില്‍ പി. ജയചന്ദ്രനോടൊപ്പം ചെമ്പാ ചെമ്പാ എന്നൊരു ഗാനവും മലയാളത്തില്‍ മന്നാഡേതായിട്ടുണ്ട്. 
 
 
ദേശീയ പുരസ്‌കാരത്തിനു പുറമെ മിക്ക സംസ്ഥാന സര്‍ക്കാരുകളും അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്റെ അവാര്‍ഡിനു പുറമെ സ്വരലയ ഏര്‍പ്പെടുത്തിയ യേശുദാസ് പുരസ്‌കാരവും നല്‍കി മലയാളി മണ്ണ് അദ്ദേഹത്തെ ആദരിച്ചു. മധ്യപ്രദേശ് സര്‍ക്കാരിന്റെ ലതാ മങ്കേഷ്‌കര്‍ പുരസ്‌കാരം, പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ബംഗ വിഭൂഷണ്‍ പുരസ്‌കാരം തുടങ്ങിയവ നേടിയ അദ്ദേഹത്തെ തേടി 1969, 1971 വര്‍ഷങ്ങളില്‍ ദേശീയ പുരസ്‌കാരവും എത്തി. മേരാ നാം ജോക്കറിലെ ഗാനമായിരുന്നു അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കിയത്. 
 
 
പ്രബോദ് ചന്ദ്ര ഡേ എന്ന മന്നാഡേയ്ക്ക് ഗുസ്തിക്കാരനാകാനായിരുന്നു ചെറുപ്പത്തിലെ ആഗ്രഹം. എന്നാല്‍ അമ്മാവന്‍ കെ.സി ഡേ ആയിരുന്നു അദ്ദേഹത്തെ ഗാനലോകത്തേക്ക് വഴിമാറ്റി വിട്ടത്. അങ്ങനെ 23-ാം വയസില്‍ അദ്ദേഹം സിനിമയ്ക്ക് പാടാന്‍ തുടങ്ങി. ഇന്ന് ചലച്ചിത്ര ഗാന മേഖലയില്‍ കാണുന്ന വിധത്തിലുള്ള കുടിപ്പകയ്ക്കും തരംതാഴ്ന്ന അവകാശവാദങ്ങള്‍ക്കുമൊക്കെ അപ്പുറമായിരുന്നു മന്നാഡെയുടെ വ്യക്തിത്വമെന്നത് തെളിയിക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. അതിലൊന്ന് വിഖ്യാത ഗായകന്‍ അനശ്വരനായ മുഹമ്മദ് റാഫി മന്നാഡെയെ കുറിച്ച് പറഞ്ഞതാണ്.  നിങ്ങള്‍ ഞാന്‍ പാടുന്നത് കേള്‍ക്കുന്നു, ഞാന്‍ മന്നാഡെ പാടുന്നത് കേള്‍ക്കുന്നുു. അത്രയധികം ബഹുമാനം റാഫി മന്നാഡെയ്ക്ക് നല്‍കിയിരുന്നു, മന്നാഡെ തിരിച്ചും. റാഫിയാണ് തന്നെക്കാള്‍ മികച്ച ഗായകനെന്ന് തുറന്നു പറയുന്നതില്‍ മന്നാഡെ മടിച്ചിരുന്നില്ല. 
 
 
കര്‍ണാടക സംഗീതം മുന്നോട്ടുവയ്ക്കുന്ന ശബ്ദ സംസ്‌കാരത്തിന്റെ ഒരു ഏച്ചുകെട്ടല്‍ എന്ന വിധത്തില്‍ മലയാള നാടക, സിനിമാ ഗാനങ്ങള്‍ തുടര്‍ന്നിരുന്ന കാലഘട്ടത്തിലാണ് തന്റെ മാനസ മൈനയിലൂടെ മന്നാഡെ ഒരു പുതുവഴി തുറന്നതെന്ന് പ്രമുഖ സംഗീത എഴുത്തുകാരന്‍ ശ്രീവത്സന്‍ തിയ്യാടി നിരീക്ഷിക്കുന്നു. അതുവരെ തൊണ്ടയുടെ ഇളക്കങ്ങള്‍ ഇല്ലാതെ പാടുന്നവര്‍ കുറവായിരുന്നു. അതിന് മാറ്റമുണ്ടാക്കിയത് മാനസ മൈനേ എന്ന ഗാനമാണ്. ഇന്ന് യേശുദാസ് ഒക്കെ പാടുന്ന വിധത്തിലേക്ക് ഗമകങ്ങളെ മാറ്റി നിര്‍ത്തിയുള്ള ആലാപന ശൈലിക്ക് തുടക്കം കുറിച്ചവരില്‍ മന്നാഡെക്കുള്ള പങ്ക് എടുത്തു പറയണം. മന്നാഡെ അറിഞ്ഞുകൊണ്ട് ചെയ്തതാവണമെന്നില്ല അത്. അദ്ദേഹത്തെ മലയാളത്തില്‍ പാടാന്‍ കൊണ്ടുവന്നതിന്റെ ഭാഗമായി സംഭവിച്ചതായിരിക്കാം. യാദൃശ്ചികമെങ്കിലും അതൊരു വലിയ മാറ്റത്തിന്റെ തുടക്കം തന്നെയായിരുന്നു- ശ്രീവത്സന്‍ അഴിമുഖത്തോട് പറഞ്ഞു. 
 
മന്നാഡെയുടെ ജീവിത സഖിയും ഒരു മലയാളിയായിരുന്നു. കണ്ണൂര്‍ക്കാരിയായ സുലോചന കുമാരന്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ചതോടെ അദ്ദേഹം ചലച്ചിത്ര പിന്നണിഗാന രംഗത്തു നിന്ന് അകന്നു. തുടര്‍ന്ന് മുംബൈയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോന്ന അദ്ദേഹത്തിന്റെ അന്ത്യവും അവിടെയായിരുന്നു.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍