UPDATES

കേരളം

ഞാന്‍ കുറ്റപ്പെടുത്തുക ഇടതുപക്ഷത്തെയാണ് – ഡോ.കെ ശാരദാമണി

“ഗുജറാത്തും കേരളവുമായി താരതമ്യം ചെയ്യേണ്ട ആവശ്യം പോലും ഉണ്ടെന്നനിക്ക് തോന്നുന്നില്ല. ഇന്നത്തെ കേരളത്തില്‍ ഒരുപാട് സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ട്. കേരളത്തിലെ ബി.ജെ.പിക്കാര്‍ ഗുജറാത്തില്‍ credit ratio ഉണ്ട്, അതുണ്ട്, ഇതുണ്ട് എന്നൊക്കെ ടി.വി.യില്‍ പറഞ്ഞു കേള്‍ക്കാം. ഞാന്‍ ഈ അടുത്തകാലത്തൊന്നും അവിടേക്ക് പോയിട്ടില്ല. ഒരു കാര്യം മാത്രം ഞാന്‍ പറയാം, അങ്ങേര് ആളെ പേടിപ്പിക്കുന്ന ഒരു മനുഷ്യനാണ്”.  
 
പ്രമുഖ സാമൂഹ്യ, രാഷ്ട്രീയ നിരീക്ഷകയും സ്ത്രീപക്ഷ ചിന്തകയുമായ ഡോ.കെ. ശാരദാമണി സാമൂഹ്യശാസ്ത്ര, പഠനഗവേഷണ രംഗത്തിന്റെ മേല്‍ത്തട്ടില്‍ എത്തിയ ആദ്യ മലയാളി സ്ത്രീകളില്‍ ഒരാളാണ്. 1961 മുതല്‍ 1988 വരെ Indian Statistical Institute പ്ലാനിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു. സ്ത്രീ  പ്രസ്ഥാനത്തില്‍ സജീവസന്നിധ്യമയിരുന്ന അവര്‍ National Federation of Indian Women മുന്‍ പ്രസിഡന്‍റ് കൂടിയാണ്. Matriliny Transformed: Family, Law and Ideology in 20th Century Travancore, Emergence of a slave caste: Pulayas of Kerala, സ്‌ത്രീ സ്‌ത്രീവാദം സ്‌ത്രീവിമോചനം തുടങ്ങി പത്തോളം പുസ്തകങ്ങളും  നിരവധി ലേഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ. ശാരദാമണിയുമായി അഴിമുഖം പ്രതിനിധി അനഘ സി.ആര്‍ നടത്തിയ അഭിമുഖം. 
 
 
അനഘ: ഇപ്പോള്‍ നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷമയാണ് നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി സ്ഥാനര്‍ത്ഥിത്വം. ബി.ജെ.പിയുടെ തന്നെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ. അദ്വാനിയെയും സുഷ്മ സ്വരാജിനെയുമൊക്കെ പിന്‍തള്ളിക്കൊണ്ടാണ് മോഡിയുടെ ഈ ഉയര്‍ച്ച. ഇതിനെ എങ്ങനെ കാണുന്നു? 
 
ശാരദാമണി: എ.ബി വാജ്പേയിയുടെ നേതൃത്വത്തില്‍ ബി.ജെ.പി ഇതിനുമുമ്പ് അധികാരത്തില്‍ എത്തിയപ്പോള്‍ ബി.ജെ.പി മാത്രമല്ല ഭരിച്ചിരുന്നത്. ആര്‍.എസ്.എസ് – ബി.ജെ.പി ടൈപ്പ് അല്ലാത്ത കുറെ സഖ്യ കക്ഷികളെല്ലാം ചേര്‍ന്നുള്ള എന്‍.ഡി.എ ആയിരുന്നു. ഇപ്പോഴത്തെ ചര്‍ച്ചകളെപ്പറ്റി ഇലക്ഷന്‍ റിസല്‍ട്ട് വന്നു കഴിഞ്ഞാലേ അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ കഴിയൂ. ആ സമയത്ത് ആരൊക്കെ ഇവരുടെ കൂടെ ഉണ്ടാകും എന്നു പറയാന്‍ പറ്റില്ല. വാജ്‌പേയി ഒരു ആര്‍.എസ്.എസുകാരന്‍ ആയിട്ടാണ് രാഷ്ട്രീയത്തില്‍ എത്തിയതും വളര്‍ന്നതുമെങ്കിലും അദ്ദേഹം പക്വമതിയായ രാഷ്ട്രീയക്കാരന്‍ – ഒരു Statesman-നെപ്പോലെ ഭരിച്ചു. അതിനുശേഷം ഉണ്ടായ വര്‍ഷങ്ങളില്‍ കോണ്‍ഗ്രസിന്റെയും ഇടതുപക്ഷ പാര്‍ട്ടികളുടെയും പ്രവര്‍ത്തന ഫലമായി നമ്മുടെ രാജ്യത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ ശരിക്കും വ്യത്യാസം വന്നു.
 
ഇത് കുറച്ചൊന്നു വിശദീകരിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യം നേടിയതിന്റെ ആദ്യ നാളുകള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ചൂഷണഫലമായും നമ്മുടെ അന്നത്തെ സാമ്പത്തിക വളര്‍ച്ചയുടെ കുറവ് കൊണ്ടുമൊക്കെ ഒരുപാട് ദാരിദ്ര്യവും തൊഴിലില്ലായ്മും കഷ്ടപ്പാടുകളും ഉണ്ടായിരുന്ന ഒരു സമയമായിരുന്നു. ആ കാലഘട്ടത്തില്‍ത്തന്നെ, സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പ് കേരളത്തിലും മറ്റു ചില സ്ഥലങ്ങളിലും ഇത്തരം കാര്യങ്ങളെപ്പറ്റി ഉത്കണ്ഠയും താല്പര്യവും ഇത് മാറിക്കാണന്‍ ആഗ്രഹം ഉള്ള ആളുകളും  ഗ്രൂപ്പുകളും ഉണ്ടായിരുന്നു. കേരളത്തിലാണെങ്കില്‍ അയ്യങ്കാളിയെയും ശ്രീനാരയണഗുരുവിനെയും ഉള്‍പ്പെടുത്തിക്കൊണ്ട് നവോത്ഥാനം എന്നു പറയാം. മൊത്തത്തില്‍ ഈ രാജ്യത്തിന്റെ പല ഭാഗത്തും ഒരു നല്ല ഇന്ത്യ -സമത്വമുള്ള ഇന്ത്യ, ഉണ്ടാകണം എന്നൊരു അന്തരീക്ഷമായിരുന്നു ഉണ്ടായിരുന്നത്. ഇന്ന് ഞാന്‍ അങ്ങനത്തെ ഒരവസ്ഥ കാണുന്നില്ല. ചാനലുകളില്‍ നിന്നും പത്രങ്ങളില്‍ നിന്നും നമുക്ക് അതല്ല കിട്ടുന്നത്. ഈ അടുത്ത കാലത്ത്, കേരളത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായില്ലേ, ഈ സരിതയുടെ തട്ടിപ്പ്, പിന്നെ നടന്ന ഒരുപാട് തട്ടിപ്പുകള്‍ അതിനെപ്പറ്റിയൊക്കെ ചര്‍ച്ച ചെയ്യാന്‍ വിളിക്കുമ്പോള്‍ – ഒരു ഇടതുപക്ഷ പ്രതിനിധി, ഒരു കോണ്‍ഗ്രസ് പിന്നെ ഒരു ബി.ജെ.പിക്കാരനെയുമാണ് വിളിക്കുന്നത്. അപ്പൊ ഇങ്ങനെ വരുമ്പോള്‍ ബി.ജെ.പിക്ക്  ഇവിടെ കൂടുതല്‍ പ്രാധാന്യം കിട്ടിക്കഴിഞ്ഞിരിക്കുന്നു. ബി.ജെ.പിക്കാര്‍ രാഷ്ട്രീമായി നേരത്തെ ഒരല്പം പിന്നോട്ടായിരുന്നെങ്കിലും ചാനലുകള്‍ തന്നെ അവരെ ഒരു essential party-യായി സൃഷ്ടിച്ചിരിക്കുന്നു. അവിടെ മറ്റ് പ്രശ്നങ്ങളും ഉണ്ട്. അത്യാവശ്യമുള്ള സമയത്ത് മാത്രമേ അവര്‍ സ്ത്രീകളെ ചര്‍ച്ചയ്ക്ക് വിളിക്കാറുള്ളൂ. ചില സ്ത്രീപീഡനക്കേസുകള്‍ വന്നാല്‍ സ്ത്രീകളെ വിളിക്കും. ചുരുക്കത്തില്‍ വിസിബിള്‍ ആയിട്ടുള്ള ചില ആണുങ്ങള്‍ ഇതില്‍ക്കിടന്ന് കളിക്കുന്നു. അതില്‍ വളരെ പ്രധാനമാണ് മോഡിയുടെ ഈ വരവ്.
 
ബി.ജെ.പിയിലെ പല നേതാക്കളും മോഡിയുടെ ഗുണഗണങ്ങള്‍ വാഴ്ത്തുന്നതിന് ഒരവസാനവുമില്ല, എന്നു മാത്രമല്ല ഗുജറാത്തിനെ ഒരു മോഡലായി ഉയര്‍ത്തിക്കൊണ്ടു വന്നിരിക്കുകയാണ് അവര്‍. അവിടെ മൊത്തത്തില്‍ കൃഷി ഭയങ്കരമായി വികസിച്ചു എന്നു പറയുന്നു. എനിക്കറിയില്ല. പിന്നെ അവിടെ പണം കൊണ്ടു ചെല്ലുന്ന എല്ലാവര്‍ക്കും ഒരു പ്രയാസവുമില്ലാതെ ഇന്‍വെസ്റ്റ് ചെയ്യാന്‍ കഴിയും. ഞാന്‍ ഗുജറാത്ത് പഠിച്ചിട്ടില്ല, ഗുജറാത്തില്‍ പോയിട്ടുണ്ട് എന്നു മാത്രം. മൊത്തത്തില്‍ എനിക്ക് കിട്ടുന്ന ഇംപ്രഷന്‍, ഗുജറാത്ത് കലാപത്തിന്റ്റെ കാര്യത്തില്‍ ഇപ്പോഴും അന്തിമതീരുമനം ആയിട്ടില്ല എന്നതാണ്. പ്രധാനമായിട്ടും, ആ തീരുമാനം ഉണ്ടാകണം. അതിനു ശേഷമാണ് മറ്റുള്ള കാര്യങ്ങളിലേക്ക് പോകേണ്ടത്. ഒന്ന്, ഗുജറാത്ത് ഇത്രയും സമ്പല്‍ സമൃദ്ധമായെങ്കില്‍ അത് മോഡി അല്ല. ഗുജറാത്ത് എന്നു പറയുന്നത് ഗ്രേറ്റര്‍ ബോംബെയുടെ ഭാഗമായിരുന്നു. അവിടം ബ്രട്ടീഷ് കാലം മുതലേ ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം ആണ്. അന്നവിടെ ഉന്നത വിദ്യാഭ്യാസസ്ഥപാനങ്ങളും വ്യവസായ സ്ഥാപനങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട്, മോഡി പുത്തനായി സൃഷ്ടിച്ചതൊന്നുമല്ല ഇതെല്ലാം. ഞാന്‍ മനസ്സിലാക്കുന്നത് എന്തെന്ന് വച്ചാല്‍ മോഡിയുടെ പ്രശസ്തി കൂട്ടിക്കാണിക്കുവാന്‍ വേണ്ടി വിവിധ ഏജന്‍സികളെയും സോഷ്യല്‍ മീഡിയകളെയും ഉപയോഗിക്കുകയാണ്. അതുകൊണ്ട് തന്നെ, ഗുജറാത്തിനെപ്പറ്റി പറയുന്നവയില്‍ യാഥാര്‍ത്ഥ്യം എന്തെന്ന് നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. പണ്ടൊക്കെയാണെങ്കില്‍ അഗ്നിശുദ്ധി എന്നൊരു കാര്യം ഉണ്ട്. അത് പോലെ അഗ്നിശുദ്ധി കഴിഞ്ഞ് മോഡി വന്നു എന്നെനിക്ക് വിശ്വാസമില്ല. ഇവിടെയെല്ലാം വന്നിട്ട് ആരെങ്കിലും മലയാളത്തില്‍ എഴുതിക്കൊടുത്തത് അടിച്ചുവിടുന്നത് കണ്ടില്ലേ.
 
ഇന്ത്യ ഒരു പ്രചീന സംസ്‌കാരത്തിന്റെ ഇരിപ്പിടമാണ്. നമ്മുടെ വൈവിധ്യങ്ങള്‍ മനുഷ്യര്‍, ഭാഷ, ആഹാരം,വസ്ത്രം എന്നിവയിലൊക്കെ കാണാം. എല്ലാം കൂടി യൂണിഫോം ആക്കുകയല്ല വേണ്ടത്. ഗുജറാത്തിനെപ്പറ്റി ഒബ്ജക്ടീവ് ആയിട്ടും സത്യസന്ധമായിട്ടുള്ള വിവരങ്ങള്‍ ലഭ്യമാണോ എന്നു തന്നെ എനിക്കറിയില്ല. ഞാന്‍ അങ്ങനെ ഗുജാറാത്തിനെ അധികം ഫോളോ ചെയ്തിട്ടില്ല. ഓവറോള്‍ ആയി ചെയ്തിട്ടുള്ളു. ഇന്ത്യയെ ഒരു ഗുജറാത്ത് ആക്കി മാറ്റുന്നതിനോട് എനിക്ക് താല്പര്യം ഇല്ല. നമ്മുടെ രാജ്യത്തിന്റെ ശക്തി മുഴുവന്‍ അതിന്റെ വൈവിധ്യത്തില്‍ ആണ്. ഈ വൈവിധ്യത്തിന് ഒരു ഭംഗി ഉണ്ട്. അത് നഷ്ടപ്പെടുത്തരുത് എന്നാണ് എന്റെ അഭിപ്രായം. 
 
അനഘ: ഇതിനോടകൂടി ഉയര്‍ന്നു വരുന്ന മറ്റൊരു ചോദ്യമാണ് മോഡിയെ ഒരു വികസന നായകന്‍ ആയി പ്രതിഷ്ഠിക്കാന്‍ സംഘ പരിവാര്‍ ശക്തികള്‍ നടത്തുന്ന ശ്രമം. ഗുജറാത്തിന്റെ മാതൃകയാണ് കേരളത്തിനെക്കാളും നല്ലത് എന്ന ജഗദീഷ് ഭഗവതിയുടെയും മറ്റും വാദം ഇതിന് ശക്തി കൊടുത്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കേരളത്തിന്റെയും ഗുജറാത്തിന്റെയും വികസന പാതകളെ എങ്ങനെ വിലയിരുത്തുന്നു? 
 
ശാരദാമണി: ഒന്ന്, വികസനം എന്നുള്ളതിനെപ്പറ്റിത്തന്നെ ഒരുപാട് സംശയങ്ങള്‍ ഉള്ള ഒരാളാണ് ഞാന്‍ . എന്നുവച്ചാല്‍ ഇപ്പൊ കുറെ മാളുകളും കുറെ കാറുകളും വന്നാല്‍ വികസനം വന്നു എന്നു വിചാരിക്കുന്നവരുണ്ട്. ഞാന്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ സ്ഥിര താമസത്തിന് എത്തിയത്  80ല്‍ ആണ്. അന്ന് ഈ വഴി വളരെ ചെറുതായിരുന്നു. ഇന്നോ ഇവിടെ നിറയെ കാറുകള്‍ ആണ്.
 
ഒരു രാജ്യത്തെ വികസനം എന്നു പറഞ്ഞാല്‍ അവിടത്തെ കൃഷി – ആഹാരമില്ലാത്ത നമുക്ക് ജീവിക്കാന്‍ പറ്റുമോ? ആഹാരം നമുക്ക് വേണം, പക്ഷിമൃഗാദികള്‍ക്കും വേണം. കേരളത്തില്‍ ഇപ്പൊ പുല്ലുപോലും ഉണ്ടോ എന്നു എനിക്ക് സംശയമാണ്. ഈ രീതിയിലാണ് ഇവിടെ കാര്യങ്ങള്‍ പോകുന്നത്. അപ്പൊ കൃഷി വേണം. കൈത്തൊഴിലാളികള്‍ വേണം. പിന്നെ ബസും ട്രെയിനും ലോക്കോമോട്ടീവ് ഫാക്ടറികളുമൊക്കെ വേണം. നമ്മള്‍ പ്രോഗ്രസ്സ്‌ ചെയ്യുന്നതോടുകൂടി ഇത്തരം ഒരുപാട് കാര്യങ്ങള്‍ വേണ്ടി വരും. പക്ഷേ ഇതെല്ലാം കടന്നതിനു ശേഷം IT മാത്രം വന്നാല്‍ മതിയെന്ന് എന്നു പറഞ്ഞാല്‍ വികസനം വരും എന്ന് അര്‍ത്ഥമില്ല. കേരളത്തിന്റെ കാര്യം എടുക്കുകയാണെങ്കില്‍ ,ബാങ്കുകളെ കൊണ്ട് ലോണ്‍ കൊടുപ്പിക്കുന്നുണ്ട്. രണ്ട് കാര്യങ്ങള്‍ക്കാണ് ലോണ്‍ കൊടുക്കുന്നത്. ഒന്ന് ഹൌസിംഗ് ലോണ്‍, രണ്ട് കാര്‍ ലോണ്‍. ഹൗസിംഗ് ലോണ്‍ കൊടുക്കുന്നതിന്റെ ഭാഗമായിട്ട് ഒരുപാട് വീടുകള്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിനു പുറത്തൊന്നും ഇങ്ങനെ പഴയവീടുകള്‍ തട്ടിപ്പൊളിച്ചു പുതിയ വീടുകള്‍ ആക്കാറില്ല. പുതിയ വീടുകള്‍ ഒക്കെ ഉണ്ടാക്കുന്ന വഴി കുറച്ചാളുകള്‍ക്ക് ജോലി കിട്ടുന്നുണ്ട്. പണ്ടൊക്കെ ജോലികള്‍ ജാതി അടിസ്ഥാനത്തില്‍ ആയിരുന്നു – ആശാരി, മൂശാരി, കൊല്ലന്‍, കൊത്തന്‍. ഇന്ന് എല്ലാവരും ഈ ജോലികള്‍ ഒക്കെ ചെയ്യും എന്നു തോന്നുന്നു. കുറെപ്പേര്‍ അന്യ സംസ്ഥാന തൊഴിലാളികളെ വച്ച് ജോലികള്‍ ചെയ്യിപ്പിക്കുന്നു. എങ്കിലും അത്രയും തൊഴിലുകളെങ്കിലും ഉണ്ടാകുന്നത് ഈ വീടു വയ്പിക്കുന്നതു കൊണ്ടാണ്. വീട് വയ്ക്കാനുള്ള ലോണ്‍ എടുത്തവര്‍ തിരികെ കൊടുക്കേണ്ടവര്‍ ആണ്. പിന്നെ വേറൊരു കൂട്ടര്‍, ഈ Land grabbers, അവര്‍ കുറെ Multi -storied ഒക്കെ ഉണ്ടാക്കുന്നു, കുറെ ജോലിയൊക്കെ സൃഷ്ടിക്കുന്നുണ്ട്.  
 
ഇത്രയൊക്കെ അധികം കാറുകള്‍ വന്നപ്പൊ നമ്മള്‍ സ്വാഭാവികമായും കരുതുക, ഈ റോഡുകളുടെ വശങ്ങളിലൊക്കെ കൊച്ചു കൊച്ചു വര്‍ക്ക്‌ഷോപ്പുകള്‍ വരുമെന്നായിരുന്നു. അത് വന്നിട്ടില്ല. കാര്യം എന്തെന്നുവച്ചാല്‍ വലിയ കാറുകള്‍ എല്ലാം അവര്‍ സ്വന്തം കരാറുകാരുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള വികസനം വലിയ തൊഴിലുകള്‍ ഒന്നും കൊണ്ട് വന്നിട്ടില്ല. വേറെ ഒന്ന്  ഇപ്പൊ നളെ ബാങ്കുകള്‍ പറയുകയാണ് ലോണ്‍ ഉടന്‍ തിരിച്ചടയ്ക്കണമെന്ന്, അല്ലെങ്കില്‍ പെട്രോളിന്റെ വില ഇങ്ങനെ കൂടി കൂടി പോകുകയാണെങ്കില്‍ കാറു വാങ്ങാനും ഉപയോഗിക്കാനും നിവൃത്തിയുണ്ടാകില്ല. അപ്പോള്‍ ഈ കാറൊക്കെ എന്തു ചെയ്യും? വേറൊന്ന്, ഒരു consumerist state ആയിട്ട്, ആഘോഷങ്ങളുടെ ഒരു നാടായിട്ട് കേരളം മാറിയിട്ടുണ്ട്. ഇതിലെ പ്രധാന കാര്യം എന്തെന്നു വെച്ചാല്‍, ഇപ്പൊ ഡ്രസ്സിന്റെ കാര്യം ആണെങ്കില്‍ തന്നെയും, പണ്ടൊന്നും ഇത്രക്കും ഡ്രസ്സ് ഒന്നും വാങ്ങിക്കില്ല. കാര്‍ ആണെങ്കില്‍ 5 വര്‍ഷം ഉപയോഗിച്ചിട്ട് അത് ഉപേക്ഷിക്കും. അപ്പോള്‍ ഇതൊക്കെ കൊണ്ട് കളയാന്‍ junk yards ഉണ്ടാകണം. അതിനൊന്നും കേരളത്തില്‍ സ്ഥലവുമില്ല. അപ്പൊ വികസനം എന്താണ് എന്നുള്ളതിനെപ്പറ്റി നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. 
 
നമ്മള്‍ കേരള മോഡല്‍ എന്നു പറഞ്ഞിരിക്കുന്നത് കാര്‍ ഓടിക്കുന്നതിനെയൊന്നുമല്ല. വിദ്യാഭ്യാസം, സ്ത്രീപുരുഷ സമത്വം, ശിശുമരണം, ആയൂര്‍ദൈര്‍ഘ്യം എന്നിവയില്‍ കേരളം നടത്തിയ മുന്നേറ്റമാണത്. ഗുജറാത്തിലെ സ്ത്രീ – പുരുഷ കണക്കുകളൊന്നും ഞാന്‍ നോക്കിയിട്ടില്ല. ഗുജറാത്ത് കേരളം പോലെയാണ് എന്നെനിക്ക് തോന്നിയിട്ടുമില്ല. 
 
പിന്നെ വേറൊരു കാര്യം, ജഗദീഷ് ഭഗവതി എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്‍ – ഇന്നിപ്പൊ നമ്മുടെ ഇന്ത്യാ മഹാരാജ്യം ഭരിക്കുന്ന പാര്‍ട്ടിയുണ്ടല്ലോ, മന്‍മോഹന്‍സിങ്ങിന്റെയും  അലുവാലിയയുടേയും ഒക്കെ പാര്‍ട്ടിയുടെ സാമ്പത്തിക നയങ്ങളില്‍ വിശ്വസിക്കുന്ന ആളാണ്. അദ്ദേഹം ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആയിരുന്നു. എനിക്കറിയാം. എന്റെ സീനിയര്‍ ആയിരുന്നു, അതുകഴിഞ്ഞ് അദ്ദേഹം അമേരിക്കയിലേക്ക് പോയി. അദ്ദേഹത്തിന്റെ ചേട്ടന്‍ ജസ്റ്റിസ് ഭഗവതി പോലും അദ്ദേഹം പറയുന്നത് അംഗീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല കേട്ടോ. 
 
ഗുജറാത്തും കേരളവുമായി താരതമ്യം ചെയ്യേണ്ട ആവശ്യം പോലും ഉണ്ടെന്നനിക്ക് തോന്നുന്നില്ല. ഇന്നത്തെ കേരളത്തില്‍ ഒരുപാട് സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഉണ്ട്. കേരളത്തിലെ ബി.ജെ.പിക്കാര്‍ ഗുജറാത്തില്‍ credit ratio ഉണ്ട്, അതുണ്ട്, ഇതുണ്ട് എന്നൊക്കെ ടി.വി.യില്‍ പറഞ്ഞു കേള്‍ക്കാം. ഞാന്‍ ഈ അടുത്തകാലത്തൊന്നും അവിടേക്ക് പോയിട്ടില്ല. ഒരു കാര്യം മാത്രം ഞാന്‍ പറയാം, അങ്ങേര് ആളെ പേടിപ്പിക്കുന്ന ഒരു മനുഷ്യനാണ്. അതുകൊണ്ട് ആരും വായ തുറന്ന് പച്ചക്കൊന്നും പറയില്ല എന്നാണ് എനിക്ക് തോന്നുന്നത്. അല്ലേല്‍പ്പിന്നെ, അവിടെപ്പോയി honest ആയി research നടത്തണം. അത് ഞാന്‍ ചെയ്തിട്ടില്ല ഇതുവരെ.
 
അനഘ: ആസൂത്രണ കമ്മീഷന്റെ പുതിയ കണ്ടെത്തലനുസരിച്ച് ഇന്ത്യയില്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടെ ശതമാനം വളരെ കുറഞ്ഞിരിക്കുന്നു. എന്നാല്‍  ഇതിനുപയോഗിച്ച മാനദണ്ഡങ്ങളെക്കുറിച്ച് വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുന്‍വര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായ മാനദണ്ഡം അവലംബിച്ച ഇത്തരമൊരു കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സാമൂഹിക വികസനം ത്വരിതപ്പെട്ടു എന്നു പറയാന്‍ കഴിയുമോ?
 
ശാരദാമണി: ഈ poverty status-ഉം ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്റെ റോളും ഇന്നത്തെ ഗവണ്‍മെന്റാന്നും കൊണ്ടു വന്നതല്ല. പണ്ട് പഞ്ചവത്സരപദ്ധതികള്‍ മുതല്‍ക്കെ ഉള്ളതാണ്. ദാണ്‌ഡേക്കറിന്റേയും രഥിന്റെയും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. 1960- കളുടെ മധ്യത്തില്‍ വന്ന റിപ്പോര്‍ട്ട് ആണ്. അന്നുതൊട്ടേ വളരെ സജീവശ്രദ്ധയില്‍ ഉള്ള കാര്യവുമാണ്. അന്ന് ദാരിദ്ര്യ നിര്‍മാര്‍ജനത്തെയും അന്തരം കുറക്കുന്നതിനെയും ഒരുമിച്ചാണ് കണ്ടു കൊണ്ടിരുന്നത്. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് ആരും പറയുന്നില്ല. ഇവിടിപ്പൊ കോടീശ്വരന്മാര്‍ ഒരുപാടുണ്ടാകുന്ന ഒരു ലോകമാണ് നമ്മള്‍ സൃഷ്ടിച്ചിരിക്കുന്നത്. അതിന് പാവങ്ങളില്ല എന്നങ്ങ് സമര്‍ത്ഥിക്കണം.
  
ഞാന്‍ ഇടക്ക് എസ്.സി – എസ്.ടി കമ്മീഷനില്‍ ഒരു ആര്‍.ടി.ഐ ഫയല്‍ ചെയ്തിരുന്നു. അവരുടെ ഉത്തരം എനിക്കൊട്ടും തൃപ്തികരമല്ലായിരുന്നു. ഇപ്പോള്‍ കേരളത്തിലെ പല ആദിവാസി വംശങ്ങളും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. development officer-ക്കൊന്നും ഇവരെപ്പറ്റി ഒരു വിവരവും ഇല്ല. പട്ടികജാതി, പട്ടികവര്‍ഗം എന്നു പറഞ്ഞിരിക്കുന്ന ക്ളാസിഫിക്കേഷനെത്തന്നെ ചോദ്യം ചെയ്യണം. അവരും മനുഷ്യരാണ്. അവരും മനുഷ്യരായിട്ട് ജീവിക്കുന്നവരാണ് എന്നതാണ് നമ്മള്‍ പ്രധാനമായിട്ടും കാണേണ്ടത്. പിന്നെ, വേറൊന്ന് നമ്മള്‍ ഈ വൈവിധ്യം എന്നൊക്കെ പറയുന്നതുപോലെ അവര്‍ക്കും ഉണ്ടായിരുന്നു സ്വന്തമായ ഭാഷ, സ്വന്തമായ വസ്ത്രരീതി, സ്വന്തമായി ആഹാരം, തൊഴില്‍ എല്ലാം ഉണ്ടായിരുന്നു. നമുക്കിപ്പൊ വേണ്ടത് അവരെയെല്ലാം നമ്മളെപ്പോലെയാക്കിയെടുക്കണം. അങ്ങനാണ് ഇവിടെ വികസനം വരുന്നത്. അവരുടെ ജീവിതമാര്‍ഗ്ഗം മുഴുവന്‍ ആദ്യകാലത്ത് കാട്ടിലായിരുന്നു. ആ കാട് നശിപ്പിച്ചാണ് അവരെ ഇതുപോലെ ആക്കിയെടുത്തിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍, അവര്‍ ഭക്ഷണം കഴിച്ചോ ഇല്ലയോയെന്ന് നമുക്കെങ്ങനെ അിറയാം. അങ്ങനെ വരുമ്പോള്‍ ഈ ദാരിദ്ര്യം ഇല്ല എന്നു പറയുമ്പോള്‍, ഈ സബ്‌സിഡിയും മറ്റു സൗകര്യങ്ങളും കൊടുക്കുന്നുണ്ടല്ലോ, ശകലം ‘പുഴത്ത’ അരിയെങ്കിലും   കൊടുക്കുന്നുണ്ടല്ലോ, അത് സ്ഥാപിക്കാനുള്ള ഒരു ശ്രമമായിരിക്കും പ്‌ളാനിംഗ് കമ്മീഷന്‍ നടത്തുന്നത്. ഈ കണക്കുകൂട്ടലുകളൊക്കെ കുറച്ചു definition-കള്‍ മാറ്റുന്നതിലൂടെ കൂട്ടാനും കുറയ്ക്കാനും സാധിക്കുന്ന കാര്യങ്ങളാണ്. 
 
 
 
 
അനഘ: ഭക്ഷണം അവകാശമാക്കുന്ന ഭക്ഷ്യസുരക്ഷ നിയമത്തിലൂടെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വികസനം എത്രത്തോളം ത്വരിതപ്പെടുത്താന്‍ കഴിയും?
 
ശാരദാമണി: ഭക്ഷ്യ സുരക്ഷാ എന്നു പറഞ്ഞ് കൊണ്ടു വന്നിരിക്കുന്നത് മന്‍മോഹന്‍ സിങ്ങും കെ.വി തോമസ്സും കൊണ്ടു വന്നതല്ല. അതൊരു അന്താരാഷ്ട്ര സാധനം ആണ്. 1990-കളില്‍ റോമില്‍ ഒരു ഉച്ചകോടി ഉണ്ടായിരുന്നു. അവിടെ വച്ചാണ് ഭക്ഷ്യ സുരക്ഷ എന്ന ആശയം വരുന്നത്. ഭക്ഷ്യ സുരക്ഷയില്‍ രണ്ട് കാര്യം വരുന്നുണ്ട്.- ഒന്ന് എല്ലാ ജനവിഭാഗങ്ങള്‍ക്കും ഭക്ഷണം ലഭിക്കണം. രണ്ട്, ഈ ഓരോ രാഷ്ട്രങ്ങള്‍ക്കും self-sufficiency വേണം. അല്ലെങ്കില്‍ അവരുടെ പരമാധികാരം ചോദ്യം ചെയ്യപ്പെട്ടേക്കാം. അല്ലാതെ പാവങ്ങള്‍ക്ക് ഭക്ഷണം എന്നതല്ല ഇതിന്റെ ആശയം. പരമാധികാരം സംരക്ഷിക്കണമെങ്കില്‍ ഭക്ഷ്യോല്‍പ്പാദനം കൂടണം. പിന്നെ ഭക്ഷ്യ സുരക്ഷാ നിര്‍വചനത്തില്‍ പറഞ്ഞിരിക്കുന്ന പോലെ – adequate, പിന്നെ രുചിക്കനുസരിച്ച്, ആരോഗ്യത്തിനെയും ആയുസ്സിനെയും നിലനിര്‍ത്തുന്നത്, culturally appropriate ആയത് – സാധാരണഗതിയില്‍ നമ്മുക്ക് ശീലമായിട്ടുള്ള ആഹാരം ആണ് കൊടുക്കേണ്ടത്. അത് affordable ആയിരിക്കണം – ഇങ്ങനെ ഒരു നീണ്ട നിര്‍വചനത്തോട് കൂടിയാണ് ആഗോളതലത്തില്‍ ഭക്ഷ്യ സുരക്ഷാ ചര്‍ച്ചചെയ്യപ്പെടുന്നത്. അതെല്ലാം കളഞ്ഞ് ബി.പി.എല്ലുകാര്‍ക്ക് ആഹാരം കൊടുക്കാനുള്ളതാണ് ഭക്ഷ്യ സുരക്ഷ എന്ന് പറഞ്ഞു പരത്തുന്നത് ശരിയല്ല. ഇത് അറിയാവുന്ന ആള്‍ക്കാര്‍ മിണ്ടാതിരിക്കുന്നതാണ് ഏറ്റവും സങ്കടകരമായ വസ്തുത. മതിയായ അളവില്‍ പോഷകാഹാരം കിട്ടുകയെന്നുള്ളത് എല്ലാവര്‍ക്കും ബാധകമാണ്. 
 
അനഘ: രാഷ്ട്രീയപ്പാര്‍ട്ടികളെ RTI-യുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയ തീരുമാനത്തോട് എങ്ങനെ പ്രതികരിക്കുന്നു?
 
ശാരദമണി: അവരെ അങ്ങനെ ഒഴിവാക്കേണ്ട ആവശ്യം ഇല്ല. അവരുടെ ജയാപചയങ്ങള്‍ നമ്മളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. അവരുടെ രാഷ്ട്രീയ നേതാക്കന്മാരുടെ സ്വാകാര്യ ജീവിതത്തെപ്പറ്റി അന്വേഷിക്കേണ്ട ആവശ്യം ഇല്ല എന്നു തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. അതേ സമയം തന്നെ നമ്മള്‍ അറിഞ്ഞിരിക്കേണ്ടുന്ന ഏതു കാര്യവും അറിയേണ്ടതും ആണ്. 
 
അനഘ: ഭോപ്പാല്‍, പ്ലാച്ചിമട പോലുള്ള സ്ഥലങ്ങളില്‍ നടന്ന പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങളും അവയുടെ പ്രത്യഘാതങ്ങളും എളുപ്പം മറക്കാനാവുന്നതല്ല. എന്നാല്‍ സമാനസ്വഭാവമുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പൊടുന്നു എന്നതാണ് കാതിക്കൂടം, ആറന്മുള, അതിരപ്പള്ളി എന്നിവ സൂചിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത് വികസനം എന്ന പദം പുനര്‍നിര്‍വ്വചിക്കേണ്ടതിന്റെ ആവശ്യകതയിലേക്കലല്ലേ? 
 
ശാരദാമണി: തീര്‍ച്ചയായിട്ടും. ഇത്തരം വികസനങ്ങള്‍ എത്രമാത്രം തൊഴിലുകള്‍ സൃഷ്ടിക്കുന്നു എന്നതും പ്രധാനപ്പെട്ട കാര്യമാണ്. ഇവിടെ ജോലിയൊന്നും ഇല്ലാതെ പുറത്തുപോകുന്ന ആള്‍ക്കാരുടെ എണ്ണം വളരെ കൂടുതല്‍ ആണ്. പുറത്തു നിന്നും വരുന്ന ഈ പണം അവര്‍ക്കും സമൂഹത്തിനും ഗുണകരമായ രീതിയില്‍ എങ്ങനെ ഇന്‍വെസ്റ്റ് ചെയ്യാം എന്നുള്ളത് നമ്മുടെ ഒരു ബാധ്യതയാണ്. അത്, എവിടെ ചെയ്യാം എന്ന ഒരു ചോദ്യമാണ് പിന്നെ വരുന്നത്. 
 
ഞാന്‍ ഡല്‍ഹിയില്‍ പോകുന്ന സമയത്ത് വിവാഹങ്ങള്‍ നടക്കുന്നത് വീടുകളിലാണ്. അന്ന് അമ്പലങ്ങളില്‍പ്പോലും കല്ല്യാണം നടക്കില്ല. ഞാന്‍ തിരിച്ചു വരുമ്പോഴുണ്ട് ഇവിടെ മുഴുവന്‍ കല്യാണമണ്ഡപങ്ങള്‍ ആയി . ഈ caterers എന്ന ഒരു കൂട്ടം ആളുകള്‍ വന്നു. അപ്പൊ ഈ പന്തല്‍ ഇടുന്നവരും-  അത് അലങ്കരിക്കുന്നവരും – ആഹാരം ഉണ്ടാക്കുന്നവരും അങ്ങനെയുള്ള ഒരു കാറ്റഗറി തന്നെ ഇല്ലാതായി. ഈ സമൂഹത്തില്‍ സാമ്പത്തികമായും സാമൂഹികമായും തൊഴില്‍പരമായും എന്തൊക്കെ മാറ്റങ്ങള്‍ വന്നു എന്നത് നമ്മള്‍ സമഗ്രമായിട്ടൊന്ന് conclude ചെയ്യാന്‍ ശ്രമിക്കണം. അതുകൊണ്ട് തന്നെ നമുക്ക് എന്തൊക്കെ ദോഷങ്ങളും ഗുണങ്ങളും വന്നു എന്നുളളതും കണ്ടുപിടിക്കണം. അപ്പോ ഇതൊക്കെ വരുമ്പോഴും കുറേ ആള്‍ക്കാരുടെ കൈയ്യില്‍ സമ്പത്ത് കുമിഞ്ഞുകൂടുകയും ഇല്ലാത്ത ആള്‍ക്കാര്‍ വര്‍ധിക്കുകയും അവരുടെ visibility കുറയുകയും ചെയ്യുന്നു. ഇല്ലാത്ത ആള്‍ക്കാര്‍ ഉണ്ടെന്നുപോലും അംഗീകരിക്കാന്‍ നമ്മള്‍ തയ്യറല്ലല്ലോ. ഇപ്പൊ കേരളത്തിനെ സംബന്ധിച്ചിടത്തോളം, ഈ വന്നിരിക്കുന്നതെല്ലാം നല്ല കാര്യങ്ങള്‍  ആണെന്നും ഇതൊക്കെ വികസനം ആണെന്നുമാണ് ആള്‍ക്കാര്‍ വിശ്വസിച്ചു വച്ചിരിക്കുന്നത്. വികസനം എന്നു പറയുന്നത് ഇതൊക്കെയാണെന്നുള്ള ഒരു ധാരണ വന്നിട്ടുണ്ട്. വികസനവും ജനാധിപത്യവും – we have to seriously debate. അതിനെ ആരോഗ്യകരമായിട്ടുള്ള രീതിയില്‍ത്തന്നെ ചര്‍ച്ച ചെയ്യാന്‍ കഴിയണം. അത് ഇവിടെ തീരെ നടക്കുന്നില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
 
അനഘ: പരിസ്ഥിതി സൌഹാര്‍ദ്ദവും വ്യവസായിക വളര്‍ച്ചയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു വികസനം സാധ്യമാണോ? ഇന്ത്യയെപ്പോലെ ഒരു വികസ്വര രാജ്യത്തില്‍  അത്തരത്തിലുള്ള വികസനത്തിന് എത്രത്തോളം സാധ്യതയുണ്ട്?
 
ശാരദാമണി: വ്യവസായ വിപ്ളവം വരുന്നതിനുമുമ്പ് വരെ ലോകത്ത് പ്രധാനമായും നിലനിന്നിരുന്ന ജോലികള്‍ കൃഷിയും കന്നുകാലി വളര്‍ത്തലുമൊക്കെയായിരുന്നു.1950 വരെ വിമാനം പോലുമില്ലായിരുന്നു. ഇന്നിപ്പൊ നമ്മള്‍ പറയുന്നത് ചൊവ്വക്കുള്ളില്‍ വെള്ളം ഉണ്ടെന്നും ആ വെള്ളം കോരിക്കുടിക്കണമെന്നുമൊക്കെയാണ് . പക്ഷേ ഈ അയയ്ക്കുന്ന സാധനങ്ങളുടെ waste കടലിലേക്കാണ് വീഴുന്നത്. അത് എന്ത് മാത്രം ദോഷകരമാണ് എന്നുള്ളതിനെപ്പറ്റി നമ്മള്‍ ചര്‍ച്ച ചെയ്യുന്നതേ ഇല്ല. മഹാത്മഗാന്ധിയുടെ സമയത്തൊക്കെ പറഞ്ഞിരുന്നത് വേറൊരു വികസനത്തെപ്പറ്റിയാണ്. വ്യക്തി എന്ന നിലയക്ക് എന്റെ ഉള്ളിലും സമൂഹം എന്ന നിലക്ക് നമ്മുടെ ഉള്ളിലും  സമാധാനം വേണം എന്നുള്ളത് അത്യാവശ്യമായ ഒരു ഘടകമാണ്. It is linked to our way of life, our demands. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍, ഞാനും എന്റെ വീട്ടുകാരും എന്റെ അയല്‍ക്കാരും ആയിട്ടുള്ള ബന്ധങ്ങള്‍, ഇത്തരം കാര്യങ്ങളുമായെല്ലാം അത് ബന്ധപ്പെട്ടു കിടക്കുന്നു.
 
ഇത്തരമൊരു വികസനത്തിന് സാധ്യതയുണ്ട് എന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്. ഈ ഭൂമിയില്‍ പ്രളയം പോലെ വരുമോ എന്നൊന്നും എനിക്കറിയില്ല. അങ്ങനെ പോകുന്നില്ലെങ്കില്‍, പോകേണ്ട എങ്കില്‍ നമ്മള്‍ ഇതിനെപ്പറ്റി ആലോചിക്കേണ്ട എന്നാണ് ഞാന്‍ വിചാരിക്കുന്നത്.
 
അനഘ: കേരള സമൂഹം പണ്ടെങ്ങും ഇല്ലാത്ത രീതിയില്‍ സമുദായിക ധ്രുവീകരണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. മത വര്‍ഗ്ഗീയതയ്ക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറിക്കഴിഞ്ഞിരിക്കുന്നു. ജാതി-മത ശക്തികള്‍ മലീമസമാക്കിയ ഒരു സമൂഹമാണ് കേരളം ഇന്ന്. ഈ ഒരു മാറ്റത്തെ എങ്ങനെ കാണുന്നു?
 
ശാരദാമണി: നമ്മുടെ നാട് പണ്ട് ജാതി ശ്രേണി ശക്തമായിരുന്ന ഒരു സ്ഥലമാണല്ലോ? അതിനെയാണല്ലോ വിവേകാന്ദന്‍  ഭ്രാന്താലയം എന്നൊക്കെ വിളിച്ചത്. താഴ്ന്ന ജാതിക്കാരെ തൊട്ടുകൂടാത്തവരായും തീണ്ടിക്കൂടാത്തവരുമായി കരുതിയിരുന്ന ഒരു സ്ഥലമായിരുന്നു ഇത്. ആ കാലഘട്ടത്തില്‍ ഇന്ത്യയില്‍  ക്രിസ്ത്യാനികളും മുസ്ളീങ്ങളും ജൂതരും താമസമാക്കിയ സ്ഥലമാണ് കേരളം. മറ്റു മതങ്ങളെ സ്വാഗതം ചെയ്തിരുന്ന ഒരു സ്ഥമാണിത്. ഇപ്പൊ തന്നെ കൊടുങ്ങല്ലൂര്‍ പോകുകയാണെങ്കില്‍ ഈ ഇസ്ലാം – ഹൈന്ദവ -ക്രിസ്ത്യന്‍ – ജ്യൂവിഷ് ആരാധാനാലയങ്ങള്‍ അധികം ദൂരെയൊന്നുമല്ല. എന്റെ ഓര്‍മ്മയില്‍ ഇന്നുള്ള പോലുള്ള വര്‍ഗ്ഗീയതയോ മതസ്പര്‍ധയോ പണ്ടൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ കൊല്ലത്ത് ഒരു സംഭവം നടന്നു. അവിടെ ഉണ്ണിച്ചെക്കന്‍ വീട് എന്ന പേരില്‍ ഒരു വീടുണ്ട്. അവരുടെ അമ്പലത്തിലെ ഘോഷയാത്രയ്ക്ക് ഒരു ചെറിയ വഴക്ക് ഉണ്ടാകും എന്ന് എനിക്ക് അവ്യക്തമായ ഒരു ഓര്‍മ്മയുണ്ട്. അല്ലാതെ ഇത്രയും ഭയങ്കരമായി അങ്ങോട്ടും ഇങ്ങോട്ടുമുള്ള വഴക്കൊന്നും അന്നുണ്ടാകില്ലായിരുന്നു. ഇന്ന് എന്തുപറ്റി എന്നു വച്ചാല്‍ ആള്‍ക്കാരുടെ ഉള്ളിലെ എല്ലാ മത-ത്വരകളും പുറത്തു വന്നിരിക്കുകയാണ്. ഇത് നേരിടേണ്ടത് ഇടതുപക്ഷത്തിന്റെ കടമയാണ്. പക്ഷേ അവര്‍ തമ്മിലടിക്കുന്നതു കാരണം ഈ പ്രശ്‌നങ്ങള്‍ ഒന്നും  കൈകാര്യം ചെയ്യാന്‍  ഇതുവരെ സന്നദ്ധത കാണിച്ചിട്ടില്ല. ഇതിനകത്ത് മതം മാത്രമല്ല, അധികാരവും സാമ്പത്തികശേഷിയും ഘടകങ്ങളാണ്.
 
അനഘ: സോളാര്‍ കേസ് പോലുള്ള വാര്‍ത്തകളോടുള്ള ആസക്തി കാരണം ചര്‍ച്ച ചെയ്യപ്പെടേണ്ട പല വിഷയങ്ങള്‍ക്കും മാധ്യമങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയിട്ടില്ല. (അട്ടപ്പാടി, കാതിക്കൂടം, ജസീറയുടെ സമരം.) പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങള്‍. വിവാദങ്ങളുടെ പുറകേ പായുന്ന ഈ സമീപനം സൂചിപ്പിക്കുന്നത് മാധ്യമങ്ങള്‍ അടിസ്ഥാന മാധ്യമ ധര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ച് വാണിജ്യ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുന്നത് എന്നല്ലേ?
 
ശാരദാമണി: ഞാന്‍ സ്ഥിരമായി കാണുന്ന ചാനല്‍ ഇന്ത്യാവിഷന്‍ ആണ്. അവരുടെ കുറച്ച് പരിപാടികളോട് എനിക്ക് ഇഷ്ടമുണ്ട്. പക്ഷേ അവര്‍ക്കുപോലും 3 മിനിട്ട് നേരം വളരെ ഗൗരവമുള്ള കാര്യം ചര്‍ച്ച ചെയ്യുന്നുളളു. 15 മിനിട്ട് നേരം പരസ്യമാണ്. ആ പരസ്യങ്ങള്‍ മുഴുക്കെയും നേരത്തെ പറഞ്ഞ കണ്‍സ്യൂമര്‍ പരസ്യങ്ങളാണ്. അപ്പൊ ഈ കണ്ടുകൊണ്ടിരിക്കുന്ന ആള്‍ക്കാര്‍ക്ക് വ്യക്തമായ രാഷ്ട്രീയ ബോധമോ ധാരണകളോ ഇല്ലെങ്കില്‍ അവര്‍ എന്താണ് ഇതില്‍ നിന്നും മനസിലാക്കുക? സരിത വന്നെങ്കില്‍ സരിത അങ്ങ് കിടക്കട്ടെ, ഇപ്പൊ സരിതയെ കുറച്ചു ദിവസമായി കാണനില്ല. വേറൊരുത്തന്‍ വന്നിട്ടുണ്ട്. ഒരു സ്വര്‍ണ്ണക്കടത്തുക്കാരന്‍. അപ്പൊ ഇങ്ങനങ്ങ് പോയിക്കോണ്ടിരിക്കുവാ.
 
പണ്ടിവിടെ സ്ത്രീകളുടെ ഒരു ഗ്രൂപ്പ് ഉണ്ടായിരുന്നു, അവര്‍ ഒരു ദിവസം എന്നെ പിടിച്ചുകൊണ്ടുപോയി. ഞാന്‍ വന്ന ഇടയ്ക്കാണ്. ഞാന്‍ അന്നു പറഞ്ഞു നമുക്കൊരു കാര്യം ചെയ്യാം, നമ്മള്‍ ഓരോരുത്തരും ഗ്രൂപ്പായിത്തിരിഞ്ഞ് ,ന്യൂസ് ഓരോ ആള്‍ക്കാരും  കാണുക. മറ്റവര് വേറൊന്നു കാണുക അതുകഴിഞ്ഞ് ഒരു കൊച്ച് റിപ്പോര്‍ട്ട് ഒക്കെ ഉണ്ടാക്കി നമുക്ക് ഇവരെപ്പോയി കാണാന്‍ വേണ്ടി. അന്ന് എന്നാല്‍ ഇത്രയും പരസ്യങ്ങള്‍ ഒന്നും ഇല്ല. ഇന്ന് ഇവര്‍ പറയുന്ന ആശയങ്ങള്‍ക്ക് കടകവിരുദ്ധമായ പരസ്യങ്ങളാണ് ഇവര്‍ കാണിക്കുന്നത്. പിന്നെ വേറൊന്ന്‌ നേരത്തെ പറഞ്ഞപോലുള്ള വിഷയങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തില്ല എന്നും പറയാന്‍ പറ്റില്ല. ഇപ്പൊ എനിക്ക് കാണണമെന്നുണ്ടങ്കില്‍ ഞാനത് എങ്ങനെയങ്കിലും കണ്ടുപിടിക്കും. അതുകൊണ്ട് അട്ടപ്പാടി പോലുള്ള വിഷയങ്ങള്‍ ഞാന്‍ ഫോളോ ചെയ്യാറുണ്ട്. അതിനകത്ത് ഇന്ത്യവിഷന്‍ കുറച്ച് നല്ലവണ്ണം കൊടുക്കുന്നു എന്നു ഞാന്‍ വിചാരിക്കുന്നു.
 
 
 
 
അനഘ: 1991ലെ  സെന്‍സസ് അനുസരിച്ച് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ ആറ് വയസിനു താഴെയുള്ള കുട്ടികളില്‍ പെണ്‍കുട്ടികളുടെ മരണനിരക്ക് കൂടുതല്‍ ആയി കണ്ടു. 2001ല്‍ ഈ ട്രെന്‍ഡ് എട്ട് ജില്ലകളില്‍ പ്രകടമായി കണ്ടു. ഏറ്റവും പുതിയ സെന്‍സസ് കണക്കുകള്‍ പ്രകാരം ഒമ്പത് ജില്ലകള്‍ ഇതേ പ്രവണത കാണിക്കുന്നു. പരിചരണവും പോഷണവും കിട്ടാതെ അവഗണിക്കപെടുന്നത് പെണ്‍കുട്ടികളെ ആണെന്നാണ് ഇത് വിലയിരുതപെടുന്നത്. പെണ്‍കുട്ടികളോട് വിവേചനം കാട്ടാത്ത സമൂഹം ആണ് കേരളം എന്ന ഖ്യാതി അവസാനിക്കാന്‍ പോകുന്നു എന്നല്ലേ  ഇത് സൂചിപിക്കുന്നത്?
 
ശാരദാമണി: ഈ പറഞ്ഞ റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ആ റിപ്പോര്‍ട്ട്  കാണതെ തന്നെയും പറയാം, കേരളത്തില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനമില്ല എന്നു തന്നെയാണ് ഞാന്‍ വിചാരിക്കുന്നത്. മുമ്പ് ഇവിടെ കുറെ ജാതിക്കാര്‍ – നായന്മാര്‍ മത്രമല്ല മറ്റു പല ജാതികളും പട്ടികജാതി, പട്ടികവര്‍ഗ വരുന്ന പല ജാതിയകള്‍ക്കും മരുമക്കത്ത് സമ്പ്രദായം ആയിരുന്നു. അവരുടെ family leaneage-ഉം family name-ഉം ഒക്കെ സ്ത്രീകളില്‍ക്കൂടിയാണ് പോകുന്നത്. അപ്പോള്‍ matriliny വേണം എന്ന് നിര്‍ബന്ധമായിരുന്നു. അന്നത്തെ കാലത്ത്, കേരളം ഉണ്ടാകുന്നതിനു മുമ്പ് തന്നെ ഈ വിമന്‍സ് കോളേജൊക്കെ വരികയും ആളുകള്‍ അവിടെത്തന്നെ പഠിച്ച് ഉദ്യോഗത്തിനും വന്നിട്ടുണ്ട്. ഇവിടെത്തന്നെ പഠിച്ച് ഒരുപാട് സ്ത്രീകള്‍ സ്വതന്ത്ര്യത്തിനു മുമ്പ് തന്നെ ഉദ്യോഗസ്ഥരായിട്ടുണ്ട്. എന്നുമാത്രമല്ല, മദ്രാസ് യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തേ പ്രൊഫസര്‍ ഒരു ഇംഗ്ളീഷുകാരന്‍ ആയിരുന്നു. മദ്രാസ് സൈഡിലുള്ള വിമന്‍സ് കോളേജ് മൊത്തം നമ്മുടെ ഇവിടുന്നുള്ള പെണ്ണുങ്ങള്‍ ആയിരുന്നു. 
 
മരുമക്കാത്തായത്തിന് ഒരു കാലത്ത് ഒരു ethose ഉണ്ടായിരുന്നു എന്നാണ് ഞാന്‍ വിചാരിക്കുന്നത്. പക്ഷെ ഇന്നതില്ല, ഇന്ന് മരുമക്കത്തായ വ്യവസ്ഥിതിക്ക് മാറ്റങ്ങള്‍ വരുത്തി, മറ്റുള്ള സമുദായങ്ങളെക്കാള്‍ കൂടുതല്‍ സ്ത്രീ വിരുദ്ധത ഈ മരുമക്കത്തായ സമുദായങ്ങളില്‍ കാണുന്നുണ്ട്. 
 
അനഘ: സ്ത്രീ ശാക്തീകരണത്തിന്റ്റെ കാര്യത്തില്‍ ഇന്ത്യയില്‍ മുന്‍പന്തിയില്‍ നില്കുന്ന സംസ്ഥാനമാണ് കേരളം. അതെ സമയം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളിലും കേരളം മുന്‍പന്തിയില്‍ തന്നെയാണ്. പ്രത്യേകിച്ച് ഗാര്‍ഹിക പീഡനങ്ങളില്‍. ഈ വിരോധഭാസത്തെ എങ്ങനെ വിലയിരുത്തുന്നു?
 
ശാരദാമണി: എനിക്ക് ശാക്തീകരണം എന്ന വാക്കേ ഇഷ്ടമല്ല. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനം എന്നത് ഇപ്പോഴല്ല തുടങ്ങിയത്. ഈ സി.ഡി.എസുകാര്‍ക്ക് ഒരു വല്ല്യ ഫണ്ട് കിട്ടി. അതിന്റെ ചരിത്രത്തിലേക്കൊന്നും പോവാന്‍ എനിക്കിഷ്ടമല്ല. അതാവസാനം, അവരു കേറി local development എന്ന പേരില്‍ ഭയങ്കരമായി distribute ചെയ്തു. അപ്പോള്‍ അതിനകത്ത് വന്ന ഇഷ്യൂ ആണിത്. അതിന്റെ സമാപനത്തിന് ഞാന്‍ പോയിരുന്നു. അന്നും വാസ്തവത്തില്‍ ഈ സ്ത്രീകളെ, പെണ്‍ക്കുട്ടികളെ വീട്ടില്‍ത്തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുണ്ട്, കുറഞ്ഞത് 15 വര്‍ഷത്തിനു മുമ്പ്. അതുകൊണ്ട് ഇതൊരു പുത്തന്‍ കാര്യമല്ല. അതുപോലെ തന്നെ സൂര്യനെല്ലിയിലെ കുട്ടി. അതും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം ഈ തൈക്കാട് ഗസ്റ്റ്ഹൗസില്‍ വച്ച് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. അവന്മാരെയൊക്കെ അറസ്റ്റ് ചെയ്ത ദിവസം. അത് മാധ്യമങ്ങള്‍ ഒക്കെ ഭയങ്കരമായിട്ട് ആഘോഷിച്ചു. പക്ഷേ ഞങ്ങള്‍ അപ്പൊഴെ പറഞ്ഞു, അവര്‍ അതുപോലെ അങ്ങ് വെളിയില്‍ ഇറങ്ങുമെന്ന്. കോടതി വിധി കൊണ്ടു മാത്രം സമൂഹത്തെ മാറ്റിയെടുക്കാം എന്ന് എനിക്ക് വിചാരമില്ല. ഞാന്‍ എപ്പോഴും വിചാരിക്കുന്നത്, ഇന്നും ഡല്‍ഹിയിലെ സംഭവങ്ങള്‍, വര്‍മ്മ കമ്മീഷനും ഒക്കെ കഴിഞ്ഞിട്ടും ഇതൊട്ടും കുറവില്ല. പത്രം തുറന്നാല്‍ ഒന്നാം പേജ് മുതല്‍ ഇതുതന്നെ. മകന്‍ അച്ഛനെ കൊല്ലുന്നതും അച്ഛന്‍ മകനെ കൊല്ലുന്നതും ഒക്കെ. ഈ വയലന്‍സിനകത്ത് വേണം സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി കാണാന്‍ എന്നെനിക്കു തോന്നുന്നു. സ്ത്രീകള്‍ക്ക് എതിരെ മാത്രമല്ലഅക്രമങ്ങള്‍, അല്ലാതെയും നടക്കുന്നുണ്ട് വന്‍ തോതില്‍ തന്നെ. ഇതൊക്കെ നടക്കുമ്പോള്‍ സ്ത്രീപക്ഷത്തു നിന്ന് സംസാരിക്കുന്ന പുരുഷന്മാര്‍ ഉണ്ട്. പക്ഷേ ഇതു ചെയ്യുന്നവരേ ഒറ്റപ്പെടുത്തുമ്പോള്‍   ഇന്നും ഒന്നും പറയാന്‍ തയാറാകാത്തവര്‍ സ്ത്രീകളാണ് കൂടുതല്‍ എന്നാണ് എന്റെ വിചാരം. അവഹേളനം സഹികേണ്ടി വന്നാലും മിണ്ടാതെയിരിക്കുന്ന സ്ത്രീകളാണ് കൂടുതലും. ഇത് സ്ത്രീ- പുരുഷ ബന്ധത്തിന്റെ കാര്യം കൂടിയാണ്. 
 
 
അനഘ: കേരള വനിതാ കമ്മീഷന്‍ പല വിവാദ വിഷയങ്ങളിലും (മലയാളി ഹൌസ്, ശ്വേത മേനോന്റെ പ്രസവ ചിത്രീകരണം) പ്രസ്താവനകള്‍  ഇറക്കിയിട്ടുണ്ട്. എന്നാല്‍ അട്ടപ്പാടി, ജസീറയുടെ സമരം, മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം തുടങ്ങിയ വിഷയങ്ങളില്‍ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം കാര്യക്ഷമം ആണ് എന്ന് പറയാന്‍ കഴിയുമോ? കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ്?
 
ശാരദാമണി: ഈ ചോദ്യം നമുക്ക് വിടാം. വനിത കമ്മീഷനും കുടുംബ കോടതിയുമൊക്കെ അതിനകത്ത് വരുന്ന ആള്‍ക്കാര്‍, they represent certain interests. ഇവിടെ സമൂഹ്യ നീതിയിലും വനിതാക്ഷേമത്തിലും ഉള്ളുഴിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയെ വനിത കമ്മീഷനിലേക്ക് കൊണ്ടു വരില്ല. പിന്നെ അവിടെക്കേറി ഇരിക്കുമ്പോള്‍, it also becomes a govt department. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പോലെയാണ് അതും പ്രവര്‍ത്തിക്കുന്നത്. അല്ലാതെ innovative ആയ ഒരു കാര്യം ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. നമ്മള്‍ ഒരു കാര്യത്തെപ്പറ്റി വളരെ ഉത്കണ്ഠയോട് കൂടി ആലോചിക്കണമെങ്കില്‍ നമുക്ക് അതിനകത്ത് ഒരു വേദനയോടുകൂടിയ താല്പര്യം വേണം. പിന്നെ, നമ്മള്‍ ചെയ്യുന്നത് സത്യസന്ധമായ ഒരു അന്വേഷണം ആയിരിക്കണം. അല്ലാതെ എല്ലാ സര്‍ക്കാര്‍ ആഫീസുകളും പോലെയാകരുത്. അതിന്റെ പ്രവര്‍ത്തനത്തില്‍ വ്യത്യാസം വരണം. പിന്നെ നീതിയുള്ള ഒരു ലോകത്തെപ്പറ്റി ഒരു ധാരണ വേണം. കൂട്ടായ്മകളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും പ്രശനങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം.  
 
അനഘ: സ്ത്രീ സുരക്ഷക്ക് മുന്നോട്ട് വായ്ക്കുന്ന നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ്? 
 
ശാരദാമണി: ഒന്ന് നമ്മള്‍ ആദ്യം വയലന്‍സിനെത്തന്നെ ഇല്ലാതാക്കാന്‍ നോക്കണം. അല്ലതെ സ്ത്രീയെമാത്രം ഒരു violent world-ല്‍ സുരക്ഷിതമാക്കി വയ്ക്കാമോ എന്നെനിക്കറിയില്ല. സ്ത്രീകളെ ലൈംഗികമായി പീഡിപ്പികുനതിന്റെ ഒരു ഭാഗമാണ് ഈ വയല്‍ന്‍സും. കുറച്ച് കാലത്തിനു മുമ്പ് വരെ ലോകസമാധാനം എന്ന പ്രസ്ഥാനം വളരെ സജീവമായിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് യൂറോപ്പില്‍ കണ്ടമാനം പുരുഷന്മാര്‍ മരിക്കുകയും സ്ത്രീകള്‍ ഒരുപാട് വിധവകളായി മാറുകയും ദീര്‍ഘകാലം ജീവിക്കുകയും ചെയ്ത സമയത്താണ് ഇത് ആരംഭിക്കുന്നത്. ഒരു ഫ്രെഞ്ച് സയന്‍റിസ്റ്റ് ആണ് ഇത് തുടങ്ങുന്നത്. അതുകഴിഞ്ഞ് അത് ആഗോളതലത്തില്‍ വളര്‍ച്ച പ്രാപിച്ചു. ഇന്നിപ്പൊ അതിന്റെ ശക്തി വളരെ കുറഞ്ഞിരിക്കുകയാണ്. അതിനുവേണ്ടി ജീവിതം മുഴുക്കെ ഉഴിഞ്ഞു വച്ച പലരെയും എനിക്കറിയാം. ഒരു അക്രമ രഹിത ലോകത്തെ നമ്മള്‍ എങ്ങനെ കാണുന്നു എന്നതാണു പ്രധാനം. ഇതിനര്‍ത്ഥം നമ്മളെല്ലാം പാതിരാത്രി എണീറ്റ് നടക്കാന്‍ പോകുന്നു എന്നല്ല. എല്ലാ ആക്രമങ്ങളും നടക്കുന്നതു രാത്രി അല്ല. പകലും നടക്കും. അതുപോലെതന്നെ അംഗവൈകല്യം ബാധിച്ചവരും ഒക്കെ പീഡിപ്പിക്കപ്പെടുന്നുണ്ട്. വയലന്‍സ് ഇല്ലാത്ത ഒരു ലോകത്തിന് വേണ്ടി ശ്രമിക്കുന്നതിനൊപ്പമാകണം സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമങ്ങളും ഇല്ലാതാക്കേണ്ടത്. അല്ലാതെ സ്ത്രീകള്‍ക്കെതിരയുള്ള ആക്രമങ്ങള്‍ മാത്രം ഇല്ലാതാക്കി നമുക്ക് മുന്നോട്ട് പോകാം എന്ന് ഞാന്‍ വിചാരിക്കുന്നില്ല. 
 
അനഘ: എല്ലാ  ഭാഗത്ത് നിന്നും അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ എങ്ങനെയാണ് സ്ത്രീ ഉള്‍ക്കരുത്ത് ആര്‍ജിക്കുക? സമത്വത്തിനു വേണ്ടി പോരാടാന്‍ തയ്യാറുള്ള സ്ത്രീ സമൂഹത്തോട് ഒരു സ്ത്രീപക്ഷ ചിന്തക എന്ന നിലയില്‍ എന്താണ് പറയാനുള്ളത്?
 
ശാരദാമണി: എനിക്കങ്ങനെ ഒരു സന്ദേശമൊന്നും കൊടുക്കാനില്ല. നമ്മള്‍ 1975ല്‍ അന്താരാഷ്ട്ര വനിതാ ദിനം എന്നു പറഞ്ഞ് ഒരെണ്ണം തുടങ്ങി, എന്നിട്ട് 75 – 85 ‘സ്ത്രീകളുടെ ദശകം’ ആക്കി  മാറ്റി. അതിനുമുമ്പ് തന്നെയും യു.എന്‍ സ്ത്രീകളുടെ തുല്യത, സമാധാനം, സ്വാതന്ത്ര്യം എന്നീ ലക്ഷ്യങ്ങള്‍ പാസ്സാക്കിയിരുന്നു.   റൂസ്‌വെല്‍റ്റിന്റെ ഭാര്യ എലേന റൂസ്വെല്‍ട് ഇതിന്റെ ഒരു വല്ല്യ വക്താവ് ആയിരുന്നു. എന്നുമാത്രമല്ല നമ്മുടെ ലക്ഷ്മി എന്‍. മേനോന്‍, വിജയലക്ഷി പണ്ഡിറ്റ് എന്നിവരും. ഇത് 75-ല്‍ തുടങ്ങിയ ഒരു കാര്യമാണ്. സ്ത്രീകളുടെ സ്വതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടിയുള്ള സമരങ്ങള്‍ പല സ്ഥലത്തും നടക്കുന്നുണ്ടായിരുന്നു. പല ഗ്യാരന്ടികളും ഉണ്ടായിരുന്നു അതിന്. പക്ഷെ ,ഈ ഗ്യാരന്റി കൊണ്ടു മാത്രം ഒന്നും ആയില്ല. നമ്മള്‍ അതു മനസ്സിലാക്കുകയും കൂടി വേണം. എത്ര പേര്‍ അവരുടെ മക്കളെ ഡാന്‍സും പാട്ടും ഒക്കെ പഠിപ്പിക്കുന്നു. വിവാഹം കഴിഞ്ഞാല്‍ ആ പെണ്‍കുട്ടി ഇതൊന്നും ഒരൊറ്റ ദിവസം പോലും ചെയ്യാത്ത എത്രയോ വീടുകള്‍ ഉണ്ട്. അപ്പോള്‍ ആ കുട്ടി അതെല്ലാം നിശ്ശബ്ദമായി അങ്ങ്  സമ്മതിച്ചു കൊടുക്കുകയാണ്. രണ്ട് മൂന്ന് കാര്യങ്ങള്‍ ഉണ്ട്. അവനവനപ്പെറ്റിത്തന്നെ നമുക്ക് ഒരു ധാരണ വേണം. ആ ധാരണ ഇന്ന് എത്ര മാത്രം പെണ്‍കുട്ടികള്‍ക്ക് ഉണ്ട് എന്നത് വളരെ പ്രധാനമാണ്. ഈ ധാരണ വീട്ടിലുള്ള അച്ഛനമ്മമാര്‍ക്ക്   ഉണ്ടാവേണ്ടത് പോലെ ഈ സമൂഹത്തിനും മാധ്യമങ്ങള്‍ക്കും ഒക്കെ വേണം. ഈ കണ്‍സ്യൂമറിസ്റ്റ്, വയലന്‍റ് സമൂഹത്തില്‍ ആണ് ഈ കുട്ടികള്‍ വളരുന്നത്. സ്ത്രീപക്ഷ വാദികളുടെ അഭിപ്രായം അറിഞ്ഞല്ല അധികം പേരും ജീവിക്കുന്നത്. 
 
പണ്ടൊക്കെ എന്നു വച്ചാല്‍ എന്റെ അപ്പുറത്തെ വീട്ടില്‍ ഒരു വഴക്കും പ്രശനങ്ങളും ഉണ്ടായാല്‍ ഞാന്‍ അതില്‍ ഇടപെടുമായിരുന്നു. ഇപ്പോള്‍ ഈ പറഞ്ഞപോലെ, ഇവിടുത്തെ സ്ത്രീകളുടെ സംഘടന ഒരു നല്ല സംഘടന ആണെങ്കില്‍ അയ്യൊ ഞങ്ങളൊന്നും അറിഞ്ഞില്ലേ എന്ന മട്ടില്‍ ഇരിക്കില്ല. അത് നമ്മുടെ പ്രശ്നമായിട്ട് എടുക്കുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും  വേണം. സ്ത്രീകള്‍ക്കു തന്നെ സ്ത്രീകളോടുള്ള കാഴചപാട് മാറണം. 
 
ഈ മാറ്റങ്ങളൊന്നും എനിക്ക് സന്തോഷമുള്ള മാറ്റങ്ങളല്ല. എനിക്ക് കന്‍സ്യൂമറിസത്തില്‍ വിശ്വാസവും ഇല്ല. രണ്ടാമത്തൈ കാര്യം ആഘോഷങ്ങളുടെ നാടായി കേരളം മാറിയതാണ്. എനിക്ക് താല്പര്യമില്ല. easy money എന്നൊരു കാര്യം ഇവിടെ വളര്‍ന്നു വന്നിട്ടുണ്ട്. ഇതിനെല്ലാം ഞാന്‍ ഏറ്റവും കൂടുതല്‍ കുറ്റപ്പെടുത്തുന്നത് ഇടതുപക്ഷത്തിനെയാണ്. അവരു വേണ്ടിയിരുന്നു വേണ്ട സമയത്ത് ഇതിലൊക്കെ ഇടപെടേണ്ടിയിരുന്നത്. അവരത് ചെയ്തില്ല. അവര്‍ തമ്മിലടിച്ചും കളിയാക്കാനും പുശ്ചിക്കാനുമുള്ള അവസരം അവര്‍ തന്നെ സൃഷ്ടിക്കുകയായിരുന്നു.  
 
(തിരുവനന്തപുരം എന്‍. എസ്.എസ് വിമന്‍സ് കോളേജില്‍ മൂന്നാം വര്‍ഷ ഇംഗ്ലീഷ് സാഹിത്യ ബിരുദ വിദ്യാര്‍ത്ഥിയാണ് അനഘ സി.ആര്‍)
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍