UPDATES

കേരളം

മാധ്യമ ഭീകരതയും സിന്‍ഡിക്കേറ്റും – ഒരു തമാശക്കഥ

ആരാണ് വാര്‍ത്ത സൃഷ്ടിക്കുന്നതും പൊലിപ്പിക്കുന്നതുമെന്ന് അഡ്വ. കോണ്‍സ്റ്റന്‍റൈന്‍ യോഹന്നാന്‍. ഒരു ‘തമാശക്കഥ’.  
 
തലയില്‍ നര കേറി തുടങ്ങിയെന്നു ഓര്‍മ്മപ്പെടുത്തിയത് പെണ്ണും പിള്ളയാണ്. ഞാന്‍ നോക്കിയപ്പോള്‍ ശരിയാണ്. മുടി എന്ന് പറയാന്‍ ഇനി ഏറെ ഒന്നും ഇല്ല. ഉള്ളതില്‍ മുക്കാല്‍ പങ്കും നര കേറി. ഇനി അധിക കാലം സ്ഥാനത്തും അസ്ഥാനത്തും ‘യുവ അഭിഭാഷകന്‍’ എന്ന് വീമ്പിളക്കാന്‍ പറ്റില്ല. വേണമെങ്കില്‍ ‘മുതിര്‍ന്ന അഭിഭാഷകന്‍’ എന്ന് പറയാം. പക്ഷെ ആ ‘യുവ’ക്ക് കിട്ടുന്ന ഗ്ലാമര്‍ ഇനി പ്രതീക്ഷിക്കണ്ട.
 
പല അനാമത്ത് കാര്യങ്ങളും വളരെ ലോജിക്കലായി പരിഹരിച്ച ചരിത്രം ഭാര്യക്കുണ്ട്. ഈ ‘യുവ’ പ്രശ്‌നം അവള്‍ എങ്ങനെ പരിഹരിക്കും എന്ന് നോക്കാം എന്ന് വച്ചു. അവള്‍ തലയില്‍ നിന്ന് ഒരു പേന്‍ എടുക്കുന്ന ലാഘവത്തോടെ പ്രശ്‌ന പരിഹാരം പറഞ്ഞു. ‘നിങ്ങള്‍ ഒരു യൂത്ത് സംഘടന ഉണ്ടാക്കി അതിന്റെ പ്രസിഡന്റ്‌റ് ആകണം. പത്തു വര്‍ഷത്തേയ്ക്ക് സ്ഥാനം ഒരുത്തനും ഒഴിഞ്ഞു കൊടുക്കരുത്. പത്തു വര്‍ഷത്തേയ്ക്ക് യൌവ്വനം നില നിരത്താന്‍ ഉള്ള ഈ ആയുര്‍വേദ കുറിപ്പടി എനിക്ക് ഇഷ്ടപ്പെട്ടു.
 
സമാന രോഗം കൊണ്ട് അത്യധികം വ്യസനിക്കുകയും ‘ഡൈ’ എന്ന മരുന്നില്‍ നിദ്ര പ്രാപിക്കുകയും ചെയ്ത ശ്രീ മനു വിത്സണ്‍ വക്കീലിനെ വിളിച്ചു ഞാന്‍ കാര്യം പറഞ്ഞു. അവന്‍ ഈ ഗൂഗിള്‍ ആയ ഗൂഗിള്‍ എല്ലാം തപ്പി നിയുക്ത സംഘടനയ്ക്ക് ഒരു പേര് നിര്‍ദേശിച്ചു. ”ആള്‍ ഇന്ത്യാ യങ്ങ് ലോയേഴ്‌സ് അസ്സോസ്സിയേഷന്‍” അതിന്റെ ആള്‍ ഇന്ത്യാ പ്രസിഡന്റ്‌റ് ആകാന്‍ പോണ എനിക്ക് അത് വളരെ അധികം ഇഷ്ടപ്പെട്ടു. ഞാന്‍ എന്റെ കീഴില്‍ ഉടന്‍ സംസ്ഥാന പ്രസിഡന്റ്‌റ് ആകാന്‍ പോണ മനുവിനോട് ഒരു ഉത്തരവ് ഇട്ടു. സംഘടനയുടെ ദേശീയ കമ്മിറ്റി ലക്‌നോയില്‍ യോഗം ചേര്‍ന്ന് എന്നെ ദേശീയ പ്രസിഡന്‍റ് ആയി തെരഞ്ഞെടുത്തതായി നീ ഉടന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത കൊടുക്കണം. പിന്നീട് നിന്നെ ഞാന്‍ സംസ്ഥാന പ്രസിഡന്റ്‌റ് ആയി നോമിനേറ്റു ചെയ്യും. മനുവിന് പെട്ടെന്ന് കുളിര് കോരി.  
                                           
അവന്‍ ഉടന്‍ തന്നെ അതൊരു ഭീകര വാര്‍ത്തയാക്കി കൊച്ചിയിലെ മുഴുവന്‍ പത്രം ആപ്പീസുകളിലും ചാനലുകളിലും കയറി ഇറങ്ങി കൊടുത്തു. അടുത്ത ദിവസം തന്നെ നമ്മുടെ യൌവ്വനം മടക്കി കിട്ടാന്‍ പോണ സന്തോഷം കാരണം ആ രാത്രി എനിക്ക് ഉറക്കം വന്നില്ല. അടുത്ത ദിവസം പത്രം വന്നു, ചാനല്‍ തുറന്നു. നമ്മള്‍ ചെറുപ്പം ആയ വാര്‍ത്ത മാത്രം ഇല്ല. ഞാന്‍ ചെറുപ്പം ആയിട്ട്, ചെറുപ്പം ആകാന്‍ പോണ മനുവിനും നിരാശയായി. ഞങ്ങള്‍ ഫോണിലൂടെ അന്യോന്യം സങ്കടം പറഞ്ഞു. ച്യവന പ്രാശം വാങ്ങി കഴിച്ചാല്‍ മതിയായിരുന്നു എന്ന് വരെ ചിന്തിച്ചു.  
                                                                        
സങ്കടം കാരണം നമ്മള്‍ രണ്ടു ബ്രാണ്ടി ഒക്കെ വാങ്ങി കുടിച്ചു. നമ്മള്‍ പല വട്ടം ആത്മഹത്യ ചെയ്ത കാര്യം ഒക്കെ പെണ്ണുംപിള്ളയ്ക്ക് അറിയാം. ഈ വിഷയത്തില്‍ വീണ്ടും അത് ചെയ്താലോ എന്ന് അവള്‍ ഭയന്നു. അവള്‍ ആണ് തെറ്റല്ലാത്ത ആ പെണ്‍ ബുദ്ധി ഉപദേശിച്ചത്. ‘മാധ്യമങ്ങള്‍ക്ക് വേണ്ടത് വിവാദ വാര്‍ത്തകള്‍ ആണ്. നിങ്ങള്‍ ആ വഴിക്ക് ഒന്ന് ആലോചിക്കൂ. ആലോചിക്കാന്‍ പറഞ്ഞാല്‍ നമ്മള്‍ ആ നിമിഷം ആലോചിക്കും. 
 
നിയുക്ത ചെറുപ്പക്കാര്‍ ആയ ഞാനും മനുവും വീണ്ടും കൂടി ആലോചിച്ചു. അങ്ങനെയാണ് ആ ‘ലഡ്ഡു ‘പൊട്ടിയത്.  അങ്ങനെ യങ്ങ് ലോയേഴ്‌സ് അസ്സോസ്സിയേഷന്‍ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ഉള്ള യോഗത്തില്‍ നിരീഷകന്‍ ആയി ദേശീയ ഭാരവാഹി, ഉത്തര്‍ പ്രദേശില്‍ നിന്നുള്ള പപ്പുറാം സിങ്ങ് വരും എന്ന് നമ്മള്‍ ഒരു വാര്‍ത്ത കൊടുത്തു. അടുത്ത ദിവസം പപ്പു റാം സിംഗ് വന്നാല്‍ തടയും എന്ന് ഒരു വാര്‍ത്ത കൂടി നമ്മള്‍ കൊടുത്തു.
 
പപ്പുറാം സിങ്ങ് പങ്കെടുക്കുന്ന യോഗം അലങ്കോലമാക്കാന്‍ നോക്കിയാല്‍ നേരിടും എന്ന് അടുത്ത വാര്‍ത്ത. ഞാനും മനുവും അവിടെയും ഇവിടെയും ഇരുന്നു തുരു തുരാ പ്രസ്താവന ഇറക്കി. എല്ലാം വലിയ വാര്‍ത്തയായി. നമ്മുടെ പേരുകള്‍ മാധ്യമങ്ങളില്‍ മിന്നി തിളങ്ങി. അങ്ങനെ വിവാദങ്ങള്‍ക്ക് ഒടുവില്‍ പപ്പുറാം നിരീക്ഷകന്‍ ആയ യോഗം മനുവിനെ സംസ്ഥാന പ്രസിഡന്റ്‌റ് ആയി തെരഞ്ഞെടുത്തു.
 
ഞാന്‍ പിന്നെയും അടങ്ങയിരുന്നില്ല. മാധ്യമ ശ്രദ്ധ അതിനകം നമുക്ക് ഒരു ഹരം ആയി കഴിഞ്ഞു. ഞാന്‍ പ്രസ്താവന ഇറക്കി. മനുവിന്റെ തെരഞ്ഞെടുപ്പ് ചട്ട ലംഘനം ആണ്. സംഘടനയുടെ ചത്തീസ്ഗഡ് പ്ലീനം പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് തെരഞ്ഞെടുപ്പു നടന്നത്. തെരഞ്ഞെടുപ്പ് അംഗീകരിക്കില്ല. മനുവിന്റെ പ്രസ്താവന പിറകെ വന്നു. എനിക്ക് എതിരെ അച്ചടക്ക നടപടി എടുക്കും.
 
ആദ്യം നമ്മുടെ ഒരു ചെറിയ വാര്‍ത്ത കൊടുക്കാന്‍ മടിച്ച സകല തെണ്ടികളും നമ്മുടെ പിറകെ ആയി. രാത്രി ചാനലുകളില്‍ നിന്ന് വിളികള്‍ വന്നു. കോന്‍സീ ഇപ്പോള്‍ കേള്‍ക്കാമോ, കേക്കാമെങ്കില്‍ പറയൂ. മനുവിന്റെ പ്രസ്താവനയെ കുറിച്ച് താങ്കള്‍ എന്ത് പറയുന്നു, ‘താങ്കള് ദയവായില്‍ ലൈനില്‍ തുടരൂ. ജസ്റ്റിസ് കൃഷ്ണയ്യര്‍ എന്ത് പറയുന്നു എന്ന് കേള്‍ക്കാം. താങ്കളിലേയ്ക്ക് തിരിച്ചു വരാം.
 
ഒരവസരത്തില്‍ ഞാന്‍ ഇങ്ങനെ പറഞ്ഞു. ‘ഇത് മാധ്യമ ഭീകരതയാണ്.’ വേറെ ഒരവസരത്തില്‍ ഞാന്‍ പ്രതികരിച്ചു, ‘നിങ്ങള്‍ മാധ്യമ സിന്‍ഡിക്കെറ്റുകള്‍ അങ്ങനെ പലതും പറയും’. 
 
അങ്ങനെ ഞാനും മനുവും ചെറിയ സൂത്ര പണി കൊണ്ട് ചെറുപ്പമായി ഇരിക്കുമ്പോള്‍, നമ്മള്‍ ആ പഴയ കാര്യങ്ങള്‍ ഒക്കെ മറന്നു തുടങ്ങി. ചില്ലറ കേസും കാര്യങ്ങളും ആയി ഒതുങ്ങി കൂടി.
 
കഴിഞ്ഞ ആഴ്ച ഞാന്‍ കോടതിയില്‍ ഇരിക്കുമ്പോള്‍ അപരിചിതമായ ഒരു നമ്പരില്‍ നിന്നും വിളി. “……..സാര്‍ അല്ലെ’? 
 
ഞാന്‍ ‘അതെ’. 
 
സാര്‍ ഈ ഛത്തീസ്ഗഡ് പ്ലീനം പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എന്താണ് എന്ന് വിശദീകരിക്കാമോ?നമ്മുക്ക് പഴയത് ഒന്നും ഓര്‍മ ഇല്ല, അത് കൂടാതെ തിരക്കിലും ആണ്. ‘ഛത്തീസ്ഗഡ് പ്ലീനം നിന്റെ അമ്മേടെ മാപ്പള’ എന്നാണു ആദ്യം വായില്‍ വന്നത്, ഭാഗ്യത്തിന് അത് പറഞ്ഞില്ല. അപ്പോള്‍ നമുക്ക് പഴയ മാധ്യമ ഭീകരത ഓര്‍മ വന്നു.
 
ഞാന്‍ മെല്ലെ പറഞ്ഞു തുടങ്ങി. ‘ഛത്തീസ്ഗഡ് പ്ലീനം പറയുന്നത് സംഘടനാ ഭാരവാഹികള്‍ക്ക് സ്വഭാവ ശുദ്ധി മുഖ്യം. മനുവിന് അത് ഇല്ല! അപ്പുറത്ത് ‘ടിം’ എന്ന് ഫോണ്‍ വയ്ക്കുന്ന ഒച്ച. അടുത്ത ഒരാഴ്ച ടി.വി സ്റ്റുഡിയോയില്‍ നിന്നു പുറത്തിറങ്ങാന്‍ നമുക്ക് ടൈം കിട്ടിയില്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ!  
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍