UPDATES

ഓഫ് ബീറ്റ്

രാജഹംസമേ… എവിടെയായിരുന്നു ചന്ദ്രലേഖ?

വി.എസ് വിഷ്ണു
 
രാജഹംസമേ… കെ.എസ് ചിത്ര പാടിയ ചമയത്തിലെ ഈ പാട്ട് വീണ്ടും മലയാളി കേട്ടു. കേട്ടു എന്നല്ല പറയേണ്ടത്, അവിശ്വസനീയതയോടെ, നേരിയ നെഞ്ചിടിപ്പോടെ, ഉളളില്‍ നിന്നു പതഞ്ഞുയരുന്ന സന്തോഷത്തോടെ കേട്ടു എന്നു തന്നെ പറയണം. അല്ലെങ്കില്‍ ‘എന്റെ ആത്മരാഗം കേട്ടു നിന്നുവോ….’ എന്ന് ഗായിക പാടുമ്പോള്‍ ഒന്നോ രണ്ടോ അല്ല, ലക്ഷക്കണക്കിന് പേരാണ് അതു കേട്ടു നില്‍ക്കുന്നത്. 
 
തീര്‍ത്തും അപ്രതീക്ഷിതിമെന്നു പറഞ്ഞു കൂടാ ചന്ദ്രലേഖയെ കണ്ടെത്തല്‍. കഴിഞ്ഞ ഒരു വര്‍ഷമായി ചന്ദ്രലേഖയുടെ ഈ ഗാനം യൂട്യുബിലുണ്ടായിരുന്നു. ആരും കണ്ടില്ല. കണ്ടവരൊന്നും വിശ്വസിച്ചില്ല, അല്ലെങ്കില്‍ അത്ര കാര്യമാക്കിയില്ല. അപ്രതീക്ഷിതമല്ലെന്നു പറയാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. വളരെ ചെറുപ്പത്തിലേ ചന്ദ്രലേഖയുടെ പാടാനുള്ള കഴിവ് അധ്യാപകര്‍ കണ്ടെത്തിയിരുന്നു. പിന്നീടും ചില വേദികളിലൊക്കെ പാടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയില്‍ സംഗീതത്തെ ചന്ദ്രലേഖ മാറ്റി നിര്‍ത്തുകയായിരുന്നു എന്നു വേണം പറയാന്‍. 
 
 
ചില കാര്യങ്ങള്‍ ഇതൊക്കെ നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. സംഗീത വാസനയുള്ളവരുടെ കാര്യം തന്നെയെടുക്കുക. എല്ലാവരും യേശുദാസും ചിത്രയുമൊന്നും ആയേക്കില്ല. എങ്കിലും ഒരുപാട് പ്രതിഭകള്‍ അവസരം കിട്ടാതെയും ആരുമറിയാതെയും നമ്മുടെ ഇടയിലൊക്കെ ജീവിക്കുന്നുണ്ട് – ചന്ദ്രലേഖയെ പോലെ. ചന്ദ്രലേഖയുടെ വീടും അത് പ്രതിഫലിപ്പിക്കുന്ന കഷ്ടപ്പാടുകളും ഒക്കെ ഈ പാട്ടു കേട്ടവരെ സ്വാധീനിച്ചിട്ടുണ്ട്. ‘കുപ്പയിലെ മാണിക്യം’ തുടങ്ങിയ വിശേഷണങ്ങള്‍ അതിനു തെളിവുമാണ്. അവരുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടും സംഗീത ലോകത്ത് അര്‍ഹിക്കുന്ന ഒരു സ്ഥാനം ലഭിക്കാതെ പോയതുമൊക്കെ യാഥാര്‍ഥ്യം തന്നെയാണ്. എന്നാല്‍ അവരല്ല അതിനു കുറ്റക്കാര്‍. അതിനു പകരം കുറ്റമേറ്റെടുക്കേണ്ടത് നാമോരോരുത്തരുമാണ്. 
 
പതിനായിരങ്ങള്‍ മുടക്കി മക്കളെ സംഗീത റിയാലിറ്റി ഷോകള്‍ക്ക് പങ്കെടുപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന മാതാപിതാക്കളും പാവപ്പെട്ടവര്‍ക്ക് അടുക്കാന്‍ പറ്റാത്തത്ര പകിട്ടുകള്‍ ചേര്‍ത്തുള്ള പരിപാടികള്‍ ഒരുക്കുന്ന ചാനലുകളുമൊക്കെയാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത്. ഈ പരിപാടികളില്‍ നിന്നൊക്കെ നിരവധി പേര്‍, കഴിവുള്ളവരും ഇല്ലാത്തവരുമൊക്കെ, പ്രശസ്തരാകുന്നുണ്ട്. കഴിവുള്ളവരെ അഭിനന്ദിക്കുകയും വേണം. എന്നാല്‍ ഇത്തരം അവസരങ്ങള്‍ കിട്ടാത്തവര്‍ക്കു വേണ്ടിയാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ഇതുപോലെ നിരവധി മേഖലകളില്‍ നാം അറിയാത്ത ഒരുപാട് പ്രതിഭകളുണ്ട്. അവരെ ആരു തേച്ചു മിനുക്കിയെടുക്കും എന്നാണ് നാം ഓരോരുത്തരും ആലോചിക്കേണ്ടത്. 
 
കെ.എസ് ചിത്ര പാടിയത് ഇവിടെ കേള്‍ക്കാം
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍