UPDATES

യാത്ര

മൈന്‍ നിലങ്ങളിലൂടെ

ഷിബി പീറ്റര്‍
 
 
പൊങ്ങ് പോലെ ഒരു ജനത – രണ്ടാം ഭാഗം
 
 
ഒട്ടേറെ സന്ദേഹങ്ങളോടെ ഞങ്ങളുടെ ബസ് ഇരുളിലേക്ക് പുലരിയെ സ്വപ്നം കണ്ടുറങ്ങുന്ന ജാഫ്‌നയെ ലക്ഷ്യമാക്കി മെല്ലെ നീങ്ങിത്തുടങ്ങി. വിവിധ സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള മുപ്പതോളം സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത്. എന്നാല്‍ പാകിസ്ഥാനില്‍ നിന്നുള്ള ഞങ്ങളുടെ സ്‌നേഹിതന്‍ എറിക്കിന് ഞങ്ങളോടൊപ്പം ചേരാനായില്ല. പാക് പൗരത്വം തന്നെ പ്രഥമ പ്രശ്‌നം. കൂടാതെ കോണ്‍ഫ്രന്‍സ് വിസയില്‍ കോളംബോയില്‍ എത്തിയിട്ട് ജാഫ്‌നയിലേക്ക് പോകുന്നതിന്റെ ന്യായീകരണം നല്കുക എറിക്കിനെ സംബന്ധിച്ചിടത്തോളം കൂടുതല്‍ പ്രശ്‌നം ആയേക്കുമെന്ന് ചില ഉപദേശങ്ങളും ലഭിച്ചിരുന്നു. സിഗരറ്റ് വലിയില്‍ ആരംഭിച്ച എറിക്കുമായുള്ള എന്റെ ബന്ധം കൂടുതല്‍ പുകയുന്ന പാക് മണ്ണിനെ കുറിച്ചും ഇന്‍ഡോ പാക് ബന്ധത്തെക്കുറിച്ചും ഉള്ള രാഷ്ട്രീയ ചര്‍ച്ചകളായി മാറിയിരുന്നു. യാത്രയക്കവേ എറിക് കൈയ്യില്‍ കരുതിയിരുന്ന ഒരു പാക്കറ്റ് സിഗരറ്റ് എനിക്ക് നല്കി ആശ്ലേഷിച്ചു. അല്പ്പ ദൂരം പിന്നിട്ടപ്പോഴേക്കും ഉറക്കം പലരെയും കൂട്ടിക്കൊണ്ട് പോകാന്‍ തിരക്ക് കൂട്ടിത്തുടങ്ങി. ഏറെ താമസിയാതെ ബസ്സിലെ ടിവി യില്‍ ഒരു സിനിമ ഓടിത്തുടങ്ങി. വിജയ്‌യുടെ ‘തുപ്പാക്കി’. അത്ഭുതം ഉളവാക്കിയ ഒരു യാദൃശ്ചികതയായാണ് എനിക്കത് തോന്നിയത്. തോക്കുകള്‍ ചരിത്രമെഴുതിയ വീഥികളിലൂടെ കടന്നു പോകുമ്പോള്‍ ഇതാ മറ്റൊരു തുപ്പാക്കി കൂട്ട്. കനത്ത ഇരുള്‍ മൂടി അന്യോന്യം കാഴ്ചകള്‍ മങ്ങിയ ഒരു ദേശത്ത് കഥകള്‍ പറയേണ്ടത് തോക്കുകളാവാം.
 
ഏതാണ്ട് പത്തറുപതു വര്‍ഷത്തെ പഴക്കമുണ്ട് തമിഴ് സിനിമയ്ക്ക് ലങ്കന്‍ മണ്ണില്‍. എന്നാല്‍ ആഭ്യന്തര യുദ്ധകാലത്ത് തമിഴ് സിനിമകള്‍ പൂര്‍ണ്ണമായും ഒഴിവാക്കപ്പെടുകയും ഉത്തര ലങ്കയില്‍ നിര്‍മ്മിക്കപ്പെട്ട തമിഴ് ഭാഷാ ചിത്രങ്ങള്‍ ശ്രിലങ്കന്‍ പട്ടാളം പിടിച്ചെടുത്ത് നശിപ്പിക്കുകയും ചെയ്തിരുന്നു. യുദ്ധാനന്തര ലങ്കയില്‍ ഇപ്പോള്‍ പക്ഷെ തമിഴ് സിനിമകള്‍ക്ക് നല്ല വേരോട്ടം ഉണ്ട്. ‘തുപ്പാക്കി’ തീ ചീറ്റി നിര്‍ത്തിയിടത്ത് വിക്രം വീണ്ടും തോക്കേന്തി ‘താണ്ഡവം’ എന്ന സിനിമയിലൂടെ കാഴ്ചകളില്‍ നിറഞ്ഞു. അപ്പോഴേക്കും മാറി നിന്ന് മടുത്ത ഉറക്കം കണ്ണുകളിലേക്ക് ഇരച്ച് കയറിയിരുന്നു. ഉറക്കെയുള്ള സംസാരങ്ങള്‍ കേട്ട് എപ്പോഴോ ഉണരുമ്പോള്‍ ബസ് സാവധാനം ഒരു ഇടുങ്ങിയ പട്ടണത്തിലൂടെ സഞ്ചരിക്കുന്നതായി കണ്ടു. ഇമ്മാനുവേലും താരകയും ഡ്രൈവറുമായി എന്തെല്ലാമോ സംസാരിച്ചു കൊണ്ട് ഉണര്‍ന്നിരിക്കുന്നുണ്ടായിരുന്നു. സമയം വെളുപ്പിനെ ഏതാണ്ട് മൂന്ന് മണി കഴിഞ്ഞിരിക്കുന്നു. കനത്ത തണുപ്പ് ബസ്സിനുള്ളില്‍ അനുഭവപ്പെട്ടു. ഞാന്‍ താരകയോട് സ്ഥലം ഏതാണെന്ന് അന്വേഷിച്ചു. വാവുനിയ! താരകയുടെ മറുപടി എന്റെ ശരീരത്തെ കൂടുതല്‍ മരവിപ്പിച്ചു കളഞ്ഞു. വാവുനിയ. ഒരു കാലത്ത് തമിഴ് പോരാളികളുടെ ശക്തമായ ഇടം. 2008 ല്‍ ലങ്കന്‍ പട്ടാളം കീഴ്‌പ്പെടുത്തുന്നത് വരെ ചെറുത്തു നിന്ന തമിഴ് വംശജര്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലം. എല്‍.റ്റി.റ്റി. ഇയുടെ നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന തന്ത്രപ്രധാനമായ ഈ ദേശം എത്രയോ പ്രഭാതങ്ങളിലാണ് നമ്മുടെ വര്‍ത്തമാന പത്രങ്ങളില്‍ നിറഞ്ഞിരുന്നത് ? അവസാനമായി സൈന്യം വേലുപ്പിള്ള പ്രഭാകരന്റെ മാതാപിതാക്കളെ വീട് തടങ്കലില്‍ പാര്‍പ്പിക്കുന്നതുവരെയുള്ള ഓര്‍മ്മച്ചിത്രങ്ങള്‍ മനസ്സിലൂടെ മിന്നിമാഞ്ഞുകൊണ്ടിരുന്നു. പ്രധാന ഹൈവേയില്‍ നിന്നും വലത്തോട്ടു തിരിഞ്ഞു പോയാല്‍ ഏതാണ്ട് ഒരു മണിക്കൂറിനുള്ളില്‍ മുല്ലത്തീവില്‍ എത്താമെന്ന് താരക കൂട്ടിച്ചേര്‍ത്തു. ഈ യാത്രക്ക് തൊട്ടു മുന്‍പ് എന്റെ ഓര്‍മ്മകള്‍ സൂം ചെയ്ത് നിന്നത് മുല്ലത്തീവിന് തൊട്ടടുത്ത നന്തിക്കടലിലാണെന്നത് ഞാന്‍ ഓര്‍ത്തു. തമില്‍ തമിഴ് പോരാട്ട വീര്യത്തിന്റെ എക്കാലത്തെയും അനിഷേധ്യ രൂപമായിരുന്ന സാക്ഷാല്‍ വേലുപ്പിള്ള പ്രഭാകരന്റെ അന്ത്യം നിര്‍ണ്ണയിക്കപ്പെട്ടത് അവിടെ വച്ചാണ്.
 
മുന്നില്‍ ഇരുള്‍ ഇനിയും മാഞ്ഞിട്ടില്ല. ഞങ്ങളിപ്പോള്‍ വലിയൊരു ടാങ്കറില്‍ യുദ്ധഭൂമിയിലൂടെ മുന്നോട്ട് പോകുകയാണോ എന്ന് ഞാന്‍ ചിന്തിച്ചു. പത്ര വായന തുടങ്ങിയ കുട്ടിക്കാലത്ത് ലങ്കന്‍ മണ്ണിലെ പോരാട്ടത്തിന്റെ രാഷ്ട്രീയ വശമൊന്നും ഗ്രഹിച്ചിരുന്നില്ല. പക്ഷെ ഓര്‍മ്മകളില്‍ നിറഞ്ഞു നിന്നിരുന്ന ഭയാനകമായ ഒരു വലിയ യുധക്കഥയായിരുന്നു അത്. അക്കാലത്തൊക്കെ അയല്പക്കത്തെ ടെലിവിഷന്‍ ഉള്ള അപൂര്‍വ്വം ചില വീടുകളുടെ ജനലഴികളില്‍ തിങ്ങി ഞെരുങ്ങി കണ്ടിരുന്ന ‘രാമായണത്തിലെ’ ലങ്ക യാഥാര്‍ത്ഥ ലോകവും പത്രങ്ങളിലെ ശ്രീലങ്ക കഥയുമായി തുടര്‍ന്നത് എവിടെ വച്ചാണ് തല തിരിഞ്ഞ് നേരെയായത് എന്നറിയില്ല. പക്ഷെ, അന്നൊക്കെ സ്വാധിനിക്കാവുന്ന ശ്രീരാമനില്‍ നിന്നും അകന്നു മാറി പോരാട്ടത്തിന്റെ, ചെറുത്തു നില്പ്പിന്റെ  ആള്‍രൂപമായ പ്രഭാകരന് മനസ്സില്‍ പ്രധാന ഇടം നല്കിയത് ഇന്നും അഭിമാനമായി ഞാന്‍ കരുതുന്നുണ്ട്. ഒട്ടേറെ വിമര്‍ശനങ്ങളും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളും ഉയരുമ്പോഴും പ്രഭാകരന്‍ മനസ്സിലുറച്ചു പോയ ഒരു കറുത്ത ശരീരമായിരുന്നു. പ്രഭാകരന്റെ അന്ത്യം എന്നില്‍ ഉണ്ടാക്കിയ വിഷാദം വളരെ വലുതുമായിരുന്നു.
 
മുന്നിലെ ഇരുള്‍ മാറിയിരുന്നില്ല. വാവുനിയ പിന്നിട്ടിട്ട് ഏകദേശം പത്തിരുപത് മിനിട്ടുകള്‍ കഴിഞ്ഞിരിക്കുന്നു. ഞങ്ങളുടെ ബസ് സാവധാനം ബസ് സ്‌റ്റേഷന്‍ എന്ന് തോന്നിപ്പിക്കുന്ന വിശാലമായ ഒരിടത്തേക്ക് പ്രവേശിക്കുകയാണ്. നിരവധി വാഹനങ്ങള്‍ പലയിടങ്ങളിലായി പാര്‍ക്ക് ചെയ്തിരിക്കുന്നു. നൂറു കണക്കിന് ആളുകള്‍ അഭയാര്‍ഥികളെപ്പോലെ കൂട്ടായും ചിതറിയും നില്ക്കുന്നു. അവര്‍ക്കിടയില്‍ റോന്ത് ചുറ്റുന്ന സൈനികര്‍. എന്തെങ്കിലും അത്യാഹിതം സംഭവിച്ചിട്ടുണ്ടാകുമോ? എന്റെ ആശങ്കകളെ റദ്ദു ചെയ്തുകൊണ്ടും സഹയാത്രികരുടെ നിദ്രയെ ഉണര്‍ത്തിക്കൊണ്ടും ഇമ്മനുവേലിന്റെ ശബ്ദം ബസ്സിനുള്ളിലെ സ്പീക്കറിലൂടെ മുഴങ്ങി. ജാഫ്‌നാ യാത്രയിലെ പ്രധാന കടമ്പയായ ഒമന്തൈ ചെക്ക് പൊയ്ന്റില്‍ ഞങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. എല്‍.റ്റി. റ്റി.ഇ നിയന്ത്രണത്തിലുള്ള വടക്കന്‍ മേഖലയെയും ശ്രീലങ്കന്‍ സൈന്യത്തിന് അധീശത്വമുള്ള മേഖലയെയും പതിറ്റാണ്ടുകളായി വിഭജിച്ചിരുന്നത് ഒമന്തൈ ചെക്ക് പോയിന്റ് ആയിരുന്നു. ഇന്നും യുദ്ധകാലത്തെന്നപോലെ ഉള്ള പരിശോധനകളും നിയന്ത്രണങ്ങളും ലങ്കന്‍ പട്ടാളം കര്‍ശനമായി തുടരുന്നുണ്ട്. പരിശോധനകള്‍ക്കായി ഭാണ്ഡങ്ങളും പേറി മണിക്കൂറുകളോളം ക്യൂവില്‍ ഊഴം കാത്തു നില്ക്കുന്ന നിസ്സഹായരായ മുഖങ്ങളാണ് അവിടം മുഴുവന്‍. ഞങ്ങളില്‍ എല്ലാവരിലും പരിഭ്രാന്തി ഉടലെടുത്തു തുടങ്ങിയിരുന്നു.
 
യാത്ര തുടരണമോ വേണ്ടയോ എന്ന് ഇവിടെ അറിയാം. പാസ് പോര്‍ട്ടുമെടുത്ത് തയ്യാറായി പുറത്തിറങ്ങാന്‍ ഇമ്മാനുവേല്‍ ആവശ്യപ്പെട്ടു. ഇതിനിടയില്‍ പുറത്തിറങ്ങിയ താരക പെട്ടെന്ന് ബസ്സിനുള്ളിലേക്ക് കയറി ഞങ്ങളുടെ പാസ് പോര്‍ട്ടുകള്‍ ശേഖരിക്കാന്‍ തുടങ്ങി. ഇമ്മാനുവേലിന്റെ നിര്‍ദേശം അവഗണിക്കപ്പെട്ടു. താരകയും ഇമ്മാനുവേലും തമ്മില്‍ സാരമില്ലാത്ത നിലയില്‍ ചില വ്യക്തി സംഘര്‍ഷങ്ങള്‍ ഉള്ളതായി എനിക്കും ഇന്‍പക്കും അറിയാമായിരുന്നു. പൊതുവെ മിതഭാഷിയായ താരക, ഇമ്മാനുവേലിന്റെ അപ്രമാദിത്വത്തില്‍ പലപ്പോഴും തിളക്കം നഷ്ട്ടപ്പെട്ട് കൂടുതല്‍ മൂകനായിരുന്നു. താരകയുടെ പെട്ടെന്നുള്ള ആവേശം എല്ലാവരിലും കൌതുകമുണര്‍ത്തി. യാത്രാരേഖകളുമായി പരിശോധകര്‍ക്ക് മുന്നില് പോയ താരക വീണ്ടും മടങ്ങി വന്ന് ടോയ്‌ലറ്റിലും മറ്റും പോകാനുള്ളവര്‍ക്ക് അതിനായുള്ള സൗകര്യങ്ങള്‍ കാണിച്ചു കൊടുത്തു . പുറത്തിറങ്ങിയ ഞങ്ങളെയാകട്ടെ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കുന്നു പോലുമില്ല. എന്താണ് താരക കാണിച്ച സൂത്രം? പത്തു പതിനഞ്ചു മിനിറ്റുകള്‍ക്കകം ഞങ്ങള്‍ തുടര്‍ യാത്രയ്ക്കായി തയ്യാറായി. അപ്പോഴേക്കും പാസ്പോര്‍ട്ടുകളുമായി താരക മടങ്ങി വന്നിരുന്നു. ചുണ്ടില്‍ നേരിയ ഒരു ചിരിയുമായി താരക അഭിമാനത്തോടെ ഞങ്ങളെ നോക്കി. അപ്പോഴാണ് ഇമ്മാനുവേല്‍ പരിശോധന ഒഴിവാക്കിയ രഹസ്യം പങ്കു വച്ചത്. ശ്രീലങ്കന്‍ ഗ്രാമീണ വികസന വകുപ്പ് മന്ത്രി അറുമുഖന്‍ തോണ്ടാമന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് താരക. താരകയുടെ ഈ വിഐ പി പരിഗണനയാണ് ഞങ്ങള്‍ക്ക് തുണയായത്.
 
ബസ് ഒമന്തൈ പിന്നിടുമ്പോള്‍ നിസ്സഹായരായ മനുഷ്യരുടെ മുഖങ്ങള്‍ ആയിരുന്നു എന്റെ മുന്നില്‍. അവരുടെ നീണ്ട നിര പതിറ്റാണ്ടുകള്‍ പിന്നില്‍ നിന്നാരംഭിച്ച് ഇരുട്ടിലേക്ക് കലര്‍ന്ന് പോകുന്നതായി എനിക്ക് തോന്നി. ചിന്തകള്‍ വീണ്ടും യുദ്ധഭൂമിയിലേക്ക് യാത്ര തുടങ്ങി. ഒരു കാലത്ത് രക്തത്തിന്റെ മണമുള്ള തണുത്ത കാറ്റുകള്‍ കടന്നു പോയ ദേശത്തിലൂടെ സഞ്ചരിക്കുമ്പോള്‍ മറ്റെന്താണ് മനസ്സില്‍ കടന്നു വരിക ? ഉറക്കമെപ്പോഴോ എന്നെയും കൂട്ടിക്കൊണ്ടു പോയി.
 
ഇമ്മാനുവേലിന്റെ ശബ്ദം വീണ്ടും ഉറക്കത്തിന്റെ ശത്രുവായി. കണ്ണുകള്‍ തുറന്നത് വെളിച്ചത്തിലേക്കാണ്. നേരം പുലര്‍ന്നിരിക്കുന്നു. ചെറിയൊരു ചായക്കടയുടെ മുന്നിലായിട്ടാണ് ബസ് നിര്‍ത്തിയിട്ടിരിക്കുന്നത്. ഹൈവേക്ക് ഓരം ചേര്‍ന്നുള്ള ഒരു നാട്ടിന്‍പുറം. പുറത്തേക്കിറങ്ങിയ ഞങ്ങളെ എതിരേറ്റത് തൊട്ടടുത്ത ക്ഷേത്രത്തിലെ പ്രാര്‍ഥനാ ഗീതികള്‍. ഹൈവേയില്‍ നിശ്ചിത ദൂര പരിധിയില്‍ ആയുധധാരികളായ പട്ടാളക്കാര്‍. അര മണിക്കൂര്‍ വിശ്രമത്തിന് ശേഷം വീണ്ടും യാത്ര പുനരാരംഭിച്ചു. ഇപ്പോള്‍ പ്രദേശമാകെ വെളിച്ചം നിറഞ്ഞിരിക്കുന്നു. ഇരു വശവും പാടശേഖരങ്ങള്‍ പോലെ തോന്നിച്ച സ്ഥലത്ത് അലസമായി വളര്‍ന്നു കിടക്കുന്ന പച്ചപ്പുകള്‍. അങ്ങിങ്ങായി വിജനമായ വീടുകള്‍. അല്പ സമയത്തിനകം വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ട ഇമ്മാനുവേല്‍ ഇരുവശങ്ങളിലുമുള്ള വീടുകളിലേക്ക് ഞങ്ങളുടെ ശ്രദ്ധയെ ക്ഷണിച്ചു. മിക്കവാറും വീടുകളും പൂര്‍ണ്ണമായോ ഭാഗിഗമായൊ തകര്‍ക്കപ്പെട്ടിരിക്കുന്നു. യുദ്ധകാലത്തിന്റെ സ്മരണകള്‍ പേറുന്ന സ്മാരകങ്ങള്‍ പോലെ അവ നില കൊണ്ടു. എത്രയോ ജീവനുകളാവാം ഇവിടെ പൊലിഞ്ഞിട്ടുണ്ടാവുക? എത്രയോ ജീവിതങ്ങളാണ് ഇവിടെ നിന്നും പലായനം ചെയ്തിട്ടുണ്ടാവുക? എല്ലാവരിലും ഭയാനകമായ ഒരു മൂകത പടര്‍ന്നിരിക്കുന്നുവെന്നു എനിക്ക് മനസ്സിലായി.
 
അല്പ ദൂരം കൂടി കഴിഞ്ഞപ്പോള്‍ റോഡിനോട് ഏറെ ചേര്‍ന്ന് നിര നിരയായി ഒട്ടനവധി വീടുകള്‍ കാണാനായി. എല്ലാം ഒരേ വിധത്തില്‍ പണിഞ്ഞവ. ഒറ്റ നോട്ടത്തില്‍ തന്നെ അവയുടെ സ്വഭാവവും വ്യക്തമായി. റെഡ് ക്രോസ്, വേള്‍ഡ് വിഷന്‍ തുടങ്ങിയ സന്നദ്ധ സംഘടനകള്‍ പണിതു നല്കിയ പുനരധിവാസ ഭവനങ്ങള്‍ ആണ് അവയെല്ലാം. എല്ലാ വീടുകളുടെയും സിമിന്റ് പാകിയ മേല്‍ക്കൂരകളില്‍ അതിനോളം വലുപ്പത്തില്‍ തന്നെ അതാത് സംഘടനകളുടെ പേരുകള്‍ എഴുതിയും വച്ചിരിക്കുന്നു. യുദ്ധാനന്തര ഭൂമികയില്‍ ഇത്തരം രക്ഷകരുടെ അടയാളപ്പെടുത്തലുകള്‍ ആണ് തമിഴ് ജനതയുടെ നിലവിലെ സ്വത്വം വെളിവാക്കപ്പെടുന്നത്. കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ തീര്‍ത്തും വിജനമായ ഒരിടത്ത് ബസ് സാവധാനം നിര്‍ത്തുകയും അല്പം ദൂരെ മാറി കുറ്റിക്കാടുകള്‍ നിറഞ്ഞ അതി വിശാലമായ ഒരിടത്തേക്ക് ഇമ്മാനുവേല്‍ ഞങ്ങളുടെ ശ്രദ്ധയെ ആകര്‍ഷിച്ചു. അപായ മുന്നറിയിപ്പുകള്‍ നല്കുന്ന ഒട്ടനവധി ബോര്‍ഡുകളും അങ്ങോട്ടുള്ള പ്രവേശനം തടയുന്ന ദീര്‍ഘ ദൂരം വലിച്ചു കെട്ടിയിരിക്കുന്ന ബാരിക്കേഡ് ടേപ്പുകളും. മൈന്‍ ബാധിത പ്രദേശം! ലങ്കന്‍ സേനയെ തടയുന്നതിന് വേണ്ടി തമിഴ് ഈഴം പോരാളികള്‍ പാകിയിട്ടുള്ളതെന്നാണ് ഔദ്യോഗിക ഭാഷ്യം. നേരെ തിരിച്ചും ആയിക്കൂടെന്നില്ല. സുരക്ഷാ കവചങ്ങളും ധരിച്ച് പത്തിരുപത് തൊഴിലാളികള്‍ പുലര്‍ച്ചെ തന്നെ തെരച്ചില്‍ ആരംഭിച്ചിരിക്കുന്നു. അതിനകം ബസ്സില്‍ നിന്നും പുറത്തിറങ്ങിയ ഞങ്ങളെ നിരുല്‌സാഹപ്പെടുത്തിക്കൊണ്ട് അപായ സൂചനകള്‍ നല്കി അഞ്ചാറു പേര്‍ അടുത്തേക്ക് വന്നു. ഇന്ന് പുലര്‍ച്ചെ മാത്രം രണ്ട് മൈനുകള്‍ കണ്ടെടുത്തത്രേ! നോക്കു എന്ത് ഭീതിതമായ കാഴ്ചയാണ് കണ്മുന്നില്‍. വളരെ ഫലഭൂയിഷ്ട്ടമായ പ്രദേശം ആണ് അതെന്ന് ഒറ്റ നോട്ടത്തില്‍ അറിയാം. പക്ഷെ വിളഞ്ഞു നില്ക്കുന്നത് മൈനുകളാണ്! ഒട്ടേറെ സ്‌ഫോടനങ്ങള്‍ നെഞ്ചിലോളിപ്പിച്ച ഒരു യുദ്ധ ഭൂമിയിലൂടെ തന്നെയാണ് ഞങ്ങള്‍ ഇപ്പോഴും സഞ്ചരിക്കുന്നത്. വിജനമായ പ്രദേശം ഇടയ്ക്കു കുറഞ്ഞു വരികയും നിരത്തില്‍ കൂടുതല്‍ വാഹനങ്ങളും ആളുകളും നിറയുകയും ചെയ്തു തുടങ്ങി. സമയം ഏകദേശം ഏഴുമണി കഴിഞ്ഞിരിക്കുന്നു.
 
(തുടരും)
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍