UPDATES

ഇന്ത്യ

ഫായലീന്‍ നേതാക്കളെ ഉണ്ടാക്കുമ്പോള്‍

ടീം അഴിമുഖം
 
അന്തര്‍ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയ ഒരു രക്ഷാപ്രവര്‍ത്തനത്തിനാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഒഡീഷയും ആന്ധ്രയും സാക്ഷ്യം വഹിച്ചത്. അതും വെറും 36 മണിക്കുറിനുള്ളില്‍ ഒമ്പതു ലക്ഷത്തോളം ആളുകളെയാണ് ഒഡീഷയില്‍ മാത്രം സുരക്ഷിതരായി മാറ്റി പാര്‍പ്പിച്ചത്. നിരന്തരമായി നേരിടുന്ന വെള്ളപ്പൊക്കം, വരള്‍ച്ച, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഒഡീഷയെ ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു എന്നു വേണം കരുതാന്‍. 1999ലെ സൂപ്പര്‍ സൈക്ലോണിനു ശേഷം നാടു നേരിട്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു ഫായലീന്‍. 1999-ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് ആയിരുന്നു ഭരണം. അന്ന് കേന്ദ്രത്തില്‍ എന്‍.ഡി.എ മന്ത്രിസഭയില്‍ അംഗമായിരുന്നു ഇപ്പോഴത്തെ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്. പക്ഷേ കഴിഞ്ഞ 14 വര്‍ഷങ്ങള്‍ക്കിടയില്‍ അദ്ദേഹം ഏറെ പാഠങ്ങള്‍ പഠിച്ചിരിക്കുന്നു. ഒഡീഷ തന്നെ രൂപം കൊടുത്ത ഒ.ഡി.ആര്‍.എഫ്, 99-ലെ സൈക്ലോണിനെ തുടര്‍ന്ന് കിട്ടിയ കേന്ദ്ര സഹായം കൊണ്ട് പണിത ഉറപ്പുള്ള സ്‌കൂളുകള്‍ എന്നിവയാണ് ഇത്തവണയാണ് ഇത്തണവ നവീന്‍ പട്‌നായിക്കിന് തുണയായത്. 
 
നവീന്‍ പട്നായിക്കിന്റെ ജന്മനാട് കൂടിയായ ഗഞ്ചാം ജില്ലയിലെ പഴയ തുറമുഖ നഗരവും ഇപ്പോഴത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നുമായ ഗോപാല്‍പൂരിലായിരുന്നു ഫായിലീന്‍ ആദ്യം എത്തിയത്. എന്നാല്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് രണ്ടര കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ ഷെല്‍ട്ടറുകള്‍ കണ്ടെത്താന്‍ സര്‍ക്കാരിനായി. ഒറ്റ നിര്‍ദേശമാണ് നവീന്‍ പട്‌നായിക്ക് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും നല്‍കിയിരുന്നത്. ഒരു മരണം പോലും ഉണ്ടാകരുത്. തന്റെ പാര്‍ട്ടി പ്രവര്‍ത്തകരുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും വീഡിയോ കോണ്‍ഫ്രന്‍സിംഗ് അടക്കമുള്ള വഴികളിലുടെ അദ്ദേഹം ബന്ധപ്പെട്ടു കൊണ്ടിരുന്നു. മരണസംഖ്യ 1999-ലെ സുപ്പര്‍ സൈക്ലോണിനെ അപേക്ഷിച്ച് നാമമാത്രം. പക്ഷേ പ്രധാന പ്രശ്‌നം പുനരധിവാസത്തിലായിരിക്കും. തകര്‍ന്ന റോഡുകളുടേയും വീടുകളുടേയും പുനര്‍നിര്‍മാണമാണ് പ്രധാന വെല്ലുവിളി. മൂന്നു ദിവസത്തേക്ക് മാത്രമാണ് പാകം ചെയ്ത ഭക്ഷണം ക്യാമ്പുകളില്‍ ഇപ്പോഴുള്ളത്. ഛത്തീസ്ഗഡിലേക്ക് പോയ ഫയലീന്‍ അവിടെ വെള്ളപ്പൊക്കം സൃഷ്ടിച്ചാല്‍ ഒഡീഷയിലെ നദികളും കരകവിയും. ഒക്‌ടോബര്‍ 16-ന് പൂര്‍ണചന്ദ്രനാണ്. കടല്‍ നിറഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ നദികളില്‍ നിന്ന് കടലിലേക്കുള്ള വെള്ളമെടുപ്പ് കുറയും. അതുകൊണ്ടു തന്നെ ‘ഭാഗ്യത്തിലും ദൈവാധീന’ത്തിലുമാണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒഡീഷ സര്‍ക്കാര്‍ അര്‍പ്പിച്ചിട്ടുള്ളത്. 
 
 
15,000 ഗുജറാത്തികളെ ഉത്തരാഖണ്ഡില്‍ നിന്ന് രണ്ടു മണിക്കൂര്‍ കൊണ്ട് ഒഴിപ്പിച്ചുവെന്ന നരേന്ദ്ര മോദിയുടെ റാംബോ ആക്ടിനും ഒന്നും ചെയ്യാതെ കൈകെട്ടിയിരുന്ന അവിടുത്തെ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടേയും മറുപടിയാവുകയാണ് നവീന്‍ പട്‌നായിക്. ബിജു ജനതാദള്‍ നേതാക്കള്‍ നവീന്‍ പട്‌നായിക്കിനെ ഉപമിക്കുന്നത് 1999ലെ സൂപ്പര്‍ സൈക്ലോണ്‍ സമയത്ത് ആന്ധ്രയില്‍ മികച്ച രീതിയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചന്ദ്രബാബു നായിഡുവിനോടും 2004-ലെ സുനാമിക്കു ശേഷം വലിയ പഴി കേള്‍ക്കാതെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അത് തുടര്‍ന്നു കൊണ്ടു പോവുകയും ചെയ്ത തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോടുമാണ്. സര്‍ക്കാര്‍ സംവിധാനത്തെ ഭംഗിയായി ഉപയോഗിച്ച് കാര്യങ്ങള്‍ നേര്‍വഴിക്ക് നടത്താന്‍ കഴിയുന്നവര്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും പുറത്തുണ്ടെന്ന് ചുരുക്കം. 
 
വലിയ പാര്‍ട്ടികളില്‍ നിന്നും ബഹളങ്ങളില്‍ നിന്നും മാറി നില്‍ക്കുന്ന ശീലം നവീന്‍ ശീലിച്ചത് പിതാവ് ബിജു പട്‌നായിക്കില്‍ നിന്നായിരിക്കണം. ആധുനിക ഇന്ത്യ കെട്ടിപ്പടുക്കുന്നതില്‍ ബിജു പട്നായിക്ക് വഹിച്ച പങ്ക് വേണ്ട രീതിയില്‍ ഇന്നും അംഗീകരിച്ചിട്ടില്ലെന്ന് പറയേണ്ടി വരും. രണ്ടാം ലോക മഹായുദ്ധ കാലത്ത് അന്നത്തെ ബ്രിട്ടിഷ് റോയല്‍ എയര്‍ ഫോഴ്സില്‍ പൈലറ്റായിരുന്ന ബിജു പട്നായിക്ക് അതേ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ തന്നെ സേനയ്ക്കുള്ളില്‍ രഹസ്യമായി വിപ്ളവ സാഹിത്യം പ്രചരിപ്പിച്ചിരുന്നു. അതേ സമയം തന്നെ, ഒരു സൈനിക പൈലറ്റ് എന്ന നിലയിലും അദ്ദേഹത്തിന്റെ സേവനങ്ങള്‍ ഏറെ പ്രശസ്തമാണ്. ജപ്പാന്‍ പട്ടാളം മുന്നേറിക്കൊണ്ടിരുന്നപ്പോള്‍ രംഗൂണില്‍ നിന്നു നൂറുകണക്കിന് ബ്രിട്ടീഷ് കുടുംബങ്ങളെയാണ് അദ്ദേഹം രക്ഷപ്പെടുത്തിയത്. ജപ്പാന്‍കാര്‍ക്കെതിരെ പൊരുതാന്‍ ചൈനീസ് പട്ടാളത്തിന് ആയുധങ്ങള്‍ എത്തിച്ച പൈലറ്റ്. ഹിറ്റ്ലര്‍ സ്റ്റാലിന്‍ഗാര്‍ഡ് ആക്രമിച്ചപ്പോള്‍ സോവിയറ്റ് പടയ്ക്ക് അവിടെ ആയുധങ്ങള്‍ എത്തിച്ച ചരിത്രവും ബിജു പട്നായിക്കിനുണ്ട്. 
 
പിന്നീട് കേന്ദ്രമന്ത്രിയും ഒഡീഷ മുഖ്യമന്ത്രിയും ഒക്കെയായ ബിജു പട്നായിക്ക് ഇന്തോനേഷ്യയ്ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതിലും ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. അന്ന് ഡാക്കോട്ടയിലേക്ക് പറന്ന ബിജു പട്നായിക്കിനെ ഡച്ച് സൈന്യം വെടിവച്ചു വീഴ്ത്താന്‍ ശ്രമിച്ചിരുന്നു. പക്ഷേ ജാവയിലോ സമീപപ്രദേശത്തെവിടെയോ ഇറങ്ങിയ അദ്ദേഹം അവിടെ നിന്നു രക്ഷപ്പെടുത്തിയത് അന്നത്തെ റിബലുകളായ പ്രസിഡണ്ട് സുകോര്‍ണോ, പ്രധാനമന്ത്രി സുല്‍ത്താന്‍ ജാഹ്രിര്‍ തുടങ്ങിയവരെയായിരുന്നു. പട്നായിക്കിനെ ഇന്തോനേഷ്യ പിന്നീട് തങ്ങളുടെ ദേശീയ ബഹുമതികള്‍ നല്കി ആദരിച്ചിട്ടുണ്ട്. എന്നാല്‍ തലപ്പൊക്കമില്ലാത്ത ഇന്നത്തെ കേന്ദ്ര നേതാക്കള്‍ കാണിക്കുന്നത് പോലെ അദ്ദേഹം എവിടേക്കും ‘ഇടിച്ചു കയറി’യില്ല. മകന്‍ നവീന്‍ പട്നായിക്ക് പിതാവിന്‍റത്ര മിടുക്ക് കാണിക്കുന്നുണ്ടോ എന്നറിയില്ല. പക്ഷേ കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ തീര്‍ച്ചയായും പരിഗണിക്കേണ്ടതുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രത്തിന്റെ പങ്ക് തള്ളിക്കളയാന്‍ പറ്റില്ല എന്നു പറയുമ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരിനെ കാര്യക്ഷമമായി വിനിയോഗിച്ച നവീന്‍ പട്നായിക്കിന്റെ പങ്ക് എടുത്തു പറയുക തന്നെ വേണം. 
 
 
രാഹുല്‍ ഗാന്ധിയിലും നരേന്ദ്ര മോദിയിലും അധിഷ്ഠിതമായ ഇപ്പോഴത്തെ ഈ തെരഞ്ഞെടുപ്പ് പ്രചരണ ബഹളങ്ങള്‍ നമ്മുടെ നാടിന്റെ ജനാധിപത്യ സംവിധാനത്തിന് എത്രത്തോളം ഗുണം ചെയ്യുമെന്ന് ഇത്തരം നേതാക്കളെ കൂടി വിലയിരുത്തി നാം മനസിലാക്കണം. വലിയ കാശു മുടക്കി പ്രചരണം നടത്താന്‍ കഴിവില്ലാത്ത ബിഹാറിലേയും ഒഡീഷയിലേയും പശ്ചിമ ബംഗാളിലേയും തമിഴ്‌നാട്ടിലേയുമൊക്കെ മുഖ്യമന്ത്രിമാരും തങ്ങളുടേതായ രീതിയില്‍ ഭരണം നടത്തുന്നുണ്ടെന്ന് ജനങ്ങള്‍ അറിയുക തന്നെ വേണം. 
 
കോണ്‍ഗ്രസ്, ബി.ജെ.പി ഇതര രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആളാണ് ബിജു പട്‌നായിക്ക്. ഈ പാരമ്പര്യം പലപ്പോഴും പാര്‍ലമെന്റിലും മറ്റും ബിജു ജനതാദള്‍ നേതാക്കള്‍ തുടരുന്നതു കാണാം. ബിജു പട്‌നായിക്കിന്റെ മരണശേഷം 1990-കളുടെ ഒടുക്കം ബി.ജെ.പിയുമായി സഖ്യത്തിലായ നവീന്‍ പട്നായിക്ക്, ആ ബാന്ധവം തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു എന്നു മനസിലാക്കിയാണ് 2009-ല്‍ ആ സഖ്യം ഉപേക്ഷിക്കുന്നത്. അത് അദ്ദേഹത്തിന് ഗുണം ചെയ്യുകയേ ചെയ്തുള്ളൂ. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം, പ്രത്യേകിച്ച് കോണ്‍ഗ്രസ്, ബി.ജെ.പി വിരുദ്ധ ഒരു പ്ലാറ്റ്‌ഫോം രൂപപ്പെടുത്തിയെടുക്കുന്നതിലും അത് വളര്‍ത്തിയെടുക്കുന്നതിലും ബി.ജെ.ഡി ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. കോണ്‍ഗ്രസ്, ബി.ജെ.പി വിരുദ്ധ പ്ലാറ്റ്‌ഫോം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുന്നതായിരിക്കും നവീന്‍ പട്‌നായിക്കിന് ഇപ്പോള്‍ ലഭിക്കുന്ന മാധ്യമ ശ്രദ്ധ. ഒന്നും ചെയ്യാതെ ചെയ്തു എന്ന് അവകാശവാദം മുഴക്കുന്ന മോഡിയേയും എന്തു ചെയ്യണം, എങ്ങനെ ചെയ്യണമെന്നറിയാത്ത അപക്വമതിയായ രാഹുല്‍ ഗാന്ധിക്കുമുള്ള ഉത്തരമായി ഈ പ്ലാറ്റ്‌ഫോം നവീന്‍ പട്‌നായിക്കിനേയും ജയലളിതയേയുമൊക്കെ ഉയര്‍ത്തിക്കാട്ടാന്‍ ഇടയുണ്ട്. 
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍