UPDATES

കേരളം

90-കാരോട് കളിക്കരുത്; അത് പി.ബി ആയാലും

വി.എസ് വിഷ്ണു
 
 
കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും തമ്മിലുളള മുഖ്യ വ്യത്യാസങ്ങളില്‍ ഒന്നിന്റെ അടിസ്ഥാനം പ്രായോഗിക ബുദ്ധിയാണ്. കോണ്‍ഗ്രസുകാര്‍ക്ക് അറിവും വിവരവും അല്‍പ്പം കുറവായിരിക്കും. പക്ഷേ പ്രായോഗിക ബുദ്ധിയില്‍ അവരെ കഴിഞ്ഞേ ആളുളളു. അതിനി കേരളത്തിലായാലും കേന്ദ്രത്തിലായാലും. മണ്ണും ചാരി നിന്ന് പെണ്ണും കൊണ്ടു പോകാന്‍ കോണ്‍ഗ്രസുകാരോളം വിരുതുളളവര്‍ ഇനി ജനിക്കാനിരിക്കുന്നതേയുളളു. പ്രതിപക്ഷമായെന്ന് കരുതി വെറുതേ സമരം ചെയ്ത് പ്രവര്‍ത്തകര്‍ക്ക് അടി മേടിച്ചു കൊടുക്കാനൊന്നും അവര്‍ നില്‍ക്കില്ല. ഇനി ഏതെങ്കിലും നേതാവിന് അങ്ങനെ തോന്നിയാലും അടി വരും മുമ്പ് പ്രവര്‍ത്തകര്‍ അടുത്ത പത്രമോഫീസില്‍ എത്തി ഉദ്ഘാടകന്റെ തൊട്ടു പിന്നില്‍ ഇടിച്ചു നില്‍ക്കുന്ന ഫോട്ടോ നല്‍കി മടങ്ങിയിരിക്കും. ഭരിക്കുന്നവര്‍ നാറുന്നിടത്തോളം നാറട്ടെ എന്നു കരുതി മിണ്ടാതിരിക്കും. ഒടുവില്‍ അവരെ ജനം താനേ വലിച്ചു താഴെയിടും. പ്രതിപക്ഷമായിരിക്കുമ്പോള്‍ ഏക സമരായുധം മുമ്പ് പത്രപ്രസ്താവനയായിരുന്നു. ഇപ്പോഴത് ചാനല്‍ ചര്‍ച്ചയിലേക്കു മാറിയെന്നു മാത്രം.
 
ഇടതന്മാര്‍ അങ്ങനെയല്ല, മുടിഞ്ഞ വിവരമാണെന്നാണ് അവരുടെ ഒരു പൊതു ധാരണ. മലാലയെ കുറിച്ചോ സിറിയന്‍ പ്രശ്‌നത്തെ കുറിച്ചോ ചോദിച്ചു നോക്കൂ, പത്താം തരം പാസാകാത്ത ലോക്കല്‍ കമ്മറ്റി അംഗം പോലും കുറഞ്ഞത് രണ്ടു മണിക്കൂര്‍ സംസാരിക്കും. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ തോല്‍വി അംഗീകരിച്ച് പരമാവധി രണ്ടു മാസം മിണ്ടാതിരിക്കും. അതു കഴിഞ്ഞാല്‍ പിന്നെയവര്‍ക്ക് ഇരിക്കപൊറുതിയില്ല. എസ്.എഫ്.ഐക്കാര്‍ മുതല്‍ കെ.എസ്.കെ.ടി.യുക്കാര്‍ വരെ സമരവുമായി ഇറങ്ങും. കോണ്‍ഗ്രസ് സര്‍ക്കാരിനേ നന്നാക്കിയേ അടങ്ങൂ എന്ന വാശിയില്‍ ഒന്നിനു പിറകെ ഒന്നായി സമര പരമ്പരകള്‍ കൊണ്ടാടും.
 
ഇടതു സര്‍ക്കാരിന്റെ കാലത്തായിരുന്നു സോളാറും മറ്റും വന്നിരുന്നതെങ്കില്‍ പരമാവധി പോയാല്‍ പേരിനൊരു സെക്രട്ടറിയേറ്റ് മാര്‍ച്ചിലും നാലഞ്ച് ചാനല്‍ ചര്‍ച്ചകളിലും ഒതുങ്ങിയേനെ കോണ്‍ഗ്രസ് സമരം. അനിശ്ചിത കാല സെക്രട്ടറിയേറ്റ് വളയല്‍ പോലെയുളള വഴിയില്‍ ഉപേക്ഷിക്കേണ്ട പരിപാടിക്കൊന്നും ഉമ്മന്‍ ചാണ്ടിയേയോ ചെന്നിത്തലയോ ജന്മത്ത് കിട്ടില്ല. ഇത്തരം സമരത്തിലൊന്നും കാര്യമില്ലെന്നും ഇനിയതല്ല ഇതിനൊന്നും വിളിച്ചാല്‍ കോണ്‍ഗ്രസുകാരെ കിട്ടില്ലെന്നും അവര്‍ക്കറിയാം. 
 
രണ്ടു പാര്‍ട്ടികള്‍ തമ്മിലുളള ഈ വ്യത്യാസം ഇപ്പോള്‍ പറയാന്‍ കാരണമുണ്ട്. കേരളത്തില്‍ നിലവിലെ കാലാവസ്ഥയില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് മേല്‍ക്കൈ കിട്ടുമെന്ന് പ്രവചിക്കാന്‍ രാഷ്ട്രീയ വിശകലന വൈദഗ്ധ്യം ഒന്നും വേണ്ട. സരിത മുതല്‍ ശാലു വരെയുളള സുന്ദരിമാരാലും സലീം രാജ് മുതല്‍ ജോപ്പന്‍ വരെയുളള സുന്ദരന്മാരാലും ഇവരൊന്നും പോരാഞ്ഞ് സാക്ഷാല്‍ ചീഫ് വിപ്പിനാലും സര്‍ക്കാരിനുണ്ടായ പ്രതിഛായ അത്ര കേമമാണ്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പണിയാവുന്ന പണി പരസ്പരം പണിയുന്നുമുണ്ട്. കഴിഞ്ഞ തവണ കിട്ടിയ 16 പോയിട്ട് ആറെങ്കിലും ഉറപ്പിക്കാന്‍ വഴികാണാതിരിക്കുമ്പോഴാണ് സഹായവുമായി സാക്ഷാല്‍ സി.പി.എം പോളിറ്റ് ബളൂറോ എത്തുന്നത്. 
 
മൂന്നാം ബദല്‍ എന്നൊക്കെ കാരാട്ടും കൂട്ടരും വീമ്പു പറയുന്നുണ്ടെങ്കിലും എം.പിമാരുടെ എണ്ണം കുറഞ്ഞാല്‍ മൂന്നാം ബദലിന്റെ മുന്നില്‍ മമതാ ബാനര്‍ജി ചിരിച്ചു നില്‍ക്കുന്നതു കാണേണ്ടിവരും. മുലായം മുതല്‍ മായാവതി വരെയുളള നേതാക്കള്‍ക്ക് ഇടതന്മാരില്ലാതെ ഭരണകസേരയില്‍ ഇരിക്കില്ലെന്ന നിര്‍ബന്ധബുദ്ധിയൊന്നുമില്ല. മതേതരയായ മമതയെ കൂട്ടാന്‍ മറ്റു തടസ്സങ്ങളുമില്ല. ചുരക്കി പറഞ്ഞാല്‍ 42 സീറ്റുളള ബംഗാളില്‍ മമത നേടുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടാനായാലേ മൂന്നാം മുന്നണിയിലെങ്കിലും സ്ഥാനം കിട്ടൂ. ബംഗാളില്‍ ഇക്കുറി പച്ചതൊടാനാവുമെന്ന പ്രതീക്ഷ ബംഗാളി നേതാക്കള്‍ക്കു പോലുമില്ല. കഷ്ടി രണ്ടക്കം കടന്നാല്‍ ഭാഗ്യം. പിന്നെ ഏക പ്രതീക്ഷ കേരളമാണ്. കേരളം ചതിച്ചാല്‍ ദേശീയ തലത്തിലും പാര്‍ട്ടിയുടെ കാര്യം കട്ടപ്പൊകയാകും. 
 
വി.എസും പിണറായിയും തമ്മിലുളള വൈരം പുറമേയ്‌ക്കെങ്കിലും അല്‍പ്പം ശമിക്കുകയും സോളാര്‍ സമരത്തില്‍ പാര്‍ട്ടി ഒന്നിച്ചു നില്‍ക്കുകയും ചെയ്തു. സമരം പിന്‍വലിച്ചതിനെ ചൊല്ലി വി.എസിനെ ചൊടിപ്പിക്കാന്‍ ചാനലുകാരായ ചാനലുകള്‍ ആവതും ശ്രമിച്ചിട്ടും വി.എസും മറുത്തൊരു മറുപടിയോ മുന വച്ച മറുപടിയോ നല്‍കിയില്ല. അങ്ങനെ കാര്യമായ പ്രശ്‌നങ്ങളില്ലാതെ കേരളത്തിലെ പാര്‍ട്ടി മുന്നോട്ടു പോകുമ്പോഴാണ് പി.ബി കമ്മീഷന്‍ വരുന്നത്. വലിയ പെരുന്നാളിനു പളളിയില്‍ പോവാത്ത ബാപ്പമാരാണ് വെളളിയാഴ്ച നിസ്‌കാരത്തിനായി കേരളത്തില്‍ എത്തിയത്. തമ്മിലടി കൊട്ടിക്കേറിയ കാലത്തൊന്നും കമ്മീഷനും വന്നില്ല, പ്രശ്‌നങ്ങള്‍ പരിഹരിച്ചുമില്ല. കേരളത്തിലെ സമാധാന അന്തരീക്ഷം കണ്ട് സഹികെട്ട പി.ബി കമ്മീഷന്‍ ഉടന്‍ കേരളത്തിലെത്തി. ഇതോടെ കേരളത്തിലെ വെടി നിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിക്കപ്പെട്ടു.
 
സോളാര്‍ വിഷയത്തില്‍ തിരിച്ചും മറിച്ചും കുഴച്ചും എഴുതിയും ചര്‍ച്ചിച്ചും മടുത്തിരിക്കുമ്പോഴാണ് കമ്മീഷന്‍ വരുന്നത്. ചാനലുകള്‍ ക്യാമറ വീണ്ടും എ.കെ.ജി സെന്ററിലേക്കു തിരിച്ചു വച്ചു. പിണറായി പക്ഷ നേതാക്കള്‍ കമ്മറ്റിക്കകത്ത് വി.എസിനെ പറയാവുന്ന പുലഭ്യം പരമാവധി പറഞ്ഞു. ചിലര്‍ ഇതിനായി ആശാന്‍ കവിത പോലും കാണാതെ പഠിച്ചു. കമ്മീഷന്‍ തനിക്കിട്ടു പണി തരുമെന്ന് വി.എസിനും ഉറപ്പായി. ഇതോടെ പാര്‍ട്ടിക്കിട്ട് കൊട്ടുമായി വി.എസ് വീണ്ടും ഇറങ്ങി. പിണറായി മുതല്‍ കാരാട്ട് വരെയുളള നേതാക്കളെ നിരത്തി നിര്‍ത്തി അവരുടെ കാതിലേക്ക് കതിന പൊട്ടിച്ച് തൊണ്ണൂറാം പിറന്നാള്‍ ആഘോഷിച്ചു. ഒരു ചാനലിന് ഒന്നെന്ന കണക്കില്‍ എല്ലായിടത്തും ഓരോ ഗുണ്ട് പൊട്ടിച്ച് വി. എസ് മടങ്ങിയതിനു പിന്നാലെ വിലക്കുമായി പി.ബിയുടെ വാറോലയെത്തി. അപ്പോഴേക്കും പറയാനുളളത് പറഞ്ഞും നാറാനുളളത് നാറിയും കഴിഞ്ഞിരുന്നു. പാലക്കാട് പ്‌ളീനം മുതല്‍ പി.ബിയും കേന്ദ്രകമ്മറ്റിയും പി.ബി കമ്മീഷനും അങ്ങനെയങ്ങനെ ഓരോ കമ്മറ്റിയും ഇനി വാര്‍ത്തകളില്‍ നിറയും. 
 
തൊണ്ണൂറു കഴിഞ്ഞ വി.എസിനെ പുകച്ച് പാര്‍ട്ടിക്കു പുറത്താക്കിയാല്‍ നഷ്ടം ആര്‍ക്കെന്ന് ചിന്തിക്കാനുളള സമാന്യബുദ്ധി പി.ബി അംഗങ്ങള്‍ക്ക് ഇല്ലാതെ പോയി. ഈ കളിയില്‍ പിണറായിക്കും കോടിയേരിക്കും നഷ്ടപ്പെടാനൊന്നുമില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് വി.എസിനെ പുറത്താക്കേണ്ടത് ഇരുവരുടേയും ആവശ്യവുമാണ്. ലോക്‌സഭയില്‍ തോറ്റാലും ജയിച്ചാലും അവര്‍ക്ക് പ്രത്യേകിച്ച് എന്തെങ്കിലും ലാഭമോ നഷ്ടമോ ഇല്ല. ഇപ്പോള്‍ തന്നെ പുറത്താക്കിയാല്‍ തിരഞ്ഞെടുപ്പില്‍ വി.എസ് ഇഫക്ട് ഉണ്ടായാലും അത് ലോക്‌സഭാ തിരഞ്ഞെടുപ്പിനേ ബാധിക്കൂ. രണ്ടര വര്‍ഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സാരമായി ബാധിക്കില്ല.
 
എന്നാല്‍ കാരാട്ടിന്റെയും കൂട്ടരുടേയും അവസ്ഥ അതല്ല. ദേശീയ തലത്തില്‍ പാര്‍ട്ടി തീരെ ദുര്‍ബലമാകും. സഭയില്‍ ബലമില്ലാത്ത പാര്‍ട്ടികളുടെ അഭിപ്രായം ആരായാന്‍ ഒരു ചാനലും പാര്‍ട്ടി ഓഫീസിലേക്കു വരില്ല. കോണ്‍ഗ്രസും ബി.ജെ.പിയും മുതല്‍ ശിവസേന വരെ മുന്നില്‍ നിന്ന് കളിക്കുമ്പോള്‍ ബൗണ്ടറിക്ക് പുറത്ത് വല്ലപ്പോഴും കിട്ടുന്ന ബോള്‍ പെറുക്കല്‍ മാത്രമാവും പണി.
 
പിന്നില്‍ക്കുത്ത്
പാരമ്പര്യം തെറ്റിക്കരുതല്ലോ. പ്രധാനമന്ത്രി സ്ഥാനം താലത്തില്‍ വച്ചു നീട്ടിയപ്പോള്‍ പുറം കാലുകൊണ്ട് തട്ടിക്കളഞ്ഞ പാര്‍ട്ടിയാണിത്. മേല്‍ക്കൈയില്ലാത്ത സര്‍ക്കാരില്‍ പങ്കാളികളാവണ്ടെന്നായിരുന്നു തീരുമാനം. ഇക്കണക്കിനാണേല്‍ മേല്‍ക്കൈ ഉടന്‍ കിട്ടുമായിരിക്കും!
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍