UPDATES

കേരളം

വിദ്യാരംഭത്തിന് പി.സി. ജോര്‍ജിനോളം പറ്റിയ ഗുരുവുണ്ടോ?

സരസ്വതീ നമസ്തുഭ്യം 
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ഭവതുമേ സദാ
 
അക്ഷര ദേവതയുടെ അനുവാദവും അനുഗ്രഹവും വാങ്ങി എത്രയെത്രയോ കുഞ്ഞുങ്ങള്‍ ഇന്നു അക്ഷര ലോകത്തേക്ക് കടന്നു. അച്ഛനോ അപ്പൂപ്പനോ അടുത്ത പളളിക്കൂടത്തിലെ മലയാളം മാഷോ വീടിനടുത്തുളള എഴുത്താശാന്മാരോ ഒക്കെ ആദ്യാക്ഷരം കുറിച്ചു തന്ന കാലം പോയി. പത്രങ്ങളായ പത്രങ്ങളൊക്കെ ഗജകേസരികളായ ഗുരുക്കന്മാരെ അണിനിരത്തുന്ന വമ്പന്‍ പരിപാടിയാണിന്ന് വിദ്യാരംഭം. സത്യമെന്നപോല്‍ കളളം നിരന്തരമെഴുതാന്‍ പ്രാപ്തിയുളള ഇവര്‍ തന്നെയാണ് ഇതിന് ഏറ്റവും യോജിച്ചവര്‍ എന്നതില്‍ സംശയം വേണ്ട. രജിസ്റ്റര്‍ ചെയ്താല്‍ പായസവും ഫോട്ടോയും പത്രത്തിന്റെ കുട്ടികളുടെ മാസികയും ഫ്രീ. വന്‍കിട പത്രങ്ങളില്‍ വമ്പന്മാര്‍, ചെറുകിട പത്രങ്ങളില്‍ ചെറുകിടക്കാര്‍. നല്‍കുന്ന പണത്തിനും പത്രത്തിന്റെ പ്രചാരത്തിനും അനുസരിച്ചാണ് ഏതു പത്രമാഫീസില്‍ പോകണമെന്ന് സാഹിത്യ, കലാ, സാമൂഹിക ഉദ്യോഗസ്ഥ വിശാരദന്മാര്‍ തീരുമാനിക്കുക. പത്രം ഉടമ നല്‍കുന്ന ഫീസിനു പുറമെ ദക്ഷിണയായും നല്ലൊരു തുക വീഴുമെന്നതിനാല്‍ അതിരാവിലെ കുളിച്ചൊരുങ്ങി ഗുരുക്കന്മാര്‍ റെഡി. സദാ മദ്യം മണക്കുന്ന കവികള്‍ മുതല്‍ അഴിമതിക്കറ മാറാത്ത ഐ.എ.എസുകാര്‍ വരെ ഗുരുക്കന്മാരാകുന്ന കാലമാണിത്.
 
കവികളും ഐ.എ.എസുകാരും ഗാനരചതിതാക്കളും ഡോക്ടര്‍മാരും ഒക്കെയാണോ നല്ല ഗുരുക്കന്മാര്‍? ആദ്യാക്ഷരം കുറിച്ചു നല്‍കുന്നവരുടെ ഗുണം മക്കള്‍ക്കും കിട്ടുമെങ്കില്‍ എഴുത്തിനിരുത്താന്‍ ഏറ്റവും യോഗ്യര്‍ നമ്മുടെ രാഷ്ട്രീയ നേതാക്കളല്ലേ? വാക്കുകൊണ്ടും നാക്കുകൊണ്ടും മാത്രം ജീവിക്കുന്ന ഇവരെ ഗുരുക്കന്മാരായി വിളിക്കാത്തത് എന്തുകൊണ്ടാണെന്നറിയില്ല. ഈ ചാനല്‍കാലത്തും ഭാവിയിലേക്കും പി.സി. ജോര്‍ജിനോളം നല്ലൊരു ഗുരു വേറെയുണ്ടോ? ചാനലില്‍ പരമാവധി മുഖം തെളിയുക എന്നതാണല്ലോ വിജയത്തിന്റെ ആദ്യ അളവു കോല്‍. ഭാഷ ഉപയോഗിച്ച് ജീവിക്കാനും കഴിയണം. ഇതിന് മലയാളക്കരയില്‍ ഇപ്പോള്‍ പി.സി. ജോര്‍ജിനേക്കാള്‍ നല്ലൊരു ആശാന്‍ വേറെയില്ല. മലയാളത്തിന്റെ ഏതു വായ്‌മൊഴിവഴക്കവും വഴങ്ങും ആ നാവില്‍. പി.സിയില്‍ തുടങ്ങിയാല്‍ മക്കള്‍ വെറും പി.സിയാവില്ലെന്നുറപ്പ്, കുറഞ്ഞത് കാബിനറ്റ് റാങ്കോടെ ഒരു സര്‍ക്കാര്‍ ചീഫ് വിപ്പെങ്കിലുമാകും. നേരം വൈകിയാല്‍ ചാനലുകാര്‍ വിളിക്കും. തരം പോലെ മാറാന്‍ മിടുക്കു കിട്ടും. കേട്ടാലറക്കുന്ന തെറിയാല്‍ അഭിസംബോധന ചെയ്തിരുന്ന കെ.എം. മാണിയെ സര്‍വ്വാദരണീയനായ മാണിസാറെന്നു വിളിക്കാനുളള വൈഭവം കൈവരും.
 
 
ഇനി ജോര്‍ജിനെ പറ്റില്ലെങ്കില്‍ കെ. മുരളീധരനയാലും മതി. അടിക്കുന്ന അടി ചെപ്പക്കുറ്റിയില്‍ തന്നെ കൊളളും. ഇടയ്‌ക്കൊരു മന്ദത വന്നാലും, ആദ്യ നോട്ടത്തില്‍ കിങ്ങിണിക്കുട്ടനെന്ന് തോന്നിയാലും അവനങ്ങ് തെളിയും പിന്നെ പിന്നെ അവനൊരു ഒന്നൊന്നര നേതാവായി മാറിക്കോളും. ഇപ്പോ ഇടതന്മാരും എഴുത്തിരുത്തുന്ന കാലമായതിനാല്‍ ഇടതില്‍ ഒന്നാം നമ്പര്‍ ഗുരു സാക്ഷാല്‍ വി. എസ്. അച്യുതാനന്ദന്‍ തന്നെയാണ്. നാക്കിന്റെ പച്ചയില്‍ കുട്ടി ജീവിച്ചോളും. ഒന്നും ചെയ്തില്ലെങ്കിലും കൈയ്യാമം വച്ച് നടുറോഡിലൂടെ നടത്തുമെന്നൊക്കെ ആരിലും രോമാഞ്ചം നിറയ്ക്കുന്ന കാച്ചു കാച്ചിക്കോളും. എതിരാളികള്‍ക്കു നേരെയാണെങ്കിലും സ്വന്തക്കാര്‍ക്കു നേരെയാണെങ്കിലും ഒരടിയിച്ചാല്‍ ഒടുക്കത്തെ അടിയായിരിക്കും. അതിനി കെ.ഇ. എന്‍ ആയാലും ഹംസയായാലും കിട്ടുന്നവന്റെ മണ്ട അടഞ്ഞു പോകും.
 
മക്കളെ വി. എസിനെ കൊണ്ട്  അക്ഷരം എഴുതിച്ചാല്‍ പി.എ സുരേഷിന്റെ ഗതിയാവുമോ അച്ഛനെന്ന് ആശങ്കയുളളവര്‍ക്ക് പിണറായി വിജയനെ കൊണ്ട് എഴുതിക്കാം. മക്കള്‍ ശൈലീ വല്ലഭരായി മാറും. നികൃഷ്ട ജീവികളും കുലംകുത്തികളും മുതല്‍ ബക്കറ്റിലെ തിരമാല വരെ പദാവലി കാലേ കാലേ വന്നു നിറയും. ചന്തയില്‍ മുതല്‍ നിയമസഭയില്‍ വരെ ഒരു പോലെ മക്കള്‍ തിളങ്ങണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ജയരാജന്മാരില്‍ ഒരാളെ ഗുരുവായി തിരഞ്ഞെടുക്കാം. ശോഭിക്കുന്ന ശുംഭ പ്രയോഗത്താല്‍ അവര്‍ കീര്‍ത്തി കേള്‍ക്കും. ഇനി നിങ്ങള്‍ കോണ്‍ഗ്രസുകാരെ കൊണ്ടേ എഴുതിക്കൂ എന്നു നിര്‍ബന്ധുമുണ്ടെങ്കില്‍ അക്ഷരം അറിയുന്ന ആളെ കിട്ടാന്‍ ലേശം ബുദ്ധിമുട്ടാണെങ്കിലും നാക്കു കൊണ്ടു മാത്രം ജീവിക്കുന്ന നേതാക്കന്മാര്‍ വേണ്ടുവോളമുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താല്‍ മുതല്‍ എം.എം. ഹസന്‍ വരെ ആരെകൊണ്ടും എഴുതിക്കാം. പുതു തലമുറയില്‍ നിന്നൊരാളെ വേണമെങ്കില്‍ ടി. സിദ്ദിഖിനെ കൊണ്ടും എഴുതിക്കാം. ആര്‍ക്കു വേണ്ടി വാദിക്കുന്നുവോ പറഞ്ഞ് പറഞ്ഞ് അവരെ കുഴപ്പത്തിലാക്കുമെന്ന ഒറ്റക്കുഴപ്പമേയുളളു. കൈരേഖ മാത്രം കാട്ടി എല്ലാ രേഖയുമുണ്ടെന്ന് ചാനലുകള്‍ തോറും കയറി വാദിക്കാനുളള ത്രാണിയുണ്ടാവണമെങ്കില്‍ ബി.ജെ.പിയുടെ കെ.സുരേന്ദ്രനാണ് ബെസ്റ്റ്.
 
 
ഗുരുക്കന്മാരെ തേടുമ്പോള്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ചിലരുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കൊണ്ട് ആദ്യാക്ഷരം കുറിപ്പിച്ചാല്‍ പയ്യന്‍ മിടക്കനാവുമെന്ന് ഉറപ്പാണ്. പക്ഷെ ചോദ്യങ്ങള്‍ വന്നാല്‍ അവന്‍ ഒന്നുകില്‍ ബ ബ ബ്ബ അടിക്കും അല്ലേല്‍ ങേ, ങേ എന്നു ചോദ്യം കേള്‍ക്കാത്ത മട്ടില്‍ ആവര്‍ത്തിക്കും. ചെന്നിത്തലയെ കൊണ്ട് എഴുതിച്ചാലും സ്ഥിതി തഥൈവ. പക്ഷെ മലയാളത്തില്‍ അത്ര കസറിയില്ലെങ്കിലും ഹിന്ദിയില്‍ കസറും. സാംസ്‌കാരിക നായകനും സംഗീതം, നൃത്തം, ഫുട്ബോള്‍, ടെന്നീസ് തുടങ്ങിയ സുകുമാര കലകളുടെ ഹോള്‍സെയില്‍ ഡീലറുമാണെങ്കിലും എം.എ. ബേബിയെകൊണ്ടും എഴുതിക്കരുത്. അവധാനതയോടെ അവര്‍ വാ തുറന്നു പറയുന്നത് അവവര്‍ക്ക് പോലും മനസിലാവില്ല. അധികം വാ തുറക്കാതെ വിജയിക്കുന്നവരാകണം മക്കളെങ്കില്‍ ആന്റണിയോളം പറ്റിയൊരു ഗുരു വേറെയില്ല ഇന്ത്യാ മഹാരാജ്യത്തില്‍ തന്നെ. ഇതൊന്നുമല്ല മക്കള്‍ കവിയാകണമെന്ന് നിര്‍ബന്ധമുളള, പത്രപ്രവര്‍ത്തകനായി മാറിയ പരാജയപ്പെട്ട കവിയാണ് കുട്ടിയുടെ അച്ഛനെങ്കില്‍ ജി. സുധാകരനാണ് പറ്റിയ ഗുരു. ഭാവിയില്‍ ഐപാഡ് വാങ്ങി തരാത്തതിന്റെ പേരില്‍ അച്ഛന് എതിരെ മകന്‍ എഴുതിയ മുദ്രാവാക്യം ഏതെങ്കിലും പത്രാധിപന്മാര്‍ക്ക് കളഞ്ഞു കിട്ടിയാല്‍ പോലും അവര്‍ അത് കവിത എന്ന പേരില്‍ പ്രസിദ്ധീകരിച്ചു കളയും. ആദ്യാക്ഷരം കുറിപ്പിക്കാന്‍ കൊളളാവുന്നവരും കൊളളത്തവരുമായി ഗുരുക്കന്മാര്‍ ഇനിയും ഏറെയുണ്ടെന്ന് അറിയാം. അതു പൂരിപ്പിക്കാനുളള അവസരം വായനക്കാര്‍ക്കു വിട്ടു നല്‍കി നിര്‍ത്തുന്നു. ഇനിയും കാണാം.  
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍