UPDATES

ഇന്ത്യ

രാജന്‍ റിപ്പോര്‍ട്ട് – ഒരു തുറന്ന ചര്‍ച്ച

ടീം അഴിമുഖം 
 
 
രഘുറാം രാജന്റെ ഏറ്റവും പുതിയ വികസന നിര്‍ണയ രീതി ഒരു രാഷ്ട്രീയ ചര്‍ച്ചക്കാണ് വഴി തുറന്നത്. ബിഹാറില്‍ ബി.ജെ.പി – ജനതാദള്‍ യുണൈറ്റഡ് സഖ്യം വേര്‍പിരിയുകയും, ബിഹാറിന് പ്രത്യേക സംസ്ഥാന പദവി വേണമെന്ന് മുഖ്യമന്ത്രി നീതീഷ് കുമാര്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്ത രാഷ്ട്രീയ സാഹചര്യങ്ങള്‍ അവിടെ ഉണ്ടായിരുന്നു. നരേന്ദ്ര മോദി കാടടച്ച് പ്രചരണം തുടങ്ങിയിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ താഴേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്ന സമയം കൂടിയായിരുന്നു അത്. ഇത്തരം സാഹചര്യങ്ങളില്‍ ഉറപ്പായും ചര്‍ച്ചയിലേക്ക് വ്യാപിക്കാവുന്ന വിഷയം ആയതിനാല്‍ വ്യാപകമായി തന്നെ ഇത് ചര്‍ച്ച ചെയ്യപ്പെടുന്നുമുണ്ട്. എന്നാല്‍ നാടിന്റെ വികസനത്തിന് ഒരു പുതിയ മാര്‍ഗരേഖ എന്ന നിലക്കാണോ രാജന്‍റെ വികസന രീതികള്‍ എന്ന കാര്യങ്ങള്‍ കൂടി പരിശോധിക്കേണ്ടതുണ്ട്. അഴിമുഖം ഈ വിഷയത്തില്‍ ഒരു ചര്‍ച്ച തുടങ്ങി വയ്ക്കുകയാണ്. 
 
2010 ല്‍ ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യുമന്‍ ഡെവലപ്‌മെന്റ് ഇനിഷിയറ്റിവും യു എന്‍ ഡി പിയും ചേര്‍ന്ന് രൂപം നല്കിയ ബഹുതല ദാരിദ്ര സൂചിക എന്ന സമ്പ്രദായമാണ് രാജന്‍ നേതൃത്വം നല്കിയ പാനല്‍ സംസ്ഥാനങ്ങളുടെ സാമ്പത്തിക സാമൂഹിക സ്ഥിതി അവലോകനം ചെയ്യാന്‍ ഉപയോഗിച്ചത്. ഈ സൂചികയുടെ അടിസ്ഥാനത്തില്‍ ആകണം ഇനിയങ്ങോട്ട് കേന്ദ്ര ഫണ്ടുകളുടെ വിനിമയം എന്നും രാജന്‍ പറയുന്നു.  
 
ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ ഘടകങ്ങളാണ് പ്രധാനമായും പരിശോധിക്കപ്പെട്ടത്. സ്വാഭാവികമായും കേരളം ഏറെ മുന്നിലാണ്. ഗോവക്ക് തൊട്ട് താഴെ രണ്ടാം സ്ഥാനത്ത്. പഴയ ‘ബീമാരു’ സംസ്ഥാനങ്ങള്‍ക്ക് ഈ സൂചികയിലും വലിയ വ്യത്യാസമൊന്നും ഇല്ല. അവസാന സ്ഥാനത്തേക്ക് മത്സരിക്കുകയാണ് ബീഹാറും, ഉത്തര്‍ പ്രദേശും രാജസ്ഥാനും മധ്യ പ്രദേശും എല്ലാം. താരതമ്യേന മെച്ചം എന്ന പദവി മാത്രമേ മോദിയുടെ ഗുജറാത്തിനുള്ളൂ. ബി ജെ പി ക്ക് വിഷമം വരാന്‍ വേറെ കാരണമൊന്നും വേണ്ടല്ലോ. 
 
പക്ഷെ, രാജന്റെ നിര്‍ണയ രീതി എന്നതിനേക്കാള്‍, അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ് എന്നതാണു മറ്റൊരു കാര്യം. 12 ശതമാനത്തിനു മുകളില്‍ കേന്ദ്ര ഫണ്ട് ഇനി ഉത്തര്‍ പ്രദേശിന് ലഭിക്കുമ്പോള്‍, അര ശതമാനത്തിനു താഴെയാകും കേരളത്തിന്റെ വിഹിതം. ഈ നാട്ടിലെ ബഹുഭൂരിപക്ഷം വസിക്കുന്ന ‘ദരിദ്ര’ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് എന്നതല്ല പ്രശ്‌നം, മറിച്ച്, 120 കോടി ജനങ്ങള്‍ വസിക്കുന്ന രാജ്യത്തെ ഒരേ പാത്രം കൊണ്ട് അളക്കുന്നതാണ്.
 
കേരളത്തിനും തമിഴ് നാടിനും ഒക്കെ പശ്ചാത്തല സൌകര്യങ്ങളുടെ വികസനം ആണ് മുഖ്യം. അതിനൊപ്പം, വ്യവസായവല്ക്കരണം, സാങ്കേതിക വിദ്യകളുടെ ഉപയോഗം, സന്തുലിതമായ വികസനം, പരിസ്ഥിതിക്കുള്ള ഊന്നല്‍ എന്നിവ ആയിരിക്കും സാമൂഹിക രംഗത്തെ നേട്ടങ്ങള്‍ നില നിര്‍ത്താനുള്ള വഴികള്‍. ഇതിനു രാജന്റെ കൈയിലെ പൊടിക്കൈകള്‍ മതിയാവില്ല.  സംസ്ഥാനങ്ങളുടെ പ്രാദേശികമായ ആസൂത്രണത്തില്‍ ഊന്നിയ ഒരു ഫെഡറല്‍ ഫണ്ടിംഗ് രീതിയാണ് നമുക്ക് വേണ്ടത്. കേന്ദ്രം ഒരു ധന വായ്പ നല്കുന്ന ആള്‍ എന്നെ റോളില്‍ നിന്നും മാറി, പ്രാദേശിക സാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഏജന്‍സി ആകണം.
 
രാജന്റെ രീതികള്‍ കേരളത്തിലും ചര്‍ച്ചയുണ്ടാക്കി. 
 
സ്വാതന്ത്ര്യാനന്തരം നമ്മുടെ ശ്രദ്ധ ഹരിത വിപ്ലവത്തിലും അണക്കെട്ട് നിര്‍മാണത്തിലുമായത് വിദ്യാഭ്യാസ മേഖലയെ ബാധിച്ചിട്ടുണ്ട്. ബ്ലാക് ബോര്‍ഡും ചോക്കും വാങ്ങിക്കൊടുക്കുന്നത് അത്ര ചിലവുള്ള കാര്യമായിരുന്നില്ല. എന്നാല്‍ 25 കൊല്ലം മുന്‍പത്തെ അവസ്ഥയില്‍ നിന്നും ഇന്നേറെ മുന്‍പോട്ടു പോയിട്ടുണ്ട്. NRHM, NUHM, SSA, NREGS  എല്ലാംകൂടി ഒരു കൂട്ടായ ഫലം സൃഷ്ടിച്ചിട്ടുണ്ട് എന്നു തന്നെ പറയണം. 10 കൊല്ലം മുന്‍പ് ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നത് പോലെയുള്ള ഒരു പ്രവര്‍ത്തടനം നമ്മുടെ രാജ്യത്തുണ്ടായി. പക്ഷേ അത് വേണ്ടത്ര രീതിയില്‍ ഉയര്‍ന്നു എന്നു പറയാറായിട്ടില്ല – സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം സി പി ജോണ്‍ അഴിമുഖത്തോട് പറഞ്ഞു.  
 
 
നഗരവത്ക്കരണം ദ്രുതഗതിയിലാക്കണം എന്ന കേന്ദ്ര നിര്‍ദേശത്തോടും അദ്ദേഹത്തിന് വ്യത്യസ്തമായ സമീപനമാണ്. ‘നഗരവത്ക്കരണം ഒരു ചീത്തക്കാര്യമല്ല. ഇന്ത്യയില്‍ 51% ജനങ്ങള്‍ ജീവിക്കുന്നത് നഗരങ്ങളിലാണ്. അത്യാധുനികമായ സൌകര്യങ്ങള്‍ വ്യാപിപ്പിക്കുക എന്നതാണ് നഗരവത്ക്കരണം. അര്‍ബന്‍ / റൂറല്‍ എന്നു വിളിക്കുന്നതിനേക്കാള്‍ ‘അര്‍ബന്‍’, ‘അണ്‍-അര്‍ബന്‍’ എന്നു പ്രയോഗിക്കാനാണ് എനിക്കിഷ്ടം. കൂടുതല്‍ കൂടുതല്‍ ആളുകള്‍ നഗരങ്ങളിലേക്ക് നീങ്ങുന്നു എന്നത് വളര്‍ച്ചയുടെ ലക്ഷണം തന്നെയാണ്. കേരളത്തില്‍ നിന്നു നിരവധി ആളുകള്‍ ദുബായി നഗരത്തിലേക്ക്‌ പോയത് നമ്മുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തി. കേരളത്തില്‍ 48% നഗരവത്ക്കരണം നടന്നിട്ടുണ്ട്. ഇന്ത്യയിലിത് 20% ആണ്. നമുക്ക് വേണ്ടത് പോസിറ്റീവ് ആയ നഗരവത്ക്കരണമാണ്. പെര്‍വേര്‍ടഡ് ആയ നഗരവത്ക്കരണമല്ല,’ ജോണ്‍ പറയുന്നു. 
.
നഗരവത്ക്കരണത്തിന് അതിന്റെതായ പ്രശ്‌നങ്ങളുമുണ്ട്. ‘ദലിതുകളും ആദിവാസികളും അരികുകളിലേക്ക് തള്ളപ്പെടുന്നു എന്നതാണ് പ്രശ്‌നം. കേരളത്തില്‍ നിന്നു എത്ര ആദിവാസികള്‍ ദുബായില്‍ പോയിട്ടുണ്ടെന്ന കണക്ക് നോക്കിയാല്‍ മതി. അത് 1 ശതമാനം മാത്രമേ വരികയുള്ളൂ. അര്‍ബന്‍ ഡെവലെപ്‌മെന്റിനെയും റൂറല്‍ ഡെവലെപ്‌മെന്റിനെയും ഒരേതട്ടില്‍ അളക്കരുത്. രണ്ടും രണ്ടാണ്. നഗര വികസനം കൂടുതല്‍ വേഗത്തില്‍ നടകുന്നതുകൊണ്ടാണ് വികസനം നഗര കേന്ദ്രീകൃതമാണെന്ന തോന്നല്‍ ഉണ്ടാകുന്നത്. പക്ഷേ നമ്മുടെ വികസന അന്തരീക്ഷം ഇരുണ്ടതല്ല (Not Gloomy). ഇപ്പോഴത് satisfactory എന്ന നിലയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്,’ ജോണ്‍ പറഞ്ഞു. 
 
കാര്‍ഷിക മേഖലയില്‍ നില്ക്കാന്‍ ആളുകള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ‘കേരളത്തിന്റെ കാര്‍ഷിക വളര്‍ച്ച 9.8 ശതമാനമാണ്. ഇന്ത്യയുടേത് 20ലും താഴെപ്പോയി. കാര്‍ഷിക മേഖലയിലെ വളര്‍ച്ചയ്ക്ക് ഒരു പരിധിയുണ്ട്. ഒരു കോഴി ഒരു സമയം രണ്ട് മുട്ട ഇടില്ല. ഒരു biological limitation കാര്‍ഷിക മേഖലയ്ക്കുണ്ട്. എങ്കില്‍ പോലും കാര്‍ഷിക മേഖലയില്‍ മെച്ചപ്പെട്ട നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഛത്തീസ്ഘഡ്, ജാര്‍ഖണ്ഡ്, ബിഹാര്‍ മേഖലകളില്‍ നെല്ലുത്പാദന കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. 100 മില്യണ്‍ ടണ്‍ ആണ് നമ്മുടെ നെല്ലുതപാദനം. ഗോതമ്പ് 120 മില്യണ്‍ ടണ്‍. പാലിന്റെ കാര്യത്തില്‍ നമ്മള്‍ ചൈനയെക്കാളും മുമ്പില്‍ ഒന്നാം സ്ഥാനത്താണ്. 129 മില്യണ്‍ ടണ്‍. യൂറോപ്യന്‍ രാജ്യങ്ങളെല്ലാം കൂടി 149 മില്യണ്‍ ടണ്‍. മാത്രമേ ഉള്ളൂ,’ അദ്ദേഹം പറഞ്ഞു. 
 
രാജന്റെ സൂചികക്കെതിരെ സി പി ഐ (എം) നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ എല്ലാ താല്‍പ്പര്യങ്ങള്‍ക്കും എതിരാണ് പുതിയ റിപ്പോര്‍ട്ട് എന്നും അത് കേന്ദ്രം തള്ളണമെന്നും മുന്‍ ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടിരിക്കുന്നു. (ഇക്കാര്യത്തില്‍ വിശദമായ അഭിപ്രായം അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിക്കുന്നുണ്ട് ).  
 
 
പ്രമുഖ ജനകീയ വികസന പ്രവര്‍ത്തകന്‍ ആര്‍ വി ജി മേനോന്റെ അഭിപ്രായത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സാമൂഹിക സുരക്ഷയും അടിസ്ഥാന ജീവിതാവശ്യങ്ങള്‍ നിറവേറാനുള്ള സംവിധാനങ്ങളും ഉറപ്പാക്കുക എന്നതിനായിരിക്കണം പരമമായ മുന്‍ഗണന. ‘ജി ഡി പി യുടെ വളര്‍ച്ചയേക്കാള്‍ ജീവിത ഗുണ സൂചികയുടെ വളര്‍ചയ്ക്കായിരിക്കണം  പ്രാധാന്യം കൊടുക്കേണ്ടത്,’ അദ്ദേഹം അഴിമുഖത്തോട് പറഞ്ഞു. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന നഗര കേന്ദ്രീകൃത വികസനത്തെ യഥാര്‍ത്ഥ വികസനമായി കാണാനാകില്ല. ‘ഇതുമൊരു വികസനമാണ്. പക്ഷേ, ഇതല്ല നാമാഗ്രഹിക്കുന്ന വികസനം. അത്, സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതാകണം. അക്കാര്യത്തില്‍ ഇന്ത്യ ശ്രീലങ്കയെക്കാളും മിക്ക രാജ്യങ്ങളേക്കാളും മോശമാണ്,’ മേനോന്‍ പറഞ്ഞു. വിവിധ വികസന സൂചികകളില്‍ പ്രത്യേകിച്ചും ആരോഗ്യം, വിദ്യാഭ്യാസ മേഖലകളില്‍ ഇന്ത്യ പിന്നോക്കമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ‘ഇത് ഇപ്പോഴത്തെ  വികസനത്തിന്റെ പൊള്ളത്തരത്തെയാണ് കാണിക്കുന്നത്. തന്നെയുമല്ല, വലിയൊരു വിഭാഗം ജനങ്ങള്‍ ഇങ്ങനെ പാര്‍ശ്വവത്കരിക്കപ്പെടുന്നത് ഭീകരമായ ക്രമസമാധാന പ്രശ്നങ്ങള്‍ക്കും സാമൂഹിക സംഘര്‍ഷങ്ങള്‍ക്കും വഴിവയ്ക്കുകയും ചെയ്യും,’ മേനോന്‍  മുന്നറിയിപ്പ് നല്‍കുന്നു . 
 
കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം സൂചിക അല്ല പ്രശ്‌നം – എന്‍ എസ് എസ് ഒ, 11 വര്‍ഷം കൂടുമ്പോള്‍ ഉള്ള സെന്‍സസ്, ടെണ്ടുല്‍ക്കര്‍, സക്‌സേന, സെന്‍ഗുപ്ത എന്നിവരുടെയൊക്കെ റിപ്പോര്‍ട്ടുകള്‍ – ഇവയെല്ലാം ജന ജീവിതത്തിലേക്ക് വെളിച്ചം വീശുന്നവയുമാണ്. Socio – Economic census ഉടന്‍ പൂര്‍ത്തിയാവും. സമഗ്രമായ ഒരു രീതി തയ്യാറാക്കാന്‍ ഈ ഡാറ്റ തന്നെ ധാരാളം. വേണ്ടത് ദീര്‍ഘവീക്ഷണവും വികേന്ദ്രീകരണവും ജനാധിപത്യ ബോധവും ആണ്. അല്ലാതെ കൂടുതല്‍ രാജന്‍ രേഖകള്‍ അല്ല.  
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍