UPDATES

ഇന്ത്യ

മാവോയിസ്റ്റ് വെല്ലുവിളി: മാറേണ്ടത് ഭരണകൂട മനോഭാവവും

ടീം അഴിമുഖം 
 
 
പശ്ചിമ ബംഗാളിലെ നക്‌സല്‍ബാരിയില്‍ അര നൂറ്റാണ്ടു മുമ്പ് രൂപമെടുത്ത നക്‌സല്‍ പ്രസ്ഥാനം ഈ കാലത്തിനിടയില്‍ നിരവധി മാറ്റങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. നക്‌സല്‍ബാരിയില്‍ നിന്നും കേരളമടക്കം രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും ഒരു കാലത്ത് വ്യാപിച്ച ഈ പ്രസ്ഥാനം പിന്നീട് ക്ഷയിച്ചെങ്കിലും ആന്ധ്രയില്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ ഉദയത്തോടെ വീണ്ടും ശക്തി പ്രാപിച്ചു. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായിരുന്ന മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ (എം.സി.സി)യും പീപ്പിള്‍സ് വാര്‍ ഗ്രൂപ്പും 2004-ല്‍ ലയിച്ചാണ് ഇന്നു കാണുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് (മാവോയിസ്റ്റ്) രൂപമെടുക്കുന്നത്. മുപ്പല ലക്ഷ്മണ റാവു എന്ന ഗണപതിയാണ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി. ഇത്രയും ചരിത്രം.  
 
മാവോയിസ്റ്റ് പ്രസ്ഥാനം നടത്തിയിട്ടുള്ള നിരവധി ആക്രമണങ്ങളില്‍ ഏറ്റവും മാരകവും പ്രധാനപ്പെട്ടതുമായ ഒന്നായി വേണം കഴിഞ്ഞ ശനിയാഴ്ച ഛത്തീസ്ഗഡിലെ ദര്‍ബാ ഘട്ടില്‍ നടന്ന ആക്രമണത്തെ കണക്കാക്കാന്‍.  ഛത്തീസ്ഗഡിലെ കോണ്‍ഗ്രസിന്റെ മുന്‍ നിര നേതാക്കളടക്കം 27 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നക്‌സല്‍ ബാധിത സംസ്ഥാനങ്ങളായ ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഒറീസ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ സുരക്ഷാ കാര്യങ്ങളിലുള്ള പാളിച്ചയും ഇന്റലീജന്‍സ് പരാജയവും വെളിവാക്കുന്ന ആക്രമണങ്ങളിലൊന്നു കൂടിയാണിത്. അതിലും പ്രധാനമായുള്ളത്, പ്രശ്‌നബാധിത മേഖലകളില്‍ സഞ്ചരിക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളൊന്നും കോണ്‍ഗ്രസ് നേതാക്കളുടെ വാഹന വ്യൂഹം സ്വീകരിച്ചിരുന്നില്ല എന്നതാണ്. ഇന്ത്യന്‍ ഭരണകൂടത്തിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും കടുത്ത മറവി രോഗം ബാധിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍.
 
ശനിയാഴ്ചത്തെ ആക്രമണം 
 
നിരവധി പേര്‍ മരിച്ചു എന്നതു മാത്രമല്ല, ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുന്‍ നിര നേതാക്കള്‍ തന്നെ ലക്ഷ്യം വയ്ക്കപ്പെട്ടു എന്നതാണ് ഇത്തവണത്തെ ആക്രമണത്തിലെ പ്രത്യേകത. സുഖ്മയില്‍ നടന്ന യോഗശേഷം ദേശീയപാത-202 വഴി ജഗദല്‍പ്പൂരിനടുത്തുള്ള കേശ്‌ലൂരിലേക്കുള്ള യാത്രാ മധ്യേയായിരുന്നു ആക്രമണം. ഛത്തീസ്ഗഡിനെയും ആന്ധ്രാ പ്രദേശിലെ ഭദ്രാചലം ജില്ലയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേയാണിത്. സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെ 200-ഓളം പേരടങ്ങിയ 25 വാഹനങ്ങളായിരുന്നു യാത്രാ സംഘത്തിലുണ്ടായിരുന്നത്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി വി.സി ശുക്ല, ഛത്തീസ്ഗഡ് കോണ്‍ഗ്രസ് പ്രസിഡന്റ് നന്ദ്കുമാര്‍ പട്ടേല്‍, മുന്‍ പ്രതിപക്ഷ നേതാവും സല്‍വാ ജുദൂമിന്റെ സ്ഥാപകനുമായ മഹേന്ദ്ര കര്‍മ, എം.എല്‍.എമാര്‍, ബസ്തറിലെ വനിതാ ആദിവാസി നേതാവ് ഫൂലോ ദേവി നേതം തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു. 
 
ലക്ഷ്യസ്ഥാനത്ത എത്തുന്നതിന് 50 കിലോ മീറ്ററോളം അകലെ ദര്‍ഭാ മേഖലയിലെ കൊടും വനത്തിലൂടെ കടന്നു പോകുന്നതിനിടെയായിരുന്നു ആക്രമണം. മരങ്ങള്‍ മുറിച്ചിട്ട് വഴി തടഞ്ഞതോടെ വാഹന വ്യൂഹം നില്‍ക്കുകയും തുടര്‍ന്ന് കുഴിമൈന്‍ സ്‌ഫോടനം നടത്തുകയുമായിരുന്നു. സംഘത്തിലെ രണ്ടാമത്തെ വാഹനമായിരുന്നു മാവോയിസ്റ്റുകളുടെ ലക്ഷ്യം. മൈന്‍ സ്‌ഫോടനം കഴിഞ്ഞതോടെ സമീപത്തുള്ള കേശ്കല്‍ മലനിരകളില്‍ നിന്ന് 200-ഓളം വരുന്ന മാവോയിസ്റ്റ് സംഘം വെടിയുണ്ടകള്‍ വര്‍ഷിക്കാന്‍ തുടങ്ങി. സുരക്ഷാ ജീവനക്കാരും തിരിച്ചു വെടിവയ്പു തുടങ്ങി. എന്നാല്‍ സുരക്ഷാ ജീവനക്കാരുടെ പക്കലുള്ള വെടിക്കോപ്പുകള്‍ വളരെ വേഗം തീര്‍ന്നു. തുടര്‍ന്ന് അടുത്തെത്തിയ മാവോയിസ്റ്റുകള്‍ കോണ്‍ഗ്രസ് നേതാക്കളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. നേതാക്കളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മാവോയിസ്റ്റുകള്‍ പിടിച്ചു വാങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

മഹേന്ദ്ര കര്‍മ
 
 
സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതോടെ മഹേന്ദ്ര കര്‍മ മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വാഹനത്തില്‍ നിന്നു പുറത്തിറങ്ങി. ഓരോരുത്തരോടും പേരു വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടു. മഹേന്ദ്ര കര്‍മ സ്വയം പരിചയപ്പെടുത്തിയതോടെ അദ്ദേഹത്തിനു നേര്‍ക്ക് ബുള്ളറ്റ് വര്‍ഷമായിരുന്നു. മഹേന്ദ്ര കര്‍മ തന്നെയായിരുന്നു മാവോയിസ്റ്റുകളുടെ പ്രധാന ശത്രു. മാവോയിസ്റ്റുകള്‍ക്കെതിരെ സല്‍വാ ജുദൂം എന്ന പേരില്‍ സായുധ സംഘത്തെ രൂപീകരിച്ചത് കര്‍മയാണ്. സല്‍വാ ജുദൂം അനധികൃതമാണെന്നും പിരിച്ചു വിടണമെന്നും സുപ്രീം കോടതി തന്നെ അടുത്തിയിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റുകള്‍ക്കെതിരെ കടുത്ത ആക്രമണങ്ങള്‍ നടത്തുന്നതിനു പുറമെ യാതൊരു നിയമങ്ങളും പാലിക്കാതെ കൊലപാതകങ്ങളും തട്ടിക്കൊണ്ടു പോകലുകളും നടത്തിയിരുന്ന സംഘമാണ് സല്‍വാ ജുദൂം. കര്‍മയായിരുന്നു ആ ഭീകരതയുടെ മൂലകേന്ദ്രം. വെടിയുണ്ടകള്‍ തീരുന്നതു വരെ വെടിയുതിര്‍ക്കുക മാത്രമല്ല, തോക്കിന്‍ പാത്തികൊണ്ട് അടിച്ചും മര്‍ദ്ദിച്ചുമാണ് മാവോയിസ്റ്റുകള്‍ കര്‍മയോടുള്ള തങ്ങളുടെ കണക്ക് തീര്‍ത്തത്. കൊല്ലപ്പെട്ടവരില്‍ മുന്‍ എം.പി ഗോപാല്‍ മാധവന്‍, എം.എല്‍.എ ഉദയ് മുതലിയാര്‍, വനിതാ നേതാവ് ഫൂലോ ദേവി നേതം എന്നിവരും ഉള്‍പ്പെടുന്നു. വയറ്റില്‍ മൂന്നു വെടിയുണ്ടകളേറ്റ വി.സി ശുക്ല ഉള്‍പ്പെടെ നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്. പി.സി.സി അധ്യക്ഷന്‍ നന്ദ്കുമാര്‍ പട്ടേലിനേയും മകന്‍ ദിനേശിനേയും വാഹനത്തില്‍ നിന്ന് ഇറക്കിക്കൊണ്ടു പോവുകയായിരുന്നു മാവോയിസ്റ്റുകള്‍. പിന്നീട് ഞായറാഴ്ച ഇവരുടെ മൃതദേഹം കണ്ടെത്തി. 
 
മാവോയിസ്റ്റുകളുടെ ലക്ഷ്യം
 
മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള ആദിവാസി മേഖലകളില്‍ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ച മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ സാഹസികതയ്‌ക്കേറ്റ ഏറ്റവും വലിയ തിരിച്ചടി കൂടിയാണ് കഴിഞ്ഞ ദിവസത്തെ ആക്രമണം. ഈ വര്‍ഷമാവസാനമാണ് ഛത്തീസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഈ ആക്രമണത്തിലുടെ മാവോയിസ്റ്റുകള്‍ ഒരു ലക്ഷ്യം നേടിയെന്നു വേണം കരുതാന്‍. തങ്ങളുടെ മേഖലകളില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളെ തുടച്ചു നീക്കാന്‍ അവര്‍ക്കായി. കോണ്‍ഗ്രസിന്റെ പരിവര്‍ത്തന്‍ യാത്ര പുനരാരംഭിക്കാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. സംസ്ഥാന മുഖ്യമന്ത്രി രമണ്‍ സിംഗ് തന്റെ വികാസ് യാത്ര ഇതിനകം തന്നെ അവസാനിപ്പിച്ചിരുന്നു. 
 
ഛത്തീസ്ഗഡില്‍ നക്‌സല്‍ പ്രസ്ഥാനത്തിന് യാതൊരു ക്ഷയവും സംഭവിച്ചിട്ടില്ലെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ ആക്രമണം. 2011ല്‍ 13 ആക്രമണങ്ങള്‍ നടന്ന സ്ഥലത്ത് കഴിഞ്ഞ വര്‍ഷം ഏഴായി കുറഞ്ഞിരുന്നു എന്നായിരുന്നു കണക്ക്. ആന്ധ്രയിലും മഹാരാഷ്ട്രയിലും ഒറീസയിലും മാവോയിസ്റ്റ് പ്രസ്ഥാനം തിരിച്ചടികള്‍ നേരിടുന്ന സമയം കൂടിയാണ് ഇത്. എന്നാല്‍ ബസ്തര്‍ മേഖലയില്‍ ഇപ്പോഴും തങ്ങള്‍ ശക്തരാണെന്നും വന്‍ തോതിലുള്ള ആക്രമണം നടത്തി സുരക്ഷിതമായി തന്നെ കാടുകളിലേക്ക് മറയാന്‍ ഇപ്പോഴും തങ്ങള്‍ക്ക് ശേഷിയുണ്ടെന്നും മാവോയിസ്റ്റുകള്‍ ഈ ആക്രമണത്തിലൂടെ തെളിയിച്ചിരിക്കുകയാണ്. ചില മേഖലകളില്‍ സ്വാധീന ശേഷി കുറയുന്നുണ്ടെങ്കിലും കഴിഞ്ഞ ജനുവരിയില്‍ ഝാര്‍ഖണ്ഡില്‍ നടത്തിയ ആക്രമണത്തിനു ശേഷം മാവോയിസ്റ്റുകള്‍ സുരക്ഷാ ജീവനക്കാരുടെ വയറിനുള്ളില്‍ ഐ.ഇ.ഡി—-കള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങളുടെ രീതികള്‍ തന്നെ മാറി വരുന്നത് നിരീക്ഷിച്ചാല്‍ ഒരു കാര്യം മനസിലാകും. ഇന്ത്യന്‍ ഭരണകൂടത്തിനെതിരെയുള്ള തങ്ങളുടെ അവസാന പോരാട്ടത്തിന് മാവോയിസ്റ്റ് നേതൃത്വം ഒരുങ്ങിക്കഴിഞ്ഞു എന്ന്. 
 
 
 
 
ഭരണകൂടം ചെയ്യുന്നത് 
 
മാവോയിസ്റ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഭരണകൂടം കൈക്കൊള്ളുന്ന നടപടികള്‍ വിവിധ രീതിയില്‍ പരിശോധിക്കേണ്ടതുണ്ട്. 
 
1. രാജ്യത്തിനകത്തു തന്നെ നിരവധി സായുധ പോരാട്ടങ്ങളെ നേരിടുന്നുണ്ടെങ്കിലും ഇത്തരം കാര്യങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടത്തിന് സമഗ്രമായ ഒരു സുരക്ഷാ പദ്ധതിയോ യുദ്ധ തന്ത്രങ്ങളോ രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് പ്രധാനമാണ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന സായുധ പോരാട്ടങ്ങള്‍ക്ക് വേദിയാണ് ഇന്ത്യ. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ എന്‍.എസ്.സി.എന്‍ കഴിഞ്ഞ 60 വര്‍ഷമായി സായുധ പോരാട്ടത്തിലാണ്. ഒരു പക്ഷേ, ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്നതും ഇന്നും നിലനില്‍ക്കുന്നതുമായ ഒന്ന്. കാശ്മീരിലെ സായുധ പോരാട്ടം 25 വര്‍ഷം കഴിഞ്ഞിരിക്കുന്നു. മണിപ്പൂരില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അക്രമ സംഭവങ്ങള്‍ നടക്കുന്നുണ്ട്. നിരവധി സായുധ സംഘങ്ങള്‍ സജീവമാണെങ്കിലും അവയ്‌ക്കൊന്നിനെങ്കിലും രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള മനോഭാവം ഇന്ത്യന്‍ ഭരണകൂടം പ്രകടിപ്പിക്കുന്നില്ല. രാഷ്ട്രീയ നേതൃത്വത്തിനാകട്ടെ, ഇത്തരം പരിഹാരങ്ങള്‍ സാധ്യമാണ് എന്ന കാര്യം ഭാവനയില്‍ പോലും വരുന്നുമില്ല. ഇന്ത്യന്‍ ഭരണഘടനയെ തന്നെ തള്ളിക്കളഞ്ഞിട്ടുള്ളവരെ മുഖ്യധാരയില്‍ കൊണ്ടു വരാന്‍ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ, മുന്‍ ചാരന്മാര്‍ക്കോ മുന്‍ സൈനികോദ്യോസ്ഥര്‍ക്കോ കഴിയുകയുമില്ല. 
 
2. ഇന്ത്യ എന്ന മനോഭാവം ഒരു ഏകശിലാസ്തംഭമല്ല എന്ന ധാരണയാണ് ഇന്ത്യന്‍ ഭരണകൂടത്തിനുണ്ടാകേണ്ടത്. നിരവധി സമൂഹങ്ങളും വിശ്വാസങ്ങളും ആദര്‍ശങ്ങളുമൊക്കെ ഉള്‍ച്ചേര്‍ന്നിട്ടുള്ള ഒന്നാണ് ഇന്ത്യ. ഇന്നും ചെറുപ്പം വിട്ടുമാറിയിട്ടില്ലാത്ത ഈ റിപ്പബ്ലിക് സായുധ പോരാട്ടങ്ങള്‍ നടത്തുന്ന സംഘങ്ങളെ കുറേക്കൂടി വിശ്വാസത്തിലെടുത്തും അവരെ ഉള്‍ക്കൊള്ളാന്‍ തയാറാകുകയും വേണം. സായുധ പോരാട്ടങ്ങള്‍ നടത്തുന്നവരെ കൂടുതല്‍ ഉത്സുകരാക്കുന്ന വിധത്തില്‍ നടപടികള്‍ കൈക്കൊള്ളുകയും തുടര്‍ന്ന് അവരെ നേരിടുന്നതിന്റെ ചുമതല സുരക്ഷാ സേനയ്ക്ക് നല്‍കുകയും ചെയ്യുന്നത് വന്‍ ദുരന്തങ്ങള്‍ക്ക് മാത്രമേ കാരണമാകൂ. 9ശ11-നു ശേഷം സായുധ പോരാട്ടങ്ങളോടുള്ള അമേരിക്കന്‍ നിലപാട് അതേ പടി പകര്‍ത്തുന്നതോടെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമില്ലാത്തമില്ലായ്മ കൂടുകയേ ഉള്ളൂ.  ഒന്നുകില്‍ ഞങ്ങള്‍ക്കൊപ്പം, അല്ലെങ്കില്‍ ഞങ്ങള്‍ക്കെതിര് എന്ന ബുഷ് സിദ്ധാന്തം, ഇത്രയേറെ സങ്കീര്‍ണമായ ഇന്ത്യന്‍ സാഹചര്യത്തില്‍ തീരെ ചേര്‍ന്നു പോകുന്ന ഒന്നല്ല. 
 
രാജ്യത്തിന്റെ പല ഭാഗത്തും നടക്കുന്ന സായുധ പോരാട്ടങ്ങളോടുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ മനോഭാവം മാറേണ്ടതുണ്ട്. ഇവയെ നേരിടാന്‍ സമഗ്രമായ ഒരു രാഷ്ട്രീയ പദ്ധതി ആവിഷ്‌കരിക്കാനും നടപ്പാക്കാനുമുള്ള ആര്‍ജവം ഭരണകൂടം കാണിക്കണം. ചെറിയ തീപ്പൊരികള്‍ പടര്‍ന്നു പിടിക്കാനും ഇന്ത്യ എന്ന മനോഹരമായ ആശയത്തെ വിഴുങ്ങാനും അനുവദിക്കാതിരിക്കുക എന്നത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഉത്തരവാദിത്തം കൂടിയാണ്. അതിന് തോക്കുകള്‍ മാത്രമല്ല മാര്‍ഗം.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍