UPDATES

ഇന്ത്യ

ആരു വന്നാലും മലയാളിക്കെന്താ?

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കേ ഡല്‍ഹിയിലെ ഭരണസിരാ കേന്ദ്രങ്ങളില്‍ എന്നും ഇടപെടാന്‍ വെമ്പല്‍ കൊള്ളുന്ന മലയാളി സദസുകളില്‍ ആര് അധികാരത്തില്‍ വരും എന്ന ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. ആര് അധികാരത്തില്‍ വന്നാലും ഏതെങ്കിലും ഒരു മലയാളി പുംഗവന്‍ കാണും എന്ന അമിത വിശ്വാസമാണ് ഇത്തരം ചര്‍ച്ചകളുടെ മുഖ്യകാതല്‍. 
 
പ്രധാനമന്ത്രി പോയിട്ട് നല്ല വകുപ്പുള്ള ഏതെങ്കിലും മന്ത്രിയായി ഇനി മലയാളി വരുമെന്ന് ഒരു വിധം ബോധമുള്ള ആരും കരുതുന്നില്ല. കൊള്ളാവുന്ന ഒരു വകുപ്പ് ഈയിടക്കാലത്ത് കിട്ടിയ ഏക മന്ത്രി നമ്മുടെ പാവം എ.കെ ആന്റണിയാണ്. പക്ഷേ ഇഷ്ടനെ ഇത്തരം ബ്രോക്കര്‍ കൂട്ടായ്മയ്ക്ക് അത്ര പിടിത്തമല്ല. എന്താ കാരണം?  ഉത്തരം ലളിതമാണ്. അഞ്ചു പൈസയുടെ ഉപയോഗമില്ല. 
 
കഴിഞ്ഞ എട്ടുപത്തു വര്‍ഷമായി ആന്റണിയെ കൊണ്ട് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലാത്തതിനാല്‍ ഇത്തരക്കാരുടെയും ചില മലയാളി സംഘടനകളുടേയും ആരാധ്യ മൂര്‍ത്തിയായി വാഴുന്നത് ടി.കെ.എ നായരാണ്. അദ്ദേഹത്തിന്റെ പടമില്ലാത്ത മനോരമയുടേയും മാതൃഭൂമിയുടേയും ഡല്‍ഹി എഡീഷനുകള്‍ സങ്കല്പ്പിക്കാന്‍ പോലും വയ്യ. നായരുടെ ബന്ധുവെന്ന് പറഞ്ഞ് മേനി നടിക്കുന്നവരെ തട്ടി ഡല്‍ഹിയില്‍ നടക്കാന്‍ വയ്യാത്ത അവസ്ഥയാണെന്ന് പറഞ്ഞാല്‍ അതിശയോക്തി എന്നു പറയരുത്. ഈയിടക്കാലത്ത് സി.ബി.ഐ പിടിച്ച ഒരു നമ്പ്യാരദ്ദേഹം രക്ഷപെട്ടത് ഈ നായരദ്ദേഹവുമായി എന്തോ ഒരു ലിങ്ക് ഉള്ളതിനാലാണ്. നമ്പ്യാരുടെ വീട് റെയ്ഡ് ചെയ്ത സി.ബി.ഐ പുലികള്‍ ടി.കെ.എ നായരുമൊത്തുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടതോടെ ഒന്നയഞ്ഞു. നമ്പ്യാരും നായരും ഉത്തര ഗുരുവായൂരപ്പന്റെ സന്നിധിയിലുള്ള ചിത്രങ്ങള്‍ കണ്ടാല്‍ ഏതു പോലീസുകാരനാണ് ഒന്നു കിടുങ്ങാത്തത്.
 

കെ. കൈലാസനാഥന്‍
 
ഡല്‍ഹിയിലെ മലയാളി കൂട്ടങ്ങള്‍ മാത്രമല്ല, ടി.കെ.എ നായരെ ചടങ്ങുകളില്‍ വിളിച്ചു വരുത്തി ആഘോഷിച്ചത്. കേരളത്തിലെ ഒട്ടുമിക്ക ചടങ്ങുകളിലും, വിരലിട്ടു കുത്തിയാലും വാ തുറക്കാത്ത മന്മോഹന്‍ സിംഗ് എന്ന പ്രധാനമന്ത്രിയുടെ ഓഫീസിലെ എല്ലാമെല്ലായ ടി.കെ.എ നായര്‍ മുഖ്യാതിഥി ആയിരുന്നു. 
 
ഇത്തരം മലയാളി കൂട്ടങ്ങള്‍ക്ക് നല്ല ബുദ്ധിയുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയാല്‍ ടി.കെ.എ നായരുടെ സ്ഥാനത്ത് എത്തുന്നതും ഒരു മലയാളി തന്നെയായിരിക്കും എന്ന പ്രത്യാശയിലാണ് ഇക്കൂട്ടര്‍. മോദിയുടെ വിശ്വസ്തനായ കെ. കൈലാസ നാഥന്‍ എന്ന ഗുജറാത്ത് കേഡര്‍ ഐ.എ.എസുകാരന്‍, വടകരക്കാരന്‍ ആണെന്ന സത്യം ഇത്തരം ഉപജാപക സംഘങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. കഴിഞ്ഞ കുറെ കാലമായി മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കൈലാസ നാഥന്‍ ഇപ്പോള്‍ റിട്ടയര്‍ ചെയ്തതിനു ശേഷം ഉപദേശകന്‍ എന്ന തസ്തികയില്‍ വിരാജിക്കുകയാണ്. ഡല്‍ഹിയിലെ ഉപജാപക, ലോബീയിസ്റ്റ് സംഘങ്ങള്‍ ഇപ്പോള്‍ കൈലാസനാഥന്റെ ജാതക രഹസ്യങ്ങള്‍ തേടിയുള്ള ഓട്ടത്തിലാണ്. 
 
ഇനി രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായലോ? അതിനുമുണ്ട് ഇക്കൂട്ടര്‍ക്ക് പ്രത്യാശ നല്കുാന്ന പോംവഴികള്‍. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മുഖ്യ ഉപദേശകന്‍ ഒരു മോഹന്‍ ഗോപാല്‍ ആണത്രെ. പോരെങ്കില്‍ ഗാന്ധി കുടുംബത്തിലെ മൂന്ന് പ്രധാന കാര്യക്കാര്‍ വിന്‍സന്‍റ് ജോര്‍ജ്, മാധവന്‍, വി ജയചന്ദ്രന്‍ പിള്ള എന്നിവരായതിനാല്‍ മലയാളികള്‍ക്ക്  പേടിക്കാനില്ല. രാഹുല്‍ എങ്ങാനും പ്രധാനമന്ത്രി ആയാലോ എന്നു കരുതി മോഹന്‍ ഗോപാല്‍ എന്ന നിയമാധ്യാപകനെ ഇപ്പോള്‍ തന്നെ ചടങ്ങുകള്‍ക്ക് ക്ഷണിച്ചു തുടങ്ങിയ ഈ സംഘങ്ങളുടെ ബുദ്ധി അപാരം തന്നെ. 
 

ജി. മോഹന്‍ ഗോപാല്‍
 
അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്ന ഈ സംസ്‌കാരം തന്നെയാണ് ഇത്തരം മലയാളി ഉപജാപക സംഘങ്ങളുടെ നിലനില്‍പ്പിന്റെ ഉപജീവന മന്ത്രം. 
 
ഒരുകാലത്ത് ഡല്‍ഹിപയില്‍ കൊടികുത്തി വാണിരുന്ന, ഇന്ദിരാ ഗാന്ധിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന പി.സി അലക്‌സാണ്ടറും മൂന്നു പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എന്‍.കെ ശേഷനും തങ്ങളുടെ അവസാന കാലത്ത് ഇത്തരം സംഘങ്ങളുടെ പട്ടികയില്‍ നിന്നു പുറത്തായത് ഈ വൃത്തികെട്ട സംസ്‌കാരം കൊണ്ട് മാത്രമാണ്. ഡല്‍ഹിയില്‍ നിന്നും തെരഞ്ഞെടുപ്പുകള്‍ ജയിച്ച സി. കൃഷ്ണന്‍ നായരേയും സി.എം സ്റ്റീഫനേയും ഒക്കെ ഇവര്‍ മറന്നു കഴിഞ്ഞു. 
 
പ്രകൃതിയോട് മല്ലടിച്ച് ഗള്‍ഫിലെ മണലാരണ്യത്തില്‍ വെന്നിക്കൊടി പാറിച്ച മലയാളി വ്യവസായ പ്രമുഖരില്‍ നിന്നുവരെ സ്വീകരണങ്ങള്‍ അറേഞ്ച് ചെയ്ത് സ്വയം കൊഴുക്കുന്ന ഇത്തരം സംഘങ്ങളുടെ കഴിവ് അപാരം തന്നെയാണ്. ഇവിടെയാണ് കുഞ്ചന്‍ നമ്പ്യാരുടെ കവിത സാര്‍ഥകമാകുന്നത് – ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം. കാര്യം അത്രയേയുള്ളൂ. 
 
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍