UPDATES

ഓഫ് ബീറ്റ്

രാജന്റെ പ്രവര്‍ത്തിയാണ് അയാളുടെ പരസ്യവും

കൃഷ്ണകുമാര്‍ കെ.കെ
 
കുപ്പിവെള്ളവും രാജനും തമ്മിലെന്താ ബന്ധം? ചാലമാര്‍ക്കറ്റിലുള്ളവര്‍ രാജന്റെആരാണ്. ഈ വകചോദ്യങ്ങള്‍ക്കെല്ലാം രാജന്റെ വക ഒരു പുഞ്ചിരിയായിരിക്കും ലഭിക്കുക. ചാലമാര്‍ക്കറ്റില്‍ രാജന്റെ ആരുമില്ല. എങ്കിലും രാജനും മാര്‍ക്കറ്റിലുള്ളവരും തമ്മില്‍ അഭേദ്യ ബന്ധമാണ്. കാരണം അവിടുത്തെ കച്ചവടക്കാര്‍ക്കെല്ലാം കുടിവെള്ളം നല്‍കുന്നത്‌ രാജനാണ്. നല്ല ശുദ്ധമായ തിളപ്പിച്ചാറ്റിയ വെള്ളം. അതും ദാഹശമനിയിട്ട്. 
 
ആഗോള കുത്തക കമ്പനികള്‍ കുടിവെള്ളം കുപ്പിയിലാക്കി കൂടിയ വിലയ്ക്ക് വില്‍ക്കുമ്പോളാണ് കാരക്കോണം എന്ന നാട്ടുമ്പുറത്ത് ജീവിക്കുന്ന പച്ചയായ മനുഷ്യന്റെ മാതൃകാപരമായ പ്രവര്‍ത്തനം. ഇതില്‍ കളങ്കമില്ലാത്തതുകൊണ്ട്തന്നെ ഇത്രയും വര്‍ഷങ്ങളായി അദ്ദേഹത്തിനിവിടെ പിടിച്ച് നില്‍ക്കാന്‍ കഴിയുന്നു എന്നതാണ്‌ വാസ്തവം. തുടക്കത്തില്‍ ഒരുലിറ്റര്‍ വെള്ളം മൂന്ന്‌ രൂപക്കും രണ്ട് ലിറ്റര്‍ വെള്ളം ആറ്‌ രൂപയ്ക്കുമാണ്‌ വിറ്റിരുന്നത്. എന്നാല്‍ നിവൃത്തിയില്ലാത്തതിനാല്‍ ഇപ്പോളത് അഞ്ചും, പത്തും ആക്കിയതായി രാജന്‍ വ്യക്തമാക്കുന്നു. 
 
ഇത്തരത്തില്‍കഴിഞ്ഞ എട്ട്‌വര്‍ഷമായിചാലയിലും, കിഴക്കേ കോട്ടയിലും കിള്ളിപ്പാലത്തും ഇദ്ദേഹം കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. അടുത്തെല്ലാം സഞ്ചിയിലാക്കി തൂക്കികൊണ്ടുചെന്നാണ്‌ വിതരണം. അകലേക്കാകുമ്പോള്‍ ട്രോളിയില്‍കൊണ്ട്‌ചെന്ന് നല്‍കും. കുടിവെള്ള വിതരണം തുടങ്ങാനുണ്ടായ സാഹചര്യത്തെത്തുറിച്ച്‌ രാജന്‍ പറയുന്നതിങ്ങനെ… 
 
 
തിരുവനന്തപുരത്ത് നിന്നും മുപ്പത് കിലോമീറ്റര്‍ അകലെയുള്ള കാരക്കോണത്ത്‌ ജോണ്‍സന്റെയും വിജയമ്മയുടേയും രണ്ട് മക്കളില്‍ ഇളയവനാണ് രാജന്‍. ഒന്നരവയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു. തുടര്‍ന്നു എല്‍പി സ്‌കൂളില്‍ പ്യൂണായിരുന്ന പിതാവിന്റെ പെന്‍ഷന്‍ മാത്രമായി കുടുംബത്തിന്റെ അത്താണി. എങ്കിലും പത്താം ക്ലാസ്സ്‌വരെ എത്തി. തുടര്‍ന്ന് ചാല ഗാന്ധി ഹോട്ടലില്‍ സപ്ലയര്‍ പണിചെയ്തു. അങ്ങനെ അവിടെ പന്ത്രണ്ട് വര്‍ഷക്കാലം പണിയെടുത്തു. പക്ഷെ നിര്‍ഭാഗ്യം എന്ന് പറയട്ടെ, ഹോട്ടല് പൂട്ടി. ഇതോടെ അനിശ്ചിതത്വത്തിലായ ജീവിതം കരുപ്പിടിപ്പിച്ചത് ചാലക്കമ്പോളത്തിലെ പൂക്കച്ചവടക്കാരാണ്. ഹോട്ടലില്‍
ജോലി നോക്കുന്ന സമയത്ത് ദിവസവും ഒരു പയ്യന്‍ വെള്ളത്തിനായി വരുമായിരുന്നു. വെള്ളം കൊടുക്കുമ്പോള്‍ അവനില്‍ നിന്ന്എന്തെങ്കിലും ചില്ലറയും വാങ്ങുന്ന പതിവുണ്ടായിരുന്നു. ഹോട്ടല്‍ പൂട്ടിയപ്പോള്‍ ഇക്കാര്യമറിയാവുന്ന പൂക്കച്ചവടക്കാരാണ് ഇത്തരത്തിലൊരു ഉദ്യമത്തിന് പ്രേരിപ്പിച്ചത്. നേരത്തെ ഒരാള്‍ക്ക്‌ കൊടുത്തിരുന്നത്‌ വിപുലമായ രീതിയില്‍ കൊടുത്താലെന്താണെന്ന്. അങ്ങനെ അവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തിളപ്പിച്ച വെള്ളം കുപ്പിയിലാക്കി കടക്കാര്‍ക്ക് എത്തിക്കാന്‍ തുടങ്ങിയത്. ആദ്യമെല്ലാം അടുപ്പക്കാര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ വിപുലമായ രീതിയിലായി. ഇപ്പോള്‍ പ്രതിദിനം നൂറ്റമ്പതോളം കുപ്പിവെള്ളം വിറ്റുപോകാറുണ്ടെന്നും രാജന്‍ പറയുന്നു. അതില്‍ ഒരു ലിറ്ററിന്റേയും രണ്ട് ലിറ്ററിന്റേയും കുപ്പികള്‍ ഉള്‍പ്പെടും. രാവിലെഎട്ടരക്ക് തുടങ്ങുന്ന ജലവിതരണം പൂര്‍ത്തിയാകുമ്പോള്‍ ഉച്ച കഴിഞ്ഞ് മൂന്ന് മണിയാകും. അതിന് ശേഷമാണ് കാലിക്കുപ്പികള്‍ തിരിച്ചെടുക്കുന്നതും പൈസ കളക്ട്‌ ചെയ്യുന്നതും. 
 
ആവശ്യക്കാര്‍ വര്‍ദ്ധിച്ചപ്പോള്‍ സൗകര്യങ്ങളും വികസിപ്പിക്കേണ്ടിവന്നു. ചാലയില്‍തന്നെ പരിചയത്തിലുള്ള ഒരു അമ്മച്ചിയുടെ വീടിന്റെ ചെറിയൊരു ചായ്പ് വാടകക്കെടുത്തു. ഇപ്പോള്‍ അവിടെയാണ്‌ വെള്ളംതിളപ്പിക്കലും കുപ്പിയില്‍ നിറയ്ക്കലുമെല്ലാം ചെയ്യുന്നത്. സഹായത്തിനായി ഒരു പയ്യനേയും കൂട്ടി. കിട്ടുന്നതില്‍ പാതി പൈസ ഗ്യാസിനും സഹായിക്കുള്ള കൂലിയുമായി പോകും. ബാക്കിയുള്ള തുകയ്ക്ക് വേണം കുടുംബം കഴിയാന്‍. എങ്കിലും ഭാര്യയും രണ്ട് പെണ്‍മക്കളും അമ്മയുമടങ്ങുന്ന കുടുംബത്തെ അല്ലലില്ലാതെ മുന്നോട്ട്‌കൊണ്ട് പോകാന്‍ കഴിയുന്നുണ്ടെന്ന് രാജന്‍ വ്യക്തമാക്കുന്നു. ഒരു എല്‍ഐസി പോളിസിയല്ലാതെ വേറെ നീക്കിയിരുപ്പൊന്നുമില്ല. മൂത്ത മകള്‍ പ്ലസ് വണിന് പഠിക്കുന്നു. രണ്ടാമത്തെയാള്‍ ഒന്‍പതിലും. 
 
 
വരുമാനത്തേക്കാളുപരി സേവനമാണ്‌ രാജന് ഈ പ്രവൃത്തി. ഭാര്യയുടേയും കുടുംബത്തിന്റെയും പരിപൂര്‍ണ പിന്തുണയും അദ്ദേഹത്തിനിക്കാര്യത്തിലുണ്ട്. ശുദ്ധമായ കുടിവെള്ളം ഏവര്‍ക്കുമെത്തിക്കുക എന്ന ഒരു ചിന്ത മാത്രം. അതുകൊണ്ട് തന്നെയാണ് ഇത്ര വര്‍ഷമായിട്ടും ആരില്‍ നിന്നും പേരിനെങ്കിലും ഒരു പരാതി പോലും കേള്‍ക്കാതെ രാജന് മുന്നോട്ട് പോകാന്‍ കഴിയുന്നതെന്ന് പച്ചക്കറിക്കച്ചവടക്കാരന്‍ വിജയ്‌ സാക്ഷ്യപ്പെടുത്തുന്നു. രാജനെ പിന്തുടര്‍ന്ന്‌ വേറെ പലരും വെള്ളവിപണനവുമായി ചാലയിലെത്തിയിട്ടുണ്ടെങ്കിലും അവര്‍ക്കൊന്നും ഇദ്ദേഹത്തിന്റെയത്ര വിശ്വാസ്യത ആര്‍ജ്ജിക്കാനായിട്ടില്ല.
 
തെരുവില്‍കച്ചവടം നടത്തുന്നവര്‍ക്ക് മാത്രമല്ല മറ്റ് സ്ഥാപനങ്ങളിലുള്ളവര്‍ക്കും രാജന്‍ കുടിവെള്ളമെത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആഗോളകുത്തക കമ്പനിക്കാരന്റെ വിലകൂടിയ കുപ്പിവെള്ളത്തില്‍ നിന്നും ചാലക്കമ്പോളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും മോചിതമാണ്. രാജന്റെ ചേട്ടന്‍ അഗസ്റ്റ്യനും ഈ പ്രവൃത്തിയില്‍ അദ്ദേഹത്തിന് സഹായിയായുണ്ട്.
 
നിശബ്ദവും വിപ്ളകാരവുമായ ഒരു സാമൂഹിക പ്രവര്‍ത്തനമാണ് ഇവിടെ നടക്കുന്നത്. ആഗോള മുതലാളിമാരുടെ വാണിജ്യ താത്പര്യങ്ങളില്‍ കുടുങ്ങിയ ഒരുവിഭാഗത്തിന് ജീവാംശം നഷ്ടപ്പെടാത്ത ശുദ്ധമായ നമ്മുടെ വെള്ളം കൊടുക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ഇത് ഒട്ടും വാണിജ്യതാത്പര്യമില്ലാതെയാണ് അദ്ദേഹം നിര്‍വ്വഹിക്കുന്നത്. ഇവിടെയാണ് നാം ഒരു മനുഷ്യന്റെ മഹത്വം മനസ്സിലാക്കേണ്ടത്. ജലം എത്ര മാലിന്യം കലര്‍ന്നതാണെങ്കിലും അത് കുപ്പിയിലാക്കി കുടിവെള്ളമെന്ന വ്യാജേന വില്‍പ്പന നടത്തുന്നതിന്റെ ദൃശ്യങ്ങളും വാര്‍ത്തകളും സോഷ്യല്‍സൈറ്റുകളടക്കമുള്ള പല മാധ്യമങ്ങളിലും നാം കണ്ടിട്ടുള്ളതാണ്. പ്രത്യേകിച്ചും തിരുവനന്തപുരം പോലൊരു നഗരത്തില്‍. അവിടെയാണ്‌ വെറുമൊരു പത്താം ക്ലാസ്സുകാരന്‍ വലിയ ബ്രാന്റ് നെയിമിന്റേയോ സ്ഥാപനത്തിന്റേയോ പിന്‍ബലമില്ലാതെ തിളപ്പിച്ചാറിയ കുടിവെള്ളം ജനങ്ങളിലേക്കെത്തിക്കുന്നത്. അതും തുച്ഛമായ വിലയ്ക്ക്. 
 
 
ഒരു ഭരണകൂടമോ, ഭരണാധികാരിയോ ഇവന് പിന്‍തുണയോ, പ്രോത്സാഹനമോ നല്‍കുന്നില്ല. കാരണം അന്നന്നത്തെ അന്നത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണയാള്‍. അതിനുള്ള വരുമാനം മാത്രമേ ഓരോ ദിവസവുംഅയാള്‍ സ്വന്തമാക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ തിളക്കമേറിയ ആധുനീക കച്ചവടതന്ത്രമോ, ആളുകളേയും അധികാരികളേയും പാട്ടിലാക്കുന്നതിനുള്ള കണ്‍കെട്ട്‌ വിദ്യയും രാജന് അന്യമാണ്. ഇദ്ദേഹത്തിന്റെ പ്രവൃത്തി തന്നെയാണ് അയാളുടെ പരസ്യവും. അനുഭവിച്ചും, കണ്ടും, കേട്ടുമറിയുന്ന ജനങ്ങള്‍ തനിക്കൊപ്പമുണ്ടാകുമെന്ന വിശ്വാസം. അതിനപ്പുറം ശുദ്ധമായ കുടിവെള്ളം ഏവര്‍ക്കുമെത്തിക്കുക എന്ന നന്‍മയുള്ള ദൗത്യവും. 
 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍