UPDATES

കേരളം

ഡാറ്റ സെന്‍റര്‍ വിവാദത്തിന്റെ പിന്നാമ്പുറ കഥകള്‍

ഡാറ്റാ സെന്‍റര്‍ വിവാദത്തിന്റെ പിന്നാമ്പുറ കഥകളെക്കുറിച്ച് വി എസ് അച്ചുതാനന്ദന്‍റെ മുന്‍ ഐ ടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു സംസാരിക്കുന്നു. (തയ്യാറാക്കിയത് സാജു കൊമ്പന്‍)

 

2004-ല്‍ ഐ ടി മിഷന്‍ ഒരു ഇന്‍കുബേഷന്‍ സ്റ്റേജിലായിരുന്ന കാലത്താണ് ഡാറ്റാ സെന്‍ററിന്‍റെ ആദ്യത്തെ ടെന്‍ഡര്‍ വിളിക്കുന്നത് സംബന്ധിച്ച  ഗവണ്‍മെന്‍റ് ഉത്തരവിറങ്ങുന്നത്. സാങ്കേതിക സഹായങ്ങള്‍ക്ക് വേണ്ടി സി-ഡാകിന്‍റെ സഹായമാണ് അന്ന് തേടിയത്. ടെന്‍ഡര്‍ ഡോക്യുമെന്‍റ്സും മറ്റും തയ്യാറാക്കുന്നതിനു വേണ്ടി. ആറ് കമ്പനികളാണ് അപേക്ഷിച്ചത്. അതില്‍ ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍ ഡിഷ്നെറ്റിന്‍റെ ആയിരുന്നു. എന്നാല്‍ ഡിഷ്നെറ്റിനെ ഒഴിവാക്കി അന്ന് കൊടുത്തത് ടാറ്റ ഇന്‍ഫോടെക്കിനാണ്. അതായത് ഇന്നത്തെ ടി സി എസ്. 2008-ല്‍ ടി സി എസിന്‍റെ കാലാവധി കഴിഞ്ഞപ്പോള്‍ റീടെണ്ടറിന് പോയി. ഐ ടി മിഷന്‍ സി ഡാകിനോട് കണ്‍സള്‍ട്ടന്‍സി സേവനം തുടരാന്‍ അപേക്ഷിച്ചെങ്കിലും അവര്‍ തുടരാന്‍ താത്പര്യമില്ല എന്നറിയിക്കുകയായിരുന്നു. പക്ഷേ അന്ന് ഈ കാര്യവുമായി ബന്ധപ്പെട്ടിരുന്ന വ്യക്തികളുടെ സേവനം ആവിശ്യപ്പെട്ടതനുസരിച്ച് അതിനുള്ള അനുവാദം അനൌദ്യോഗികമായി സി ഡാക് തന്നു.

 

2008-ലെ ടെണ്ടറുമായി ബന്ധപ്പെട്ട ഡോക്യുമെന്‍റ്സ് തയാറാക്കിയത് ഐ ടി മിഷന്‍ ആണ്. പുതിയൊരു ഡാറ്റാസെന്‍റര്‍ വരുന്നതുകൊണ്ടു നിലവിലുള്ള ഡാറ്റാസെന്‍റര്‍ അപ്ഗ്രേഡ് ചെയ്യേണ്ട എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ ആന്‍ഡ് മെയിന്‍റെനന്‍സ് എന്ന ആവശ്യത്തിലേക്കാണ് ടെന്‍ഡര്‍ വിളിച്ചത്. സി ഡിറ്റ്, കെല്‍ട്രോണ്‍ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ടെണ്ടര്‍ സമര്‍പ്പിച്ചു. ടി സി എസ്, എച്ച് സി എല്‍ തുടങ്ങിയ കമ്പനികള്‍ ഉണ്ടായിരുന്നു. അന്ന് റിലയന്‍സ് ഉണ്ടായിരുന്നില്ല. സി ഡിറ്റ് നിശ്ചിത സമയത്തിനും 5 മിനിറ്റ് കഴിഞ്ഞിട്ടാണ് ടെന്‍ഡര്‍ സമര്‍പ്പിക്കുന്നത്. അപ്പോഴേക്കും മറ്റ് കമ്പനികള്‍ ബിഡ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഐ ടി മിഷന്‍ ഓഫീസില്‍ എത്തിയിട്ടുണ്ടായിരുന്നു. അവരുടെ പ്രതിഷേധം രേഖപ്പെടുത്തികൊണ്ട് ഐ ടി മിഷന്‍ സി ഡിറ്റിന്‍റെ പ്രൊപോസല്‍ സ്വീകരിച്ചു. നിയമപരമായി സാധുതയില്ലാത്തതിനാല്‍ സി ഡിറ്റിന്‍റെ ടെണ്ടറിന് പിന്നീട് അയോഗ്യത കല്‍പ്പിക്കുകയായിരുന്നു.

 

ടെണ്ടര്‍ പരിശോധന സമിതിയില്‍ സി ഡാക്, എന്‍ ഐ സി എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോ അംഗങ്ങളും ഐ ടി സെക്രട്ടറിയുമാണ് ഉണ്ടായിരുന്നത്. കെല്‍ട്രോണ്‍ സമര്‍പ്പിച്ച പല ഡോകുമെന്‍റ്സുകളും അപൂര്‍ണമായതുകൊണ്ട് പിന്നീട് അവരും ഡിസ്ക്വാളിഫൈ ചെയ്യപ്പെടുകയായിരുന്നു. എച്ച്സിഎല്‍ (4.97 കോടി), ടിസി എസ് (4.99 കോടി) എന്നീ കമ്പനികള്‍ ആയിരുന്നു കുറഞ്ഞ തുക ക്വോട് ചെയ്തത്. അതില്‍ ടെന്‍ഡര്‍ നിബന്ധനകള്‍ പ്രകാരം കുറവ് എച്ച് സി എലിന്റെതായതുകൊണ്ട് അവരെയാണ് പര്‍ഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ ടെണ്ടറിന് പുറത്തുള്ള കാരണങ്ങളുടെ അടിസ്ഥാനത്തില്‍ ടി സി എസിന് തന്നെ ടെണ്ടര്‍ നല്കാന്‍ തീരുമാനിക്കുകയായിരുന്നു. അവരുമായി സംസാരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കുറഞ്ഞ തുകയില്‍ ടി സി എസ് വര്‍ക് ഏറ്റെടുത്തു. എന്നാല്‍ എച്ച് സി എല്‍ എതിര്‍പ്പുമായി രംഗത്തെത്തി. ടെണ്ടറിന് പുറത്തുള്ള കാരണങ്ങള്‍ വെച്ച് തങ്ങളെ വിലയിരുത്തരുത് അവര്‍ വാദിച്ചു. നിയമപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി വീണ്ടും ടെണ്ടര്‍ വിളിക്കുക എന്ന നടപടിയിലേക്ക് ഐ ടി മിഷന്‍ പോവുകയായിരുന്നു.

 


ജോസഫ് സി മാത്യൂ

 

റീ ടെണ്ടറിന് പോയ സമയത്ത് നിബന്ധനകളില്‍ ചില മാറ്റങ്ങള്‍ വരുത്തി. അവിടം മുതലാണ് സംശയങ്ങള്‍ ഉന്നയിക്കുന്നവര്‍ പറഞ്ഞു തുടങ്ങുന്നത്. ടെണ്ടറില്‍ മാറ്റം വരുത്തിയതു രണ്ടു രീതിയിലാണ്. നിലവിലുള്ളത് അപ്ഗ്രേഡ് ചെയ്താല്‍ മതി എന്ന വാദം ഉയര്‍ന്നു. പുതിയതൊന്നുണ്ടാക്കുന്നത് പഴയതിനെ അപ്ഗ്രേഡ് ചെയ്യുന്നതിനേക്കാള്‍ പത്തു മടങ്ങ് ചിലവ് കൂടുതലാണ്. അത് സാങ്കേതികമായി ശരിയാണ് താനും. അങ്ങനെ അപ്ഗ്രേഡ് ചെയ്യുന്നതും കൂടി ഉള്‍പ്പെടുത്തി ടെണ്ടറില്‍ മാറ്റം വരുത്തി. അത് ആവശ്യമുണ്ടോ ഇല്ലയോ എന്നുള്ളത് ഡിബേറ്റ് ചെയ്താല്‍പ്പോലും അത് ഐ ടി മിഷന്റെ തീരുമാനമായിരുന്നു. ആദ്യത്തെ ടെണ്ടറില്‍ പങ്കെടുത്ത എല്ലാവരും രണ്ടാമത്തെ ടെണ്ടറില്‍ യോഗ്യത നേടുകയും ചെയ്തു.

രണ്ടാമത്തേതാണ് വലിയ തര്‍ക്കവിഷയമായത്. ഇതുപോലൊരു ഡാറ്റാ സേന്‍റര്‍ നടത്തി 2 വര്‍ഷമെങ്കിലും പരിചയം വേണം എന്നൊരു നിബന്ധന ആദ്യം ഉണ്ടായിരുന്നു. പ്രീ ക്വാളിഫികേഷന്‍ നിബന്ധനകള്‍ കൂടുതല്‍ ലളിതമാക്കിയത് റിലയന്‍സിനെ സഹായിക്കാനെന്നാണ് വാദം. ആദ്യത്തെ ടെണ്ടറില്‍ റിലയന്‍സിന് പങ്കെടുക്കാന്‍ കഴിയാതിരുന്നത് ഈ നിബന്ധന ഉള്‍പ്പെടുത്തിയിരുന്നതുകൊണ്ടാണെന്നും അവര്‍ക്ക് വേണ്ടിയാണ് നിബന്ധനകളില്‍ മാറ്റം വരുത്തിയതെന്നും വിമര്‍ശനം ഉന്നയിക്കപ്പെട്ടു. എന്നാല്‍ ഇവര്‍ പറയുന്നതില്‍ യാതൊരു കഴമ്പുമില്ല എന്നതാണ് സത്യം. ആദ്യ ടെന്‍ഡര്‍ വിളിക്കുന്ന സമയത്തും ഇത്തരമൊരു ഡാറ്റാ സെന്‍റര്‍ നടത്തി റിലയന്‍സിന് പരിചയം ഉണ്ട്. ഇത് പരിശോധിക്കാന്‍ വലിയ അന്വേഷണ ഏജന്‍സിയോന്നും വേണ്ട. ഇതൊരു പബ്ലിക് ഇന്‍ഫമേഷനാണ്. അത് മറച്ചുവെച്ചുകൊണ്ടാണ് അവര്‍ ഈ വാദം ഉയര്‍ത്തുന്നത്. ഞാനൊരുപാട് മാധ്യമങ്ങളില്‍ ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. ഇതാരും കണ്ടെത്താന്‍ ശ്രമിക്കുന്നില്ല. അപ്പോള്‍ എന്താ മനസിലാക്കേണ്ടത്. ആരോപണം തെളിയിക്കുകയല്ല വിവാദം നിലനിര്‍ത്തുകയാണ് വിമര്‍ശകരുടെ ലക്ഷ്യം. യഥാര്‍ത്ഥത്തില്‍ ആ നിബന്ധന ആരെയെങ്കിലും സഹായിക്കുമായിരുന്നെങ്കില്‍ അത് നമ്മളുടെ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളെയായിരുന്നു. പക്ഷെ രണ്ടാമത്തെ തവണ സി ഡിറ്റ് ടെന്‍ഡര്‍ സമര്‍പ്പിച്ചില്ല. എന്തുകൊണ്ട് സമര്‍പ്പിച്ചില്ല എന്നു ആരും പറയുന്നില്ല. അതുപോലെ തന്നെ 2004 ല്‍ കുറഞ്ഞ ടെന്‍ഡര്‍ ഒഴിവാക്കിയാണ് ടാറ്റയ്ക്ക് കൊടുത്തതെന്ന കാര്യം വിമര്‍ശകര്‍ ബോധപൂര്‍വം മറക്കുന്നു.

 

മറ്റൊരു പ്രധാന ആരോപണം മസ്തിഷ്ക്ക ചോര്‍ച്ച നടക്കും എന്നുള്ളതാണ്. എന്നാല്‍ ടെണ്ടര്‍ പ്രകാരം ഫസിലിറ്റി മാനേജ് ചെയ്യാനുള്ള അധികാരമേ കമ്പനിക്ക് നല്‍കുന്നുള്ളൂ. ഡാറ്റ അഡ്മിനിസ്ട്രഷന്‍ ഇല്ല. ഈ ഗവണ്‍മെന്‍റ് വന്നതിന് ശേഷം ഉദ്ഘടനം ചെയ്ത ടെക്നോപാര്‍കിലെ ഡാറ്റാ സെന്‍റര്‍ സിഫിയാണ് മാനേജ് ചെയ്യുന്നത്. അതിലാണ് ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥരുടെ ശമ്പളവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പൌരന്മാരുടെ ജനന-മരണ രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ എല്ലാം ഉള്ളത്. 24 തരം സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അവിടെയുണ്ട്. അതിനെകുറിച്ചൊന്നും ആരും വേവലാതിപ്പെടുന്നത് കാണുന്നില്ല. പാസ്പോര്‍ടുമായി ബന്ധപ്പെട്ട് വിരലടയാളങ്ങളും മറ്റും എടുക്കുന്ന പണി ടി സി എസിന് കൊടുത്തിരിക്കുകയാണ് കേന്ദ്ര ഗവണ്‍മെന്‍റ്. അധാര്‍ കാര്‍ഡ് ആരാണ് ചെയ്യുന്നത്? എന്നിട്ടാണ് കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ ഈ വാദം ഉന്നയിക്കുന്നത്.

 

മറ്റൊരു ഹിപ്പോക്രസിയുടെ തെളിവാണ് എന്തിന് ടെന്‍ഡര്‍ വിളിച്ചു എന്ന അവരുടെ ചോദ്യം. ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി കെല്‍ട്രോണിന് കൊടുത്തതുപോലെ പൊതുമേഖല സ്ഥാപനത്തിന് കൊടുത്താല്‍ പോരായിരുന്നോ എന്നാണ് ചോദിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നടത്തിക്കൊണ്ട് പോകുക എന്നുള്ള ചുമതല മാത്രമേ കെല്‍ട്രോണിനുള്ളൂ. 2004 ലും 2008 ലും കെല്‍ട്രോണ്‍ യോഗ്യമല്ല എന്നും കണ്ടെത്തിയിരുന്നു. 2009ല്‍ റിലയന്‍സിന് കൊടുത്തത്തിന് ശേഷം ഇത് ഇങ്ങനെ പോയാല്‍പ്പോരാ, നമുക്ക് സ്വന്തമായി നടത്തിക്കൊണ്ടുപോകുന്നതിനുള്ള കഴിവ് വളര്‍ത്തിക്കൊണ്ടുവരണം എന്ന തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ 2009ല്‍ തന്നെ ഡാറ്റസെന്‍റെര്‍ നടത്താന്‍ വൈദഗ്ദ്യമുള്ള 13 പേരെ കണ്ടെത്താനുള്ള നോടിഫിക്കേഷന്‍ ഇറക്കിയിരുന്നു. യോഗ്യരായവരെ കണ്ടെത്താന്‍ അന്ന് കഴിഞ്ഞില്ല. പക്ഷേ ആ പ്രോസസ്സ് തുടര്‍ന്നില്ല എന്നത് ഐ ടി മിഷന്‍റെ വലിയ പോരായ്മയാണ്. മൂന്നാമത്തെ കാര്യം ടെന്‍ഡര്‍ വ്യവസ്ഥകളില്‍ ക്രമക്കേടുണ്ട് എന്നുള്ള ആരോപണമാണ്. അത് ഇതുവരെ അവര്‍ക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

 

ഇതില്‍ നിന്നെല്ലാം മനസിലാകുന്നത് വി എസിനെ ലക്ഷ്യം വച്ച് ആരോപണം ഉയര്‍ത്തിക്കൊണ്ടുവരിക എന്നല്ലാതെ വേറെ ഉദ്ദേശമൊന്നും ഇവര്‍ക്കുണ്ടായിരുന്നില്ല എന്നാണ്. സംസ്ഥാനത്തിന്‍റെ നഷ്ടം എന്താണെന്ന് വസ്തുതകള്‍ നിരത്തി പറയാന്‍ ഇവര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്തായാലും ആരോപണം ഉയര്‍ത്തപ്പെട്ട സാഹചര്യത്തില്‍ അത് അന്വേഷിക്കപ്പെടുക തന്നെ വേണം. അത് ആരോപണ വിധേയരാകുന്നവരുടെ ആവശ്യം കൂടിയാണ്.

 

2011ലാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇപ്പോള്‍ 2 വര്‍ഷമാകുന്നു. അതിന്‍റെ ഗതി എന്താണെന്ന് പൊതുജനങ്ങളറിയേണ്ടേ? പൊതുജനങ്ങളുടെ പണം ഉപയോഗിച്ചല്ലേ ഈ അന്വേഷണമൊക്കെ നടത്തുന്നത്. വിജിലന്‍സിന് ഒന്നുംകണ്ടു പിടിക്കാന്‍ പറ്റിയില്ലെങ്കില്‍ അത് പറയട്ടെ. അന്വേഷണത്തില്‍ തൃപ്തരല്ലാത്തതുകൊണ്ട് സി ബി ഐക്ക് വിടുന്നു എന്ന് തീരുമാനിച്ചാല്‍ മതിയല്ലോ. അന്വേഷണം ഇപ്പൊഴും നടന്നുകൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്. കാര്യമെന്താണെന്ന് വെച്ചാല്‍ തീര്‍ന്നെന്ന് പറഞ്ഞാല്‍ വിവരവകാശ നിയമ പ്രകാരം നമുക്കതിന്‍റെ രേഖകള്‍ തരേണ്ടിവരും. മാത്രമല്ല വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ എങ്ങനെയാണ് സി ബി ഐ അന്വേഷണം നടത്താന്‍ സാധിക്കുക.

 

ഇനി ഇതിന്‍റെ രാഷ്ട്രീയ വശം നോക്കുക. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കമല്ലാതെ മറ്റെന്താണ് ഇപ്പോഴത്തെ ബഹളത്തിന് പിന്നില്‍. ഇപ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ലക്ഷ്യം. 20 മാസമായിട്ടും എന്തുകൊണ്ട് നോട്ടിഫികേഷന്‍ ഇറക്കിയില്ല എന്നാണ് ചോദിക്കുന്നത്. ക്യാബിനറ്റ് പാസാക്കിയാല്‍ അല്ലേ നോട്ടിഫികേഷന്‍ ഇറക്കാന്‍ പറ്റൂ. എന്തുകൊണ്ടാണ് ക്യാബിനറ്റ് പാസാക്കാത്തത്. അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്മെന്‍റായ ഐ ടി മിഷന്‍ ആണ് ക്യാബിനറ്റില്‍ കൊണ്ടുവരേണ്ടത്. മാര്‍ച്ച് 6നു തന്നെ മുഖ്യമന്ത്രി നോട്ടെഴുതി ഐ ടി വകുപ്പിലേക്ക് വിട്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഐ ടി വകുപ്പ് ഫയല്‍ ക്യാബിനറ്റിലേക്ക് വിട്ടത് സെപ്ടെംബര് 25നോ മറ്റോ ആണ്. അപ്പോള്‍ ഇവിടെ കുറ്റവാളി ഐ ടി വകുപ്പാണ്. അങ്ങിനെയെങ്കില്‍ ഒത്തുകളി നടത്തിയത് കുഞ്ഞാലിക്കുട്ടിയും വീ എസുമാണ്. അത് പറയാന്‍ എന്താ മടി. കുഞ്ഞാലിക്കുട്ടി ലക്ഷ്യമല്ല എന്നതുകൊണ്ടു തന്നെ. മാത്രമല്ല കുഞ്ഞാലിക്കുട്ടിയും വി എസും ഒത്തുകളിച്ചെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ?

 

പി സി വിഷ്ണുനാഥ് കൊടുത്ത ഒരു കത്തിന്‍റെ പുറത്താണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇപ്പോ പറയുന്നു അങ്ങനെയൊരു അന്വേഷണം നടക്കുന്നുണ്ട് എന്നതിനെ ക്കുറിച്ച് അവര്‍ക്ക് ഒരു വിവരവുമില്ലെന്ന്. ചാനലുകളില്‍ വന്നിരുന്നു പറയുന്നതാണ് ഇത്. അതില്‍ നിന്നെന്താണ് മനസിലാക്കേണ്ടത്. കത്ത് കൊടുത്തവര്‍ക്ക് ഇതിന്‍റെ പരിണിതഫലമെന്താണെന്ന് അന്വേഷിക്കേണ്ടതിന്‍റെ യാതൊരു ബാധ്യതയുമില്ലേ? ക്വൊട്ടേഷന്‍ സംഘങ്ങളെപ്പോലെ പ്രവര്‍ത്തിക്കുകയാണോ ഇവര്‍. ആക്രമിക്കുക. പിന്നെ എന്തു പറ്റുന്നു എന്നതിനെക്കുറിച്ച് യാതൊരു ചിന്തയുമില്ല.

 

സി ബി ഐ അന്വേഷണത്തിന് വേണ്ടി മുഖ്യമന്ത്രി ഒരു കത്തുപോലും അയച്ചിട്ടില്ല. മുഖ്യമന്ത്രി ഫയലില്‍ എഴുതിയാല്‍ സി ബി ഐ അറിയില്ലല്ലോ. കോടതിയില്‍ പറഞ്ഞത് ഗവണ്‍മെന്‍റ് സി ബി ഐക്ക് വിടാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ്. സി ബി ഐ അന്വേഷണത്തിന് തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഫയല്‍ കൊണ്ടുവരാന്‍ കോടതി ആവശ്യപ്പെട്ടു. ക്യാബിനറ്റ് തീരുമാനിച്ചില്ലെങ്കില്‍ പിന്നെ ആരാണ് തീരുമാനിച്ചത്. തീരുമാനം ഐ ടി ഡിപ്പാര്‍ട്മെന്‍റില്‍ കിടക്കുകയാണ്. ഇതിനിടയില്‍ അറ്റോര്‍ണി ജനറലിനെ ചുമതല ഏല്‍പ്പിച്ചത് ഗവണ്‍മെന്‍റ് എടുത്ത മറ്റൊരു പ്രധാന തീരുമാനമാണ്. ഈ അറ്റോര്‍ണി ജനറലിനോടു കോടതിയില്‍ എന്തു തീരുമാനമാണ് എടുക്കേണ്ടത് എന്നു സ്റ്റേറ്റ് പറഞ്ഞില്ല എന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? എന്താണ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞത്. മുഖ്യമന്ത്രിയുമായി ഞാന്‍ സംസാരിച്ചു. ഈ കേസ് തുടരുന്നതില്‍ യാതൊരു കാര്യവുമില്ല എന്ന വസ്തുത ഞാന്‍ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എന്‍റെ അഭിപ്രായം അംഗീകരിച്ചു. ഞങ്ങള്‍ ഈ കേസില്‍ നിന്നു പിന്‍വാങ്ങുകയാണ്. കേസ് അവസാനിപ്പിക്കാന്‍ വേണ്ടി തുനിഞ്ഞ കോടതി പിന്നീട് സംസ്ഥാന ഗവണ്‍മെന്‍റ് ഒരു സത്യവാങ്മൂലം കൂടി നല്‍കണമെന്ന് പറയുകയായിരുന്നു. കാരണം ജഡ്ജിക്ക് ഇവിടത്തെ രാഷ്ട്രീയ സ്ഥിഗതികള്‍ അറിയാം. മാത്രമല്ല അറ്റോര്‍ണി ജനറല്‍ നേരത്തെയും കുഴപ്പങ്ങളില്‍ ചാടിയിട്ടുള്ള ആളാണ്. ഇപ്പോഴത്തെ സത്യവാങ്മൂലത്തില്‍ എന്താ പറയുന്നത്. അറ്റോര്‍ണി ജനറല്‍ ഇങ്ങനെ ഉപദേശിച്ചെങ്കിലും ഞങ്ങളുടെ തീരുമാനം അന്വേഷണം തുടരണമെന്നാണ്.

അപ്പോള്‍ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞത് കള്ളമാണോ?

 

ഇതിനകത്ത് ഒരു കള്ളക്കളി നടക്കുന്നുണ്ട്. ഇവര്‍ ഈ കേസ് മുന്‍പോട്ട് കൊണ്ടുപോകാന്‍ പോകുന്നില്ല. കാരണം കേസ് നടത്തിയാല്‍ ഒരു ഏജന്‍സിക്കും ഇതിലെന്തെങ്കിലും പ്രശ്നമുണ്ടെന്ന് കണ്ടുപിടിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. സി ബി ഐ ഒറ്റ ആഴ്ചകൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കി കേസ് അവസാനിപ്പിക്കും എന്നാണ് എന്‍റെ ഉറച്ച വിശ്വാസം.

 

ഇനി നന്ദകുമാറിന്‍റെ കാര്യം. എവിടെ നിന്നാണ് അയാള്‍ വന്നത്. ഇയാളെയും വി എസിനെയും ചേര്‍ത്ത് ആരോപണങ്ങള്‍ നിര്‍മ്മിക്കുകയാണ്. റിലയന്‍സിന്റെ പേ റോളിലുള്ളയാളാണെന്ന് കേട്ടയുടനെ തുടങ്ങി കഥകള്‍ ഉണ്ടാക്കല്‍. റിലയന്‍സ് ഫ്രഷും റിലയന്‍സ് കമ്യൂണിക്കേഷന്‍സും രണ്ട് അംബാനിമാരുടേതാണെന്ന് ഇവര്‍ക്ക് അറിയാഞ്ഞിട്ടാണോ? ആരോപണം ഉന്നയിക്കുന്നവര്‍ക്ക് അതൊന്നും അന്വേഷിക്കേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്താല്‍ ഇതവസാനിച്ചു പോകും. എനിക്കു തോന്നുന്നത് നന്ദകുമാര്‍ കിട്ടിയ അവസരം മുതലെടുത്ത് സ്വയം മാര്‍ക്കറ്റ് ചെയ്യുകയാണെന്നാണ്. കഴിഞ്ഞ ദിവസം ഒരു ടി വി ചാനലില്‍ പറയുന്നതു കേട്ടത് താന്‍ രാഹുല്‍ ഗാന്ധിയോടൊന്നിച്ചു പാരീസിലേക്ക് യാത്ര നടത്തിയിട്ടുണ്ടെന്ന്. അതിനെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കന്മാര്‍ എന്തെങ്കിലും പറയുന്നത് കേട്ടില്ല. പിന്നെ അയാള്‍ കോടതിയില്‍ പോയ കാര്യം. തനിക്കെതിരെ തെറ്റായ കുറ്റമാണ് ആരോപിച്ചിരിക്കുന്നതെന്ന് കോടതിയില്‍ തെളിയിക്കാനുള്ള അവകാശം ഏതൊരു പൌരനുമുണ്ടല്ലോ.

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍