UPDATES

വിദേശം

ഇറാഖ് : ഇന്നും പേടിപ്പിക്കുന്ന ഓര്‍മകള്‍

മനുഷ്യായുസിലെ ഏറ്റവും ഭീകരമായ അവസ്ഥ ഓരോ സെക്കന്റിലും മരണം കവര്‍ന്നെടുത്തേക്കാം എന്ന ഭീതിയോടെ ജീവിക്കുന്നതാണ്. 2006 ജനുവരി മുതലുള്ള 18 മാസക്കാലം ഞാനും അത്തരമൊരു അവസ്ഥയിലായിരുന്നു. 

 
പ്രവാസ ജീവിതത്തിന്റെ തുടക്കത്തില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ബാധ്യതകളെ നേരിടാന്‍ വേണ്ടി യുദ്ധകലുഷിതമായ ഇറാഖ് ജീവിതം തെരഞ്ഞെടുക്കേണ്ടി വന്ന, ഒരുവേള മരണം തേടിയെത്തുകയും പിന്നെ ഉപേക്ഷിച്ചു പോവുകയും ചെയ്ത, ഉറ്റ ചങ്ങാതികളെ അടര്‍ത്തിയെടുത്ത, ഭീതിദമായ കുറെയേറെ നിമിഷങ്ങളാണ് ഇവിടെ കുറിക്കുന്നത്. 
 
ഒരു വാഹന മെക്കാനിക്കായി കുവൈറ്റിലെ പ്രശസ്തമായ ഒരു കമ്പനിയില്‍ ഞാന്‍ ജോലി ആരംഭിച്ചിട്ട് വെറും അഞ്ചു മാസം. കമ്പനിയുടെ ഇറാഖ് യൂണിറ്റിലേക്ക് മെക്കാനിക്കായി പോകാന്‍ താത്പര്യമുണ്ടോ എന്ന് കമ്പനി പലരോടും ചോദിച്ചു. ബുള്ളറ്റും ബോംബും മോര്‍ട്ടാറും മിസൈലും ഒക്കെയേറ്റ കത്തിയമര്‍ന്ന് ഇറാഖില്‍ നിന്നും കൊണ്ടു വരുന്ന വാഹനങ്ങള്‍ സ്ഥിരമായി കാണുന്നതു കൊണ്ടാകാം, അവരാരും പോകാന്‍ തയാറായില്ല. 
 
ഇപ്പോഴത്തെ ശമ്പളത്തിന്റെ ഇരട്ടി കിട്ടും എന്ന പ്രലോഭനത്തില്‍ അടിപ്പെട്ട ഞാന്‍ അതിനു സമ്മതിച്ചു. വീട്ടിലെ ബാധ്യതകള്‍ അതിന് എന്നെ പ്രേരിപ്പിക്കുകയായിരുന്നു എന്നു വേണം പറയാന്‍. ഞാന്‍ മിച്ചം പിടിക്കുന്ന തുക മാത്രമായിരുന്നു എന്റെ വീടിനുള്ള ഏക ആശ്രയം. 
 
പിന്നീടെല്ലാം പെട്ടെന്നായിരുന്നു. ആരെങ്കിലുമൊക്കെ പറഞ്ഞ് മനസു മാറ്റുന്നതിനു മുന്‍പ് തന്നെ കമ്പനി എന്നെ, ഞാന്‍ സമ്മതിച്ചതിനെ്‌റ മുന്നാം ദിനം രാത്രിയില്‍ ഒരു ട്രക്കില്‍ കയറ്റി വിട്ടു. ബോര്‍ഡറില്‍ മുടിയിഴ പോലും കീറിയുള്ള പരിശോധനകള്‍ കഴിഞ്ഞ് ഇറാഖ് മണ്ണിലേക്ക്… 
 
ഇറാഖിലേക്ക് കടക്കുമ്പോള്‍ ഞാനാദ്യമോര്‍ത്തത് ആകാശവാണിയില്‍ ഇറാന്‍-ഇറാഖ് യുദ്ധവാര്‍ത്തകളും കേട്ടുണരുന്ന ചെറുപ്പത്തിലെ പ്രഭാതങ്ങളായിരുന്നു. 
 
താഴ്ന്നു പറക്കുന്ന ഹെലികോപ്റ്ററുകള്‍ക്കും അന്തരീക്ഷത്തെ കിടിലം കൊള്ളിച്ച് പാഞ്ഞു വന്ന് കണ്ണഞ്ചിക്കുന്ന വേഗതയില്‍ അകന്നു പോകുന്ന ഫൈറ്ററുകള്‍ക്കും മഞ്ഞ മണലിന്റെ അതേ നിറമുള്ള മിലിട്ടറി വാഹനങ്ങള്‍ക്കും ഭീകര ശബ്ദമുള്ള ടാങ്കുകള്‍ക്കും ഒപ്പം മണല്‍പ്പരപ്പിലൂടെയും തകര്‍ന്നു കിടക്കുന്ന ടാര്‍ റോഡിലൂടെയും ഞങ്ങളുടെ കോണ്‍വോയ് വാഹനങ്ങള്‍ നീങ്ങി. 
 
ഇരുട്ടില്‍, ആളിക്കത്തിക്കൊണ്ടിരിക്കുന്ന എണ്ണക്കിണറുകളായിരുന്നു ഇടയ്ക്കിടെ വെളിച്ചം തന്നു കൊണ്ടിരുന്നത്. 
 
എനിക്കൊപ്പം ഞങ്ങളുടെ തന്നെ കമ്പനിയില്‍ നിന്നും ഇടയ്ക്കിടെ വന്നു ഇറാഖില്‍ വന്നു പോകുന്ന ഹിമാചല്‍ പ്രദേശുകാരനായ ട്രയിലര്‍ ഡ്രൈവറും നരസിംഹയ്യ എന്ന ആന്ധ്രക്കാരന്‍ ഡ്രൈവറും ഉണ്ടായിരുന്നു. എല്ലാവര്‍ക്കും പറയാനുള്ളത് ബാധ്യതകളുടെ കഥകള്‍ തന്നെ. 
 
പകല്‍ വെളിച്ചം പരന്നപ്പോള്‍ തെളിഞ്ഞുകണ്ട ഇറാഖ് എന്നെ നടുക്കി. 
 
 
 
കത്തിയമര്‍ന്ന വാഹനങ്ങള്‍ പലയിടത്തും കൂട്ടിയിട്ടിരിക്കുന്നു. പഴയകാല പ്രതാപം വിളിച്ചോതുന്ന കെട്ടിടങ്ങളുടെ തകര്‍ന്ന തൂണുകളും പാതിയടര്‍ന്ന ഭിത്തികളും. പൊളിഞ്ഞു വീണ പാലങ്ങള്‍ ഇടിഞ്ഞമര്‍ന്ന റോഡുകള്‍, കോണ്‍വോയ് വാഹനങ്ങളിലേക്ക് കൈനീട്ടി കുടിവെള്ളം യാചിക്കുന്ന ഇറാഖി സ്ത്രീകളും കുട്ടികളും. ദേഹം മറയ്ക്കാന്‍ മതിയായ വസ്ത്രങ്ങളില്ലാതെ, പാദരക്ഷകള്‍ പോലുമില്ലാതെ തിളയ്ക്കുന്ന ചൂടില്‍, പൊള്ളുന്ന മണല്‍പ്പരപ്പില്‍ കുടിവെള്ളം യാചിച്ച്, നട്ടുച്ചയ്ക്കു പോലും അവര്‍ മണിക്കൂറുകളോളം കോണ്‍വോയ് വാഹനങ്ങളെയും കാത്ത് നില്‍ക്കാറുണ്ടെന്ന് കേട്ടപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. 
 
തകര ഷീറ്റുകള്‍ മേഞ്ഞ വീടുകളാണ് എങ്ങും. പക്ഷേ ഏതു കൊച്ചു കുടിലിലും കത്തി നില്‍ക്കുന്ന വൈദ്യുതി ബള്‍ബ്, എന്നെ സദ്ദാം ഹുസൈന്‍ എന്ന ഭരണാധികാരിയെ പലവട്ടം ഓര്‍മിപ്പിച്ചു. 
 
പോകുന്ന വഴിയില്‍ ചിലയിടങ്ങളിലൊക്കെ ജലത്തിനു മുകളില്‍ പരന്നു കിടക്കുന്ന ഇറാഖിന്റെ എണ്ണ സമൃദ്ധി അതിശയിപ്പിച്ചു. 
 
കുവൈറ്റില്‍ നിന്നും അധികം ദൂരെയല്ലാത്ത ബസ്രയിലെ ബ്രിട്ടീഷ് മിലിട്ടറി ക്യാമ്പിലായിരുന്നു എനിക്ക് ജോലി. പഴയ പ്രതാപം വിളിച്ചോതുന്ന രീതിയില്‍ മനോഹരമായ ബസ്ര എയര്‍പോര്‍ട്ട്. മിലിട്ടറി ഫൈ്‌ളറ്റുകള്‍ മാത്രമേ ഇപ്പോള്‍ അവിടം ഉപയോഗിക്കുന്നുള്ളൂ. 
 
ഇറാഖിലെ എന്റെ അടുത്ത അതിശയം അവിടെ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ജിജി എന്ന കൊട്ടാരക്കരക്കാരനും വാസു എനന് കണ്ണൂരുകാരന്‍ ടയര്‍മാനുമായിരുന്നു. ബസ്രയിലെ ഞങ്ങളുടെ ക്യാമ്പ് എന്നെ അത്ഭുതപ്പെടുത്തി. ഇന്ത്യയിലെ ഒട്ടു മിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരും പാക്കിസ്ഥാനിയും ശ്രീലങ്കനും നേപ്പാളിയും കെനിയക്കാരനും ഈജിപ്ഷ്യനും ബംഗ്ളാദേശിയും തുര്‍ക്കിക്കാരനും ഉള്‍പ്പെടെ എഴുപതോളം പേര്‍. 
 
മലയാളവും തമിഴും ഹിന്ദിയും ഇംഗ്ളീഷും അറബിയും ഒഴുക്കോടെ സംസാരിക്കുന്ന രാജ്കുമാര്‍ എന്ന ആന്ധ്രാക്കാരനായിരുന്നു അവിടെ ഞങ്ങളുടെ സൂപ്പര്‍വൈസര്‍. 
 
സുന്ദരായ ആ ചെറുപ്പക്കാരനെ ഞങ്ങള്‍ കുമാറണ്ണന്‍ എന്നു സ്‌നേഹത്തോടെ വിളിച്ചു. പിന്നെ സുപ്പീരിയര്‍ ഓഫീസറായി ഡിനു എന്നൊരു ബ്രിട്ടീഷുകാരനും അദ്ദേഹത്തിന്റെ അസിസ്റ്റന്റും. 
 
ഷോയിബയിലും ബസ്രയിലുമായി പരന്നു കിടക്കുന്ന വിശാലമായ മിലിട്ടറി ക്യാമ്പ് സദ്ദാം നിര്‍മിച്ചതാണ്. മിസൈല്‍ ആക്രമണത്തില്‍ പോലും തകരാത്ത വിധം നിര്‍മിച്ച ബങ്കറുകളും കിലോമീറ്ററുകളോളം നീണ്ടു നീണ്ട് എവിടേക്കൊക്കെയോ പോകുന്ന അനവധി തുരങ്കങ്ങളും ജയിലും ഓഫീസ് കെട്ടിടങ്ങളും കോണ്‍ക്രീറ്റ് ഹെലിപാഡുകളും ഒക്കെയായി കിലോമീറ്ററുകള്‍ വ്യാപിച്ചു കിടക്കുന്ന സൈനിക ക്യാമ്പ്. അവിടമാണ് ബ്രിട്ടുഷുകാര്‍ ഇപ്പോഴത്തെ തങ്ങളുടെ ക്യാമ്പായി ഉപയോഗിക്കുന്നത്. 
 
ഇറാഖില്‍ ഭൂരിഭാഗവും യു.എസ് സൈനികരാണെങ്കിലും ഞങ്ങളുടെ ക്യാമ്പ് ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്നു. 
 
ചെന്നതിനു ശേഷമുള്ള കുറെ നാളുകള്‍ ആഹ്‌ളാദഭരിതമായിരുന്നു. മിലിട്ടറി വക ഭക്ഷണവും കുമാറണ്ണന്‍ വരുന്ന രാത്രികളിലെ വിരുന്നും പാട്ടും ഡാന്‍സും ഒക്കെയായി ഞാന്‍ ജിജിക്കും വാസുവേട്ടനും ഒപ്പം യാതൊരു ടെന്‍ഷനുമില്ലാതെ ജോലി ചെയ്തു. 
 
രംഗം മാറിയത് പെട്ടെന്നായിരുന്നു. 
 
ഒരു വൈകുന്നേരമാണ് ഡിനു ബോസ് ആ വാര്‍ത്ത അറിയിച്ചത്. എല്ലാവരും ബങ്കറുകളിലേക്ക് മാറണം. ഇന്നു സദ്ദാം ഹുസൈനെ തൂക്കിലേറ്റിയെന്ന് മെസേജ് വന്നിട്ടുണ്ട്. അദ്ദേഹം പറഞ്ഞു കേട്ടതിന്റെ നടുക്കം മാറുന്നതിനു മുന്‍പേ അപായ സൈറണ്‍ മുഴങ്ങി. 
 
മോര്‍ട്ടാറുകള്‍ ചീറിവന്നു. ക്യാമ്പിനുള്ളില്‍ പലയിടത്തും ഭീകര ശബ്ദങ്ങള്‍ മുഴങ്ങി. പ്രാണഭയത്തോടെ, ശ്വാസം കഴിക്കാന്‍ പോലും ഭയന്ന് ഞങ്ങള്‍ ബങ്കറുകളില്‍ പതിയിരുന്നു. 
 
പിന്നീടതൊരു തുടര്‍ച്ചയായിരുന്നു. 
 
ആ വലിയ ക്യാമ്പിനുള്ളിലെ പല സെക്ഷനുകളില്‍ നിന്നും പലരും കൊല്ലപ്പെട്ട വാര്‍ത്തകള്‍ എത്തി. അപ്പോഴൊക്കെ ഞങ്ങള്‍ ആശ്വസിച്ചു. അത് മറ്റാരോ ആണല്ലോ, എന്ന്. 
 
ക്യാമ്പിനു പുറത്തേക്ക് ഡ്യൂട്ടിക്കു പോയ ഞങ്ങളുടെ വാഹനങ്ങള്‍ മിക്കതും കത്തിയമര്‍ന്നു, മൊത്തമായും ഭാഗികമായും. 
 
മെക്കാനിക്ക് എന്ന നിലില്‍ എനിക്കേറ്റവും ഭീതിയുണ്ടാക്കിയത് ഭാഗികമായി തകര്‍ന്ന വാഹനങ്ങളെ തിരിച്ച് ക്യാമ്പിലെത്തിക്കുന്ന ദൗത്യമായിരുന്നു. ഞാനും ജിജിയും വാസുവേട്ടനും അടങ്ങുന്ന സംഘം ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തേക്ക് അര്‍ധരാത്രി കഴിഞ്ഞ് പ്രത്യേകം സജ്ജീകരിച്ച കോണ്‍വോയില്‍ എത്തി. തകര്‍ന്ന വാഹനത്തെ മറ്റൊരു വാഹനത്തെ മറ്റൊരു വാഹനത്തിലേക്ക് ലോഡു ചെയ്ത് കൊണ്ടു വരണം. 
 
പകല്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലമാണ്. ഭീകരര്‍ അവിടെ എവിടെയെങ്കിലും ആയുധങ്ങളുമായി പതിയിരിക്കുന്നുണ്ടാവും. ഏതു നിമിഷവും, അവര്‍ തൊടുത്തുവിടുന്ന ഏതെങ്കിലും ഒരു മോര്‍ട്ടാറില്‍ സ്വന്തം ശരീരം ഛിന്നഭിന്നമാകാം എന്നൊക്കെയുള്ള വസ്തുതകള്‍ എല്ലാം അറിഞ്ഞു കൊണ്ടാണ് ഞങ്ങള്‍ക്ക് ഈ ഡ്യൂട്ടി.. മിക്കവാറും രാത്രികളില്‍ ഇതിന് പോകേണ്ടി വന്നു. 
 
ഇതുപോലെയാണ് ചില മിലിട്ടറി ക്യാമ്പുകള്‍ കാലിയാക്കുമ്പോഴും. മിലിട്ടറി വിംഗുകള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായി സമിട്ടി, ഷോയിബ, അല്‍മാറ ക്യാമ്പുകള്‍ കാലിയാക്കി ബസ്രയില്‍ കേന്ദ്രീകരിച്ചു. 
 
ഇതില്‍ അല്‍മാറ ക്യാമ്പിലേക്കും തിരിച്ചുമുള്ള യാത്രയായിരുന്നു ഭീകരം. ഈ യാത്രയില്‍ ജിജിയും വാസുവേട്ടനും ഇല്ലായിരുന്നു. പകരം ജയപ്രകാശ് എന്നൊരു മാവേലിക്കരക്കാരനും (ഞങ്ങള്‍ ഒരുമിച്ചാണ് കുവൈറ്റിലെ ഈ കമ്പനിയില്‍ ജോലിക്കെത്തുന്നത്. ഞാനിപ്പോഴും ജീവനോടെയുണ്ടല്ലോ എന്ന ധൈര്യത്തിലാണ് പുള്ളി ഇറാഖിലേക്ക് വരുന്നതും). പിന്നെ അന്‍സാരി എന്നൊരു ഉത്തര്‍ പ്രദേശുകാരനും. 
 
ആറുമാസത്തെ ഡ്യൂട്ടി പൂര്‍ത്തിയാക്കി ഡിനു ബോസ് തിരിച്ചു പോയപ്പോള്‍ അദ്ദേഹത്തിനു പകരം വന്ന ക്രിസ് എന്ന കര്‍ക്കശക്കാരനായ ബ്രിട്ടീഷുകാരന്റെ നേതൃത്വത്തിലായിരുന്നു അന്നു ഞങ്ങളുടെ ക്യാമ്പ്. കുമാറണ്ണനും ജിജിക്കുമൊക്കെ ഡിനുവിനോടായിരുന്നു ആത്മബന്ധം. എനിക്കു പക്ഷേ ക്രിസിനോടായിരുന്നു. 
 
ഏതാണ്ട് 350 വാഹനങ്ങള്‍ അടങ്ങുന്ന കോണ്‍വോയ് നാലായി തിരിച്ചായിരുന്നു അല്‍മാറ ദൗത്യം. ബസ്രയില്‍ നിന്നും കോണ്‍വോയില്‍ അല്‍മാറ ക്യാമ്പിലെത്താന്‍ അന്ന് 16 മണിക്കൂറെടുത്തു. 
 
മെയിന്റോഡിനു സമാന്തരമായി ഇരുവശങ്ങളിലും മിലിട്ടറിയുടെ മറ്റു ണ്ടു കോണ്‍വോയി കൂടിയുണ്ട്. അത്രയ്ക്ക് ശ്രദ്ധിച്ചായിരുന്നു യാത്ര. 
 
ഇറാഖി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അന്ന് വാഹനങ്ങള്‍ക്കു നേരെ കല്ലെറിഞ്ഞു. ഇത്രയും മിലിട്ടറി സന്നാഹങ്ങളുമായി പോയിട്ടും ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ നിന്നും ഞങ്ങള്‍ക്കു നേരെ മിക്കപ്പോഴും ബുള്ളറ്റുകള്‍ ചീറി വന്നു. ടയറുകള്‍ നശിച്ചു. വാഹനങ്ങള്‍ നശിച്ചു. 
 
ക്യാമ്പ് കാലിയാക്കുന്ന വിവരം രഹസ്യമായിട്ടാണ് സൂക്ഷിച്ചിരുന്നതെങ്കിലും ഭീകരര്‍ അതു മനസിലാക്കി ആക്രമണം അഴിച്ചു വിട്ടു. ക്യാമ്പിനുള്ളിലേക്ക് മോര്‍ട്ടാറുകള്‍ ചീറി വന്നു. ജയപ്രകാശും ഞാനുമൊക്കെ പലപ്പോഴും മരണത്തെ മുഖാമുഖം കണ്ടു. ഞങ്ങള്‍ ഒരിക്കല്‍ അഭയം തേടി പിന്നീടുപേക്ഷിച്ച ഒരു കണ്ടെയ്‌നര്‍ മിനിറ്റുകള്‍ക്കു ശേഷം അരിപ്പ പോലെയായത് കണ്ട് ഞങ്ങള്‍ കരഞ്ഞു പോയി. 
 
ആക്രമണം രൂക്ഷമായപ്പോള്‍ പറ്റുന്നത്രയും സാധനങ്ങള്‍ മാത്രം എടുത്ത് തീരുമാനിച്ചതിനും മുന്‍പേ മിലിട്ടറി അവിടം വിട്ടു. അറ്റാക്കില്‍ തര്‍ന്നതിനാല്‍ ഞങ്ങള്‍ക്ക് കുറെയേറെ വാഹനങ്ങള്‍ അവിടെ ഉപേക്ഷിക്കേണ്ടി വന്നു. 
 
ആര്‍ക്കൊക്കെയോ അന്നത്തെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടു. ചിലര്‍ക്ക് അംഗഭംഗവും. തിരികെ സ്വന്തം ക്യാമ്പിലെത്തുന്നതുവരെയുള്ള അവസ്ഥ മരണത്തിനും ജീവിതത്തിനും ഇടയിലെ നേരിയ നിമിഷങ്ങളായിരുന്നു. 
 
എന്റെ ക്യാമ്പിലെ പര്‍വിന്ദര്‍ എന്ന പഞ്ചാബി ഡ്രൈവറുടെ വാഹനം കത്തിച്ചാമ്പലായി. അദ്ദേഹം പരിക്കുകളോടെയെങ്കിലും അത്ഭുതകരമായി രക്ഷപെട്ടു. പക്ഷേ എന്നെന്നേക്കുമായി കേള്‍വി നഷ്ടപ്പെട്ടു. പലര്‍ക്കും കല്ലേറിലും തെറിച്ചുയര്‍ന്ന മോര്‍ട്ടാര്‍ പീസുകള്‍ കൊണ്ടും പരിക്കു പറ്റി. 
 
ക്യാമ്പിലെത്തിയെങ്കിലും ക്യാമ്പും സുരക്ഷിതമായിരുന്നില്ല. എങ്കിലും സുഹൃത്തുക്കള്‍ക്കൊപ്പം തമാശകള്‍ പറഞ്ഞും കളിച്ചും ചിരിച്ചും ഞങ്ങളുടെ ആകുലതകളും ഭയവും മറക്കാന്‍ ശ്രമിച്ചു. കൊല്ലത്തുകാരനായ ശ്രീകുമാറേട്ടനും അദ്ദേഹത്തിന്റെ ഒപ്പം വന്ന ഷാലു, ബിനു, ഷിബു എന്നീ സുഹൃത്തുക്കള്‍ക്കും ഒപ്പമായിരുന്നു ക്യാമ്പില്‍ എന്റെ താമസം. നന്നായി പാടുന്ന ശ്രീയേട്ടന്റെ സിനിമാ ഗാനങ്ങളില്‍ ഞങ്ങളുടെ രാത്രികള്‍ ഭീതികളില്‍ നിന്നകന്നു. 
 
ജയപ്രകാശും അന്‍സാരിയും അല്‍മാറ യാത്രയ വിതച്ച ഭീതിയില്‍ എന്നെന്നേക്കുമായി ഇറാഖ് മതിയാക്കി തിരിച്ചു പോയി. ജിജിയും വാസുവേട്ടനും വീണ്ടും വന്നു. കമ്പനി പലപ്പോഴും ആളുകളെ നിര്‍ബന്ധിച്ച് ഇറാഖിലേക്ക് വിടുകയായിരുന്നു. നാട്ടിലെ ബാധ്യതകളും വിഷമങ്ങളും ഓര്‍ക്കുമ്പോള്‍ കമ്പനി നാട്ടിലേക്ക് തിരിച്ചു വിടുമെന്ന ഭീതിയില്‍ പലരും ഇറാഖിലേക്ക് വീണ്ടും വന്നും പോയുമിരുന്നു. 
 
ഞങ്ങളുടെ താമസം കണ്ടെയ്‌നറുകളിലും  കുര്‍ഫഫ എന്നറിയപ്പെടുന്ന താത്കാലിക ഭവനങ്ങളിലുമായിരുന്നു. 
 
കുര്‍ഫകളില്‍ സിമന്റുകട്ടകള്‍ അടക്കിവച്ച് അതിനുള്ളിലെ ആറടി നീളത്തിലും ഒന്നരയടി വീതിയിലും ഞങ്ങള്‍ വിയര്‍ത്തു കുളിച്ച് ഞെരുങ്ങി ഉറക്കമില്ലാതെ കിടന്നു. 
 
പകല്‍ കണ്ണും കാതും തുറന്നു വച്ച് പുറമേക്കെങ്കിലും ധൈര്യം അഭിനയിച്ച് പലരും ജോലി ചെയ്തു. 
 
ഭീകരാന്തരീക്ഷം രൂക്ഷമാകുകയായിരുന്നു. 
 
ഞങ്ങളുടെ കുര്‍ഫകള്‍ക്കും പിന്നില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് ബ്ലോക്കുകളില്‍ പലപ്പോഴും മോര്‍ട്ടാറുകള്‍ തട്ടിത്തകര്‍ന്നു. രാത്രികളില്‍ ഉറക്കം നഷ്ടമായി. 
 
ഒരു വൈകുന്നേരം, കമിഴ്ന്നു കിടന്ന സ്ഥലത്തിനു മീറ്ററുകള്‍ മാത്രം അകലത്തില്‍ മോര്‍ട്ടാറുകള്‍ തുരുതുരാ വീണു ചിതറിത്തെറിച്ചപ്പോള്‍ ജിജി ഇറാഖ് വിട്ടു. പിറ്റേന്നു തന്നെ. 
 
പിന്നെ ഞാനും ശ്രീയേട്ടനും സുഹൃത്തുക്കളും. 
 
ക്യാമ്പിലേക്ക് ഇടയ്ക്കിടെ വരാറുണ്ടായിരുന്ന ഇറാഖി ജോലിക്കാരും ഭീഷണികളുടെ നിഴലിലായിരുന്നു. ഞങ്ങള്‍ക്ക് മൊബൈല്‍ കാര്‍ഡുകള്‍ തന്നിരുന്ന ഒരു ഇറാഖി ചെറുപ്പക്കാരന്‍ ഒരിക്കല്‍ കരഞ്ഞു കൊണ്ട് ഞങ്ങളെ ഒരു കത്തു കാണിച്ചു. ഇനിയും ക്യാമ്പിനുള്ളിലേക്ക് ജോലിക്കായി പോകുകയാണെങ്കില്‍ നിന്റെ തലയറക്കും എന്നായിരുന്നു കത്തില്‍. 
 
 
എന്നെ അവര്‍ കൊല്ലുന്നെങ്കില്‍ കൊല്ലട്ടെ, അവര്‍ കൊല്ലുംവരെയെങ്കിലും എനിക്കെന്റെ കുട്ടികള്‍ക്ക് ആഹാരം കൊടുക്കാമെല്ലോാ.. എന്നു പറഞ്ഞകന്നു പോയ ആ മനുഷ്യന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയാണ് പിന്നീട് ഞങ്ങള്‍ അറിഞ്ഞത്. ഒരു വിധം ഹിന്ദി സംസാരിക്കുമായിരുന്ന ഒരു ഇറാഖി ഡ്രൈവറെ വാഹനമുള്‍പ്പെടെ കത്തിച്ചു. അങ്ങനെ എത്രയോ പേര്‍… 
 
ഞാന്‍ കുവൈറ്റിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ചു. വിസ തീരാറായതിനാല്‍ കുമാറണ്ണനും സമ്മതിച്ചു. ഒരു ദിവസം ഉച്ചയ്ക്ക് ക്യാമ്പിനുള്ളിലെ ഷോപ്പില്‍ നിന്ന് ഷോപ്പിംഗ് കഴിഞ്ഞിറങ്ങിയപ്പോള്‍ റൂംമേറ്റായ ചെങ്ങന്നൂരുകാരന്‍ ബിനു നടരാജന്‍ ആയിരുന്നു ബസുമായി റൗണ്ട് ചെയ്തിരുന്നത്. എന്നെക്കണ്ട് ബിനു ബസ് നിര്‍ത്തി. അതില്‍ ഞങ്ങളെ കൂടാതെ ഹിന്ദിക്കാരനായ മറ്റൊരു മിലിട്ടറിക്കാരനും ഉണ്ടായിരുന്നു. ഗ്ലാസുകളെല്ലാം അടച്ചിട്ട മിനി ബസിലെ എ.സിയുടേയും വാഹനത്തിന്റെയും മുരള്‍ച്ചയില്‍ ഞങ്ങള്‍ അപായ സൈറണ്‍ മുഴങ്ങിയത് കേട്ടില്ല. ദൂരെ മിലിട്ടറിക്കാര്‍ കമിഴ്ന്ന് കിടക്കുന്നതു കണ്ടപ്പോള്‍ ബിനു വേഗം വണ്ടി നിര്‍ത്തി. 
പാസഞ്ചര്‍ ഡോറിലൂടെ ഞാനും മിലിട്ടറിക്കാരനും താഴേക്കു ചാടി കമഴ്ന്നു കിടന്നു. എന്റെ കാല്‍മുട്ട് നിലത്തിടിച്ച് നന്നായി മുറിഞ്ഞു. 
 
ബിനുവും ഡ്രൈവര്‍ ഡോറിലൂടെ ഇറങ്ങി ഞങ്ങള്‍ കിടക്കുന്നിടത്തേക്ക് ഓടിവന്നു കിടന്നു. ചെവി പൊട്ടിത്തകരുന്ന പോലെ കുറെ ശബ്ദങ്ങള്‍. ഞങ്ങള്‍ നിലത്തു നിന്നും പൊട്ടിത്തെറിച്ച് പലവട്ടം വീണു. അടുത്തും അകലെയുമായി ഏറെ നേരം നീണ്ടു നിന്ന ശബ്ദങ്ങള്‍. ഒടുവില്‍ എല്ലാം ശാന്തമായി. കാതു മരവിച്ചു പോയിരുന്നു. മുഖമുയര്‍ത്തി നോക്കിയ ഞാന്‍ ഞെട്ടിത്തരിച്ചു പോയി. ഞങ്ങളുടെ വാഹനം തകര്‍ന്നു തരിപ്പണമായിരിക്കുന്നു. ഞാന്‍ ബിനുവിനെ നോക്കി. ബിനു കൈയുയര്‍ത്തി. ഞാനും മിലിട്ടറിക്കാരനും എഴുന്നേറ്റു. മിലിട്ടറിക്കാരന്റെ നെറ്റി ലേശം മുറിഞ്ഞിരുന്നു. എനിക്ക് ആകെയൊരു തരിപ്പ് മാത്രം. 
 
ഞാന്‍ ബിനുവിനെ വിളിച്ചു…  ബിനൂ നോക്കെടാ നമ്മുടെ വണ്ടിി… തിരിഞ്ഞു നോക്കിയപ്പോള്‍ ബിനു എണീറ്റിട്ടില്ല. ഞാനടുത്തേക്ക് ചെന്നു. 
ബിനു ചെരിഞ്ഞു കിടക്കുന്നു. രക്തത്തില്‍ കുളിച്ച്… വയറു പിളര്‍ന്ന്.. 
ഞാന്‍ അലറി വിളിച്ചു. ആരൊക്കെയോ ഓടി വന്നു. ഞാന്‍ നിലത്തേക്ക് വീണു പോയി. നിമിഷങ്ങള്‍ക്കകം ആംബുലന്‍സ് വന്ന് ബിനുവിനേയും മിലിട്ടറിക്കാരനേയും ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി. ആരൊക്കെയോ എന്നോട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു ചോദിച്ചു. ഞാന്‍ ഇല്ലെന്ന് തലയാട്ടി. 
 
എന്റെ ഷര്‍ട്ടില്‍ രക്തം പടരുന്നതു കണ്ട് ഒരു മിലിട്ടറിക്കാരന്‍ ഷര്‍ട്ടുയര്‍ത്തി നോക്കിയപ്പോഴാണ് എന്റെ വലതു നെഞ്ചിനു താഴെ എന്തോ തറഞ്ഞു കയറിയിരിക്കുന്നത് ഞാനും കണ്ടത്. കാതടപ്പിക്കുന്ന അപ്പോഴത്തെ ശബ്ദത്തിന്റെ തരിപ്പില്‍ ഞാനൊന്നും അറിഞ്ഞിരുന്നില്ല. അടുത്ത ആംബുലന്‍സ് വന്നു. ഞാനും ആശുപത്രിയിലേക്ക്… 
 
ഓപറേഷന്‍ തീയറ്ററിലേക്ക് ഉടനെ മാറ്റിയെങ്കിലും എന്റെ പള്‍സും ബി.പിയും ഒക്കെ കൂടിയതിനാല്‍ ഓപറേഷന്‍ നീട്ടി വച്ചു. ബസിന്റെ ഡ്രൈവര്‍ ആയതിനാല്‍ ബിനുവിന്റെ കാര്യം എല്ലാവരും അറിഞ്ഞെങ്കിലുഗ അതില്‍ യാത്രക്കാരനായി കയറിയ എന്റെ കാര്യം ഞാന്‍ ഫോണ്‍ വിളിച്ചു പറഞ്ഞപ്പോഴാണ് ക്യാമ്പില്‍ അറിയുന്നത്. 
 
കുമാറണ്ണനും എല്ലാവരും വന്നു… വിവരങ്ങള്‍ തിരക്കി. എനിക്കവരോട് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ. ബിനുവിനു വേണ്ടി പ്രാര്‍ഥിക്കാന്‍… 
 
ഓപറേഷന്‍ കഴിഞ്ഞ് പുറത്തിറങ്ങിയ എന്നെ കാത്തിരുന്നത് ബിനു ഞങ്ങളെ വിട്ടു പോയെന്ന വാര്‍ത്തയായിരുന്നു. മരണം അവനെ മാത്രം കൊണ്ടു പോയി. അവന്റെ കുടുംബത്തിലെ ഏക ആണ്‍തരി.. ഏക അത്താണി… 
 
ശ്രീയേട്ടനായിരുന്നു അവനെ നാട്ടിലെത്തിക്കാനുള്ള നിയോഗം. ഞാനും ശ്രീയേട്ടനും ട്രക്കിലും അവനെ ഫൈ്‌ളറ്റിലുമായി കുവൈറ്റിലേക്ക്. കൈരളി ടി.വിയിലൂടെയാണ് ഈ ദുരന്തം ലോകം ആദ്യമറിഞ്ഞത്. 
 
ഇറാഖില്‍ നിന്നും ഞങ്ങള്‍ വരുന്ന വഴി ശ്രീയേട്ടന്റെ ട്രക്കിനു നേര്‍ക്കും വെടിവയ്പുണ്ടായി. ട്രക്കിനു നേരെ മുന്നില്‍ വന്നു നിന്ന് നിറയൊഴിക്കുകയായിരുന്നു. ട്രക്കിന്റെ നേപ്പാളി ഡ്രൈവര്‍ അവനു നേരെ വണ്ടിയോടിച്ചു ചെന്നതുകൊണ്ട് ലക്ഷ്യം തെറ്റിയ ബുള്ളറ്റുകള്‍ വണ്ടിയില്‍ എവിടെയൊക്കെയോ തറച്ചു. 
 
പിന്നെയും എത്രയോ പേര്‍.. ഞങ്ങളുടെ ക്യാമ്പിലെ ദുരിതങ്ങള്‍ പിന്നെയും നീളുകയായിരുന്നു. ഇറാഖിലേക്ക് എനിക്ക് പകരക്കാരനായി പോയ ശെന്തില്‍ എന്ന എന്റെ തമിഴ് സുഹൃത്ത്. എനിക്കൊപ്പമാണ് അവനും ഇന്ത്യയില്‍ നിന്ന് കുവൈറ്റിലേക്ക് വരുന്നത്. ശെന്തിലിനൊപ്പം അവന്റെ റൂംമേറ്റ്, എപ്പോഴും ചിരിച്ചു നടക്കുന്ന അവന്റെ ആ തമിഴ് സുഹൃത്ത്. കുര്‍ഫയില്‍ ടി.വി കണ്ടുകൊണ്ടിരിക്കവെ, മുറിയുടെ നടുക്കു വന്നു വീണ മോര്‍ട്ടാര്‍ അറ്റാക്കില്‍ ആ രണ്ടു കൂട്ടുകാരും ഒരുമിച്ച് വെന്തു വെണ്ണീറായി. 
 
ദൈവമേ…. നീ….
 
യുദ്ധത്തിന്റെ ബാക്കിപത്രം എന്നും വേദനകള്‍ മാത്രമാണ്. മറ്റൊരു രാജ്യവുമായി യുദ്ധത്തിലേര്‍പ്പെടാന്‍ ആഗ്രഹിക്കാത്ത ഒരേയൊരു വിഭാഗം ഒരു പക്ഷേ അന്യരാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികളാകും. 
 
ഒരേ പാത്രത്തില്‍ പാകം ചെയ്ത ആഹാരം പങ്കിട്ടു കഴിക്കുന്ന സമയത്ത് ഇന്ത്യാ-പാക് യുദ്ധവാര്‍ത്ത ഒരുമിച്ച് ഒരേ ഭാഷയില്‍ കേള്‍ക്കേണ്ടി വരുന്ന ഇന്ത്യക്കാരന്റേയും പാക്കിസ്ഥാനിയുടേയും അവസ്ഥ ഒന്നു മനസില്‍ കണ്ടു നോക്കൂ.. 
 
ജീവിക്കാന്‍ വേണ്ടിയും വീട്ടിലുള്ളവരെ ജീവിപ്പിക്കാന്‍ വേണ്ടിയും പ്രവാസികളായവരില്‍ ഭൂരിഭാഗത്തിനും കാണും പറയാന്‍ കഷ്ടപ്പാടുകളുടെ കുറെ കഥകള്‍…
 
അവര്‍ ഒക്കെയും സഹിക്കുന്നു… മറ്റുളളവര്‍ക്ക് വെളിച്ചം നല്‍കി സ്വയം ഉരുകിയൊലിക്കുന്ന മെഴുകുതിരി പോലെ… 
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍