UPDATES

കേരളം

മനുഷ്യാവകാശം എനിക്കുമുണ്ട് – ബലിപ്പെരുന്നാള്‍ ദിനത്തില്‍ ജസീറ

വി.എസ് വിഷ്ണു
 
 
അടൂര്‍ പ്രകാശ്
റവന്യൂ മന്ത്രി
കേരള സര്‍ക്കാര്‍
 
ഞാന്‍ മാടായി കടപ്പുറത്ത് ജനിച്ച് കടലോരത്തെ കാറ്റും മണലിന്റെ മണവും ഭംഗിയും ആസ്വദിച്ചു വളര്‍ന്ന കടലിന്റെ മകളാണ്. അതുകൊണ്ടു തന്നെ ഈ മനോഹരമായ കടല്‍ത്തീരങ്ങള്‍ നശിച്ചു കൊണ്ടിരിക്കുന്നത് നേരില്‍ കണ്ടപ്പോള്‍ മനസിന്റെ ഉള്ളിന്റെ ഉള്ളില്‍ നിന്നും ഉണ്ടായ ഒരു വേദനയാണ് എന്റെ സമരം. ഇതല്ലാതെ മറ്റൊരു നേട്ടവും ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ഭാഗത്ത് സത്യമുണ്ടെന്നും പടച്ചോന്‍ എന്നെ രക്ഷിക്കുമെന്നും ഉറച്ച വിശ്വാസമുള്ളതിനാല്‍ മറ്റെല്ലാ അപവാദങ്ങള്‍ക്കും ഒരു വിലയും കല്‍പ്പിക്കാതെ സധൈര്യം സമരം മുന്നോട്ടു കൊണ്ടു പോകുന്നു. 
 
എന്റെ പിന്നില്‍ ആരൊക്കെയോ ഉണ്ടെന്നും ഞാന്‍ നടത്തുന്ന സമരം ലാഭമുണ്ടാക്കാനാണെന്നും എനിക്കെതിരെ താങ്കള്‍ ആരോപണം ഉന്നയിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇത്തരം ആരോപണങ്ങള്‍ മണല്‍ക്കൊള്ളക്കാര്‍ക്ക് ഒരായുധമാണ് എന്നതിനാലും അവര്‍ക്ക് വളരാനുള്ള വളമായി മാറും എന്നതിനാലും ഞാന്‍ താങ്കളുടെ ആരോപണങ്ങളോട് പ്രതികരിക്കുന്നു. 
 
ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി എന്ന നിലയില്‍ എനിക്കെതിരെ താങ്കള്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കണമെന്നും അല്ലെങ്കില്‍ താങ്കളുടെ പ്രസ്താവന പിന്‍വലിക്കണമെന്നും വിനീതമായി അഭ്യര്‍ഥിക്കുന്നു. 
 
ജസീറ
 
ബലിപ്പെരുന്നാളിന്റെ തലേന്ന് ഡല്‍ഹിയിലെ ജന്ദര്‍ മന്ദറില്‍ നിന്ന് കേരള ഹൗസിലെ മുറിയിലെത്തി മന്ത്രി അടൂര്‍ പ്രകാശിനെ കണ്ട് ജസീറ കൈമാറിയ കത്തിലെ വരികളാണിത്. എന്നാല്‍ തന്റെ ആരോപണങ്ങള്‍ അദ്ദേഹം പിന്നീടും മാധ്യമങ്ങള്‍ക്കു മുന്നില്‍ ആവര്‍ത്തിച്ചു. അതേ സമയം ജസീറയുടെ മറുപടി മറ്റൊന്നാണ്.  ദുരൂഹമായ സ്ഥലങ്ങളില്‍ നിന്ന് കാശു വാങ്ങുന്നയാളെന്നും ആളുകളെ ദ്രോഹിക്കുന്നയാളെന്നുമൊക്കെ ആരോപിക്കുന്ന എന്നെ കണ്ട് മന്ത്രി എന്തിനാണ് എഴുന്നേറ്റു നിന്നത്? എന്തുകൊണ്ടാണ് സൗഹൃദ ഭാവത്തില്‍ സംസാരിക്കുന്നത്? അപ്പോള്‍ ഞാന്‍ നടത്തുന്ന സമരത്തോട് അദ്ദേഹത്തിനും ഉള്ളിന്റെ ഉള്ളില്‍ ബഹുമാനമുണ്ടായിരിക്കണം. എന്നാല്‍ റവന്യൂ മന്ത്രിയായിട്ടു പോലും ഞാന്‍ നടത്തുന്ന സമരം എന്തിനു വേണ്ടിയാണെന്നു പോലും തിരക്കാന്‍ അദ്ദേഹം തയാറാകാത്തത് എന്നാണ് എനിക്കു ചോദിക്കാനുള്ളത്. മനുഷ്യാവകാശത്തെ കുറിച്ചു പറയുന്നവര്‍ ഒരു കാര്യം പറയണം, എനിക്കുമില്ലേ മനുഷ്യാവകാശം? അതുകൊണ്ടു തന്നെ ഞാന്‍ ഇവിടെ സമരം തുടരുക തന്നെ ചെയ്യും. 
 
വിശ്വാസികളെ സംബന്ധിച്ചിടത്തോളം ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റെയും ദിനമാണ് ബലിപ്പെരുന്നാള്‍. രാവിലെ മക്കളുമൊത്ത് ഡല്‍ഹിയിലെ ജുമാ മസ്ജിദില്‍ പ്രാര്‍ഥനയ്ക്ക് ഇരിക്കുമ്പോള്‍ ജസീറ പ്രാര്‍ഥിക്കുന്നത് എന്താവാം? ഡല്‍ഹിയിലെ കൊടും ചുടും വരാനിരിക്കുന്ന കൊടും തണുപ്പും സഹിക്കാനുള്ള ശക്തി നല്‍കണമെന്നോ? ഡല്‍ഹിയിലെ നിരത്തുകളില്‍ നിന്ന് മക്കളായ റിസ്വാനയേയും ഷിഫാനയേയും മുഹമ്മദിനേയു തന്നെത്തന്നെയും രക്ഷിച്ചു കൊള്ളണമെന്നോ? 
 
ജസീറയുടെ സമരം ഡല്‍ഹിയില്‍ 10 ദിവസം പിന്നിടുന്നു. ഇതുവരെ കാര്യങ്ങള്‍ക്ക് യാതൊരു തീരുമാനവുമായിട്ടില്ല. ഗ്രാമവികസന മന്ത്രി ജയറാം രമേശ് ജസീറയോട് ഒരിക്കല്‍ കൂടി സംസാരിക്കാന്‍ തയാറാകണമെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതി. പല നേതാക്കളും വരുന്നു. സംസാരിക്കുന്നു. ചിലര്‍ കാഴ്ച കണ്ടു തിരിച്ചു പോകുന്നു. ചിലര്‍ സഹതാപം പ്രകടിപ്പിക്കുന്നു. ചിലര്‍ ജസീറയുടെ ആത്മാര്‍ഥതയ്‌ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്നു. തന്റെ ത്യാഗം എന്തിനു വേണ്ടിയാണെന്ന് ജസീറ പറഞ്ഞു കഴിഞ്ഞു. ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ ഉന്നയിക്കട്ടെയെന്നും താന്‍ ഉയര്‍ത്തുന്ന ആവശ്യത്തിന് അതൊന്നും തടസമല്ലെന്നും അവര്‍ പറയുമ്പോള്‍ അതിനോട് പ്രതികരിക്കേണ്ടവര്‍ മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാവാം. ഒന്നു മാത്രം – ജസീറയപ്പോലെ അനേകം പേര്‍ നിശബ്ദരായി സമരം ചെയ്യുന്നുണ്ട്. അവരൊക്കെ തങ്ങള്‍ക്കു നേരെയുള്ള അനീതികള്‍ വിളിച്ചു പറഞ്ഞ് പുറത്തിറങ്ങിയാല്‍ ഏതു സിംഹാസനങ്ങളും കുലുങ്ങും. മതം അല്ല പ്രശ്നം, അനീതികളാണ് അവസാനിപ്പിക്കേണ്ടത്. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍