UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

തണലില്‍ മുളയ്ക്കുന്ന ജീവിതങ്ങള്‍

തണല്‍ എന്നത് വൈകല്യമുള്ളവരുടെ സംഘടന എന്നതിലുപരി പരസ്പരാശ്രിതത്വത്തിലുള്ള, പരസ്പരം താങ്ങും തണലുമായി നില്‍ക്കുന്ന കുറച്ചു സുഹൃത്തുക്കളുടെ കൂട്ടായ്മയാണ്. ഒരു മരം അതിന്‍റെ കീഴിലുള്ളവര്‍ക്ക് തണലു കൊടുക്കുന്നതു പോലെ ഞങ്ങള്‍ സ്വയം ആദ്യം ഞങ്ങള്‍ക്ക് തണലാവുകയും പിന്നെ ഞങ്ങളെ പോലെയുള്ള മറ്റുള്ളവരെ സ്വയം തണലാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സമൂഹത്തിന്‍റെ സഹതാപത്തിനേക്കാള്‍ അംഗീകരിക്കലാണ്, തണല്‍ ആഗ്രഹിക്കുന്നത്. ചലനസ്വാതന്ത്ര്യമില്ലാത്ത ഒരു കൂട്ടായ്മയ്ക്ക്  ഇവിടെ ഇത്രയുമൊക്കെ തണലാകാന്‍ സാധിക്കുമെങ്കില്‍ നൂറുകണക്കിനായ നമ്മുടെ നാട്ടിലെ സംഘടനകള്‍ക്ക് എന്തു തന്നെ കഴിയില്ല? ഉണ്ണി മാക്സ് എഴുതുന്നു
 
 
സ്കൂള്‍ പാഠപുസ്തകത്തില്‍ ഒരു പാഠമുണ്ട്. മരം ഒരു വരം. ഒരു മരം വെട്ടിയാല്‍ വീണ്ടും തണല്‍ തരുന്ന മരങ്ങള്‍ വച്ചു പിടിപ്പിക്കണമെന്ന അടിസ്ഥാന നിയമമാണിവിടെ പറയുന്നത്. എന്തിനാണ്, തണല്‍ മരങ്ങള്‍? യാത്ര ചെയ്യുന്നവര്‍ക്ക് കുളിരു നല്‍കാന്‍. തണല്‍ എന്ന പേരിലുള്ള ഫെയ്സ്ബുക്ക് സംഘടനയുടേയും പ്രധാന വാക്ക് ഇതാണ്, ജീവിതത്തിന്‍റെ ദുരിതങ്ങളില്‍ ബുദ്ധിമുട്ടുന്നവരെ മാറ്റിയെടുക്കുക. അതായത് സംഘടന എന്ന തണലിനേക്കാള്‍ അവനവനെ ഒരു തണല്‍ മരമായി വളര്‍ത്തിയെടുക്കുക എന്നതാണ്, ഞാനുള്‍പ്പെട്ട ഈ സംഘടനയുടെ ലക്ഷ്യം. പാരാപ്ലേജിക് പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ (PPWS) ആഭിമുഖ്യത്തിലുള്ള ഫെയ്സ്ബുക്ക് പേജാണ്, തണല്‍. പാലിയേറ്റീവ് കെയര്‍ യൂണിറ്റ് തുടങ്ങി വച്ച് പിന്നീട് തണലിലേയ്ക്ക് വന്നു ചേര്‍ന്നതാണ് ഈ സോസൈറ്റി. 
 
പൊതുവേ പെണ്‍കുട്ടികള്‍ വീടിന്‍റെ അകത്തുള്ള ലോക്കത്തു തന്നെ സംതൃപ്തരാണ്. പക്ഷേ ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ എത്തിപ്പെടാത്ത ലോകവുമില്ല. സ്വയം അദ്ധ്വാനിച്ച് അതിലൂടെ ജീവിതമാര്‍ഗ്ഗം കണ്ടെത്തുക എന്നത് ഒരു പെണ്‍കുട്ടിയെ സംബന്ധിച്ച് ഇന്ന് അത്ര വലിയ കാര്യമല്ല. പക്ഷേ പാരാപ്ലേജിക് അവസ്ഥയിലുള്ള പുരുഷന്‍മാര്‍ വരെ മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടുമ്പോഴാണ്, അഞ്ജു റാണി എന്ന പെണ്‍കുട്ടി ജീവിച്ചു കാണിക്കുന്നത്. ആഭരണ നിര്‍മ്മാണത്തില്‍ ഇപ്പോള്‍ വിദഗ്ദ്ധയാണ്, അഞ്ജു. സ്വയം നിര്‍മ്മിച്ച് വില്‍ക്കുന്നതിനൊപ്പം മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ മറ്റാരുടേയും സഹായമില്ലാതെ, അതായത് സാമ്പത്തിക സഹായമില്ലാതെ ജീവിക്കാമെന്ന് അഞ്ജു കാണിക്കുന്നു.
 
ഒരു പാരാപ്ലേജിക് അവസ്ഥയിലുള്ള വ്യക്തിയ്ക്ക് തീര്‍ച്ചയായും സഹായം അത്യാവശ്യമാണ്. പ്രത്യേകിച്ചും അവരവരുടെ അവസ്ഥയ്ക്കനുസരിച്ച് സഹായത്തിന്‍റെ തോത് കൂടിയും കുറഞ്ഞുമിരിക്കും. ശാരീരികമായി സഹായം വേണ്ടവര്‍ മുതല്‍ സാമ്പത്തിക സഹായം വേണ്ടവര്‍ വരെ ഈ അവസ്ഥയിലുള്ളവരിലുണ്ട്. നടക്കാനാകാത്തതു കാരണം അവനവന്‍റെ വീടിന്‍റെ മുറ്റത്തേയ്ക്കിറങ്ങനോ മറ്റുള്ളവരെ അഭിമുഖീകരിക്കാനോ ഉള്ള മടിയും ബുദ്ധിമുട്ടും മാറ്റുക എന്നതാണ്, പ്രധാനമായും തണലിന്‍റെ ലക്ഷ്യം. ക്യാമറയെ പോലും ഭയപ്പെട്ടിരുന്ന നിരവധി പേരെ നിരവധി സൌഹൃദവലയങ്ങളിലെത്തിച്ച് അവസാനം സ്വന്തമായി വാഹനം വരെ ഓടിക്കാന്‍ പ്രാപ്തരാക്കിയ കഥയും തണലിന്, പറയാനുണ്ട്.
 
ശാരീരിക വൈകല്യം ഉള്ളവരും ഇല്ലാത്തവരുമായി നൂറ്റി അന്‍പതോളം പേര്‍ തണലിന്‍റെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ അംഗങ്ങളായുണ്ട്. അംഗങ്ങളുടെ ബലത്തിനേക്കാളും പരസ്പരം ഊര്‍ജ്ജസ്വലമായ ആശയവിനിമയം നടത്തുന്ന ഒരു കൂട്ടമാണിത്. മറ്റുള്ളവര്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷ നല്‍കുന്ന പോസ്റ്റിങ്ങുകളും വരികളും എന്നുമുള്ള പരസ്പര ആശയവിനിമയങ്ങളും എല്ലാവര്‍ക്കും ഉണര്‍വ്വാണ്. സ്വന്തം ജീവിതത്തിലെ നിസ്സാര പ്രശ്നങ്ങള്‍ പോലും പരസ്പരം പറഞ്ഞും പരിഹരിച്ചും ഞങ്ങള്‍ മുന്നോട്ടു പോയ്ക്കൊണ്ടേയിരിക്കുന്നു. 
 
 
രണ്ടു വര്‍ഷത്തിലേറെയായി പലയിടങ്ങളില്‍ വച്ച് സൌഹൃദ ക്യാമ്പുകള്‍ നടക്കുന്നുണ്ട്. കൊല്ലം മുതല്‍ കോട്ടയം, മൂവാറ്റുപുഴ, കോഴിക്കോട് തുടങ്ങി പലയിടങ്ങളിലുമുള്ള പാരാപ്ലേജിക് സുഹൃത്തുക്കളെ തമ്മില്‍ ഒരുമിപ്പിച്ചും സുഹൃത്തുക്കളുടെ വീടുകളില്‍ ഒരുമിച്ച് സന്ദര്‍ശനം നടത്തിയുമാണ്, ഈ കൂട്ടായ്മ വികസിച്ചത്. പാലിയേറ്റീവുമായി ബന്ധപ്പെട്ടതിനു ശേഷമാണ്, തണല്‍ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് സാമൂഹിക പ്രവര്‍ത്തന രംഗത്തും ശ്രദ്ധ വയ്ക്കാന്‍ തൂടങ്ങിയത്. ജനസേവനനം ലക്ഷ്യമായി കാണുന്ന മാത്യു ഡോക്ടറിന്‍റെ പ്രവര്‍ത്തനങ്ങള്‍ തണലിന് ശരിക്കും ഒരു പഠനമാര്‍ഗ്ഗമായിരുന്നു. ഡോക്ടറിനൊപ്പം ചെയ്തു തുടങ്ങി ഇപ്പോള്‍ സ്വന്തമായി ക്യാമ്പുകള്‍, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഒക്കെ സംഘടിപ്പിക്കാന്‍ പാരാപ്ലേജിക് സുഹൃത്തുക്കള്‍ മാത്രമുള്ള ഈ കൂട്ടായ്മയ്ക്കാകുന്നുണ്ട്. 
 
നടക്കാന്‍ ബുദ്ധിമുട്ടുള്ളവരാണ്, പാരാപ്ലേജിക് വിഭാഗത്തിലുള്ളത്. അവസ്ഥകള്‍ പല വിധത്തിലാകാം. ചിലര്‍ക്ക് പിടിച്ച് നടക്കാം, വാക്കറില്‍ നടക്കാം, മറ്റു ചിലര്‍ക്ക് ചലനത്തിനായി വീല്‍ ചെയര്‍ ആവശ്യമുണ്ട്. സമൂഹത്തില്‍ ഇറങ്ങാന്‍ മടിച്ചിരിക്കുന്ന ഇത്തരം ആള്‍ക്കാരെ ഒന്നിച്ച് സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കാനുള്ള തണലിന്‍റെ ഭാഗമായി ക്യാമ്പുകള്‍ സംഘടിപ്പുന്നുണ്ട്. ഇവിടെ അവരവരുടെ ജീവനമാര്‍ഗ്ഗത്തിന്, പരിഹാരമുണ്ടാക്കുന്നതിനായി, വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന തൊഴിലുകളായ സോപ്പു പൊടി നിര്‍മ്മാണം, ഫിനോയില്‍ നിര്‍മ്മാണം എന്നിവയൊക്കെ ചെയ്യുന്നു. പാരാപ്ലേജിക് സുഹൃത്തുക്കള്‍ ചേര്‍ന്ന് തയ്യാറാക്കുന്ന ഉത്പന്നങ്ങള്‍ “പാലിയം” എന്ന ബ്രാന്‍ഡ് നെയിമില്‍ ഉപഭോക്താക്കളില്‍ എത്തിക്കാനും ശ്രമിക്കാറുണ്ട്. ഇതു കൂടാതെ സുമനസ്സുകളായ മറ്റു സുഹൃത്തുക്കളൊടൊപ്പം ചേര്‍ന്ന് തണല്‍ ഫണ്ടിങ്ങുമുണ്ട്. പാരാപ്ലേജിക് സുഹൃത്തുക്കളുടെ വിദ്യാഭ്യാസം നിലച്ചു പോയ കുട്ടികള്‍ക്ക് ധനസഹായം, ജീവിതമാര്‍ഗ്ഗത്തിനുള്ള സഹായം, തുടങ്ങിയ സഹകരണപ്രവൃത്തികളും തണല്‍ നടത്തുന്നുണ്ട്.
 
തണല്‍ എന്നത് വൈകല്യമുള്ളവരുടെ സംഘടന എന്നതിലുപരി പരസ്പരാശ്രിതത്വത്തിലുള്ള, പരസ്പരം താങ്ങും തണലുമായി നില്‍ക്കുന്ന കുറച്ചു സുഹൃത്തുക്കളുടെ കൂട്ടായ്മയാണ്. ഒരു മരം അതിന്‍റെ കീഴിലുള്ളവര്‍ക്ക് തണലു കൊടുക്കുന്നതു പോലെ ഞങ്ങള്‍ സ്വയം ആദ്യം ഞങ്ങള്‍ക്ക് തണലാവുകയും പിന്നെ ഞങ്ങളെ പോലെയുള്ള മറ്റുള്ളവരെ സ്വയം തണലാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സമൂഹത്തിന്‍റെ സഹതാപത്തിനേക്കാള്‍ അംഗീകരിക്കലാണ്, തണല്‍ ആഗ്രഹിക്കുന്നത്. ചലനസ്വാതന്ത്ര്യമില്ലാത്ത ഒരു കൂട്ടായ്മയ്ക്ക്  ഇവിടെ ഇത്രയുമൊക്കെ തണലാകാന്‍ സാധിക്കുമെങ്കില്‍ നൂറുകണക്കിനായ നമ്മുടെ നാട്ടിലെ സംഘടനകള്‍ക്ക് എന്തു തന്നെ കഴിയില്ല? സുഹൃദ്സംഗമങ്ങള്‍ക്കും അപ്പുറം ചലനശേഷിയില്ലാത്ത ഒരു സമൂഹത്തിലേയ്ക്ക് മാത്രമല്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന മറ്റുള്ളവരിലേയ്ക്കും ഈ സംഘടന പതിയെ വളരുന്നുണ്ട്. കാരണം ഞങ്ങള്‍ക്കറിയാമല്ലോ ഈ ജീവിതം എത്രമാത്രം മധുരവും മനോഹരവുമാണെന്ന്. അത് ചുറ്റുമുള്ളവരിലേയ്ക്കും എത്തിക്കാനായാല്‍ അതുതന്നെ തണലിന്‍റെ ലക്ഷ്യം.
 
 
 
ഒക്ടോബര്‍ 12നു നടന്ന തണല്‍ PPWS – ഏകദിന തൊഴില്‍ പരിശീലന ക്യാമ്പില്‍ നിന്ന്‍
 
 
 
 
 
 
 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍