UPDATES

ഇന്ത്യ

പിടിപ്പുകേടിന്റെ ആധാര്‍

ടീം അഴിമുഖം
 
ഡല്‍ഹി നഗരത്തിന്റെ ഓരം ചേര്‍ന്നുള്ള ഒരു സാധാരണ ഉത്തരേന്ത്യന്‍ ഗ്രാമമാണ് പൂത്ത് ഖുര്‍ദ്. ദേശീയപാതയോ മറ്റ് കാര്യങ്ങളോ അന്യമായ ഒരു പരമ്പരാഗത ഗ്രാമം. തലസ്ഥാന നഗരത്തില്‍ നിന്നുമിറങ്ങി ചണ്ഡിഗഢിലേയ്ക്കുള്ള വഴിമധ്യേയുള്ള റോഡു യാത്രയില്‍ ഈ ഗ്രാമം കാണാനായില്ലെങ്കില്‍ അതൊരു അത്ഭുതമൊന്നുമല്ല. കന്നുകാലികളും വഴിയരികില്‍ ഹുക്ക വലിച്ചിരിക്കുന്ന പുരുഷന്മാരും മുഖം മറച്ച സ്ത്രീകളുമൊക്കെയുള്ള ഒരു സാധാരണ നാട്ടിന്‍പുറം. പൗരന്മാര്‍ക്ക് ഒരു വ്യക്തിത്വം നല്‍കാനുള്ള ഇന്ത്യയുടെ തീവ്രപരിശ്രമത്തെക്കുറിച്ചു മനസ്സിലാക്കാനോ ബംഗ്ലാദേശില്‍ നിന്നും നേപ്പാളില്‍ നിന്നുമൊക്കെയുള്ള അനധികൃത കുടിയേറ്റത്തിന്റെ ആഴമറിയാനോ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഈ ഗ്രാമത്തിലൊന്നിറങ്ങിയാല്‍ മതി. 2007 മേയ് മാസത്തില്‍ യു.പി.എ സര്‍ക്കാര്‍ നാഷണല്‍ ഐഡന്‍റിറ്റി കാര്‍ഡ് നടപ്പാക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുത്ത ഏതാനും ഗ്രാമങ്ങളില്‍ ഒന്ന്.   
 
തിരിച്ചറിയല്‍ രേഖാ പദ്ധതി യു.പി.എ സര്‍ക്കാരാണ് നടപ്പാക്കിത്തുടങ്ങിയതെങ്കിലും എന്‍.ഡി.എ സര്‍ക്കാരിന്റെ ആശയമാണത്. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തെക്കുറിച്ചുള്ള ആശങ്കയില്‍ നിന്നായിരുന്നു എന്‍.ഡി.എ സര്‍ക്കാര്‍ വിഭാവനം ചെയ്ത ഈ പദ്ധതി. പൗരനും സര്‍ക്കാരും തമ്മിലുള്ള പരസ്പരവിനിമയം സാധ്യമാക്കാനായി 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് നല്‍കുന്ന കാര്‍ഡില്‍ 16 കെ.ബിയുടെ ഒരു മൈക്രോപ്രൊസസ്സര്‍ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടാവും. ഇതില്‍ ഒരു പൗരന്റെ വിശ്വസനീയമായ എല്ലാ തിരിച്ചറിയില്‍ വിവരങ്ങളുമുണ്ടാവും. പേര്, ലിംഗം, രക്ഷിതാവിന്റെ പേര് തുടങ്ങിയ 16 വിവരങ്ങളടങ്ങുന്ന 16 ഡിജിറ്റല്‍ നമ്പറുകളുള്ളതാണ് ഈ കാര്‍ഡ്. എന്നാല്‍, ക്ഷേമപദ്ധതികളെല്ലാം ആധാറുമായി ബന്ധിപ്പിക്കാനുള്ള നീക്കത്തിനെതിരെ സുപ്രീംകോടതി രംഗത്തു വന്നതോടെ പൂര്‍ത്ത് ഖുര്‍ദില്‍ അടക്കം നടപ്പാക്കിയ നാഷണല്‍ ഐഡന്‍റിറ്റി കാര്‍ഡിന്‍റെ ഗതി എന്തായെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. വരുന്ന മേയില്‍ നടക്കേണ്ട പൊതുതെരഞ്ഞെടുപ്പില്‍ ഭക്ഷ്യസുരക്ഷാ പദ്ധതി, സബ്‌സിഡി പണമായി നല്‍കുന്ന പദ്ധതി തുടങ്ങിയവയുമായി ജനങ്ങളെ സമീപിച്ച് വോട്ടു വാരാന്‍ കാത്തിരുന്ന മന്‍മോഹന്‍ സിങ് സര്‍ക്കാരിനേറ്റ തിരിച്ചടിയായിരുന്നു സുപ്രീംകോടതിവിധി. വന്‍തോതില്‍ സബ്‌സിഡി നല്‍കുന്ന സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രം കോടതിയില്‍ വാദിച്ചു. എന്നാല്‍, പാചക വാതക സബ്‌സിഡിയടക്കമുള്ളവയില്‍ ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ലെന്ന് സുപ്രീംകോടതി കര്‍ശനനിര്‍ദ്ദേശം നല്‍കി. ഇതോടെ, ആധാര്‍ കാര്‍ഡ് പദ്ധതി വെല്ലുവിളിയിലായി.
 
ഇന്ത്യയില്‍ ജീവിക്കുന്ന ആര്‍ക്കും ആധാര്‍ കാര്‍ഡ് ലഭിക്കും. അനധികൃതമായി കുടിയേറി ഇവിടെ ജീവിക്കുന്നവര്‍ക്കും ഈ കാര്‍ഡു ലഭിക്കാന്‍ പ്രയാസമില്ല. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍, പശ്ചിമ ബംഗാള്‍ പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഭീഷണിയാണ് ഈ സ്ഥിതി. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം ഭീഷണിയും ചൂടേറിയ രാഷ്ട്രീയപ്രശ്‌നവുമാണ് ഈ സംസ്ഥാനങ്ങളിലൊക്കെ. ആധാറിലൂടെ പൗരത്വം ഉറപ്പിക്കുമ്പോള്‍ തന്നെ, അതിന്റെ ഉപയോഗം കുറച്ചു കാണാനാവില്ല. വിസ, മാസ്റ്റര്‍ കാര്‍ഡ് പോലുള്ള ചെലവേറിയ സ്മാര്‍ട്ട് കാര്‍ഡ് കുത്തക തകര്‍ത്ത് സുഗമമായ ബാങ്ക് ഇടപാടുകള്‍ക്ക് ആധാര്‍ സഹായകമാവുന്നു. അതുകൊണ്ടു തന്നെ, ഇപ്പോള്‍ ആധാറിനേറ്റ തിരിച്ചടിയില്‍ ആഹ്ലാദിക്കുകയാണ് ഇത്തരം വാണിജ്യലോബികള്‍. 
 

പഴയ നാഷണല്‍ ഐഡന്‍റിറ്റി കാര്‍ഡ്
 
ഇന്ത്യയില്‍ വിശ്വാസ്യയോഗ്യമായ ഒരു തിരിച്ചറിയല്‍ നമ്പറോ കാര്‍ഡോ എങ്ങനെ നടപ്പാക്കാനാവുമെന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. ഭരണത്തിന്റെ ആനുകൂല്യം അവകാശമായുള്ളവരുടെ പൗരത്വം സ്ഥാപിച്ചെടുക്കേണ്ടതുണ്ടെന്നാണ് ഒരു ഘടകം. ഇത്തരമൊരു നടപടിക്കു മുതിരുന്നതിനു മുമ്പ്, ദക്ഷിണേഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും വികസിക്കുന്നതുമായ സാമ്പത്തികരംഗമാണ് നമ്മളെന്ന് ഇന്ത്യ തിരിച്ചറിയണം. അതുകൊണ്ടു തന്നെ ബംഗ്ലാദേശ്, നേപ്പാള്‍ പോലുള്ള രാജ്യങ്ങളില്‍ നിന്ന് തൊഴിലിനായി വ്യാപകമായി കുടിയേറ്റങ്ങളുമുണ്ടാവും. ഈ സാഹചര്യത്തില്‍ അതിര്‍ത്തി നിയന്ത്രണവും അന്യദേശക്കാര്‍ക്ക് സുതാര്യമായ തൊഴില്‍ പെര്‍മ്മിറ്റുകളും ഏര്‍പ്പെടുത്തലാണ് ആദ്യം വേണ്ടത്. ഇതിനു ശേഷം സ്വന്തം പൗരന്മാര്‍ക്ക് വ്യക്തമായ തിരിച്ചറിയല്‍ രേഖ വിതരണം ചെയ്തു തുടങ്ങാം. ഇല്ലെങ്കില്‍ ദേശീയ തിരിച്ചറിയല്‍ രേഖയെന്നത് ഒരു മരീചിക മാത്രമായി അവശേഷിക്കും. 
 
കേന്ദ്രസര്‍ക്കാര്‍ ആദ്യം തന്നെ ചെയ്യേണ്ടിയിരുന്നതാണ് സുപ്രീംകോടതി ചെയ്തത്. സബ്‌സിഡിക്ക് ആധാര്‍ നിര്‍ബന്ധമോയെന്നുള്ള ആശയക്കുഴപ്പം സുപ്രീംകോടതി ഉത്തരവോടെ നീങ്ങി. അടിസ്ഥാനപ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെടേണ്ടതുണ്ട്. തിരിച്ചറിയല്‍ രേഖയ്ക്ക് നിയമപരമായി പിന്‍ബലം നല്‍കാനുള്ള ബില്‍ 2010 സെപ്തംബറില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. അതേവര്‍ഷം ഡിസംബറില്‍ രാജ്യസഭയിലെത്തി. എന്നാല്‍, ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ അധ്യക്ഷനായുള്ള ധനകാര്യ പാര്‍ലമെന്ററി സമിതി ബില്‍ തള്ളി. കാര്യങ്ങള്‍ പന്തിയാകില്ലെന്ന് മനസിലായതോടെ പുതിയ ബില്‍ കൊണ്ടുവരാന്‍ കേന്ദ്ര മന്ത്രിസഭ ഈയിടെ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ ആസൂത്രണ കമ്മിഷനു കീഴില്‍ 2009 ജനവരി മുതല്‍ പ്രവര്‍ത്തിച്ചു വരികയാണ് തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി. ഭരണഘടനാവിരുദ്ധമായാണ് ഈ അതോറിറ്റിയുടെ പ്രവര്‍ത്തനം. യാതൊരു നിയമപിന്‍ബലവുമില്ലാതെ അതോറിറ്റിക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍, വൈകിയ വേളയിലെങ്കിലും ഇതിന് നിയമപ്രാബല്യം നല്കേണ്ടതിന്റെ ആവശ്യം കേന്ദ്രം തിരിച്ചറിഞ്ഞിട്ടുണ്ട്. 
 
അവകാശങ്ങളോ ആനുകൂല്യങ്ങളോ പരിധിയിലാക്കാതെ തിരിച്ചറിയല്‍ മാത്രം ഈ കാര്‍ഡിന്റെ മുഖമുദ്രയാക്കുന്നതാണ് ഉചിതം. സുപ്രീംകോടതി ഉത്തരവോടെ സര്‍ക്കാര്‍ ഞെട്ടിയിരിക്കാം. തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ട് പ്രഖ്യാപിച്ച് സബ്‌സിഡി പണമായി നല്‍കുന്ന പദ്ധതി നടപ്പാക്കാനാവുമോയെന്നതില്‍ നിരാശയമുണ്ടായിരിക്കാം. സ്വയം വരുത്തിവെച്ചതാണ് ഈ വിധി. ആധാര്‍ തുടങ്ങുമ്പോള്‍ തന്നെ ഒട്ടേറെ ചോദ്യങ്ങളുയര്‍ന്നിരുന്നു. സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തില്ല. ആധാര്‍ നിര്‍ബന്ധമല്ലെന്ന് പൗരന്മാരോട് പറഞ്ഞെങ്കിലും പല സംസ്ഥാനങ്ങളും പ്രയോഗത്തില്‍ അതു നിര്‍ബന്ധമാക്കിയിരുന്നു. സര്‍ക്കാര്‍ പദ്ധതികളുമായി ആധാറിനെ കൂട്ടിയിണക്കി. എന്നാല്‍, ഇതിനൊന്നും നിയമപരമായ പിന്‍ബലമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാരിനായില്ല എന്നത് തന്നെയാണ് ഇതില്‍ പ്രധാനം.  
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍