UPDATES

കേരളം

സോളാറും ജനസമ്പര്‍ക്കവും: വാചാടോപങ്ങള്‍ക്കപ്പുറത്തെ യാഥാര്‍ഥ്യം

പ്രശാന്ത് രാജന്‍
 
സോളാര്‍ പ്രശ്‌നത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി തടസപ്പെടുത്തുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ച് കഴിഞ്ഞു. ഏറെ സന്നാഹങ്ങളോടെ നടത്തിയ വലിയ ഒരു സമരം എങ്ങുമെത്താതെ അവസാനിപ്പിച്ച ശേഷം വീണ്ടും സോളാറിന്റെ പേരില്‍ ഇടതുപക്ഷവും സിപിഎമ്മും സമരത്തിന് കോപ്പുകൂട്ടുകയാണ്. എന്തിനാണ് ഈ നീക്കം? ഈ ചോദ്യം പല കോണുകളിലും നിന്ന് ഉയര്‍ന്ന് കഴിഞ്ഞു. സമരം കത്തി നില്‍ക്കെ, ആരും പ്രതീക്ഷിക്കാത്ത സമയത്ത് അവിശ്വസനീയമായ ഉടമ്പടി ഉണ്ടാക്കി, സെക്രട്ടറിയേറ്റ് വളഞ്ഞുള്ള സമരത്തില്‍ നിന്നും പിന്നോക്കം പോയവരാണ് സിപിമ്മും എല്‍ഡിഎഫും. പരക്കെ സംശയം ഉണ്ടാക്കിയ നടപടിയായിരുന്നു അത്. അവരുടെ വിശ്വസനീയത തന്നെ ചോദ്യം ചെയ്യപ്പെപ്പെട്ടു.
 
കേരളത്തില്‍ സരിത എസ് നായരും സോളാര്‍ ഇടപാടും വലിയ  വിവാദമായിട്ട് നാളുകള്‍ ഏറെയായി. ബിജെപി നേതാവ് കെ. സുരേന്ദ്രനേയും യുഡിഎഫിലെ പി.സി ജോര്‍ജ്ജിനേയും പോലെ ചിലര്‍ എരിതീയില്‍ എണ്ണയൊഴിച്ച് ആളിക്കത്തിച്ച പ്രശ്‌നം സര്‍ക്കാരിന്റെ തന്നെ നിലനില്‍പ്പിന് വലിയ ആഘാതം സൃഷ്ടിക്കുമെന്ന ഘട്ടത്തിലാണ് അതിലേക്ക് എല്‍ഡിഎഫ് വലിയ കോലാഹലങ്ങളോടെ എടുത്ത് ചാടിയത്. അതുവരെ ഒറ്റയ്ക്കും തെറ്റയ്ക്കും ചില നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളും ന്യൂസ് അവര്‍ ചര്‍ച്ചകളിലും മാത്രം അവര്‍ ഒതുങ്ങിനിന്നിരുന്നു. അതിന് പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് വിവാദമായ സരിത പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്നതും സി.പി.എമ്മിലെ ചിലരുടെ മക്കള്‍ക്ക് ബിജു രാധാകൃഷണനുമായി അടുപ്പമുണ്ടായിരുന്നു എന്നതുമൊക്കെ ഇതിനിടയില്‍ ചര്‍ച്ചകളില്‍ വന്നു. 
 
എന്തായാലും സിപിഎമ്മും അഥവാ സിപിമ്മിലെ പ്രബലരായ ചില നേതാക്കളെ സംബന്ധിച്ചിടത്തോളമെങ്കിലും അറച്ചറച്ചാണ് പ്രശ്‌നത്തിലെ ഇടപെടലെന്ന് അത്രയ്ക്ക് സൂക്ഷമമായി തന്നെ നോക്കിയില്ലെങ്കിലും കാണാന്‍ കഴിയുന്ന വാസ്തവം മാത്രം. എന്തുകൊണ്ടാണ് ഇത്തരമൊരു സമീപനം ഇവര്‍ സ്വീകരിച്ചതെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാവുകയും ചെയ്യും. എന്നിട്ടും മറ്റൊരു പൊളിറ്റിക്കല്‍ ജസ്റ്റര്‍ എന്ന തരത്തില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെതിരെ പ്രക്ഷോഭം ഉയര്‍ത്താന്‍ നടത്തുന്ന നീക്കം എന്ത് ലക്ഷ്യം വെച്ചാണ്? സമരം നടത്തുന്നില്ലെന്ന് സ്വന്തം പാര്‍ട്ടിയ്ക്കകത്തും മുന്നണിയ്ക്കകത്തും വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്ക് മറുപടി നല്‍കുന്നതിനുള്ള വെറും തന്ത്രം മാത്രമാണോ അത്? അതോ സ്വന്തം ദൗര്‍ബല്യം ഒരു വട്ടം കൂടി വെളിപ്പെടുത്തുന്നതിനുള്ള ഉള്‍ക്കാഴ്ചയില്ലാത്ത രാഷ്ട്രീയ നീക്കമോ? സര്‍ക്കാരിന്റെ ആനുകൂല്യങ്ങളും സഹായങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് എതിരെ നടത്തുന്ന സമരങ്ങളെ ‘ഭരണപക്ഷത്തിനും അവരോട് ചേര്‍ന്ന് നില്‍ക്കുന്ന മാധ്യമങ്ങള്‍ക്കും വളരെ വേഗം തന്നെ ജനങ്ങള്‍ക്കെതിരായ സമരങ്ങളെന്ന് ചിത്രീകരിക്കുന്നതിന് സാധിക്കുമെന്ന് തിരിച്ചറിയാന്‍ തക്ക ബുദ്ധിയില്ലാത്തവരൊന്നുമല്ല ഇടതുപക്ഷത്തേയും സിപിഎമ്മിലേയും നേതാക്കള്‍. പിന്നെ എന്തിനാണ് ഈ ഘട്ടത്തില്‍ വീണ്ടും ഒരു സമരം? നേരത്തെ ഉണ്ടാക്കിയ രഹസ്യ ഉടമ്പടികളില്‍ നിന്നും സര്‍ക്കാര്‍ പിന്നോക്കം പോയതിനോ അതോ അന്നത്തെ നീക്കു പോക്കുകളില്‍ ആരങ്കിലും പാലം വലിച്ചുവോ?
 
ഈ ഘട്ടത്തിലാണ് എന്തിനായിരുന്നു ആദ്യത്തെ സെക്രട്ടറിയറ്റ് വളയല്‍ സമര നാടകമെന്ന ചോദ്യം ശക്തമായി ഉയരുന്നത്. കേരളത്തിലെ മാധ്യമങ്ങള്‍ വിശേഷിച്ചും ടെലിവിഷന്‍ മാധ്യമങ്ങള്‍ മുന്നില്‍ നിന്ന് ഓരോ ദിവസവും പുറത്ത് കൊണ്ടുവന്ന കഥകള്‍, പി.സി ജോര്‍ജ്ജിനേയും കെ. സുരേന്ദ്രനേയും പോലുള്ളവര്‍ എന്ത് തന്നെ ലക്ഷ്യം വെച്ചായാലും നന്നായി ഗൃഹപാഠം നടത്തി നടത്തിയ ഇടപെടലുകള്‍, അത്തരം സാഹചര്യങ്ങളെ തങ്ങള്‍ക്ക് പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഇറങ്ങിത്തിരിച്ച കോണ്‍ഗ്രസിലെ വിശാല ഐ വിഭാഗം. ഇവരൊക്കെയായിരുന്നു സോളാര്‍ വിവാദത്തിന്റെ പ്രധാന പ്രായോജകര്‍. സോളാര്‍ വിവാദത്തിന്റെ ആദ്യ ഘട്ടത്തില്‍, ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹത്തില്‍ മുറിവേറ്റ ഐ വിഭാഗവും അതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കെ മുരളീധരനും സംഘവും വലിയ ആഘാതമാണ് ഉമ്മന്‍ചാണ്ടിക്കും അദ്ദേഹത്തിനായി കരുനീക്കങ്ങള്‍ നടത്തിയവര്‍ക്കും നല്‍കിക്കൊണ്ടിരുന്നത്. വി.എസ് സുനില്‍ കുമാറിനേയും പി ശ്രീരാമകൃഷ്ണനേയും പോലുള്ളവരുടെ ചര്‍ച്ചകളില്‍ ഒതുങ്ങി നിന്നു ഇടതുപക്ഷത്തിന്റെ തുടക്കത്തിലെ സമരങ്ങളൊക്കെ.  എന്നാല്‍ ഇടതുപക്ഷം പേരിന് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ച് തുടങ്ങുകയും ചെയ്തിരുന്നു. ജില്ലാ തലത്തില്‍ നടത്തിയിരുന്ന  സമരങ്ങള്‍ക്ക് പതിവ് ചടങ്ങുകള്‍ക്ക് അപ്പുറമുള്ള മാനം ആരും കണ്ടതുമില്ല. അവരും അതിനെ അത്ര കണ്ട് വിശ്വസിച്ചില്ല.
 
എന്നാല്‍ അതില്‍ നിന്നും  സെക്രട്ടറിയറ്റ് വളയല്‍ സമരത്തിലേക്ക്  എത്തിയപ്പോള്‍ കാര്യങ്ങള്‍ വല്ലാതെ മാറി. പി.സി ജോര്‍ജ്ജിനേയും, കെ. സുരേന്ദ്രനേയുമൊക്കെ അരികിലേക്ക് വകഞ്ഞ് മാറ്റി സോളാര്‍ പ്രശ്‌നത്തെ സി.പി.എമ്മും എല്‍.ഡി.എഫും കൈയിലെടുത്തു. വാള്‍ സ്ട്രീറ്റ് വളയുന്നതുപോലെയെന്നൊക്കെ ടി.എം തോമസ് ഐസക്കിനെ പോലുള്ളവര്‍ നിരന്തരം അതിനെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത് കേരളത്തിലെ കുറെ ആളുകള്‍ ഒട്ടൊക്കെ വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ എന്തായിരുന്നു അതിന്റെ പരിസമാപ്തി? 
 
എന്ത് തരം ഉറപ്പ് നേടിക്കൊണ്ടാണ് ആ സമരം അവസാനിപ്പിച്ചതെന്ന് ഇപ്പോള്‍ നമുക്ക് കൂടുതല്‍ മനസ്സിലാവും. കാരണം, സോളാര്‍ ഇടപാട് സംബന്ധിച്ച ജുഡീഷ്യല്‍ അന്വേഷണ കാര്യത്തില്‍ കൂടുതല്‍ വ്യക്തതയുണ്ടായി കഴിഞ്ഞിരിക്കുന്നു. അതില്‍ ഇടതുപക്ഷം അന്ന് ഊറ്റം കൊണ്ടതുപോലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇല്ലെന്ന് വ്യക്തമായി. അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്ന് ഇടതുപക്ഷം തന്നെ ഇപ്പോള്‍ പറയുന്നു. 
 
സമരം അവസാനിപ്പിക്കുന്ന സമയത്ത് വ്യക്തമായ ഉടമ്പടി ഉണ്ടാക്കിയെടുക്കാതെ പോയത് വെറും രാഷ്ട്രീയമായ പരാജയം മാത്രമായി കാണാന്‍ കഴിയില്ല. കാരണം സമരം ചെയ്ത് പരിചയമില്ലാത്തവരല്ല സിപിമ്മും ഇടതു പക്ഷവും. അവര്‍ അപ്പോള്‍ കണക്ക് പറഞ്ഞത് മറ്റ് പലതിനും വേണ്ടി ആയിരുന്നുവോയെന്ന ചോദ്യമാണ് ശക്തമായി ഉയരുക.
 
സത്യത്തില്‍ സിപിമ്മിലെ ചില നേതാക്കളുടെ എങ്കിലും ലക്ഷ്യം ആ സമരത്തിലൂടെ മുഖ്യമന്ത്രിയെ രക്ഷിച്ച് എടുക്കലായിരുന്നില്ലേ? അങ്ങനെ സംശയിക്കുന്നവരെ തെറ്റു പറയാന്‍ കഴിയില്ല. കാരണം, ഈ സര്‍ക്കാര്‍ ഉണ്ടായ കാലം മുതല്‍ അതിന് നേരിടുന്ന പ്രതിസന്ധികളുടെ കാലത്ത് മൃദു സമീപനങ്ങളുടെ കൈത്താങ്ങ് സിപിമ്മിലെ ചില മുതിര്‍ന്ന നേതാക്കള്‍ ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയിരുന്നു. അത്തരം ഒരു സഹായമായി വേണമെങ്കില്‍ സെക്രട്ടറിയറ്റ്  വളയല്‍ സമരത്തേയും കാണാന്‍ സാധിക്കും. അതല്ലെങ്കില്‍ സോളാറില്‍ സ്വയം എരിഞ്ഞടങ്ങുമായിരുന്ന മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ഇത്തരം ഒരു സമരവും സ്വയം പരിഹാസ്യരാകുന്ന ഉടമ്പടിയും എന്തിനവര്‍ ഉണ്ടാക്കി? തങ്ങളെ വിശ്വസിച്ച് പായും കിടക്കയും എടുത്ത് പെരുവഴിയില്‍ കിടന്നുറങ്ങാനെത്തിയ ജനതയെ പണയം വെച്ച് ഈ നേതാക്കള്‍ എന്താണ് നേടിയെടുത്തത്. ഇപ്പോള്‍ അവര്‍ പറയുന്നു തങ്ങള്‍ പറ്റിക്കപ്പെട്ടുവെന്ന്. തങ്ങള്‍ക്ക് തന്ന ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്ന്. 
സമരം അവസാനിച്ച ദിവസം ഉണ്ടായ കോലാഹലങ്ങള്‍ നമ്മുടെ മനസ്സില്‍ നിന്നും മായുന്നില്ല. എല്ലാം ഒരു മുന്‍ നിശ്ചയ പ്രകാരം- ഏതാനും നേതാക്കള്‍ ഉണ്ടാക്കിയ- എന്ന തരത്തിലാണ് കാര്യങ്ങള്‍ അന്ന് അവസാനിച്ചത്. മുഖ്യമന്ത്രിയുടെ ജുഡീഷ്യല്‍  അന്വേഷണ പ്രഖ്യാപനത്തോട് തോമസ് ഐസക്കിനെ പോലുള്ളവരുടെ അപ്പോഴത്തെ  പ്രതികരണം കൂടി കൂട്ടിവെച്ച്  വേണം സമരത്തില്‍ നിന്നുള്ള പിന്‍മടക്കത്തെ കാണാന്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോട് തീര്‍ത്തും നിഷേധം പ്രകടിപ്പിച്ച അദ്ദേഹം പിന്നീടുള്ള മണിക്കൂറുകളില്‍ ഒത്തുതീര്‍പ്പുകളുടെ ഏറ്റവും വലിയ വ്യാഖ്യാനകാരനായി മാറി. ഇതേ അവസ്ഥ വി.എസ് സുനില്‍ കുമാറിനെ പോലെ പലര്‍ക്കും ഉണ്ടായി. കഥ അറിയാതെ ആട്ടം കാണുന്നവരായി തങ്ങള്‍ മാറുന്നുവോയെന്ന ആശങ്ക ബിനോയ് വിശ്വത്തെപ്പോലെ പല നേതാക്കള്‍ക്കും ഉണ്ടായി. ഇതൊക്കെ കേരളം കണ്ടതാണ്. വചാടോപങ്ങള്‍ക്കപ്പുറത്തെ യാഥാര്‍ഥ്യം മലയാളികള്‍ തിരിച്ചറിയുകയും ചെയ്തു. 
 
അതുകൊണ്ടു തന്നെ സോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിടുന്ന അത്രയും തന്നെയോ അതിലേറെയോ വിശ്വാസ പ്രതിസന്ധി ഇടതു പക്ഷത്തിനും ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ഈ സര്‍ക്കാര്‍ ഉണ്ടായതു തൊട്ടുള്ള ഒരുപാട് കാര്യങ്ങളുടെ തുടര്‍ച്ചയായിട്ടാണ് നാട്ടുകാര്‍ ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ജനസമ്പര്‍ക്കത്തിനെതിരെയുള്ള സമരം ജനങ്ങളെ ബോധ്യപ്പെടുത്തിയെടുക്കകയും ജനങ്ങളെ അതിനൊപ്പം കൊണ്ടുവരികയും ചെയ്യുകയെന്നതിന് കൂടുതല്‍ സാക്ഷ്യങ്ങള്‍ ആവശ്യമായി വരും. അതിനുള്ള സാമൂഹികവും രാഷ്ട്രീയവുമായ ആര്‍ജ്ജവം എല്‍ഡിഎഫും സിപിഎമ്മും കാണിക്കേണ്ടിവരും. അതല്ല കൂടുതല്‍ രഹസ്യ ഉടമ്പടികള്‍ക്കുള്ള അവസരമായിട്ടാണ് ഇത് പ്രയോജനപ്പെടുത്താന്‍ ഒരുമ്പെടുക എങ്കില്‍ ചെമ്പ് കൂടുതല്‍ പുറത്താവും എന്ന പഴയ പ്രയോഗത്തിന്റെ കാല്പനിക (അ)ഭംഗിയിലേക്ക് ഇവിടത്തെ രാഷ്ട്രീയം എത്തിത്തീരുകയാവും ചെയ്യുക. 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍