UPDATES

വിദേശം

റഷ്യന്‍ കരടി പശ്ചിമേഷ്യയില്‍

ലിസ് സ്ലൈ (വാഷിങ്ങ്ടണ്‍ പോസ്റ്റ്)

സോവിയറ്റ് യൂണിയന്‍റെ പതനത്തോടെ  അമേരിക്ക ചോദ്യം ചെയ്യാത്ത മേല്‍ക്കൈ നേടിയ പശ്ചിമേഷ്യയില്‍,രണ്ടു ദശാബ്ദത്തിന് ശേഷം വീണ്ടും ശക്തിയാര്‍ജിക്കുന്ന റഷ്യ പതുക്കെ സ്വധീനം തേടുകയാണ്. ഇറാഖിലെ അമേരിക്കന്‍ സേനാ പിന്‍മാറ്റവും, അറബ് വസന്തത്തില്‍ മേഖലയിലെ പല രാജ്യങ്ങളിലും  അമേരിക്കന്‍ അനുകൂല ഭരണകൂടങ്ങള്‍ കടപുഴകിയതും ഈ മാറ്റത്തിന് ആക്കം കൂട്ടുന്നു.

മേഖലയിലെ അവസാനത്തെ റഷ്യന്‍ അനുകൂല സര്‍ക്കാരുള്ള സിറിയക്കെതിരായ അമേരിക്കന്‍ സൈനിക നടപടി ഒഴിവാക്കിയ നയതന്ത്ര നീക്കം റഷ്യയുടെ സാന്നിധ്യം ഒരിക്കല്‍ കൂടി ശക്തമാക്കാന്‍ സഹായിച്ചിട്ടുണ്ട്. മേഖലയുടെ സ്ഥിരതയെ ആകെ ബാധിക്കുമായിരുന്ന യുദ്ധം ഒഴിവാക്കിയ റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമിര്‍ പുടിന്‍ ലോകനേതൃത്വത്തില്‍ ശക്തനായി ഇടംപിടിച്ചു. സിറിയയുടെ രാസായുധങ്ങള്‍ നശിപ്പിക്കാനുള്ള ഒരു ഐക്യരാഷ്ട്ര സഭാ പ്രമേയത്തില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയില്‍  നിന്നും, സിറിയന്‍ പ്രസിഡണ്ട് ബഷര്‍ അല്‍അസദില്‍ നിന്നും ഒരുപോലെ വിട്ടുവീഴ്ച്ചകള്‍ നേടിയെടുക്കാനും പുടിനായി.

ശീതയുദ്ധകാലത്തിന്‍റെ ഓര്‍മകള്‍ ഉണര്‍ത്തും വിധത്തില്‍, അമേരിക്കന്‍ വലയത്തില്‍ ഉള്ളതെന്ന് കരുതുന്ന രാജ്യങ്ങളില്‍ പലതുമായും പഴയ ചങ്ങാത്തങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും പുതിയ സഖ്യങ്ങള്‍ തേടാനുമുള്ള അധികം പ്രകടമല്ലാത്ത ശ്രമത്തിലാണ് റഷ്യ.

മേഖലയിലെ കുഴപ്പങ്ങളില്‍ ഇനിയും കൂടുതല്‍ ആഴത്തില്‍ കുരുങ്ങേണ്ടതില്ലെന്ന ഒബാമ ഭരണകൂടത്തിന്‍റെ നയത്തെ തുടര്‍ന്ന്, പ്രദേശത്തെ ശക്തന്മാരായ ഈജിപ്തും, ഇറാഖും മോസ്കോവിനോട് കൂടുതല്‍ അടുക്കുന്നുണ്ട്. എന്നാല്‍ പശ്ചിമേഷ്യയിലെ തര്‍ക്കങ്ങളോ, സിറിയന്‍ പ്രതിസന്ധിയോ വാഷിംഗ്ടന്‍റെ പഴയ ശത്രുവുമായി ഒരു മത്സരത്തിന് വകയുള്ള വിഷയങ്ങളല്ലെന്ന് ഒബാമ ഐക്യരാഷ്ട്ര സഭയില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ വ്യക്തമാക്കുകയുണ്ടായി.

അതേസമയം റഷ്യയുടെ പുതിയ നീക്കങ്ങള്‍ അമേരിക്കയുടെ ചെലവില്‍ മേഖലയില്‍ സ്വാധീനമുറപ്പിക്കാനുള്ള നടപടികളാണെന്ന് മേഖലയിലെ അമേരിക്കയുടെ ഉറച്ച പങ്കാളിയും, അറബ് ശക്തിയുമായ സൌദി അറേബ്യഉറച്ചു വിശ്വസിക്കുന്നു. മോസ്കോവിന്റെ അടുത്ത സഖ്യകക്ഷിയായ ഇറാനുമായി അമേരിക്ക അടുത്തിടെ നടത്താന്‍ തുടങ്ങിയ ഇടപെടലുകള്‍ സൌദിയുടെ ആശങ്കകള്‍ക്ക് ആക്കം കൂട്ടിയിട്ടിട്ടുണ്ട്.

“പശ്ചിമേഷ്യന്‍ പ്രശ്നത്തെ റഷ്യ നോക്കിക്കാണുന്നതു മുഴുവനും പഴയ ശീതയുദ്ധ നിലപാടുകളില്‍ നിന്നാണ്. അമേരിക്ക ഉള്ളിടത്തെല്ലാം ഭിന്നിപ്പുണ്ടാക്കുക എന്നാണ് നയം. അവര്‍ക്ക് യാതൊരു മൂല്യങ്ങളുമില്ല. അമേരിക്കക്കാരെ ചെറുക്കുക എന്നത് മാത്രമാണു ഏക നയം,” ദുബായ് ആസ്ഥാനമായ ഗള്‍ഫ്  ഗവേഷണ കേന്ദ്രത്തിലെ മുസ്തഫ അലാനി പറയുന്നു. മേഖലയിലെ റഷ്യയുടെ ഇടപെടലുകള്‍ക്ക് പല ലക്ഷ്യങ്ങളുമുണ്ട്. എന്നാല്‍ ലോകത്ത്അവഗണിക്കാനാകാത്ത  ഒരു രാജ്യമായി സ്ഥാനമുറപ്പിക്കാനുള്ള ശ്രമം തന്നെയാണ് പ്രധാനം. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അമേരിക്ക പരാജയപ്പെടുമ്പോള്‍ പ്രത്യേകിച്ചും.

ഇതിനെ ഫലങ്ങള്‍ കണ്ടുതുടങ്ങിയിരിക്കുന്നു. 2003-ലെ അമേരിക്കന്‍ അധിനിവേശത്തെ തുടര്‍ന്ന് അധികാരത്തിലെത്തിയ ഇറാഖി പ്രസിഡണ്ട് നൂറി അല്‍-മാലികി കഴിഞ്ഞ വര്‍ഷം രണ്ടുതവണ മോസ്കോ സന്ദര്‍ശിച്ചു. ഒറ്റത്തവണപോലും വാഷിംഗ്ടണില്‍ പോയില്ലതാനും. റഷ്യയുമായുള്ള 4 ബില്ല്യണ്‍ ഡോളറിന്‍റെ ആയുധ വ്യാപാര കരാറിനെക്കുറിച്ചായിരുന്നു മാലികി പ്രധാനമായും ചര്‍ച്ചകള്‍ നടത്തിയത്. കരാറനുസരിച്ച് റഷ്യ ആയുധ വിതരണം ഉടന്‍ തുടങ്ങും. കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ അമേരിക്കയുമായി ഇറാഖ് നടത്തിയ 18 ബില്ല്യണ്‍ ഡോളറിന്‍റെ ആയുധ ഇടപാടുകള്‍ വെച്ചുനോക്കിയാല്‍ ഇത് ചെറുതാണ്. എന്നാല്‍ എഫ്-16 പോര്‍വിമാനങ്ങളടക്കമുള്ള അതിലെ പ്രധാന സാമഗ്രികള്‍ ഇനിയും എത്തിയിട്ടില്ല. അയല്‍രാജ്യമായ സിറിയയിലെ ആഭ്യന്തരയുദ്ധം രാജ്യത്തിന്‍റെ സുരക്ഷക്ക് ഭീഷണിയാകും എന്ന ആശങ്ക ഉയരവേയാണ് ആയുധങ്ങള്‍ക്കായി ഇറാഖ് റഷ്യയെ സമീപിച്ചത്.

അതേ സമയം സൈനിക പിന്തുണയുള്ള പുതിയ ഭരണകൂടവും വാഷിംഗ്ടണും തമ്മില്‍ ഉടലെടുത്ത ഭിന്നതകള്‍  ഈജിപ്തിനെ മോസ്കോവുമായി അടുപ്പിക്കുന്നുണ്ട്. മിക്ക പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളും ഈജിപ്തിനെ ഒഴിവാക്കുമ്പോള്‍ സംഘര്‍ഷഭരിതമായ ഈ സമയത്ത് റഷ്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കാനുള്ള വഴികളാലോചിച്ച് ഒരു റഷ്യന്‍ സംഘം ഈയിടെ ഈജിപ്തിലെത്തി. അമേരിക്കയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒരു പഴയ ലോക ബാങ്ക് ഉദ്യോഗസ്ഥന്‍ കൂടിയായ ഈജിപ്തിന്‍റെ പുതിയ വിദേശകാര്യ മന്ത്രി നബീല്‍ ഫാത്മി തന്‍റെ ആദ്യ വിദേശ സന്ദര്‍ശനത്തിന് തെരഞ്ഞെടുത്തത്  മോസ്കോയാണെന്നതും യാദൃശ്ചികമല്ല.

ഒബാമ ഭരണകൂടത്തിന്‍റെ നയങ്ങളില്‍ അസംതൃപ്തരാണെങ്കിലും അത്രപെട്ടെന്ന് വാഷിംഗ്ടണെ വിട്ടു മോസ്കോയ്ക്ക് പിറകെപ്പോകാന്‍ പശ്ചിമേഷ്യയിലെ അമേരിക്കന്‍ സഖ്യരാഷ്ട്രങ്ങള്‍ തയ്യാറാകില്ല. സൈനിക പരിഗണനകള്‍ തന്നെയാണ് മുഖ്യ കാരണം. വിപുലമായ സൈനിക താവള ശൃംഖലയും അത്യാധുനിക ആയുധങ്ങളുമുള്ള അമേരിക്കക്കാണ് തങ്ങള്‍ക്ക് സുരക്ഷാ നല്‍കാനാകുക എന്നു മിക്ക അറബ് രാഷ്ട്രങ്ങളും കരുതുന്നു. എന്നാല്‍, പുതിയ സാധ്യതകള്‍ക്കായി അവര്‍ നോക്കുകയാണ് എന്ന കാര്യത്തില്‍ സംശയമില്ല.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍