UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

വോട്ട് : അപ്പോള്‍ ഇഷ്ടമില്ലാത്തവരെ എന്തു ചെയ്യും?

വി.കെ ശശിധരന്‍
 
 
വാസ്തവത്തില്‍ എന്താണ് വോട്ട്?  സമ്മതിയാണത്.  തനിക്ക് സമ്മതനായ ‘ഒരാളെ’ തെരഞ്ഞെടുക്കാനുള്ള സമ്മതി. ഈ അര്‍ത്ഥത്തില്‍ നോക്കിയാല്‍ തനിക്കിഷ്ടപ്പെടാത്തവരെക്കുറിച്ച് സൂചിപ്പിക്കാനുള്ളതല്ല സമ്മതിദാനം. നാം നടത്തുന്നത് തെരഞ്ഞെടുപ്പാണ്, തിരസ്‌കാരമല്ല. അതിനാല്‍ നിഷേധവോട്ട് എന്നത് നിലവിലുള്ള തെരഞ്ഞെടുപ്പിന്റെ ഭാഗമാവുന്നില്ല.
 
പക്ഷെ, സുപ്രീംകോടതിയുടെ നിര്‍ദ്ദേശം നിഷേധവോട്ടിനുള്ള അവകാശവുംകൂടി പൗരന് നല്‍കണമെന്നാണ്. അതിന് സുപ്രീംകോടതി പരിഗണിക്കുന്ന മൂര്‍ത്ത സാഹചര്യങ്ങളുണ്ട്. ആ കണ്ടെത്തലുകളോട് എനിക്ക് യോജിപ്പാണുള്ളത്. അതവിടെ നില്‍ക്കട്ടെ. പാര്‍ലമെന്‍ററി ജനാധിപത്യത്തിന്റെ അന്തഃസത്തയില്‍ ഊന്നിക്കൊണ്ടാണ് പൗരാവകാശത്തെക്കുറിച്ച് സുപ്രീംകോടതി സ്വന്തമായ നിര്‍ദ്ദേശമുണ്ടാക്കിയത് എന്നതിലും എനിക്ക് അഭിപ്രായവ്യത്യാസമില്ല. എന്നാല്‍ പൗരന്റെ അവകാശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനുമുള്ള ഒരു സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനെക്കുറിച്ച് ഇത്തരമൊരഭിപ്രായം പറയാന്‍ ജുഡീഷ്യറിക്കല്ല അധികാരം എന്നാണ് സാമൂഹ്യപാഠത്തിലൂടെ ഞാന്‍ ധരിച്ചുവെച്ചിട്ടുള്ളത്. അതുകൊണ്ട് കോടതി നിര്‍ദ്ദേശത്തിന്റെ നൈതികതയിലേക്കും ഞാന്‍ കടക്കുന്നില്ല.  
 
ഒരു വോട്ടറുടെ കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ട് എന്റെ പരിഗണനാ വിഷയങ്ങള്‍ മാത്രം അവതരിപ്പിക്കാനാവശ്യപ്പെട്ടാല്‍ ഞാന്‍ പറയും, എനിക്കിഷ്ടമില്ലാത്ത സ്ഥാനാര്‍ത്ഥികളെ ചൂണ്ടിക്കാണിച്ച് നിഷേധിക്കാനുള്ള അവസരം എനിക്ക് വേണം. അതും എന്റെ അവകാശമാണ്. കാരണം, സ്ഥാനാര്‍ത്ഥിയാവണമെന്ന് തീരുമാനിക്കുന്നത് അതത് സ്ഥാനാര്‍ത്ഥികള്‍ തന്നെയാണ്. അവര്‍ക്ക് ടിക്കറ്റ് കൊടുക്കുന്നതും പിന്തുണ നല്‍കുന്നതും ചിഹ്നമനുവദിക്കുന്നതുമെല്ലാം രാഷ്ട്രീയ കക്ഷികളായിരിക്കാം. ഇക്കാര്യത്തില്‍ വോട്ടറായ എനിക്ക് ഒന്നും ചെയ്യാനില്ല. എന്നാല്‍ പോളിങ്ങ് ബൂത്തില്‍ ചെല്ലുമ്പോള്‍, എന്റെ മുന്നില്‍ വരുന്ന പത്തോ പതിനഞ്ചോ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍നിന്ന് എനിക്കറിയാവുന്ന, തെരഞ്ഞെടുക്കപ്പെടണമെന്ന് ഞാനാഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുക മാത്രമല്ല, എനിക്കറിയുന്ന, തെരഞ്ഞെടുക്കപ്പെടരുതെന്ന് ഞാനാഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിയെ നിഷേധിക്കാനും എനിക്ക് അവസരം വേണം.  സാങ്കേതികവല്‍ക്കരിക്കപ്പെട്ട തെരഞ്ഞെടുപ്പ് രീതി അതിനുള്ള പ്രായോഗിക വഴിയും ഒരുക്കുന്നുണ്ട്.  അതൊന്ന് വിശദീകരിക്കാം.
 
 
പത്തോ പതിനഞ്ചോ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റില്‍നിന്നാണ് എനിക്ക് ഒരാളെ തെരഞ്ഞെടുക്കാനുള്ളത്. എല്ലാവരെയും എനിക്ക് അറിയുക പോലുമില്ല. അതുകൊണ്ടുതന്നെ എല്ലാവരും കൊള്ളരുതാത്തവരാണ് എന്ന് അടച്ച് പറയാന്‍ എനിക്കാവില്ല. എന്നാല്‍, ഒരിക്കലും തെരഞ്ഞെടുക്കപ്പെടരുത് എന്ന് ഞാന്‍ വിശ്വസിക്കുന്ന ആരെങ്കിലുമൊക്കെ ഈ ലിസ്റ്റിലുണ്ടെങ്കില്‍ അവര്‍ക്കെതിരെ നിഷേധ വോട്ട് രേഖപ്പെടുത്താന്‍ സംവിധാനം വേണം. അതായത്, സുപ്രീംകോടതി പറഞ്ഞതുപോലെ ‘ഒന്നുകില്‍ ഒരാളെ തെരഞ്ഞെടുക്കുക, അല്ലെങ്കില്‍ എല്ലാവരെയും നിഷേധിക്കുക’ എന്ന സമീപനം പോരെന്നാണ് എന്റെ അഭിപ്രായം. ഒരേ സമയംതന്നെ തെരഞ്ഞെടുക്കപ്പെടേണ്ട വ്യക്തിയെയും തെരഞ്ഞെടുക്കപ്പെടരുതാത്ത വ്യക്തികളെയും ചൂണ്ടിക്കാണിക്കാന്‍ വോട്ടര്‍ക്ക് കഴിയണം.
 
അതായത്, വോട്ടിങ്ങ് യന്ത്രത്തില്‍ ഓരോ പേരിനു നേരെയും വോട്ടിങ്ങിനും നിഷേധ വോട്ടിങ്ങിനും ബട്ടണുകള്‍ വേണം. ഓരോ വോട്ടര്‍ക്കും ഒരു സ്ഥാനാര്‍ത്ഥിക്കു മാത്രം വോട്ട് രേഖപ്പെടുത്താനും ഏത് സ്ഥാനാര്‍ത്ഥിക്കെതിരെയും നിഷേധ വോട്ട് രേഖപ്പെടുത്താനും കഴിയണം. ഒരു വോട്ടര്‍ ഒരേ സ്ഥാനാര്‍ത്ഥിക്കുതന്നെ വോട്ടും നിഷേധവോട്ടും ചെയ്താല്‍ ആ വോട്ട് അസാധുവായി കണക്കാക്കാവുന്നതാണ്. ‘ഇലക്‌ട്രോണിക് യന്ത്രത്തില്‍ അസാധുവില്ല’ എന്ന പഴയ രീതി ഉപേക്ഷിക്കാമെന്നര്‍ത്ഥം. വോട്ടര്‍ വോട്ടിങ്ങ് രീതി വേണ്ടത്ര മനസ്സിലാക്കിയില്ലെങ്കില്‍ അസാധു വോട്ടുകളുടെ എണ്ണം സ്വാഭാവികമായും വര്‍ധിക്കും. ഇനി, അസാധു വേണ്ടെന്നാണെങ്കില്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിക്കു നേരെ നിഷേധവോട്ട് രേഖപ്പെടുത്താന്‍ കഴിയാത്തവിധം വോട്ടിങ്ങ് യന്ത്രം ക്രമീകരിച്ചാല്‍ മതിയാവും.
 
  
 
ഓരോ സ്ഥാനാര്‍ത്ഥിക്കും കിട്ടിയ ആകെ വോട്ടില്‍നിന്ന് ആകെ നിഷേധവോട്ട് കുറച്ചാല്‍ കിട്ടുന്നതായിരിക്കും ആ സ്ഥാനാര്‍ത്ഥിയുടെ സഫല വോട്ട്.  ഇത്രയുംകാലം ക്വാണ്ടിഫൈ ചെയ്തുകൊണ്ടിരുന്ന തെരഞ്ഞെടുപ്പിനെ സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ ബലത്തില്‍ ക്വാളിഫൈ ചെയ്യാനുള്ള അവസരമാണിത്. അതായത്, കേവലം യാന്ത്രികമായല്ലാതെ, കൂടുതല്‍ അര്‍ത്ഥപൂര്‍ണമായി ഞാനെന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നു.
 
ഇതെല്ലാം പറയുമ്പോഴും, നിഷ്‌ക്രിയമാവുന്ന പാര്‍ലമെന്‍റിലേക്ക് ജുഡീഷ്യറി നടത്തുന്ന കടന്നുകയറ്റത്തെ ന്യായീകരിക്കാന്‍ വയ്യ. അതുപോലെ, സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ പ്രായോഗികമാക്കുമ്പോള്‍ കൊണ്ടുവരാവുന്ന ഇത്തരം കൂട്ടിച്ചേര്‍ക്കലുകള്‍ ആര്, എവിടെ ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്നതും പ്രശ്‌നമാണ്. ആ ചര്‍ച്ച നടക്കേണ്ടതും പാര്‍ലമെന്റിലാണ്. ഇത്തരം പ്രഹേളികകളിലേക്ക് സുപ്രീംകോടതിയുടെ വിധി രാഷ്ട്രത്തെ കൊണ്ടെത്തിക്കുന്നു എന്ന സ്ഥിതി ഒട്ടും ആശാസ്യമല്ല. വാസ്തവത്തില്‍ തെരഞ്ഞെടുത്തവരെ തിരിച്ചുവിളിക്കാനുള്ള അവകാശംകൂടി ജനങ്ങള്‍ക്ക് നല്‍കേണ്ടതാണ്. നിയമനിര്‍മ്മാണ സഭകളില്‍ ക്രിമിനലുകള്‍ വേണ്ട എന്നു പറയാനും നമുക്ക് സുപ്രീംകോടതിയേയുള്ളു എന്ന സ്ഥിതി എത്ര പരിതാപകരമാണ്!
 
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍