UPDATES

വിദേശം

എന്തുകൊണ്ട് മലാലയുടെ അച്ഛന്‍ നോബല്‍ പട്ടികയില്‍ ഇടംപിടിച്ചില്ല?

(ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് കെമികല്‍ വെപ്പന്‍സിന് പ്രഖ്യാപിക്കുന്നതിന് മുന്‍പ് ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത് മലാല യൂസഫ്‌സായ്ക്കായിരുന്നു. എന്നാല്‍ മലാലയ്ക്ക് പകരം പരിഗണിക്കേണ്ടിയിരുന്നത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ അവളുടെ പിതാവ് സിയാഉദ്ധീനെയായിരുന്നില്ലേ?)

 

ഫോറിന്‍ പോളിസി

ഒരു വർഷം മുന്‍പ് പാക്കിസ്ഥാനിലെ സ്വത് താഴ്‌വരയിൽക്കൂടി സഞ്ചരിക്കുകയായിരുന്ന ഇരുപത് പെണ്‍കുട്ടികളെ തിക്കിക്കയറ്റിയ സ്കൂൾ ബസ്സിലേക്ക്  ചെറുപ്പക്കാരനായ ഒരു താലിബ് കയറുകയും ലോകം മുഴുവൻ കേൾക്കേ    മൂന്നു തവണ വെടിയുതിർക്കുകയും ചെയ്യുകയുണ്ടായി. അതിനുശേഷം, കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന സ്വഭാവക്കാരിയായ മലാല യൂസഫ്‌സായ് എന്ന വിദ്യാഭ്യാസ- സമാധാന പ്രവർത്തക ആശുപത്രിയിലെ മരണക്കിടക്കയിൽ നിന്നും എഴുന്നേറ്റ് തന്‍റെ പിറന്നാൾ ദിവസമായ ജൂലായ്‌ പന്ത്രണ്ടാം തിയതി ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. ഇപ്പോൾ സമാധാനത്തിനുള്ള  നോബൽ സമ്മാനം ലഭിക്കാൻ സാധ്യതകല്‍പ്പിച്ചവരുടെ കൂട്ടത്തിൽ മലാലയുടെ പേരും ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്നു.

ലോകം മലാലയെ അത്രമാത്രം സ്നേഹിക്കുന്നുണ്ടെങ്കിലും ഇവിടെ ഉയരുന്ന ചോദ്യം, മലാലക്ക് പകരം അവരുടെ പിതാവായ സിയാഉദ്ധീനെയല്ലേ നോബൽ സമ്മാന സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത്. അങ്ങനെയാണെങ്കില്‍ ലോക സമാധാന ശ്രമങ്ങള്‍ കുറച്ചുകൂടെ ശക്തിപ്പെടില്ലേ.. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ വില മനസ്സിലാക്കിയ പുരോഗമനവാദിയും, മലാല പഠിച്ച സ്കൂളിന്‍റെ സ്ഥാപകനും  കൂടിയായ അദ്ദേഹം പാകിസ്ഥാനിലെങ്ങും കണ്ടുകിട്ടാത്ത അപൂർവയിനം വ്യക്തിത്വമാണ്. അദ്ദേഹമില്ലെങ്കിൽ  ആത്മവിശ്വാസമുള്ള, വിദ്യാഭ്യാസമുള്ള, നല്ലവണ്ണം ഇംഗ്ലീഷ് സംസാരിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകയായ മലാല ഉണ്ടാകുമായിരുന്നില്ല. പകരം ആ പ്രദേശത്തുള്ള സ്കൂളിൽ പോകാത്ത ഭൂരിപക്ഷം പെണ്‍കുട്ടികളെയും പോലെ മലാലയും അപ്രത്യക്ഷമായേനെ.

“ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള കഥയെന്നതിലുപരി ഇത് ഒരച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്‍റെ കഥയാണ്”. മലാല ലോകത്തിനു പരിചിതയാകുന്നതിനു മുന്‍പ് അവരെക്കുറിച്ച് ഡോക്യുമെന്‍ററി ചെയ്ത ആദം എല്ലിക് ടൈമിനോട് പറഞ്ഞത് ഇതാണ്. “സിയാഉദ്ധീൻ തന്‍റെ ലക്ഷ്യത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച വിപ്ലവകാരിയാണ്. അവിശ്വസനീയമാംവിധം അപൂര്‍വവും സങ്കീര്‍ണ്ണവുമായ വ്യക്തിത്വത്തിന്നുടമയാണ് അദ്ദേഹം” എല്ലിക് കൂട്ടിച്ചേര്‍ക്കുന്നു.

സ്ത്രീകളുടെ നില ഉയരണമെങ്കിൽ സിയാഉദ്ധീനെപ്പോലുള്ളവർ പെരുകണം. പുരുഷന്മാർ സ്വേച്ഛാധിപതികളായി ഭരിക്കുന്ന സ്ഥലങ്ങളിൽ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അവസ്ഥ മാറണമെങ്കിൽ പുരുഷന്മാർ അവരുടെ മേല്‍ പ്രയോഗിക്കുന്ന പിടുത്തം വിടാൻ സ്വയം തയ്യാറായാൽ മാത്രമേ സാധിക്കുകയുള്ളൂ എന്നത്  കടുത്ത യാഥാർത്ഥ്യമാണ് . ഇതിനെത്തന്നെയാണ് അഫ്പാക് ചാനലിലെ ലേഖകനായ ക്രിസ്റ്റിയന്‍ ബേയര്‍ ‘മനുഷ്യാവകാശത്തെ കുറിച്ചുള്ള യഥാതഥ കാഴ്ചപ്പാട്’ എന്ന് വിശേഷിപ്പിച്ചത്. “എല്ലാ അഫ്ഗാൻ പെണ്‍കുട്ടികൾക്കും തീർച്ചയായും വിദ്യാഭ്യാസം ലഭിക്കണം. പക്ഷെ പുരുഷന്മാർ തങ്ങളുടെ ആധിപത്യത്തിന് അയവ് വരുത്തിയാൽ മാത്രമേ അതിനു സാധിക്കുകയുള്ളൂ, അല്ലെങ്കിൽ ജനസംഖ്യയിൽ പകുതി പേർക്കും തങ്ങളുടെ മനുഷ്യാവകാശങ്ങൾ സ്വപ്നമായി അവശേഷിക്കും”.

നമുക്ക് മലാലയെ അനുമോദിച്ച് റാപ്പ് വീഡിയോ ഉണ്ടാക്കാം. ലോകത്തിലെ എല്ലാ മികച്ച സമ്മാനങ്ങളും അവർക്ക് നൽകാം. പക്ഷെ എല്ലാത്തിനുമൊടുവിൽ തിരിഞ്ഞു നോക്കുമ്പോള്‍  മലാല വാദിക്കുന്ന മാറ്റം പ്രാവര്‍ത്തികമാക്കുന്നത് മിക്കപ്പോഴും പുരുഷന്മാരായിരിക്കും. ഒരു നൂറ്റാണ്ടായില്ല അമേരിക്കൻ സ്ത്രീക്ക് പുരുഷന്മാരുടെ ‘പ്രദേശികമായ മുൻഗണനാ മാറ്റം’ കാരണം വോട്ടവകാശം ലഭിച്ചിട്ട് . പക്ഷെ അത് സ്‌ത്രീകളുടെ സമ്മതിദാനവകാശത്തിനുവേണ്ടി വാദിക്കുന്നവർക്ക് സ്വതന്ത്രമായി നിരത്തിലിറങ്ങാനും സംഘടിക്കാനും സാധിക്കുന്ന ഒരു രാജ്യത്തായിരുന്നു എന്ന കാര്യം നമ്മൾ ഓർക്കണം.    
 


 

പുരുഷാധിപത്യ സമൂഹത്തിലെ മാറ്റങ്ങളിൽ പുരോഗമനചിന്താഗതിയുള്ള പുരുഷന്മാർ വഹിക്കുന്ന പങ്കിനെക്കുറിച്ച്  സിയാഉദ്ധീന് നല്ല ബോധ്യമുണ്ട്. “പുരുഷാധിപത്യ സമൂഹത്തിൽ മാറ്റങ്ങൾ വരും, അത് പുരുഷന്മാരിൽ നിന്നു തന്നെ  വരും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല, നൂറ് വർഷങ്ങൾ കൊണ്ട് ഒരു സ്ത്രീക്ക്  സഞ്ചരിക്കാൻ പറ്റുന്ന ദൂരം അവർ  പുരുഷ പങ്കാളികളുടെയോ സഹോദരന്മാരുടെയോ പിതാവിന്‍റെയോ കൂടെയായാൽ വളരെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് നടന്നു തീർക്കാനാകും” കഴിഞ്ഞ മാർച്ചിൽ ലണ്ടനിൽ വെച്ച് സിയാഉദ്ധീൻ നടത്തിയതാണ് ഈ പ്രസ്താവന.

സിയാഉദ്ധീൻ യൂസഫ്‌സായ് നിരവധി വധ ഭീഷണികൾ നേരിട്ടിട്ടുണ്ട്, പലപ്പോഴും കുടുംബത്തെ സംരക്ഷിക്കാൻ വീട്ടിൽ നിന്നും മാറി താമസിക്കേണ്ടാതായി വന്നിട്ടുണ്ട്. അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് പരിഗണിച്ചിരുന്നെങ്കില്‍ പുരുഷാധിപത്യ സമൂഹത്തിൽ ഗതിക്കെതിരെ നീന്തി സ്ത്രീകളുടെ ഉന്നമനത്തിനും  വിദ്യാഭ്യാസ സമ്പ്രദായത്തിലെ പുരോഗമനത്തിനും വേണ്ടി പ്രവർത്തിക്കുന്ന പുരുഷന്മാരെ പിന്തുണക്കാനും സഹായിക്കാനും ലോകം തയ്യാറാണെന്നുള്ള സന്ദേശം നൽകാൻ സാധിക്കുമായിരുന്നു. മാറ്റത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ തീക്ഷ്ണമായ ത്വര മലാലയെ പോലെ അദ്ദേഹത്തെയും നോബൽ സമ്മാന സ്ഥാനാര്‍ത്ഥിയാവാൻ അർഹനാക്കുന്നുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍