UPDATES

ഓഫ് ബീറ്റ്

വെള്ളപ്പല്ലുകളുള്ള പാട്ടുപെട്ടി – കെ.ആര്‍ ഇന്ദിരയുടെ ആകാശവാണി ഓര്‍മകള്‍

‘നിങ്ങളുടെ മുഖത്ത് നോക്കി ഒരു യുവാവ് നിങ്ങള്‍ വിരൂപയാണ് എന്ന് പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?’ ആകാശവാണിയില്‍ ടെസ്റ്റിനെത്തിയപ്പോള്‍ നേരിട്ട ആദ്യ ചോദ്യം. റേഡിയോ ജീവിതത്തിന്റെ ഭാഗമാകുന്നതിനെക്കുറിച്ചും ആകാശവാണിയെ കുറിച്ചും ദേവികുളം നിലയത്തില്‍ പ്രോഗ്രാം ഡയറക്റ്ററായ പ്രശസ്ത എഴുത്തുകാരി കെ.ആര്‍ ഇന്ദിര എഴുതുന്നു. 
 
 
നാല് വെള്ളപ്പല്ലുകളുള്ള വലിയ ഒരു പെട്ടിയാണ് എന്റെ വീട്ടിലെ ആദ്യത്തെ റേഡിയോ. അതിന് മാറാല പിടിച്ച എരിയലുമുണ്ടായിരുന്നു. ഒരു രാത്രി അത് മുഹമ്മദ് മാപ്പിളയുടെ ശിരസ്സിലിരുന്നു കൊണ്ട് പ്രവേശിച്ചു. ഏരിയല്‍ വലിച്ചു കെട്ടി രണ്ടാമത്തെ വെള്ളപ്പല്ലു ഞെക്കിയപ്പോള്‍ ഒരു വെളിച്ചം തെളിഞ്ഞു. പിന്നെ ഒരു മൂളല്‍ കേട്ടു. പതുക്കെ ചില പൊട്ടലും ചീറ്റലും കേട്ടു തുടങ്ങി. അതിനിടയിലൂടെ ഒടുവില്‍ ഒരു ഈണം ഞെങ്ങി ഞെരുങ്ങി പുറത്തെത്തി.
 
‘വെള്ള ത്താമര മൊട്ടു പോലെ 
വെണ്ണക്കല്‍ പ്രതിമ പോലെ 
കുളിക്കാനിറങ്ങിയ പെണ്ണേ 
നിന്റെ കൂടെ ഞാനും വന്നോട്ടെ… 
 
എന്നിലെ പത്തു വയസ്സുകാരിക്കു നാണം വന്നു. ‘അയ്യേ… എന്തൊക്കെയാ ഈ റേഡിയോ പാടണത്!’ എന്ന് അവള്‍ നാണിച്ചൊളിച്ചു. മറ്റാര്‍ക്കും ചൂളലൊന്നും ഉണ്ടാവുന്നില്ല എന്നത് അവള്‍ക്ക് അമ്പരപ്പുണ്ടാക്കി.
പില്‍ക്കാലത്ത് റേഡിയോ അവള്‍ക്ക് ആരാധനാപാത്രമായി. സിനിമാപ്പാട്ട് റേഡിയോയില്‍ നിന്ന് എഴുതി എടുക്കുകയും പാടിപ്പഠി ക്കുകയും അതിന്റെ പേരില് നിരന്തരം ശാസന കേള്‍ക്കുകയും ചെയ്യുന്നത് അവളുടെ ജീവിതത്തിന്റെ ഭാഗമായി. അങ്ങനെയങ്ങനെ അവള്‍ എം.എ ക്ലാസിലെത്തി. കോഴിക്കോട് യൂണിവേഴ്‌സിറ്റി മലയാളം ഡിപാര്‍ട്‌മെന്റിലെ ലൈബ്രറിയില്‍ നിന്ന് അന്നൊരു നാള്‍ ഹോസ്‌റലിലേക്ക് നടക്കുമ്പോള്‍ അവള്‍ കണ്ടു, റിസെര്‍ച് സ്‌കോളര്‍ ശാന്ത കുമാരി ടീച്ചറും സഹപാഠിനി മറിയവും മൈതാനത്തിനു കുറുകെ നടന്നു നീങ്ങുന്നു.
 
‘മറിയമേ…എവിടേക്കാ…?’
 
ഇന്ദിര വിളിച്ചു ചോദിച്ചു.
 
തല മാത്രം പിന്നാക്കം തിരിച്ച് ഒരു പുളിങ്ങച്ചിരിയോടെ മറിയം പറഞ്ഞു, ആകാശവാണിയിലേക്കാ…’. ഇന്ദിരയുടെ മനസ്സില് അന്നേരം കടുത്ത അസൂയയുടെ ഒരു കനല്‍ക്കട്ട വന്നു വീണു. ഒരു നിമിഷം. അപ്പോള്‍ കണ്ട ഒരു ഹോസ്റ്റല്‍മേറ്റിന്റെ കൈയില്‍ പുസ്തകക്കെട്ട് ഏല്പ്പിച്ച് അവള്‍ പറഞ്ഞു. ‘ഇതൊന്ന് എന്റെ മുറിയുടെ വാതില്‍ക്കല്‍ വെക്കണം. ‘അവള്‍ ഇരുവര്‍ സംഘത്തിന്റെ പിന്നാലെ കുത്തി കുതിച്ചു.
 
‘ടീച്ചറെ…ഞാനൂണ്ട് ട്ടോ .’
 
ടീച്ചര്‍ തിരിഞ്ഞു നിന്നു.
 
‘വേഗം വരൂ കുട്ടീ.’
 
ഓടിയെത്തി കിതച്ചു കൊണ്ട് അവള്‍ ചോദിച്ചു.
 
‘ന്റെ ബസ് ചാര്‍ജ് ടീച്ചര് കൊടുക്കില്ലേ?
 
‘കൊടുത്തോളാം.’
 
അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ മൂവര്‍ സംഘം യാത്ര തുടര്‍ന്നു.
 
 
ആകാശവാണി എന്ന സ്വപ്ന ലോകത്തിലേക്ക് അവള്‍ക്ക് ആദ്യമായി പ്രവേശനം ലഭിക്കുകയായിരുന്നു. അവിടെ ശാന്ത കുമാരി ടീച്ചര്‍, അണ്ണന്‍ എന്ന് വിളിച്ച ജി.ഭാര്‍ഗവന്‍ പിള്ളയെ അവള്‍ വല്യണ്ണന്‍ എന്ന് വിളിച്ചു. അദ്ദേഹത്തിനു വലിയ സ്ഥാനം ആ ചെറു ശ്രോതാവിന്റെ മനസ്സില്‍ പണ്ടേ ഉണ്ടായിരുന്നു. ശാന്ത കുമാരി ടീച്ചറുടെ ശിങ്കിടികള്‍ എന്ന നിലയില്‍ തരക്കേടില്ലാത്ത സ്ഥാന മാനങ്ങള്‍ ലഭിച്ചു മറിയത്തിനും ഇന്ദിരക്കും അവിടെ. ഡ്രാമാ ഓഡീഷനുള്ള നാല് അപേക്ഷാ ഫോമും കിട്ടി. അപേക്ഷാ ഫീസ് ഉണ്ടായിരുന്നോ എന്ന് ഓര്‍മ്മയില്ല. ഉണ്ടായിരുന്നെങ്കില്‍ അപേക്ഷിക്കാന്‍ ഇടയാവില്ലായിരുന്നു. അത്രയ്ക്ക് ദാരിദ്ര്യമാണക്കാലത്ത്. എന്തായാലും നാല് സഹപാഠിനികള്‍ അപേക്ഷിച്ചു. ടെസ്റ്റിനു പോയി. ജീവിതത്തില്‍ ആദ്യമായി സ്റ്റുഡിയോക്കകത്തെ മൈക്കിനു മുന്നില്‍ നില്ക്കുകയാണ്. സമീപത്ത് ഖാന്‍ കാവില്‍, പുഷ്പ എന്നീ നാടക പ്രതിഭകള്‍. മുട്ട് വിറക്കാന്‍ മറ്റൊന്നും വേണ്ട. അശരീരിയായ ഒരു ഘന ഗംഭീര ശബ്ദം മുഴങ്ങി അവിടെ അന്നേരം. 
 
‘നിങ്ങളുടെ മുഖത്ത് നോക്കി ഒരു യുവാവ് നിങ്ങള്‍ വിരൂപയാണ് എന്ന് പറഞ്ഞാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?’
 
ശ്വാസം നിലച്ചു പോയി.
 
ഉള്ള സൌന്ദര്യവും വാര്‍ന്നൊലിച്ച് വെറുങ്ങലിച്ച് ഒരു നില്‍പ്പ് നിന്ന് ഞാന്‍
.
ആ ചോദ്യത്തിലെ ശബ്ദം സി. പി രാജശേഖരന്റെതായിരുന്നു എന്ന് ബോധക്കേടിനിടയിലും ഞാന്‍ തിരിച്ചറിഞ്ഞു.
 
‘പോട്ടെ ..പോട്ടെ ..സാരമില്ല.
 
ഖാന്‍ കാവില്‍ സമാധാനിപ്പിച്ചു.
 
പിന്നെ അശരീരിയു ടെ ചോദ്യ പ്രവാഹം.
 
ഭ്രാന്തിയെ പോലെ ചിരിക്കൂ.
 
കാമുകിയെ പോലെ ചിരിക്കൂ 
 
പരിഹസിച്ചു ചിരിക്കൂ.
 
നിഷ്‌കളങ്ക യായി ചിരിക്കൂ 
 
എന്തിനേറെ പറയുന്നൂ, ടെസ്റ്റ് പാസായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.
 
ആദ്യത്തെ നാടകം ഇബ്‌സന്റെ ജനശത്രു. എന്റെ റോള്‍ ഡോക്ടരുടെ മകള്‍ പെട്ര. ഡോക്ടര്‍ വൈകാരിക സമ്മര്‍ദത്തില്‍ ആവുമ്പോള്‍ ‘പപ്പാ’ എന്ന്‍ ഇടക്കിടെ വിളിക്കുക മാത്രമാണ് പെട്രയുടെ ജോലി. റിഹേഴ്‌സല്‍ കഴിഞ്ഞപ്പോഴേക്കും പെട്രക്ക് മടുത്തു. പി.ഇ പാച്ചു എന്നാ റേഡിയോക്കാരന്‍ അതിനിടെ അവളോടു പറഞ്ഞു.  
 
‘നിങ്ങളിങ്ങനെ ഓട്ടോറിക്ഷ ഹോണടിക്കുന്നത് പോലെ ഇടക്കിടെ ഒച്ച ഉണ്ടാക്കാതെ.
 
ആ ഉപമ എനിക്ക് നന്നേ ബോധിച്ചു. പൊട്ടി വന്ന ചിരി ഞാന്‍ അടക്കി പ്പിടിച്ചു.
 
ആ ദേശീയ നാടകത്തിലെ പങ്കാളിത്തത്തിന് 156 രൂപ പ്രതി ഫലംകിട്ടി. തുടര്‍ന്നുള്ള കാലം ആകാശവാണി ക്കകത്ത് സൌഹൃദത്തിന്‌ടെയും സുജന മര്യാദയുടെയും സാംസ്‌കാരിക ഗരിമയുടെയും നിറവുണ്ട് എന്ന് തെറ്റി ധരിച്ച വേളയായിരുന്നു. അതൊക്കെ പുറമേക്ക് കാണുന്നതു മാത്രമാണെന്നും മേലെയുള്ള ആ കളിചിരികള്‍ക്കടിയില്‍ ചളിയും ചുഴിയും ഏറെയുണ്ട് എന്നും ഞാന്‍ പിന്നീട് അറിഞ്ഞു.
 
 
 
കെ.ആര്‍ ഇന്ദിര ആകാശവാണി ദേവികുളം നിലയത്തില്‍ പ്രോഗ്രാം ഡയരക്ടര്‍. പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ സ്ത്രൈണ കാമസൂത്രം (വാത്സ്യായന കാമസൂത്രത്തിനൊരു വിമര്‍ശനം ), ഇല്ലം നിറ (ചെറുകഥാ സമാഹാരം), രാമച്ചം (മണ്ണൊലിപ്പിനു സുസ്ഥിര പ്രതിവിധി (വിവര്‍ത്തനം ), ഗവേഷണ വിഷയം റേഡിയോ നാടകം.
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍