UPDATES

കേരളം

ലാഭം കര്‍ഷകന്‍റെ അവകാശം- ആര്‍. ഹേലി

സാജു കൊമ്പന്‍ / സഫിയ ഒ സി

(പ്രമുഖ കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പിന്‍റെ മുന്‍ ഡയറക്ടറും കേരള സംസ്ഥാന കാര്‍ഷിക നയരൂപീകരണ സമിതി അംഗവുമായ ആര്‍. ഹേലി കേരളത്തിന്‍റെ കാര്‍ഷിക മേഖലയെക്കുറിച്ച് സംസാരിക്കുന്നു.)

കേരളത്തിന്‍റെ കാര്‍ഷിക നയരേഖ
കേരളത്തിലെ കാര്‍ഷിക മേഖല ഒരു പ്രത്യേക സാഹചര്യത്തെ നേരിടുകയാണെന്നാണ് എല്ലാവരും പറയുന്നത്. ഒരു തരത്തില്‍ നോക്കിയാല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേയും കാര്‍ഷിക മേഖല അതിന്‍റേതായ പ്രത്യേക സാഹചര്യങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയുമാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ലോകത്തെല്ലായിടത്തും ധാന്യത്തിന്‍റെ മേഖലയില്‍ ക്ഷാമം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. എന്നാല്‍ ഇത് അധികം പ്രതിഫലിക്കാത്ത ഒരു രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ കൃഷിക്കാര്‍ രാജ്യത്തിനാവിശ്യമായ ധാന്യം ഉത്പാദിപ്പിക്കുന്ന സാഹചര്യം ഇവിടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഏതാണ്ട് 70ശതമാനത്തോളം ജനങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുനല്‍കുന്ന ഭക്ഷ്യസുരക്ഷ ബില്ല് കൊണ്ടുവരാന്‍ ഗവണ്‍മെന്‍റിന് കഴിഞ്ഞത് ഈ സ്രോതസിന്‍റെ ബലത്തിലാണ്.

കേരളത്തിന്‍റേതായ ഒരു കാര്‍ഷിക നയത്തിന്‍റെ പ്രസക്തി ഉയര്‍ന്നുവരുന്നത് ഈ സാഹചര്യത്തിലാണ്. 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് കേരളം ആദ്യമായി ഒരു കാര്‍ഷികനയത്തിന് രൂപം നല്കിയത്. അന്ന് സ്വപ്നങ്ങളാണെന്ന് പറഞ്ഞു താഴ്ത്തിക്കെട്ടിയ പല പദ്ധതികളും ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നു. കര്‍ഷക പെന്‍ഷന്‍, കര്‍ഷക ഇന്‍ഷൂറന്‍സ് തുടങ്ങിയവ. ഈ സാഹചര്യത്തിലാണ് അടുത്ത 30 വര്‍ഷക്കാലത്തേക്ക് പ്രസക്തി നിലനില്‍ക്കാന്‍ സാധ്യതയുള്ള രണ്ടാമത്തെ കാര്‍ഷിക നയത്തിന് ഇപ്പോള്‍ രൂപം നല്കിയിരിക്കുന്നത്. കേരളത്തിന്‍റെ കാര്‍ഷിക മേഖലയെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന 350ല്‍ അധികം ശുപാര്‍ശകളാണ് ഈ നയരേഖയില്‍ ഉള്ളത്. കേരളത്തിലെ തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, കര്‍ഷകര്‍, കാര്‍ഷിക സംഘടനകള്‍,ശാസ്ത്രസമൂഹം എന്നു തുടങ്ങി നിരവധി മേഖലയിലുള്ളവരുമായി ഒരു വര്‍ഷക്കാലം നീണ്ടുനിന്ന ആശയവിനിമയത്തിനും ചര്‍ച്ചകള്‍ക്കും ശേഷമാണ് കാര്‍ഷിക നയരേഖ പൂര്‍ത്തിയാക്കിയിരിക്കുന്നത്.


 

നയരേഖയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കാര്‍ഷിക മേഖലയില്‍ നടുനായകത്വം വഹിക്കുന്ന കൃഷിക്കാര്‍ക്ക് കൃഷിയില്‍നിന്നുള്ള ആദായം എങ്ങനെ പരമാവധി വര്‍ദ്ധിപ്പിക്കാന്‍ കഴിയും എന്നതാണ്. കൃഷിയില്‍ ഊന്നിയുള്ള ഒരു ജീവിതം മാന്യമായി പടുത്തുയര്‍ത്താന്‍ കര്‍ഷകരെ പ്രാപ്തരാക്കിയാല്‍ മാത്രമേ അടുത്ത തലമുറയെക്കൂടി കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുകയുള്ളൂ. കൃഷിയും കര്‍ഷക സുരക്ഷയും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. ഈ കാഴ്ചപ്പാടിലൂടെ ആരാണ് കര്‍ഷകന്‍ എന്ന നിര്‍വചനം മുതല്‍ കാര്‍ഷിക മേഖലയില്‍ എല്ലാ രംഗത്തും വരുത്തേണ്ട പര്ഷ്ക്കാരങ്ങളും നൂതന സമീപനങ്ങളും ഏതാണ്ട് 400 പേജ് വരുന്ന കാര്‍ഷിക നയരേഖയില്‍ വ്യക്തമാകിയിട്ടുണ്ട്.

കാര്‍ഷികവിളകള്‍ക്ക് അവകാശ ലാഭം
കൃഷിയുടെ മേഖലയില്‍ കര്‍ഷകന്‍റെ സംഭാവനകള്‍ ഇപ്പോള്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളെയും നേരിട്ടുകൊണ്ട് മികച്ചരീതിയില്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ ഉത്പന്നങ്ങള്‍ക്ക് അന്തിമമായി ഉപഭോക്താവ് നല്‍കുന്ന വിലയും കൃഷിക്കാരനു ലഭിക്കുന്ന പ്രതിഫലവും തമ്മിലുള്ള അന്തരം ഞെട്ടിപ്പിക്കുന്നതാണ്. ഉദാഹരണത്തിനു നമുക്കെല്ലാം സുപരിചിതമായ പാലക്കാടന്‍ മട്ട അരി ഇന്ത്യയില്‍ മെട്രോ മാര്‍ക്കറ്റുകളില്‍ കിലോഗ്രാമിന് 90 രൂപ വരെ വില നല്‍കിയാണ് ഉപഭോക്താവ് വാങ്ങുന്നത്. അതേസമയം കര്‍ഷകന് കിട്ടാവുന്ന പരമാവധി വില ഒരു കിലോയ്ക്ക് 28 രൂപയാണ്. അതുപോലെതന്നെ കേരളത്തില്‍ മൊത്തം ഉത്പാദിപ്പിക്കുന്ന റബ്ബര്‍ ഷീറ്റിന്‍റെ വില 15000 കോടിയാണ്. അത് ഉത്പന്ന രൂപത്തില്‍ വരുമ്പോള്‍ അതിന്‍റെ മൂല്യം ഏതാണ്ട് 60000 കോടി കവിയും.

കര്‍ഷകന്‍ വെറും അസംസ്കൃത വസ്തു ഉല്പ്പാദകനായി ദാരിദ്ര്യത്തില്‍നിന്നും ദാരിദ്ര്യത്തിലേക്കും അവിടെയും പരാജയപ്പെട്ട് ആത്മഹത്യയിലേക്കും ചെന്നു പതിക്കുന്ന കഥകളാണ് നമ്മള്‍ നിത്യവും കേട്ടുകൊണ്ടിരിക്കുന്നത്. കാര്‍ഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ കൃഷിയുടെ മേഖലയില്‍ നിന്നു ലോകത്തെമ്പാടും കാണുന്ന കൊഴിഞ്ഞുപോക്ക് ഇന്ത്യപോലുള്ള രാജ്യങ്ങളിലും വ്യാപകമായതോതില്‍ സംഭവിക്കും. ഈ പ്രതിസന്ധിയെ നേരിടാന്‍ കര്‍ഷകന് ഒരു അവകാശ ലാഭം ലഭ്യമാക്കിയേ പറ്റൂ. ലാഭമെന്നത് കൃഷിക്കാരന്‍റെ അവകാശമാണ്.
 


 

അരിയാഹാരമില്ലാതെ കേരളീയര്‍ക്ക് ജീവിക്കാന്‍ നിവൃത്തിയില്ല. ഒരു കിലോ അരി വിപണന സംവിധാനം വഴി വില്‍ക്കുമ്പോള്‍ ഒരു രൂപ വീതം സെസ്സായി പിരിച്ചെടുത്താല്‍, ഒരു പൂവിന് മൂന്നു ടണ്‍ നെല്ല് ഉത്പാദിപ്പിക്കുന്ന കര്‍ഷകന് കുറഞ്ഞത് 15,000 രൂപയുടെ അവകാശ ലാഭം ലഭ്യമാക്കാന്‍ സാധിയ്ക്കും. ഇത് സാധ്യമാക്കാനുള്ള എല്ലാ സംവിധാനങ്ങളും നമുക്കുണ്ട്. ഇത് കര്‍ഷകനെ 3 ടണ്‍ ഉത്പ്പാദിപ്പിക്കുന്ന സ്ഥാനത്തുനിന്നു 5 ടണ്‍ ഉത്പ്പാദിപ്പിക്കാന്‍ പ്രേരിപ്പിക്കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കും. കൃഷി മാന്യമായ തൊഴിലായി മാറും. അരികൊണ്ടുള്ള പുതുവിഭവങ്ങളുണ്ടാക്കുന്ന കൂട്ടായ്മകളിലേക്ക് അവരെ നയിക്കാന്‍ സാധിയ്ക്കും. അരിപോലെ പാല്‍, റബര്‍, തെങ്ങ് തുടങ്ങിയ വിളകളുടെ മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ കഴിയണം.

കൃഷിഭൂമിയുടെ ക്രയവിക്രയം കര്‍ഷകര്‍ തമ്മില്‍ മാത്രം
കൃഷിഭൂമി പവിത്രമാണെന്ന് പറയുന്നതില്‍ മാത്രം കാര്യമില്ല. അത് പവിത്രമായിത്തന്നെ സൂക്ഷിക്കണം. കൃഷിഭൂമി കര്‍ഷകര്‍ തമ്മില്‍ മാത്രമേ ക്രയവിക്രയം ചെയ്യാന്‍ പാടുള്ളൂ. ഇത് ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ നിയമങ്ങളാക്കാന്‍ ശ്രമിക്കുന്ന ഒരു കാര്യമാണ്. ഭൂനിയമം നടപ്പിലാക്കിയ കേരളം ഇത്തരം നിയമ നിര്‍മാണത്തിലേക്ക് അടിയന്തിരമായി കടന്നു വരണം.കൃഷിഭൂമി മറ്റാവിശ്യങ്ങള്‍ക്ക് അത്യപൂര്‍വ്വമായിട്ടേ മാറ്റാന്‍ പാടുള്ളൂ എന്ന കാര്യം ഉറപ്പ് വരുത്താന്‍ പല നിയമങ്ങളും ഇന്ന് നിലവിലുണ്ട്. നെല്‍പ്പാടങ്ങളും തണ്ണീര്‍ തടങ്ങളും സംരക്ഷിക്കുന്നതിനുള്ള നിയമം നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയാണ് സര്‍ക്കാരും ജനങ്ങളും കാണിക്കേണ്ടത്. ഇത് കണ്ടുകൊണ്ടാണ് കൃഷിഭൂമി കര്‍ഷകര്‍ക്ക് മാത്രമേ ക്രയവിക്രയം ചെയ്യാന്‍ പാടുള്ളൂ എന്ന ശുപാര്ശ ഞങ്ങള്‍ വെച്ചിരിക്കുന്നത്. നിയമം പാസാക്കുന്നതുകൊണ്ടുമാത്രം കൃഷിഭൂമി സംരക്ഷിക്കാന്‍ സാധിക്കില്ല. അതിവിപുലമായ ബഹുജന പങ്കാളിത്തവും കര്‍ശനമായ നിയമം നടത്തിപ്പും ഒരുമിച്ച് പോകേണ്ടതുണ്ട്.
 

വേണ്ടത് അത്യാധുനിക കര്‍ഷക കൂട്ടായ്മകള്‍
മുന്‍പ് സൂചിപ്പിച്ചതുപോലെ കര്‍ഷകന്‍ അസംസ്കൃതവസ്തുക്കളുടെ പ്രാകൃതനായ ഉത്പാദകന്‍ മാത്രമായി മാറി നിന്നാല്‍ തങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് മറ്റുള്ളവരോടൊപ്പം വളരാന്‍ അവര്‍ക്ക് സാധിക്കില്ല. അതിനാല്‍ കാര്‍ഷിക വിഭവങ്ങളുടെ ഉത്പാദനം, സംഭരണം, സംസ്കരണം, മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണം, അവയുടെ ദേശീയവും അന്തര്‍ദേശീയവുമായ വിപണനം എന്നിവ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന കാര്‍ഷിക കൂട്ടായ്മകള്‍ രൂപപ്പെടുത്തണം. കേന്ദ്ര ഗവണ്‍മെന്‍റ് രൂപം നല്കിയിരിക്കുന്ന ഫാര്‍മര്‍ കമ്പനികളും മറ്റും സമൂര്‍ത്തമായി സംഘടിപ്പിക്കാന്‍ കഴിയുമെന്നതിന്‍റെ തെളിവായി അമൂല്‍ പ്രസ്ഥാനത്തെ കാണാന്‍ കഴിയും. ഇതരത്തിലുള്ള അത്യാധുനിക കര്‍ഷകകൂട്ടായ്മകള്‍ സൃഷ്ടിക്കാന്‍ നയപരവും സാങ്കേതികവും സാമ്പത്തികവുമായ നയങ്ങള്‍ രൂപീകരിക്കണം.

കര്‍ഷകത്തൊഴിലാളികളോടുള്ള സമീപനത്തില്‍ മാറ്റം വേണം
കര്‍ഷകത്തൊഴിലാളികളോടുള്ള സമീപനത്തില്‍ വിപ്ലവകരമായ മാറ്റം ഉണ്ടാവേണ്ടതുണ്ട്. ഒരു സീസണില്‍ 20 ദിവസമെങ്കിലും ജോലിചെയ്തിട്ടുള്ള കര്‍ഷകത്തൊഴിലാളികള്‍ക്കെല്ലാം അവകാശ ലാഭം ലഭ്യമാക്കണം. ഒരു പൂവില്‍ 50 ദിവസം കാര്‍ഷിക ജോലിയില്‍ ഏര്‍പ്പെട്ടിട്ടുള്ള കര്‍ഷകത്തൊഴിലാളിക്ക് 3000 രൂപ അവകാശ ലാഭം നല്‍കണമെന്നാണ് കാര്‍ഷിക നയരേഖയില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇത് മാത്രമല്ല നവീന യന്ത്രങ്ങളുടെയും നവീന കൃഷി രീതികളുടെയും നവീനമായ സംഭരണ-സംസ്കരണ രീതികളുടെയും പ്രവര്‍ത്തനങ്ങള്‍കൂടി ഏറ്റെടുക്കത്തക്ക രീതിയില്‍ അവര്‍ക്ക് പരിശീലനം നല്കണം. ഇതും കൃഷി വികസന പ്ദ്ധതികളുടെ ഭാഗമാകണം.

കാര്‍ഷിക മേഖലയുടെ ആധുനികവത്ക്കരണം
കാര്‍ഷിക മേഖലയില്‍ അതിവിപുലമായ യന്ത്രവത്ക്കരണവും മെച്ചപ്പെട്ട രീതിയിലുള്ള കാര്‍ഷിക വിഭവങ്ങളുടെ സംഭരണവും സംസ്കരണവും നടത്താനുള്ള മാര്‍ഗങ്ങളും നടപ്പിലായാല്‍ മാത്രമേ പ്രതികൂല കലാവസ്ഥ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ. ഇന്ത്യയില്‍ 25,000 കോടി രൂപയുടെ പച്ചക്കറി പ്രതികൂല കലാവസ്ഥമൂലം നശിച്ചുപോകുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ഒരു വലിയ വിഭാഗം സാങ്കേതിക വിദഗ്ധരെ സൃഷ്ടിച്ചെടുക്കേണ്ടതുണ്ട്. ഉദാഹരണമായി പച്ചക്കറി ശീതീകരിക്കുന്ന കാര്യം നോക്കുക. തക്കാളി ശീതീകരിക്കുന്നത് പോലെ വഴുതനങ്ങ ശീതീകരിക്കാന്‍ പറ്റില്ല. അതൊരു സാങ്കേതിക മേഖലയാണ്. അത് കൃഷിക്കാരന്‍ ചെയ്യണമെന്നില്ല. അതൊരു ഉപതൊഴിലായി വളര്‍ത്തിക്കൊണ്ടുവരണം. ഇത്തരത്തിലുള്ള ജോലിചെയ്യാന്‍ പ്രാപ്തരാക്കുന്ന തരത്തിലുള്ള വൊകേഷണല്‍ കോഴ്സുകള്‍ നമുക്ക് കൂടുതലായി വേണം.

ഏകോപനം ആകാശകുസുമമല്ല
ആര്‍ക്കും ചെയ്യാവുന്ന പണി എന്നുള്ള സമീപനം ഇനിയുള്ള കാലത്ത് കൃഷിയോടെടുക്കുന്നത് ആത്മഹത്യാപരമായിരിക്കും. കാര്‍ഷിക രംഗത്തുള്ള എല്ലാ പ്രശ്നങ്ങളുടെയും ദുരിതമനുഭവിക്കുന്നത് കര്‍ഷകനാണ്. വിളനാശം കാരണം ഒരു കച്ചവടക്കാരനും നശിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. കലാവസ്ഥയെ ബഹുമാനിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന കൃഷി മാത്രമേ ആശിച്ച ഫലം നല്‍കുകയുള്ളൂ. കാര്‍ഷിക ബഡ്ജെറ്റിങ് മുതല്‍ ഓരോ ഉത്പാദനോപാധികള്‍ ലഭ്യമാക്കുന്നതും ഉല്‍പ്പന്നങ്ങളുടെ സംസ്കരണവും എല്ലാം തന്നെ കൃത്യമായ ഏകോപനത്തിന്‍റെ അടിസ്ഥാനത്തില്‍ വേണം നടപ്പിലാക്കാന്‍. കഴിഞ്ഞ 60 വര്‍ഷക്കാലത്തെ കാര്‍ഷിക വികാസന പദ്ധതികളില്‍ നാം വിജയിക്കാത്ത മേഖല ഇതരത്തിലുള്ള ഏകോപനം സൃഷ്ടിക്കുന്നതിലാണ്. ഏകോപനം ഒരു ആകാശ കുസുമമല്ല എന്ന കാര്യം നമ്മള്‍ തിരിച്ചറിയണം. പഞ്ചായത്ത് മുതല്‍ കാബിനറ്റ് തലം വരെ ഈ ഏകോപനം വേണം. പശുവിന് മഴക്കാല രോഗങ്ങള്‍ക്കെതിരെ നടത്തുന്ന കുത്തിവെപ്പ് മഴക്കാലത്തിന് മുന്‍പ് തന്നെ വേണം. പശു രോഗം വന്ന് ചത്തുപോയാല്‍ കിട്ടുന്ന ഇന്‍ഷൂറന്‍സ് തുക കര്‍ഷകന്‍റെ ലോണ്‍ തിരിച്ചടവിനേ സഹായിക്കുകയുള്ളൂ. ഈ ജോലിയില്‍ അവനെ നിലനിര്‍ത്താന്‍ സഹായിക്കുകയില്ല.
 

കാര്‍ഷികലോണിന്‍റെ പേരില്‍ കര്‍ഷകരെ പ്രതിയാക്കുന്നത് തെറ്റ്
കര്‍ഷകന്‍ കാര്‍ഷിക ലോണെടുത്ത് മകളെ കെട്ടിക്കുന്നു വീട് വെക്കുന്നു എന്നൊക്കെയാണ് ആരോപണം. ഇവിടത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്താണ്. ഭാര്യക്ക് സുഖമില്ലെന്ന് പറഞ്ഞു പ്രോവിഡെന്‍റ് ഫണ്ടില്‍ നിന്നു പണമെടുത്ത് മോടോര്‍ സൈകിള്‍ വാങ്ങിക്കുകയല്ലേ? അപ്പോള്‍ കൃഷിക്കാരന്‍ ചെയ്യുമ്പോള്‍ മാത്രം എന്താ പ്രശ്നം. ഇത്തരം വാദങ്ങള്‍ യഥാര്‍ത്തത്തില്‍ ഇരുട്ടുകൊണ്ട്യഓട്ടയടക്കലാണ്. കള്ളം ചെയ്യലിന്‍റെ അതിവിപുലമായ ഒരു ശൃംഖലയുടെ മധ്യത്തിലാണ് നമ്മള്‍. കൃഷിക്കാരന് അയാളുടെ മകളെ പഠിപ്പിക്കണ്ടേ?നിലവിലുള്ള ജീവിത സാഹചര്യങ്ങളില്‍ നിന്നു അടര്‍ത്തിയെടുത്ത് കൃഷിക്കാരന്‍റെ മേല്‍ കുറ്റം ചാര്‍ത്തരുത്.

ടെറസ്കൃഷിയും ജൈവ കൃഷിയും
ടെറസ് കൃഷി ഹോബി മാത്രമാണ്. പച്ചക്കറിയുടെ മാര്‍ക്കറ്റ് വില വെച്ച് നോക്കിയാല്‍ പോലും അത് ചിലവേറിയതാണ്. അതിനര്‍ഥം ഞാനതിന് എതിരാണെന്നല്ല. കാര്‍ഷിക മേഖലയില്‍ നടക്കുന്ന ഇത്തരം ശ്രമങ്ങളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെ. പക്ഷേ അതൊരിക്കലും മറ്റതിന് പകരമല്ല. എന്‍റെ വീട്ടിന്നപ്പുറത്തെ കേണല്‍ പച്ചക്കറികൃഷി നടത്തുന്നത് എങ്ങനെയാണ് എന്നെ സഹായിക്കുക? നമുക്ക് വേണ്ടത് മാര്‍ക്കറ്റബ്ള്‍ സര്‍പ്ലസ് ഉണ്ടാകുന്ന രീതിയിലുള്ള കാര്‍ഷിക ഉത്പാദനമാണ്.
 

ഇനി ജൈവ കൃഷിയുടെ കാര്യം എടുക്കുക. ഇന്ത്യയില്‍ 0.01 ശതമാനം പേര്‍ പോലും ജൈവ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നില്ല. നേരത്തെ പറഞ്ഞതുപോലെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നുള്ളതാണ് പ്രധാനം. മാര്‍ക്കെറ്റില്‍ രാസവളം ഉപയോഗിച്ചുള്ള പച്ചക്കറിയും ജൈവ പച്ചക്കറിയും ഉണ്ടാകട്ടെ. ഏത് വാങ്ങിക്കണമെന്നത് ഉപഭോക്താവാണ് തീരുമാനിക്കുക. എനിക്കിപ്പോള്‍ വയസ് 80 ആയി. ഞാന്‍ ഇത്രയും കാലം രാസവളം ഉപയോഗിച്ചുള്ള പച്ചക്കറിയാണ് കഴിച്ചത്. അപ്പോള്‍ അത് കുഴപ്പം പിടിച്ചതാണെന്ന് എനിക്കു പറയാന്‍ പറ്റുമോ?

നീരയില്‍ കേരളത്തിന് ഭാവിയുണ്ട്
ലോക വിപണിയില്‍തന്നെ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്ന ഒരു വിഭവമാണ് നീര. മധുരക്കള്ളിനെ പുളിക്കാനനുവദിക്കാതെ മധുരക്കള്ളായിട്ട് തന്നെയോ അല്ലെങ്കില്‍ നീരയായിട്ടോ ഉപയോഗിക്കാം. ഇതില്‍ നിന്നു നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാം. ഇന്‍ഡോനേഷ്യയും മലേഷ്യയുമൊക്കെ ഇക്കാര്യത്തില്‍ ഏറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ്. ഇന്‍ഡോനേഷ്യയില്‍ ഇപ്പോള്‍ 6 ലക്ഷം ടണ്‍ കേര പഞ്ചസാര ഉത്പാദിപ്പിക്കുന്നുണ്ട്. അതില്‍ 2 ലക്ഷം ടണ്‍ അവര്‍ കയറ്റി അയക്കുന്നുമുണ്ട്. ഈ പഞ്ചസാര പ്രമേഹ രോഗികള്‍ക്ക് ഉത്തമമാണ്. പഞ്ചസാരയുടെ അഞ്ചിരട്ടി സിറപ്പായും ജാമായും അവര്‍ ഉത്പാദിപ്പിക്കുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇതിന് പ്രിയം ഏറെയാണ്.
 

ഒരു തെങ്ങില്‍ നിന്നു നീര ഉത്പാദിപ്പിക്കുന്നതിലൂടെ പ്രതിമാസം 1500 രൂപ വരെ ലാഭം കിട്ടുമെന്നാണ് കേരള കാര്‍ഷിക സര്‍വ്വകലാശാല നടത്തിയ പഠനം വ്യക്തമാക്കുന്നത്. പക്ഷേ ഏറ്റവും വലിയ പ്രശ്നം നീര ഉത്പാദിപ്പിക്കാനുള്ള അവകാശം കൃഷിക്കാരന് നല്കാന്‍ സാധിക്കുമോ എന്നുള്ളതാണ്. റബ്ബര്‍ കര്‍ഷകന്‍ റബര്‍ഷീറ്റ് വില്‍ക്കുന്നത് പോലെയും പശുവിനെ വളര്‍ത്തുന്നയാല്‍ പശുവിന്‍പാല്‍ വില്‍ക്കുന്നത് പോലെയും തെങ്ങ് കൃഷിക്കാരന് നീര വില്‍ക്കാനുള്ള സംവിധാനം ഇവിടെയുണ്ടാകുമോ എന്നുള്ളതാണ് പ്രശ്നം. തെങ്ങില്‍നിന്ന് ഇന്ന് ലഭിക്കുന്നതിനേക്കാള്‍ ലാഭം ഉണ്ടാക്കിക്കൊടുക്കാന്‍ കഴിയുന്ന വിഭവം നീര തന്നെയാണ്. ഇത് കേരളത്തിലെ കള്ള് വ്യവസായത്തിന്‍റെ പിന്തുടര്‍ച്ചയായി മാറ്റുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് യാതൊരു ഗുണവും ലഭിക്കില്ല. പക്ഷേ നാം ഓര്‍ക്കേണ്ട ഒരു സത്യം ഇത് തുറന്ന വിപണിയുടെ ലോകമാണ്. ശ്രീലങ്കയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നും നീര നല്ല പായ്ക്കിങ്ങില്‍ ഇന്ത്യയുടെ എല്ലാ ഭാഗത്തും എത്തുന്നതുപോലെ കേരളത്തിലും എത്തിക്കൂടായ്കയില്ല. തിരുവനന്തപുരം നഗരത്തില്‍ അത്യാധുനിക പയ്ക്കിങ്ങില്‍ തായ്ലാന്‍ഡില്‍ നിന്നുള്ള കരിക്കിന്‍ വെള്ളം ഒരു പാക്കിന് 82 രൂപയ്ക്കു ഇപ്പോള്‍ വില്‍ക്കുന്നുണ്ട് എന്നത് ഈ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സമീപ ഭാവിയില്‍ കേരളത്തില്‍ നീരകിട്ടും. പക്ഷേ അത് നമ്മളുണ്ടാക്കുന്നതായിരിക്കില്ല. ഗവണ്‍മെന്‍റ് പറയേണ്ടത് ഇത്രമാത്രമേയുള്ളൂ. ഒരു കര്‍ഷകന്‍റെ വീടുമുറ്റത്തുള്ള തെങ്ങ് ആരുടെ വകയാണ്? കര്‍ഷകന്‍റെയോ അതോ തെങ്ങില്‍ കയറുന്നയാളുടെയോ?

തെങ്ങിന്‍റെ സാമ്പത്തിക ശാസ്ത്രം
നന്നായി പരിപാലിച്ചാല്‍ ഒരു തെങ്ങില്‍ നിന്നു 12 കുല കിട്ടും. അതില്‍ 4 കുല തേങ്ങ 5 കുല കരിക്ക് 3 കുല നീര. ഇങ്ങനെയാണെങ്കില്‍ ഒരു തെങ്ങില്‍ നിന്നു കര്‍ഷകന് കിട്ടുന്ന പ്രതിവര്‍ഷ ആദായം 15,000രൂപയായിരിക്കും. അതില്‍ 5000 രൂപ തെങ്ങിന്‍റെ പരിചരണത്തിന് വേണ്ടി മാറ്റിവച്ചാലും 10 തെങ്ങുണ്ടെങ്കില്‍ ഒരു ലക്ഷം രൂപയായി. മികച്ച രീതിയിലുള്ള ആസൂത്രണവും നയസമീപനവും ഏകോപനവും നീരയുടെ കാര്യത്തിലുണ്ടാവണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍