UPDATES

സയന്‍സ്/ടെക്നോളജി

ആണവ തരിശുപാടങ്ങളിലെ കൃഷി

ജില്ലിയാന്‍ കീനന്‍ (ഫോറിന്‍ പോളിസി)

പഴയ സോവിയറ്റ് കാലത്തെ ആണവ പരീക്ഷണ സ്ഥലമായിരുന്ന സെമിപലറ്റിന്‍സ്ക് ജീവിക്കാന്‍ പറ്റുന്ന സ്ഥലമേയല്ല. ഏതാണ്ട് 7,000 ചതുരശ്ര മൈല്‍ വരുന്ന തരിശായ ഈ കസാഖിസ്ഥാന്‍  പുല്‍മേടിലെവിടെയും ആള്‍ത്താമസമില്ല.  ഇത് പാര്‍ക്കാന്‍ പറ്റിയ ഇടമല്ലെന്ന തിരിച്ചറിവ് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഉണ്ട്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള കുഴികളും, ഗര്‍ത്തങ്ങളും ഭൂമിയില്‍ വടുക്കളായി പരന്നുകിടക്കുന്നു. 1949-നും 1989-നും ഇടക്ക് ഇവിടെ നടന്ന 450-ലേറെ ആണവ വിസ്ഫോടനങ്ങളുടെ ബാക്കിപത്രമാണിത്. ‘ഗ്രൌണ്ട് സീറോ’ക്കടുത്തുള്ള പുല്ലില്‍ ചിതറിക്കിടക്കുന്ന പൊട്ടിയ വോഡ്ക കുപ്പികള്‍,സെമിപലറ്റിന്‍സ്കിനെ ചൂഴ്ന്നുനില്‍ക്കുന്ന ഭീതിയുടെ അടയാളങ്ങളാണ്.  ആണവ വികിരണത്തെ തടയാന്‍ വോഡ്കക്ക് കഴിയുമെന്നാണ് ഇതിനടുത്തുള്ള ചില പ്രദേശവാസികള്‍ കരുതുന്നത്. മണ്ണില്‍ ചവിട്ടും മുമ്പ് ഷൂസിന് മുകളില്‍ പ്ലാസ്റ്റിക്ക് ആവരണമിടാനും മുഖം മറയ്ക്കാനും സന്ദര്‍ശകര്‍ക്ക് മുന്നറിയിപ്പുണ്ട്.

പക്ഷേ, വിഷമയമായ ഈ പ്രദേശത്തും ജൈവപ്രസന്നതയുടെ തുടിപ്പുകള്‍; ചോളത്തിന്റെ നിരകളോടൊപ്പം കടും മഞ്ഞനിറത്തില്‍ സൂര്യകാന്തിപ്പൂക്കള്‍,ഒരു കളപ്പുര നിറയെ കൊഴുത്ത ആട്ടിന്‍പറ്റം. ആണവ പ്രസരണവും പരിസ്ഥിതിയുമായുള്ള വൈദ്യ, ജൈവ പ്രതിപ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന കസാഖിസ്ഥാനിലെ ആണവ സുരക്ഷാ പരിസ്ഥിതി പഠനകേന്ദ്രം പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത കൃഷിയിടമാണിത്. ആണവ പ്രസരണമേറ്റ മണ്ണില്‍നിന്നും ആണവ പ്രസരണം ഭക്ഷ്യ വിളകളിലേക്കും, അവയില്‍നിന്നും അത് തിന്നുന്ന മൃഗങ്ങളുടെ ഇറച്ചി, പാല്, മുട്ട  എന്നിവയിലേക്കും പടരുന്നതിനെക്കുറിച്ചാണ് പഠനം.
 

ആണവ തരിശുപാടങ്ങളില്‍ കൃഷി സാധ്യമാണോ എന്നുള്ള വലിയ സമസ്യക്കാണ് ഈ പരീക്ഷണം ഉത്തരം തേടുന്നത്. ചെര്‍നോബില്‍ തൊട്ട് ഫുക്കുഷിമ വരെ വലിയ ആശങ്കകളുയര്‍ത്തിയ ഒരു പ്രശ്നം. ലോകത്തിലേക്കു തന്നെ ഏറ്റവും കൂടുതല്‍ ആണവ പ്രസരണം ഏറ്റുവാങ്ങിയ ഇവിടെ കൃഷി നടത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകളെ തെളിവുസഹിതം ഇല്ലാതാക്കാനാണ് ഗവേഷകരുടെ ശ്രമം.

സോവിയറ്റ് യൂണിയന്റെ അണുബോംബ് പദ്ധതിയുടെ രാഷ്ട്രീയ മേധാവിയായിരുന്ന ലാവ്റെന്‍റി ബെറിയ ആണവായുധങ്ങളുടെ പരീക്ഷണഭൂമിയായി 1947-ല്‍ തെരഞ്ഞെടുക്കുന്നതോടെ തുടങ്ങുന്നു സെമിപലറ്റിന്‍സ്കിന്‍റെ ആണവ ചരിത്രം. ബെറിയ അവകാശപ്പെട്ടത് ഇത് ‘ആള്‍പ്പാര്‍പ്പില്ലാത്ത’ സ്ഥലമാണെന്നായിരുന്നു. എന്നാല്‍ ആ വാദം തെറ്റായിരുന്നു. പരിസരപ്രദേശങ്ങളില്‍ ഏതാണ്ട് 7 ലക്ഷത്തോളം ആളുകളാണ് താമസിച്ചിരുന്നത്. തുടര്‍ന്നുള്ള ദശാബ്ദങ്ങളില്‍ തുടര്‍ച്ചയായി നടന്ന ആണവ പരീക്ഷണങ്ങളുടെ പ്രത്യാഘാതമായി മണ്ണ് വിഷമയമായി. പരിസരവാസികള്‍ വിഷബാധിതരായി. ജനന വൈകല്യങ്ങളും, പെരുകുന്ന അര്‍ബുദ രോഗബാധയും ഇന്നും തുടരുന്നു. കസാഖിസ്ഥാന്റെ സോവിയറ്റാനന്തര പ്രസിഡണ്ട് നൂര്‍സുല്‍ത്താന്‍ നസര്‍ബയേവ് 1991-ല്‍ പരീക്ഷണസ്ഥലം അടച്ചുപൂട്ടി. സര്‍ക്കാര്‍ ഇവിടെ കൃഷി നിരോധിച്ചു.

എന്നാല്‍ ഈ നിരോധനം വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയല്ലെന്നാണ് പരീക്ഷണ കൃഷിയിടത്തിലെ ശാസ്ത്രജ്ഞര്‍ കരുതുന്നത്. നാല്  വര്‍ഷം മുമ്പ് സുരക്ഷാപരിശോധനക്കായുള്ള പ്രദേശവാസികളുടെ ആവശ്യത്തെ തുടര്‍ന്നാണ് ഈ കൃഷിക്കളം തുറന്നത്. പ്രതിവര്‍ഷം 5 ലക്ഷം ചെലവിട്ടു നടത്തുന്ന ഈ കൃഷിക്കളത്തില്‍ വിളകളുടെ ആണവ വികിരണ സ്വഭാവങ്ങള്‍ നിരീക്ഷിച്ചും രേഖപ്പെടുത്തിയും 10 പേര്‍ ഇവിടെ പലപ്പോഴായി കഴിയുന്നു. കേന്ദ്രത്തിന്റെ ഡയറക്ടറായ സെര്‍ഗെയ് ലുകാഷെങ്കോ പറയുന്നത് ഈ പ്രദേശത്തെ ഏതാണ്ട് 80% ( 5800 ചതുരശ്ര മൈല്‍) ഭൂമിയിലും ഭക്ഷ്യയോഗ്യമായ കൃഷി നടത്താമെന്നാണ്. അടുത്ത കുറച്ചു  വര്‍ഷത്തിനുള്ളില്‍ ഇങ്ങനെ ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ ആവശ്യമായ തെളിവുകള്‍ ശേഖരിക്കാമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഇവിടെനിന്നുമുള്ള മാംസവും പച്ചക്കറികളും ഗവേഷകര്‍ കഴിച്ചുതുടങ്ങുന്നതു വരെയെത്തി അവരുടെ ആത്മവിശ്വാസം.

ആണവപ്രസരണ കൃഷിക്കളങ്ങള്‍ ഒരു വിവാദ വിഷയമാണ്. അടുത്ത 200 വര്‍ഷത്തേക്കെങ്കിലും ചേര്‍നോബിലിന് ചുറ്റുമുള്ള പ്രദേശത്ത് കൃഷി പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന വിദഗ്ദ്ധരുമുണ്ട്. മണ്ണില്‍ വര്‍ധിച്ച തോതില്‍  പ്ലൂട്ടോണിയം, ട്രാന്‍സ് യുറേനിയം ഘടകങ്ങള്‍ കാണപ്പെടുന്നതാണ് സെമിപലറ്റിന്‍സ്ക് പദ്ധതിയെ വിവാദത്തിലാക്കുന്നത്. ലോകത്ത് മറ്റിടങ്ങളില്‍ കാണുന്ന ആണവപ്രസരണ ഐസോടോപ്പുകളായ സെസിയം, സ്ട്രോന്‍റിയം എന്നിവക്കെല്ലാം കുറഞ്ഞ അര്‍ദ്ധായുസ്സാണുള്ളത്. സെസിയം-137നും സ്ട്രോന്‍റിയം-90നും ഏതാണ്ട് 30 വര്‍ഷത്തെ അര്‍ദ്ധായുസ്സാണുള്ളത്. എന്നാല്‍ സെമിപലാന്‍റിസ്കിലെ മണ്ണില്‍ കലര്‍ന്ന ആണവ പ്രസരണ ഐസോടോപ്പ് പ്ലൂട്ടോണിയം-239നു അര്‍ദ്ധായുസ്സ് 24,000 വര്‍ഷമാണ്.

ആണവ പ്രസരണത്തെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്ത ഏതാണ്ട് 5,000ത്തോളം നാടോടികള്‍ ഇതിനടുത്തായി ഇപ്പോള്‍ത്തനെ കൃഷി നടത്തുകയും, കന്നുകാലികളെ മേയ്ക്കുകയും ചെയ്യുന്നുണ്ട്. ഇവിടെ കൃഷിയോഗ്യമാണെന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താനായാല്‍ സെമിപലറ്റിന്‍സ്കിലെ കര്‍ഷകരുടെ എണ്ണം കുതിച്ചുയരുമെന്നാണ് ലുകാഷെങ്കോ കരുതുന്നത്.

ഈ കൃഷിക്കളത്തിന്റെ അനുഭവം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാന പദ്ധതികള്‍ക്ക് ഊര്‍ജം പകരും. ജപ്പാനിലെ ഫുകുഷിമയില്‍ മണ്ണില്‍ കലര്‍ന്ന സെസിയം-137ല്‍ നിന്നുള്ള ആണവ പ്രസരണം ഇലച്ചെടികളിലും മറ്റ് കിഴങ്ങ് വര്‍ഗങ്ങളിലും നിസ്സാരമായ തോതിലോ, അല്ലെങ്കില്‍ തീരെ ഇല്ല എന്നുമാണ് ഗവേഷകര്‍ പറയുന്നത്. ഈ പുതിയ ഗവേഷണഫലങ്ങള്‍ വെച്ച് ഫുകുഷിമയില്‍ കൃഷി പുനരുജ്ജീവിപ്പിക്കാനാണ്  ചില ഗവേഷകര്‍ ആവശ്യപ്പെടുന്നത്. കസാഖിസ്ഥാനിലെ സമാനഫലങ്ങള്‍ ഈ വാദത്തിന് ശക്തി പകരും.

എന്നാല്‍ വ്യത്യസ്ത ഐസോടോപ്പുകള്‍, കൃഷിരീതികള്‍, ആണവ പ്രസരണത്തിന്റെ തോതിലെ വ്യത്യാസം എന്നിവ ഒരു പൊതു നിഗമനത്തിലെത്തുന്നതിനെ തടയുന്നു എന്നു കരുതുന്ന ഗവേഷകരുമുണ്ട്.
 

ഗവേഷണത്തോടൊപ്പംതന്നെ സന്ദേഹികളുടെയും, പദ്ധതിക്കെതിരെയുള്ള പൊതു പ്രതിഷേധക്കാരുടെയും എതിര്‍പ്പുകളെ നേരിടുക എന്ന അടിയന്തര പ്രശ്നവും ഗവേഷകര്‍ക്കുണ്ട്. ആണവപ്രസരണത്തെക്കുറിച്ചുള്ള ഭയം ജനങ്ങളിലും സര്‍ക്കാരിലും വളരെ ആഴത്തില്‍ വേരോടിയ ഒന്നാണെന്ന് ലുകാഷെങ്കോ പറയുന്നു.

വിനാശകാരിയായ ദുരന്തത്തിന്റെ ചരിത്രം ശേഷിപ്പിച്ച പരന്നുകിടക്കുന്ന തെളിവുകള്‍ക്ക് ഇടയിലാണ് സെമിപലറ്റിന്‍സ്കിലെ ഗവേഷകര്‍ക്ക് മുന്നോട്ട് പോകേണ്ടത്. മഞ്ഞ ചായമടിച്ച അടയാള പലകകളില്‍ ആണവ പ്രസരണത്തിന്റെ ചുവന്ന അപായ സൂചനകളും, ഉപേക്ഷിക്കപ്പെട്ട സോവിയറ്റ് കാലത്തെ പരീക്ഷണശാലാ കെട്ടിടങ്ങളുടെ  അസ്ഥികൂടങ്ങളും ഇവിടുത്തെ നിശ്ശബ്ദതയില്‍ കനംതൂങ്ങി നില്ക്കുന്നു. ചരിത്രമാണ് ഈ കൃഷിക്കളത്തിന്റെ വലിയ ഭാരം-ഒരുപക്ഷേ വലിയ ആസ്തിയും. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍