UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

ചോക്ളേറ്റ് വന്ന വഴി

‘തിയോബ്രോമ കക്കാഓ’എന്ന മരത്തിന്‍റെ വിത്തില്‍ നിന്നും സംസ്കരിച്ചെടുക്കുന്ന ഒരു ഭക്ഷ്യോത്പ്പന്നമാണ് ചോക്ളേറ്റ്. അമേരിക്കന്‍ ഉഷ്ണമേഖലാ മഴക്കാടുകളില്‍ കാണുന്ന ഒരു ചെറിയ മരമാണ് തിയോബ്രോമ കക്കാഓ.

ആദ്യം പൂവായും പിന്നീട് വര്‍ണശബളമായ ഒരു പുറന്തോടിന് അകത്ത് തടിയോട് ചേര്‍ന്നുമാണ് വിത്തുകള്‍ വളരുന്നത്. ഈ വലിയ പുറന്തോടിന് വളര്‍ച്ചയുടെ തുടക്കത്തില്‍ പച്ച നിറമായിരിക്കും. പിന്നീട് പാകമാകുമ്പോള്‍ ഇത് മഞ്ഞയും, ഓറഞ്ചും, ചുവപ്പും, ഊതനിറവും ഒക്കെയായി മാറും (ചില പ്രത്യക ഇനത്തില്‍ പെട്ടവയ്ക്ക് പാകമായാലും പച്ചനിറം തന്നെയായിരിക്കും). വലിപ്പത്തിലും, ആകൃതിയിലും, ഘടനയിലും പുറന്തോടുകളില്‍ വ്യത്യാസമുണ്ടാകും. ഇവക്ക് 10 സെന്‍റീ മീറ്റര്‍ മുതല്‍ 40 സെന്‍റീ മീറ്റര്‍ വരെ നീളവുമുണ്ടാകും. ഉരുണ്ടിട്ടോ ദീര്‍ഘചതുരാകൃതിയിലോ ഏതാണ്ട് ഒരു അമേരിക്കന്‍ ഫുട്ബോള്‍ പോലെയാണ് ഇവ കാഴ്ചയില്‍.

പൂക്കളുണ്ടാകുന്നതോടൊപ്പം തന്നെ കൊല്ലം മുഴുവനും പഴങ്ങളും ഉണ്ടാകും. പുറന്തോട് വേണ്ടത്ര വലുതാവാന്‍ 4 മുതല്‍ 5 വരെ മാസങ്ങളെടുക്കും. പാകമാവാന്‍ തുടര്‍ന്നു ഒരു മാസം കൂടി വേണം.

പാകമായ ഒരു പുറന്തോട് 2 മുതല്‍ 3 ആഴ്ച വരെ മരത്തില്‍ തന്നെ കേടാകാതെ നില്‍ക്കും. അതിന്‍റെ ശരിയായ രുചി കിട്ടുന്നതിന് പാകമായാല്‍ മാത്രമേ വിളവെടുക്കാവൂ. തോടിനകത്തിരുന്നാല്‍ ദീര്‍ഘകാലം ഫലപുഷ്ടി കാത്തു സൂക്ഷിക്കാം.  തോട് പൊട്ടിച്ച് പുറത്തെടുത്താല്‍ വിത്തുകളുടെ ഫലപുഷ്ടി പെട്ടന്ന് നഷ്ടപ്പെടുന്നു.

 

 

പഴത്തിന്‍റെ കാമ്പ് തിന്നാമെങ്കിലും അതിനു ചോക്ലെറ്റിന്‍റെ സ്വാദുമായി വിദൂരസാമ്യം പോലുമില്ല. ചെറിയ വഴുവഴുപ്പും മധുരവുമുള്ള, ഒരു ആപ്പിളിനേക്കാള്‍ കുറച്ചു കട്ടി കുറഞ്ഞ അതിന് മഞ്ഞനിറമാണ്. ഇത്തിരി നാരങ്ങാ സ്വാദാണെന്നും, അല്ല മാങ്ങയുടെ രുചിയാണെന്നും രണ്ടഭിപ്രായമുണ്ട്; ഞാനിതുവരെ കഴിച്ചു നോക്കിയിട്ടില്ല. എന്തായാലും ഇനിയൊന്ന് പരീക്ഷിക്കണം!

ഉണക്കി, പുളിപ്പിച്ചെടുത്ത കക്കാഓ വിത്തുകള്‍ വറുത്തെടുത്ത് മുനകള്‍ (nibs)എന്നു വിളിക്കുന്ന ചെറിയ കഷ്ണങ്ങളാക്കി പൊട്ടിക്കുന്നു. ഒരു പ്രത്യേക ‘മിശ്രണം’ ലഭിക്കാന്‍ വിവിധ തരം കക്കാഓകള്‍ കൂട്ടിക്കലര്‍ത്തുന്നതും സ്വാഭാവികമാണ്. ഈ ‘മുന’കള്‍ നന്നായി അരച്ചെടുക്കുന്നു. ഈ കുഴമ്പിനെ ലിക്കര്‍, കുഴമ്പ്, മാസ്, എന്നിങ്ങനെ പല പേരിലും വിളിക്കുന്നുണ്ട്. ഇതിനെ മറ്റ് രുചികളുമായി കലര്‍ത്തി ചോക്ളേറ്റ് കട്ടകളാക്കി മാറ്റുന്നു. ഈ കട്ടകളാണ് പിന്നെ പതം വരുത്തി, രൂപപ്പെടുത്തിയെടുക്കുന്നത്. അങ്ങിനെ നമ്മുക്ക് കഴിക്കാന്‍ പാകത്തിലുള്ള ചോക്ളേറ്റ് തയ്യാറാകുന്നു.

മെസൊഅമേരിക്കന്‍ (15,16 നൂറ്റാണ്ടുകളില്‍ അമേരിക്കയിലെ സ്പാനിഷ് അധിനിവേശത്തിന് മുമ്പ് മെക്സിക്കോ, ബെലീസെ, ഗ്വാട്ടിമാല, എല്‍ സാല്‍വദോര്‍, ഹോണ്ടുറാസ്, നിക്കരാഗ്വ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലായി വ്യാപിച്ച് കിടന്ന പ്രദേശം) ജനത (അസ്ടെക്, മായന്‍) “ചവര്‍പ്പ് വെള്ളം”എന്ന്‍ അര്‍ത്ഥം വരുന്ന ഷോക്കോലറ്റ് എന്ന ചോക്ളേറ്റ് പാനീയം ഉണ്ടാക്കിയിരുന്നു. മായന്‍ ജനത ചോക്ളേറ്റ് പല ആഘോഷ സമയങ്ങളിലും ഉപയോഗിച്ചിരുന്നു. കക്കാഓ കുരുക്കളുടെ ആദ്യ ഉപയോഗത്തെക്കുറിച്ചുള്ള തെളിവുകള്‍ 1100 ബി.സി മുതലാണ് ലഭിച്ചിട്ടുള്ളത്. ചോക്ളേറ്റ് എന്ന വാക്ക് ഇംഗ്ലീഷ് ഭാഷയിലെത്തിയത് സ്പാനിഷില്‍ നിന്നാണ്.

 

 

മതാചാരങ്ങളിലും, വിവാഹ ചടങ്ങുകളിലും, മരുന്നായും, പോഷകഗുണമുള്ള ഭക്ഷണമായും എല്ലാം കക്കാഓ ഉപയോഗിച്ചിരുന്നു. “ദൈവത്തിന്‍റെ സമ്മാനമാണ്” ഇതെന്ന വിശ്വാസം യൂറോപ്യന്‍ അധിനിവേശത്തിന് മുമ്പുള്ള സമൂഹങ്ങളില്‍ ഇതിനെ സാമ്പത്തിക അഭിവൃദ്ധിയുടെ ഒരു ലക്ഷണമായി കണക്കാക്കാനും ഇടയാക്കി. അധികാരികള്‍ക്ക് നികുതി നല്കാന്‍ ഇത് പണമായി ഉപയോഗിച്ചിരുന്നു.

 

മൈക്രോ വേവ് കഥ

ഇന്ന് നിലവിലുള്ള മൈക്രോവേവ് പാചകത്തിന് സാങ്കേതികമായി കാരണക്കാരന്‍ ചോക്ളേറ്റ് ആണെന്ന് നിങ്ങള്‍ക്കറിയാമോ?

രണ്ടാം ലോകമഹായുദ്ധ കാലത്ത് മെച്ചപ്പെട്ട റഡാര്‍ സംവിധാനങ്ങള്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തില്‍ ശാസ്ത്രജ്ഞര്‍ മൈക്രോവേവ് ഉപയോഗിച്ച് പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മാഗ്നേട്രോണ്‍സ് എന്ന ഉപകരണമാണ് അവര്‍ പരീക്ഷിച്ചത്. ഒരു ചോക്ലെറ്റ് കഷ്ണവുമായി പരീക്ഷണശാലയില്‍ കടന്ന പെഴ്സി സ്പെന്‍സര്‍ എന്ന ശാസ്ത്രജ്ഞന്‍, ചോക്ളേറ്റ് പെട്ടന്ന് ഉരുകുന്നതായി മനസ്സിലാക്കി. അതോടെ ഭക്ഷണം പാകം ചെയ്യാന്‍ മാഗ്നേട്രോണ്‍ ഉപയോഗിക്കാമെന്ന് സ്പെന്‍സര്‍ക്ക് ബോധ്യമായി. ചോളം വിജയകരമായി വറുത്തെടുത്തെങ്കിലും, കോഴിമുട്ട വെച്ചപ്പോള്‍, ക്ഷണനേരംകൊണ്ട് പുഴുങ്ങിയ മുട്ട സ്പെന്‍സറുടെ മുഖത്തേക്ക് പൊട്ടിത്തെറിച്ചു. തന്‍റെ കണ്ടുപിടിത്തം പരിശോധിച്ചുറപ്പാക്കാന്‍ അയാള്‍ നിശ്ചയിച്ചു. മാഗ്നേട്രോണില്‍ നിന്നും മൈക്രോവേവ് വൈദ്യുതി അതിന് പുറത്തുകടക്കാനാകാത്ത തരത്തിലുള്ള ഒരു ലോഹപ്പെട്ടിയിലേക്ക് കടത്തിവിട്ട് സ്പെന്‍സര്‍ ഒരു വിദ്യുത്കാന്തിക മണ്ഡലം സൃഷ്ടിച്ചു. ഈ പെട്ടിയിലേക്ക് ഭക്ഷണം വെച്ചപ്പോള്‍ അതിന്‍റെ താപനില പൊടുന്നനെ ഉയര്‍ന്നു.

അങ്ങനെ യുദ്ധകാലത്ത് വികസിപ്പിച്ച റഡാര്‍ സാങ്കേതിക വിദ്യയില്‍ നിന്നും രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പെഴ്സി സ്പെന്‍സര്‍ ആദ്യത്തെ മൈക്രോവേവ് ഓവന്‍ സൃഷ്ടിച്ചു. “റഡാര്‍റെയ്ഞ്ച്”എന്നു പേരിട്ട ഇതിന്‍റെ ആദ്യ വില്‍പ്പന നടന്നത് 1947-ലാണ്. അപ്പോള്‍ ഈ അതിവേഗ പാചകത്തിന് നാം ചോക്ലെറ്റിനോട് നന്ദിയുള്ളവരാകണ്ടെ ?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍