UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

അസ്ഥിരതയുടെ ഇന്ത്യന്‍ കാഴ്ചകള്‍

പി.വി ഷെബി
 
1498-ല്‍ കോഴിക്കോട്ടെ കാപ്പാട് കടപ്പുറത്തു കാലു കുത്തിയ വാസ്‌കോഡ ഗാമ പിന്നീടു തിരിച്ചു പോയിട്ടില്ല. ഗാമയ്ക്കു പിന്നാലെ പറങ്കികളും പിന്നീട് ഡച്ചുകാരും വെള്ളക്കാരുമൊക്കെ ഇന്ത്യയിലെത്തിയത് മടങ്ങിപ്പോവാത്ത ഗാമയുടെ നിഴലിനെ അര്‍ഥമാക്കി. സുഗന്ധവ്യഞ്ജനമുള്‍പ്പെടെയുള്ള വിഭവസമ്പത്തു ലക്ഷ്യമിട്ടായിരുന്നു ഈ ശക്തികളുടെയെല്ലാം രംഗപ്രവേശം. ഭൂപ്രകൃതി, കാലാവസ്ഥ, ഭാഷ, ആചാരം, കല, സംസ്‌കാരം,മതം തുടങ്ങിയ മേഖലകളില്‍ സമ്പന്നവും വൈവിധ്യവുമായ പാരമ്പര്യം പുലര്‍ത്തിയ ഇന്ത്യ, വിസ്മയകരമായ വിഭവങ്ങളുമായി എന്നും ലോകരാജ്യങ്ങളെ ആകര്‍ഷിച്ചിരുന്നു. നാട്ടുരാജാക്കന്മാര്‍, വിദേശശക്തികള്‍, സാമ്രാജ്യങ്ങള്‍, ഏറ്റവുമൊടുവില്‍ ബ്രിട്ടീഷ് കോളനിവാഴ്ച തുടങ്ങിയ ഭരണങ്ങള്‍ക്കു കീഴിലായിരുന്നു നൂറ്റാണ്ടുകളോളം ഇന്ത്യ. ഇക്കാലങ്ങളിലൊക്കെ കൊടുംകൊള്ളയ്ക്കും വിഭവചൂഷണത്തിനും ഇരയായി. 
 
സമ്പദ് സമൃദ്ധിയിലും മനുഷ്യാധ്വാനത്തിലും മികച്ചു നിന്ന നമ്മുടെ വിഭവസ്രോതസ്സുകളുടെ മൂല്യം മനസ്സിലാക്കിയായിരുന്നില്ല സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഭരണനിര്‍വ്വഹണം. സ്വാശ്രയത്വം ബലി കൊടുത്ത് ആഗോള സമ്പദ്‌വ്യവസ്ഥയോട് നാം കൈകോര്‍ത്തത് ഇതിന്റെ തെളിവായിരുന്നു. എന്നാല്‍, ബി.സി 370-281 കാലയളവില്‍ ജീവിച്ച കൗടില്യന്റെ അര്‍ഥശാസ്ത്രത്തിലൂടെ ക്ഷേമരാഷ്ട്രം, സാമ്പത്തികവളര്‍ച്ച തുടങ്ങിയവയെ സംബന്ധിച്ച് നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ ലോകത്തിന് ദര്‍ശനം സംഭാവന ചെയ്ത രാഷ്ട്രമാണ് ഭാരതം.
 
ഇന്ത്യയുടെ മാനവവിഭവശേഷി മനസ്സിലാക്കി പരമാവധി ജനങ്ങളെ ഉള്‍ക്കൊണ്ടുള്ള സുസ്ഥിര വികസന പദ്ധതി ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഗാന്ധിജി ലോകത്തിനു സംഭാവന ചെയ്ത കാഴ്ചപ്പാടായിരുന്നു. സ്വാതന്ത്ര്യാനന്തരം, ആസൂത്രണത്തില്‍ അധിഷ്ഠിതമായ പൊതു-സ്വകാര്യ മേഖലകളെ ഒരുപോലെ കൂട്ടിയോജിപ്പിച്ചുള്ള മിശ്ര സമ്പദ് വ്യവസ്ഥ സോഷ്യലിസ്റ്റ് കാഴ്ചപ്പാടില്‍ നെഹ്‌റു വികസിപ്പിച്ചെടുത്തു. എന്നാല്‍, ആഗോളവല്‍ക്കരണത്തോട് ശൃംഗരിച്ചു കൊണ്ട്, ഭരണഘടനയില്‍ എഴുതിച്ചേര്‍ത്ത സോഷ്യലിസം, ഔപചാരികമായിപ്പോലും സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണകൂടത്തിനായില്ല. ഒരേസമയം, അതീവ സമ്പദ്‌സമൃദ്ധിയും കൊടുംദാരിദ്ര്യവും നിലനില്‍ക്കുന്നതാണ് ഇന്നത്തെ ഇന്ത്യന്‍ യാഥാര്‍ഥ്യം. 
 
 
കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളെ തടഞ്ഞു നിര്‍ത്താന്‍ ഒരു ശക്തിക്കുമാവില്ലെന്നായിരുന്നു നവലിബറല്‍ നയങ്ങള്‍ക്കു തുടക്കമിട്ട് 1991ല്‍ അന്നത്തെ ധനമന്ത്രിയും ഇന്നത്തെ പ്രധാനമന്ത്രിയുമായ ഡോ. മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന. വികസനക്കുതിപ്പും തൊഴിലിന്റെ ആഗോളവല്‍ക്കരണവും വഴി ഒരു ക്ഷേമരാഷ്ട്രം സൃഷ്ടിക്കാമെന്ന പേരിലായിരുന്നു ഈ പ്രഖ്യാപനം. ഇതിനെയാണ് നാം പിന്നീട് പുത്തന്‍ സാമ്പത്തികപരിഷ്‌കാരമെന്ന് വിളിച്ചത്. രാജ്യങ്ങളെയും ജനസമൂഹങ്ങളെയും കീഴടക്കി അധീശത്വം സ്ഥാപിക്കുന്ന സാമ്രാജ്യത്വം, അതിനു തടസ്സമായി നില്‍ക്കുന്ന സാമ്പത്തികാതിരുകളെ പൊളിച്ചു മാറ്റുന്ന പ്രക്രിയയാണ് 1990കളില്‍ ആഗോളവല്‍ക്കരണമെന്ന പുതുമോടി വികസനത്തിലൂടെ നമുക്ക് അനുഭവപ്പെട്ടു തുടങ്ങിയത്.
 
ആഗോളീകരിക്കപ്പെട്ടത് ലാഭം കൊയ്‌തെടുക്കാനുള്ള മൂലധനം മാത്രമായിരുന്നു. തൊഴില്‍രഹിത വളര്‍ച്ചയായിരുന്നു ആഗോളവല്‍ക്കരണം. അത് മുമ്പൊരിക്കലുമില്ലാത്ത വിധം അസമത്വങ്ങളെ വര്‍ധിപ്പിച്ചു. എല്ലാ അര്‍ഥത്തിലും അത് രാഷ്ട്രത്തെത്തന്നെ പുനര്‍നിര്‍മ്മിച്ചു. ഭാഷ, സംസ്‌കാരം, സവിശേഷതകള്‍, വൈവിധ്യങ്ങള്‍, പ്രകൃതി തുടങ്ങീ അസ്ഥിത്വത്തിന്റെ അടിവേരുകളെ അത് അറുത്തു മാറ്റുന്നു. സ്വത്വരാഷ്ട്രീയത്തിലൂടെ ബഹുവിധ ഫാസിസ്റ്റ് പ്രവണതകളെ പരിപോഷിപ്പിക്കുന്നു. നിലയ്ക്കാത്ത അഴിമതിയിലൂടെ നയവിശ്വാസങ്ങളിലുള്ള തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. സ്ത്രീകള്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍ തുടങ്ങീ പാര്‍ശ്വവല്‍ക്കൃത ജനവിഭാഗങ്ങളുടെ വികാരമാളിച്ച് സാമൂഹ്യ-രാഷ്ട്രീയസന്തുലിതത്വങ്ങളെ അട്ടിമറിക്കുന്നു. ഇങ്ങനെ വേര്‍തിരിവിന്റെ കുറുക്കു വഴികളുണ്ടാക്കി ജനാധിപത്യത്തെ ശ്വാസം മുട്ടിക്കുകയാണ് പുത്തന്‍ പരിഷ്‌കാരങ്ങള്‍.
 
ഈ അസ്ഥിരതയുടെ ഒന്നാന്തരം അടയാളപ്പെടുത്തലുകളാണ് രണ്ടു ദശകത്തിലേറെയായുള്ള ഇന്ത്യന്‍ കാഴ്ചകള്‍. തൊഴിലും ഭക്ഷണവും പാര്‍പ്പിടവും നിരന്തരമായി നിഷേധിക്കപ്പെടുന്ന ഭൂരിപക്ഷജനത, ഏകകക്ഷി ഭരണത്തിന് തിരശ്ശീല വീണത്, അനിശ്ചിതത്വം പുകഞ്ഞ കൂട്ടുകക്ഷി സര്‍ക്കാരുകള്‍, ദേശീയതാല്‍പര്യം ബലികഴിച്ച പ്രാദേശികപാര്‍ട്ടികളുടെ വളര്‍ച്ച, മൂര്‍ച്ഛിച്ച വര്‍ഗ്ഗീയതയും വിഘടനവാദവും, അറുതിയില്ലാത്ത അഴിമതി, മനുഷ്യത്വം തെരുവില്‍ വലിച്ചിഴയ്ക്കപ്പെടുന്ന അരാജകത്വം… ഇങ്ങനെയെല്ലാമാണ് ആ കാഴ്ചകള്‍! 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍