UPDATES

വിദേശം

ഇറാന്‍ പ്രസിഡന്‍റിന്‍റെ അമേരിക്കന്‍ ചങ്ങാത്തം

ഷെയിന്‍ ഹാരിസ് (വാഷിങ്ങ്ടണ്‍ പോസ്റ്റ്)

ഹസന്‍ റൌഹാനി എന്ന 37-കാരനായ ഇറാന്‍ നയതന്ത്ര ഉപദേഷ്ടാവ് ടെഹ്റാനിലെ പഴയ ഹില്‍ടന്‍ ഹോട്ടലിന്‍റെ ഏറ്റവും മുകളിലത്തെ നിലയില്‍  ഒരു സംഘം അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണ്. 1986 മെയ് 27-നാണ് സംഭവം. രാഷ്ട്രീയവും, വ്യക്തിപരവുമായ നിരവധി അപകടങ്ങള്‍ പതിയിരിക്കുന്ന ഒരു സാഹസമായിരുന്നു, അമേരിക്കക്കാരുമായി ഒരു രഹസ്യ ധാരണ ഉണ്ടാക്കാനായി റൌഹാനി ഏറ്റെടുത്തത്.

ലെബനനില്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്ന അമേരിക്കക്കാരെ വിട്ടുകിട്ടാന്‍ സഹായിക്കുന്നതിന് ഇറാന്‍ നേതാക്കളെ പ്രേരിപ്പിക്കുന്നതിനാണ് അമേരിക്കന്‍ സംഘം എത്തിയത്. റൌഹാനി അതിനു സന്നദ്ധനായിരുന്നു. പക്ഷേ,  ഇറാന് മിസൈലുകളും മറ്റ് ആയുധങ്ങളും വില്‍ക്കാന്‍ അമേരിക്ക തയ്യാറായാല്‍ മാത്രം. എന്നാല്‍ അന്ന് അത്രക്കൊന്നും അറിയപ്പെട്ടിട്ടില്ലാത്ത മറൈന്‍ ലെഫ്റ്റനന്‍റ് കേണല്‍ ഒല്ലീ നോര്‍ത്ത് അടക്കമുള്ള ദേശീയ സുരക്ഷാ സമിതി അംഗങ്ങള്‍ക്ക് മറ്റൊരു പ്രധാന ലക്ഷ്യം കൂടി ഉണ്ടായിരുന്നു. ഇറാനിലെ മിതവാദി നേതാക്കളുമായി ഒരു പുതിയ രാഷ്ട്രീയ സഖ്യം സൃഷ്ടിക്കുക.

മുപ്പതു വര്‍ഷത്തെ നിരന്തര ശത്രുതയ്ക്ക് ശേഷം ഇന്നിപ്പോള്‍ അമേരിക്ക ഇറാനുമായുള്ള ഉഭയകക്ഷി ബന്ധം പുനരുജ്ജീവിപ്പിക്കുന്നതില്‍ പ്രതീക്ഷ കൊടുക്കുന്നത്  അന്നത്തെ ആ കുശാഗ്ര ബുദ്ധിയായ മധ്യസ്ഥനോടാണ്; ഹസന്‍ റൌഹാനി ഇപ്പോള്‍ ഇറാന്‍ പ്രസിഡണ്ടാണ്.
 

അന്നത്തെ ചര്‍ച്ചയില്‍ വാതിലുകള്‍ തുറക്കാന്‍ റൌഹാനി തയ്യാറായിരുന്നു. എന്നാല്‍ കൂടുതല്‍ ആയുധങ്ങള്‍ നല്കാന്‍ അമേരിക്ക തയ്യാറായാല്‍ മാത്രം. ഇന്നിപ്പോള്‍ അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ റൌഹാനി എങ്ങനെ മുന്നോട്ടുപോകും എന്നതിലേക്കുള്ള ഒരു ജാലകമാണ് ആ ബന്ദി പ്രശ്നത്തിലെ ചര്‍ച്ചകള്‍.

ഇറാന് സ്വാധീനമുള്ള ഹിസ്ബൊള്ള എന്ന ഭീകരവാദി സംഘം ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനാണ് പ്രസിഡണ്ട് റൊണാള്‍ഡ് റീഗന്‍റെ ജി‌എല്‍‌എഫ് എന്ന് റൌഹാനിക്ക് അറിയാമായിരുന്നു. ബന്ദികളാക്കിയവരുടെ കുടുംബങ്ങള്‍ക്ക് റീഗന്‍ അവരുടെ വിമോചനം ഉറപ്പ് നല്കി. മോചിപ്പിക്കപ്പെട്ടു മടങ്ങിയെത്തുന്നവരുടെ ദൃശ്യങ്ങള്‍ റീഗന് വലിയ രാഷ്ട്രീയ നേട്ടമായിരിക്കും നല്കുക.

പ്രശ്നം പരിഹരിക്കാന്‍ എല്ലാ സഹായവും റൌഹാനി വാഗ്ദാനം ചെയ്തു. എന്നാല്‍  അതിനു നല്കേണ്ട വിലയും ഇറാന്‍ സംഘം നിശ്ചയിച്ചിരുന്നു. ചര്‍ച്ച ആയുധ വ്യാപാരത്തിലേക്ക് തിരിഞ്ഞുപോയ്ക്കൊണ്ടേയിരുന്നു. ബന്ദികളെ മോചിപ്പിച്ച് 10 മണിക്കൂറിനകം ഒരു വിമാനം നിറയെ മിസൈല്‍ ഭാഗങ്ങള്‍ ടെഹ്റാനിലെത്തുമെന്ന് അമേരിക്കന്‍ സംഘം ഉറപ്പ് നല്കി. എന്നാല്‍ ആദ്യം മിസൈല്‍ വരട്ടെ എന്നായി ഇറാന്‍. അത് നടക്കില്ലെന്ന് ഉറപ്പായപ്പോള്‍ രണ്ടു ബന്ദികളെ മോചിപ്പിക്കാന്‍ സഹായിക്കാമെന്നും, കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മറ്റ് രണ്ടു ബന്ദികളുടെ കാര്യം നോക്കാമെന്നും അവര്‍ വാഗ്ദാനം ചെയ്തു.

വിശാലമായ ബന്ധം മെച്ചപ്പെടുത്തല്‍ ദൌത്യത്തില്‍ റൌഹാനിക്കും താത്പര്യമുണ്ടായിരുന്നു. “നമ്മള്‍ തമ്മിലുള്ള ബന്ധം വെച്ചു നോക്കിയാല്‍ നിങ്ങളിവിടെ വന്നതുതന്നെ വലിയ നീക്കമാണ്.” പതുക്കെയാണെങ്കിലും ഒരുമിച്ച് പ്രവര്‍ത്തിക്കാനാകും എന്നും റൌഹാനി കരുതിയിരുന്നു. “നിസ്സാരപ്രശ്നങ്ങള്‍ പൊങ്ങിവന്നില്ലെങ്കിലെ അത്ഭുതമുള്ളൂ. ക്ഷമാശീലം വിജയം കൊണ്ടുവരുമെന്ന് ഒരു പേര്‍ഷ്യന്‍ പഴഞ്ചൊല്ലുണ്ട്-അവര്‍ പഴയ  സുഹൃത്തുക്കളാണ്. ക്ഷമയില്ലാതെ ഒന്നും നേടാനാകില്ല. രാഷ്ട്രീയക്കാര്‍ ഇത് മനസ്സിലാക്കണം,” റൌഹാനി പറഞ്ഞു.

മിസൈല്‍ വിലപേശല്‍ അമേരിക്കക്കാരെ മടുപ്പിച്ചു. ഒല്ലീ നോര്‍താണ് ചര്‍ച്ചയുടെയും ആയുധവ്യാപാരത്തിന്‍റെയും മേല്‍നോട്ടം വഹിച്ചിരുന്നതെങ്കിലും, തന്ത്രങ്ങള്‍ മെനഞ്ഞത് റീഗന്‍റെ മുന്‍ സുരക്ഷാ ഉപദേഷ്ടാവ് റോബെര്‍ട് ബഡ് മക്ഫര്‍ലാന്‍ ആയിരുന്നു. ബന്ദികളുടെ മോചനത്തിനാണ് മുന്‍ഗണനയെങ്കിലും അത് ഇറാനിലെ മിതവാദികളുമായുള്ള ‘പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക്’തിരച്ചടിയായേക്കും എന്ന് മക്ഫര്‍ലാന് ആശങ്കയുണ്ടായിരുന്നു.

റൌഹാനിയാണ് വിജയത്തിലേക്കുള്ള താക്കോലെന്നും അയാള്‍ കരുതി. ഇറാന്റെ താഴെ തട്ടിലുള്ള ചര്‍ച്ചാ പ്രതിനിധികള്‍ മുന്‍പരിചയമില്ലാത്തവരാണെന്ന് ആദ്യം തന്നെ തെളിഞ്ഞു. ദൌത്യം രഹസ്യമാക്കി വെക്കുന്നതിന് വ്യാജ പേരുകളില്‍ സഞ്ചരിച്ച മക്ഫര്‍ലാനെയും സംഘത്തെയും സ്വീകരിക്കാന്‍ ഇറാന്‍കാര്‍ വിമാനത്താവളത്തില്‍ എത്തിയതുതന്നെ ഒരു മണിക്കൂര്‍ വൈകിയാണ്. ഹോട്ടലിലെത്തി ചര്‍ച്ച തുടങ്ങിയപ്പോള്‍ ഇറാന്‍കാര്‍ ആതിഥ്യമര്യാദയുള്ളവരെങ്കിലും, ആശങ്കാകുലരായിരുന്നു.  നല്ല വാക്കുകള്‍ക്ക് തൊട്ട് പിന്നാലേ അവര്‍ അമേരിക്കയെ കുറ്റപ്പെടുത്തുകയും ചെയ്തു. ‘അവര്‍ കമ്പിളി കച്ചവടക്കാരെ പോലെയാണെന്ന്’ മക്ഫര്‍ലാന്‍ അന്ന് രാത്രി സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ പോയിണ്ടെക്സ്ടെറിന് എഴുതി.

എന്നാല്‍ പിറ്റേന്ന് റൌഹാനി വന്നതോടെ ‘അയാള്‍ അതുവരെ ഇടപെട്ടവരില്‍ നിന്നും ഒരുപടി മുകളിലാണെന്ന്’മക്ഫര്‍ലാണ് മനസ്സിലായി. ആയുധ ഇടപാട് അന്വേഷിച്ച ടവര്‍ കമ്മീഷന്‍റെ റിപ്പോര്‍ടില്‍ സംഭാഷണങ്ങളുടെ വിശദാംശങ്ങളുണ്ട്.

അമേരിക്കക്കാരുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് ഭരണത്തിലെ കടുംപിടിത്തക്കാരോ പൊതുജനമോ അറിഞ്ഞാല്‍ തങ്ങളുടെ നില പരുങ്ങലിലാകുമെന്ന് ഇറാന്‍ നേതാക്കള്‍ ഭയപ്പെട്ടിരുന്നു എന്നു സംഭാഷണരേഖകള്‍ വ്യക്തമാക്കുന്നു. വാര്‍ത്തകള്‍ പുറത്തുപോയാല്‍ അപകടമുണ്ടാകാതിരിക്കാന്‍ ഒരു ഇരട്ടപ്പേര്‍ ഉപയോഗിച്ചാണ് റൌഹാനി ചര്‍ച്ചയില്‍ പങ്കെടുത്തത്. ടവര്‍ റിപ്പോര്‍ടിലും റൌഹാനിയെ,‘ഒരു മുതിര്‍ന്ന വിദേശകാര്യ ഉപദേഷ്ടാവ്’ എന്നു മാത്രമാണു വിശേഷിപ്പിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തീര്‍ത്തും മോശമാണെന്ന് പറഞ്ഞ റൌഹാനി, തന്‍റെ നാട്ടുകാരില്‍ ഏറെപ്പേര്‍ ‘വലിയ ചെകുത്താന്‍’ എന്നാണ് അമേരിക്കയെ വിശേഷിപ്പിക്കുന്നതെന്നും അമേരിക്കന്‍ സംഘത്തോട് പറഞ്ഞു.പലരും ഇപ്പോളും അങ്ങനെതന്നെയാണ് വിളിക്കുന്നത്. ഇന്നിപ്പോള്‍, അമേരിക്കക്കാര്‍ക്ക് റൌഹാനി കൈ നല്കുന്നു, അവരെ ഒരു കയ്യകലത്തില്‍ നിര്‍ത്തുകയും ചെയ്യുന്നു. യു എന്‍ പൊതുസഭക്കിടെ റൌഹാനിയും ബരാക് ഒബാമയും തമ്മില്‍ കണ്ടുമുട്ടി കൈ കൊടുക്കുന്നത്, ടെഹ്റാനില്‍ എങ്ങനെ സ്വീകരിക്കപ്പെടും എന്ന ആശങ്കയിലാണ് ഇറാന്‍ ആ സന്ദര്‍ഭം ഒഴിവാക്കിയത്.

പൊതുശത്രുവായ സോവിയറ്റ് യൂണിയനെതിരെ അമേരിക്കയും ഇറാനും കൈകോര്‍ത്തിട്ടുണ്ട്. ഇറാനിലെ ഇസ്ളാമിക വിപ്ലവ ഭരണകൂടത്തെ സോവിയറ്റ് യൂണിയന്‍ 1979-ല്‍ അംഗീകരിച്ചെങ്കിലും, നിതാന്ത ശത്രുക്കളായ ഇറാഖിന് അവര്‍ ആയുധം നല്കാന്‍ തുടങ്ങിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞു. കമ്മ്യൂണിസ്റ്റ് ഭരണത്തെ ഇസ്ലാമിന് യോജിക്കാത്തതെന്ന് അയത്തൊള്ളാ ഖൊമേനി വിധിക്കുകയും ചെയ്തു.

സോവിയറ്റ് ഭീഷണിയെക്കുറിച്ച് അമേരിക്കന്‍ സംഘം റൌഹാനിയെ ധരിപ്പിച്ചു. ഈ ചര്‍ച്ചകള്‍പോലും ചോര്‍ത്താന്‍ സോവിയറ്റ് യൂണിയന്‍ ശ്രമിക്കുന്നു എന്നും. അതേസമയം ഇറാനറിയാതെ  ഇറാഖുമായും റീഗന്‍ ഭരണം രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നുണ്ടായിരുന്നു. ഇറാന്‍ സൈന്യത്തിനെതിരെ ഇറാഖ് രാസായുധം  ഉപയോഗിക്കുമെന്ന വാര്‍ത്ത അറിഞ്ഞിട്ടും ടെഹ്റാനെ അമേരിക്ക അറിയിച്ചില്ല. അതൊന്നും ചര്‍ച്ചയില്‍ വിഷയമായില്ല.

സോവിയറ്റ് തന്ത്രങ്ങളെക്കുറിച്ചുള്ള വിവരം റൌഹാനിയെ സന്തോഷിപ്പിച്ചു. രാജ്യം നേരിടുന്ന സുരക്ഷാ ഭീഷണിക്ക് തടയിടാന്‍ അമേരിക്കയില്‍നിന്നും കൂടുതല്‍ ആയുധങ്ങള്‍ വേണമെന്നും റൌഹാനി ആഗ്രഹിച്ചു. ഇറാനില്‍ പരിശീലനം നേടുന്ന ‘മുജാഹിദ്ദീന്‍’ പോരാളികള്‍ അഫ്ഗാനിസ്ഥാനില്‍ സോവിയറ്റ് സേനക്കെതിരെ പോരാടുന്നു എന്നും റൌഹാനി പറഞ്ഞു.

കമ്മ്യൂണിസ്റ്റ്കാര്‍ക്കെതിരെയുള്ള പൊതുശത്രുതക്കിടയിലും പരസ്പര അവിശ്വാസം പ്രകടമായിരുന്നു. ഇറാന്‍ നേരിടുന്ന അസ്തിത്വ പ്രതിസന്ധി അമേരിക്കക്കാര്‍ മനസ്സിലാക്കുന്നില്ല എന്നായിരുന്നു റൌഹാനിയുടെ പക്ഷം. സ്വരക്ഷക്കായി അമേരിക്ക ഇറാന് കൂടുതല്‍ ആയുധങ്ങള്‍ നല്കണം. ഇരുവിഭാഗങ്ങളും തമ്മിലുള്ള അകല്‍ച്ചകള്‍ക്കിടയിലും അവരെ അടുപ്പിക്കാന്‍ റൌഹാനി ശ്രമിച്ചിരുന്നു. ഭീകരവാദികള്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ സഹായിക്കാമെന്ന് അദ്ദേഹം വാഗ്ദാനം നല്കി.

അമേരിക്കക്കാര്‍ക്ക് വേണ്ടതും അതായിരുന്നു. എന്നാല്‍, നയതന്ത്ര മുന്നേറ്റങ്ങള്‍ നഷ്ടപ്പെടുത്താനും അവര്‍ തയ്യാറായിരുന്നില്ല. ഇറാന്‍റെ സ്പീക്കറും, പ്രധാനമന്ത്രിയും, പ്രസിഡന്റുമായി ഒരു കൂടിക്കാഴ്ച്ചക്കുള്ള നോര്‍ത്തിന്‍റെ നിര്‍ദ്ദേശത്തെ അതിനു ഇനിയും സമയമായില്ലെന്ന് പറഞ്ഞ് റൌഹാനി തള്ളി. എന്നാല്‍ ഒരു രഹസ്യ കൂടിക്കാഴ്ച്ചക്കുള്ള അവസരം വേണമെന്ന ആവശ്യം അറിയിക്കാമെന്ന് റൌഹാനി ഉറപ്പ് നല്കി. “അത്തരമൊരു മാറ്റത്തിന് ജനങ്ങളെ പടിപടിയായി തയ്യാറാക്കേണ്ടതുണ്ട്.രാജ്യത്തെ തയ്യാറാക്കേണ്ടതുണ്ട്. ഈയൊരു സാഹചര്യത്തിലാകും അമേരിക്കയും ഇറാന്‍ നേതാക്കളുമായുള്ള ചര്‍ച്ചകള്‍ നടക്കുക. പ്രശ്നപരിഹാരത്തിന് നിങ്ങള്‍ ഗൌരവത്തോടെയാണ് നോക്കുന്നതെങ്കില്‍ ഔദ്യോഗിക സന്ദര്‍ശനങ്ങളും, ഉന്നതതല ചര്‍ച്ചകളും നടക്കുമെന്ന് ഞാന്‍ ഉറപ്പ് തരാം,” റൌഹാനി അറിയിച്ചു.ആ കൂടിക്കാഴ്ച്ചകള്‍ ഒരിയ്ക്കലും നടന്നില്ല.

ഇറാന്‍കാര്‍ ഹിസ്ബൊള്ളയുമായി ചര്‍ച്ച നടത്തി എങ്കിലും അമേരിക്കക്ക് മുന്നില്‍ ഗോലാന്‍ കുന്നുകളില്‍ നിന്നും,തെക്കന്‍ ലെബനനില്‍ നിന്നും ഇസ്രയേല്‍ സേനയുടെ പൂര്‍ണ പിന്‍മാറ്റം അടക്കമുള്ള  പുതിയ ക്ലിഷ്ടമായ ആവശ്യങ്ങളുയര്‍ത്തി. മക്ഫര്‍ലാനാകട്ടെ ബന്ദികളുടെ നിരുപാധികമായ മോചനം ആവശ്യപ്പെട്ടു. അന്ന് രാത്രി മക്ഫര്‍ലാനും റൌഹാനിയും വീണ്ടും സ്വകാര്യമായി കണ്ടു എങ്കിലും ഫലമുണ്ടായില്ല. ചര്‍ച്ചകള്‍ പരാജയപ്പെട്ടു.

റൌഹാനി അന്ന് മടങ്ങി, പിറ്റേന്നു രാവിലെ തിരിച്ചെത്തി. “നിങ്ങള്‍ വാക്ക് പാലിക്കുന്നില്ല,ഞങ്ങള്‍ മടങ്ങുകയാണ്,” മക്ഫര്‍ലാന്‍ പറഞ്ഞു.

വിമാനത്തില്‍ കയറിയ അമേരിക്കക്കാരോട് ഒരു ഇറാന്‍ ഉദ്യോഗസ്ഥന്‍ ചോദിച്ചു,“എന്തുകൊണ്ടാണ് തിരികെ പോകുന്നത്?”

ഇറാന്‍കാര്‍ വാക്ക് പാലിച്ചില്ലെന്ന് മക്ഫര്‍ലാന്‍ മറുപടി നല്‍കി. “ഈ അവിശ്വാസം ഏറെനാള്‍ നീണ്ടുനില്ക്കും. ഒരു സുപ്രധാന അവസരമാണ് നഷ്ടപ്പെട്ടത്.”

രാവിലെ 9 മണിക്ക് അല്പം മുമ്പായി വിമാനം ടെഹ്റാനില്‍ നിന്നും പറന്നുയര്‍ന്നു.

മക്ഫര്‍ലാന് പരാജയപ്പെട്ടപ്പോലെ ഇരിക്കുന്നതായി നോര്‍ത്തിന് തോന്നി. മക്ഫര്‍ലാനെ ഒന്നു ഉഷാറാക്കണമെന്ന് അയാള്‍ക്കുണ്ടായിരുന്നു. വിമാനം, ടെല്‍ അവീവില്‍ ഇന്ധനം നിറക്കാന്‍ നിര്‍ത്തിയപ്പോള്‍ നോര്‍ത്ത് അയാളോട് ഒരു രഹസ്യം പറഞ്ഞു: ‘എല്ലാം നഷ്ടമായിട്ടില്ല.’ ഇറാനുമായുള്ള മുന്‍ ആയുധകച്ചവടത്തില്‍ നിന്നും അപ്രതീക്ഷിതമായ ലാഭമുണ്ടായിരുന്നു.നോര്‍ത്തും വൈറ്റ്ഹൌസിലെ സഹപ്രവര്‍ത്തകരും ചേര്‍ന്ന് അത് നിക്കരാഗ്വയിലെ സോഷ്യലിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കോണ്‍ട്രാ കലാപകാരികള്‍ക്ക് വഴിമാറ്റി നല്‍കി.

അത് കേട്ടയുടനെ,“ഓ, ഷിറ്റ്” എന്നായിരുന്നു തന്‍റെ ആദ്യപ്രതികരണമെന്ന് മക്ഫര്‍ലാന്‍ പിന്നീട് അന്വേഷകരോട് പറഞ്ഞു.

കോണ്‍ട്രാകള്‍ക്ക് പണം ലഭിക്കുന്നത് തടയാനായി, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അവര്‍ക്ക് പണമയക്കുന്നത്  നിരോധിക്കുന്ന ഒരു നിയമം കോണ്‍ഗ്രസ്  അംഗീകരിച്ചിരുന്നു. പിന്നീട് ഇറാന്‍-കോണ്‍ട്രാ വിവാദം  എന്ന പേരില്‍ കുപ്രസിദ്ധമായ രഹസ്യ പദ്ധതിയായിരുന്നു നോര്‍ത്ത് അപ്പോള്‍ പറഞ്ഞ കാര്യം. നോര്‍ത്തടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റം ചുമത്തിയ ഈ വിവാദം റീഗനെ ഇംപീച്ച്മെന്‍റ് ഭീഷണിയുടെ വക്കില്‍ വരെ എത്തിച്ചു.

ഇറാനുമായുള്ള ബന്ധത്തില്‍ ഒരു പുതിയ മുന്നേറ്റമുണ്ടാക്കുന്നതിനുള്ള എല്ലാ സാധ്യതയേയും ഈ വിവാദം തകര്‍ത്തു. ഒരിയ്ക്കലും പരസ്യമാക്കിയില്ലെങ്കില്‍ കൂടി, ഇരുപക്ഷത്തിനും ഇടയിലുണ്ടായ വിശ്വാസത്തകര്‍ച്ച നികത്താനാവാത്ത വിധം വലുതായിരുന്നു. അതിന്നും നിലനില്‍ക്കുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി, ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി കഴിഞ്ഞ വാരത്തില്‍ ന്യൂയോര്‍ക്കിള്‍ വെച്ച് ഇറാന്‍റെ ആണവ പദ്ധതിയെക്കുറിച്ച് ചര്‍ച്ച നടത്തിയപ്പോള്‍, അന്ന് ടെഹ്റാനിലെ കൂടിക്കാഴ്ച്ചക്കു ശേഷം 27 വര്‍ഷങ്ങള്‍ക്കിപ്പുറം ഇരു രാജ്യങ്ങളിലേയും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ നടത്തുന്ന ആദ്യ ചര്‍ച്ചയായി അത് മാറി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍