UPDATES

ഓഫ് ബീറ്റ്

വരാന്‍ പോകുന്നത് പട്ടിണിക്കാലം

റൂഡി റൂട്ടെന്‍ബെര്‍ഗ്
(ബ്ലൂംബര്‍ഗ് ന്യൂസ്)

 

കാലാവസ്ഥാ മാറ്റം കാര്‍ഷികോത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും, വരുമാനം ഇടിയുകയും, ഭക്ഷ്യവില ഉയരുകയും ചെയ്യുന്നതോടെ ആഗോള പട്ടിണി രൂക്ഷമാവാന്‍ പോകുന്നു. സന്നദ്ധ സംഘടനയായ ഓക്സ്ഫാം ആണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്.

പട്ടിണിയുടെ അപായസാധ്യതയിലുള്ള ആളുകളുടെ എണ്ണത്തില്‍ 2050-ഓടെ 10 മുതല്‍ 50 ശതമാനം വരെ വര്‍ദ്ധനവുണ്ടാകും. കാലാവസ്ഥാ മാറ്റവും, പ്രതിദിന പ്രതിശീര്‍ഷ കലോറി ലഭ്യത ലോകവ്യാപകമായി കുറയുന്നതും ഇതിന് കാരണമാണ്.

കടുത്ത ഉഷ്ണ വാതങ്ങളും, ഉയരുന്ന സമുദ്രനിരപ്പും, ശോഷിക്കുന്ന ഭക്ഷ്യ ശേഖരവും ഇതിന് വഴിവെക്കും. നവംബറില്‍ പ്രസിദ്ധീകരിച്ച ലോക ബാങ്ക് റിപ്പോര്‍ട് പറയുന്നതു 2100-ഓടെ ശരാശരി താപനില 4 ഡിഗ്രീ സെല്‍ഷ്യസ് (7.2 ഡിഗ്രീ ഫാരന്‍ഹീറ്റ്) ഉയരുമെന്നാണ്.

‘കാലാവസ്ഥാ മാറ്റം ഇപ്പോള്‍ത്തന്നെ പട്ടിണിക്കെതിരായ പോരാട്ടത്തിന്‍റെ നേട്ടങ്ങളെ തകിടം മറിക്കാന്‍ തുടങ്ങി. ചൂട് കൂടിയ ലോകം പട്ടിണിയുടെ ലോകം കൂടിയാണ്.’ ഓക്സ്ഫാം മുന്നറിയിപ്പ് നല്‍കുന്നു. ആഗോള താപനത്തെ തുടര്‍ന്ന് രൂക്ഷവും, അപ്രവചനീയവുമായ വിധത്തില്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വിള നഷ്ടത്തിലും, വിതരണ, ഗതാഗത ശൃംഖലകളുടെ നാശത്തിലുമാണ് കലാശിക്കുക. ഇത് ഭക്ഷ്യ വിതരണത്തിലും, ലഭ്യതയിലും കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഓക്സ്ഫാം റിപ്പോര്‍ട് പറയുന്നു.‘ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യദശകത്തിലേതുപോലെയാണ് വരുംനാളുകളുമെങ്കില്‍ കൃഷി വികസിച്ചതിന് ശേഷം ഇന്നോളമുള്ള മനുഷ്യകുലത്തിന്‍റെ അനുഭവസീമകള്‍ക്കപ്പുറത്തുള്ള തീക്ഷ്ണമായ കാലാവസ്ഥയാണ് നമ്മെ കാത്തിരിക്കുന്നത്,’ റിപ്പോര്‍ട് മുന്നറിയിപ്പ് നല്‍കുന്നു.

ആഗോള രാഷ്ട്രീയ താത്പര്യങ്ങളില്‍ നാടകീയമായ ഒരു മാറ്റം സംഭവിച്ചാല്‍ മാത്രമേ ഭയാനകമായ കാലാവസ്ഥ മാറ്റത്തിനെ ഒഴിവാക്കാനാകൂ.  ദാരിദ്ര നിര്‍മ്മാര്‍ജ്ജനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൈവരിക്കണമെങ്കില്‍ വാതക ബഹിര്‍ഗമനത്തില്‍ 2020-ഓടെ സാരമായ കുറവ് വരുത്തേണ്ടതുണ്ട്. കാലാവസ്ഥാ മാറ്റവുമായി പൊരുത്തപ്പെടാന്‍ ആഗോള ഭക്ഷ്യ സംവിധാനത്തിന് കഴിയുന്നില്ലെന്നാണ് വാസ്തവം. ഇത്, ഉത്പാദന വ്യതിയാനത്തില്‍  സ്ഥിരമായ വര്‍ധനവ്  വരുത്തും. ഭക്ഷ്യ വിലയിലെ ചാഞ്ചാട്ടവും, ഉപജീവന ഉപാധികളുടെ നാശവും വരാന്‍ പോവുകയാണ്.

ഉഷ്ണമേഖലയിലും, മിതോഷ്ണ മേഖലയിലുമുള്ള താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ വാര്‍ഷിക മഴ ലഭ്യതയിലും,കാലാവസ്ഥയിലും വരുന്ന വലിയ മാറ്റങ്ങള്‍ അവരെ ഭക്ഷ്യ ദൌര്‍ലഭ്യത്തിലേക്ക് തള്ളിവിടും. പ്രത്യേകിച്ചും ആഫ്രിക്കയിലും, തെക്ക് കിഴക്കനേഷ്യയിലുമുള്ള രാജ്യങ്ങളെ. വിളകളുടെ ഉത്പാദനത്തില്‍ വരുന്ന കുറവ് 2050-ഓടെ 10 മുതല്‍ 20 ശതമാനം വരെയാകും.

‘ഋതു വ്യതിയാനങ്ങളും, നീണ്ടുപോകുന്ന കടുത്ത വരണ്ട ചൂടുകാലവും,മഴക്കാലത്തിന്‍റെ അപ്രവചനീയതയും എല്ലാം കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നു’ എന്നാണ് റിപ്പോര്‍ട് പറയുന്നത്.  കാലാവസ്ഥാ മാറ്റത്തില്‍ അടിയന്തിര നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ അവശ്യ ഭക്ഷ്യോത്പ്പന്നങ്ങളുടെ വില 2010 നിരക്കുകളുമായി തട്ടിച്ചു നോക്കിയാല്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാകും എന്നൊരു മുന്നറിയിപ്പും ഓക്സ്ഫാം നല്കുന്നുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍