UPDATES

വായന/സംസ്കാരം

ഗാന്ധി ബിഫോര്‍ ഇന്ത്യ – രാമചന്ദ്ര ഗുഹ

‘ഗാന്ധി ബിഫോര്‍ ഇന്ത്യ’ എന്ന പുതിയ പുസ്തകത്തിലൂടെ മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ അധികമാരും അറിയാത്ത സന്ദര്‍ഭങ്ങളെ നിരീക്ഷിക്കുകയാണ് ചരിത്രകാരനും കോളമിസ്റ്റുമായ രാമചന്ദ്ര ഗുഹ. ദക്ഷിണാഫ്രിക്കയിലേയും, ഇന്ത്യയിലേയ്ക്കു മടങ്ങും മുമ്പ് ഇംഗ്ലണ്ടിലെയും ഗാന്ധിയുടെ കാലത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു. രണ്ടു വാല്യങ്ങളിലായുള്ള ഇത്തരമൊരു പുസ്തകം ഇതാദ്യമായാണ്. ബാംഗ്ലൂരുകാരനായ ഗ്രന്ഥകാരന്‍ രാഷ്ട്രപിതാവിന്റെ സമ്പൂർണ്ണ ചിത്രം വരച്ചു കാട്ടിയിരിക്കുന്നു. 
 
സമകാലീന എഴുത്തുകാരില്‍ അപൂര്‍വ്വമായി മാത്രം കാണാറുള്ള ചരിത്രബോധം, നാടകീയത, ആഴത്തിലുള്ള അന്വേഷണം എന്നിവയാണ് ഗുഹ എന്ന എഴുത്തുകാരന്റെ സവിശേഷത. അക്കാദമിക ചിന്തകള്‍ക്കപ്പുറം സമകാലീന ചരിത്രത്തെ വിശാലമായി വായനക്കാരിലേയ്ക്ക് എത്തിക്കുന്നതില്‍ നേതൃത്വപരമായ പങ്കുവഹിക്കുന്ന എഴുത്തുകാരന്‍. 
 
 
ഗുജറാത്ത് തീരമേഖലയിലെ ബനിയ വിഭാഗത്തില്‍ ജനിച്ച ഗാന്ധിയുടെ ആദ്യകാലജീവിതത്തെക്കുറിച്ചുള്ളതാണ് രാമചന്ദ്ര ഗുഹയുടെ പുസ്തകം. സമ്പന്നരായിരുന്നെങ്കിലും യാഥാസ്ഥിതികബോധം പുലര്‍ത്തിയതായിരുന്നു ഗാന്ധിയുടെ കുടുംബം. മതവിശ്വാസം ആഴത്തില്‍ വേരു പിടിച്ച ചുറ്റുപാടുകളും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്വാധീനവുമൊക്കെയുള്ള പരിസരത്തിലാണ് ഗാന്ധിയുടെ വളര്‍ച്ച. വളരെ ചെറുപ്പത്തിലേ വിവാഹം, 23-ആം വയസ്സില്‍ ദക്ഷിണാഫ്രിക്കയിലേയ്ക്കുള്ള പോക്ക് തുടങ്ങിയവയെക്കുറിച്ച് ഒട്ടേറെ പുതിയ വെളിപ്പെടുത്തലുകള്‍ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നു. 
 
അഞ്ചു രാജ്യങ്ങളിലെ ചരിത്രരേഖകള്‍ ഗുഹ പരിശോധിച്ചു. ഗാന്ധിയുടെ തിരഞ്ഞെടുത്ത കൃതികളില്‍ കാണാത്ത ഒട്ടേറെ കത്തുകളും അദ്ദേഹം കണ്ടെടുത്തു. ഭൂമിയില്‍ നിന്നു കടന്നു പോയ ഒരു മഹാമനുഷ്യനെ മനസ്സിലാക്കാനുള്ള ഏറ്റവും നല്ല കൃതിയാണ് ഈ പുസ്തകം.
 
ദക്ഷിണാഫ്രിക്കയില്‍ ജീവിച്ച രണ്ടു ദശകമാണ് യുവാവായിരുന്ന അഭിഭാഷകനെ മഹാത്മാവായി മാറ്റിയെടുത്തത്. 1915ല്‍ ഇന്ത്യയിലേയ്ക്കു വരുന്നതിനു മുമ്പു തന്നെ ഗാന്ധിയന്‍ ആശയങ്ങള്‍ക്ക് അടിസ്ഥാനരൂപവികാസം സംഭവിച്ചിരുന്നുവെന്ന് രാമചന്ദ്ര ഗുഹ പറയുന്നു. സാമ്രാജ്യത്വം, വിവേചനം എന്നിവയുടെ സ്വഭാവത്തെക്കുറിച്ച് ഇംഗ്ലണ്ടിലെയും ദക്ഷിണാഫ്രിക്കയിലെയും ജീവിതകാലത്താണ് ഗാന്ധി മനസ്സിലാക്കിയത്. ഏറ്റവുമൊടുവില്‍ അത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അന്ത്യത്തിന് കാരണമായ തത്വശാസ്ത്രവും തന്ത്രങ്ങളും ദക്ഷിണാഫ്രിക്കയില്‍ വെച്ച് അദ്ദേഹം നെയ്‌തെടുത്തു.
 
 
ഗുജറാത്തിലെ തീരദേശ സംസ്‌കാരം, ബനിയ സമുദായം, വിക്ടോറിയന്‍ ലണ്ടന്‍, കൊളോണിയല്‍ ദക്ഷിണാഫ്രിക്ക എന്നിവയിലൂടെ വായനക്കാരന് ഒരു യാത്രാനുഭവം പകരുകയാണ് ഗുഹ. സസ്യാഹാരികളും ടോള്‍സ്‌റ്റോയന്‍സും തമ്മിലുള്ള സാംസ്‌കാരിക വൈരുധ്യത്തിലെ പരീക്ഷണങ്ങള്‍, റാഡിക്കല്‍ ജൂതന്മാര്‍, മാതാവിരോധികളായ ക്രിസ്ത്യാനികള്‍, ദൈവഭക്തിയുള്ള മുസ്ലീങ്ങള്‍ എന്നിവരുമായുള്ള സൗഹൃദം തുടങ്ങിയവയൊക്കെ പുസ്തകത്തില്‍ വിവരിക്കുന്നു. ശത്രുത, പ്രതികാരം, ഭര്‍ത്താവും പിതാവുമെന്ന നിലയിലുള്ള പരാജയം എന്നിവയൊക്കെ പുസ്തകം നിരീക്ഷിക്കുന്നുണ്ട്. 
 
ഗാന്ധി എങ്ങനെ ആയിരക്കണക്കിനു ഹൃദയങ്ങളെ സ്വാധീനിച്ചു, ബഹുജനവിഭാഗങ്ങളെയെല്ലാം എങ്ങനെ അദ്ദേഹം ഒരേ ചരടില്‍ കണ്ണി ചേര്‍ത്തു, മതസൗഹാര്‍ദ്ദം എങ്ങനെ സാധ്യമാക്കി, ക്രൂരവും വിവേചനാധിഷ്ഠിതവുമായ ഭരണം നടത്തുന്ന സാമ്രാജ്യശക്തിക്കെതിരെ അംഹിസ എങ്ങനെ ഒരു സമരമുറയാക്കി എന്നിവയ്ക്കുള്ള ഉത്തരങ്ങളാണ് ഈ പുസ്തകം.
 
ഒട്ടേറെ പുതിയ വാദമുഖങ്ങള്‍ തുറന്നതായിരുന്നു ഗുഹയുടെ മുന്‍കാല രചനകള്‍. ആധുനിക ഇന്ത്യയെ മനോഹരമായി വിവരിക്കുന്നതായിരുന്നു ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി എന്ന കൃതി. തുടര്‍ച്ചയുള്ള കോളമിസ്റ്റ് എന്ന നിലയ്ക്കും കായികം മുതല്‍ രാഷ്ട്രീയം വരെയും പാരിസ്ഥിതിക ചരിത്രവുമൊക്കെ വഴങ്ങുന്ന ഒരു എഴുത്തുകാരനെന്ന നിലയ്ക്കുമൊക്കെയുള്ള സമ്പന്നമായ ജീവിതമാണ് ഗുഹയുടേത്. ഗാന്ധി ബിഫോര്‍ ഇന്ത്യ എന്ന കൃതി ഗുഹയുടെ ജീവിതത്തില്‍ മറ്റൊരു നേട്ടം കൂടി എഴുത്തിച്ചേര്‍ക്കുന്നു. മഹാത്മാ ഗാന്ധിയെ മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍