UPDATES

ഓഫ് ബീറ്റ്

വിവാഹത്തിനപ്പുറമുള്ള ചില പ്രശ്നങ്ങള്‍

റെന്വോര്‍ 

വിവാഹം വീണ്ടും ഒരു ചര്‍ച്ചാവിഷയമായിരിക്കുന്നു. പക്ഷെ ആ ചര്‍ച്ച മുസ്ലിം സമുദായവുമായി ബന്ധപ്പെട്ടും, വിവാഹപ്രായം എന്ന ഒരു മാനദണ്ഡം പരിഗണിച്ചുള്ളതും മാത്രമായിപ്പോവുന്നു. മുസ്ലിം സമുദായ നേതാക്കളുടെ ഒരു യോഗത്തിനിടയില്‍ വന്ന ചില പരാമര്‍ശങ്ങളാണ് ഈ ചര്‍ച്ചക്ക് തുടക്കം കുറിച്ചതെന്നതിനാലും, ചിലര്‍ ബോധപൂര്‍വമായി ചില മുസ്ലിം വിരുദ്ധ അജണ്ടകളുടെ ഭാഗമായി ഈ ചര്‍ച്ചയെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്നതിനാലുമാണ് വിവാഹത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ സംവാദങ്ങള്‍ ഈയൊരു രീതിയില്‍ അവതരിപ്പിക്കപെടുന്നത്. സ്വാതന്ത്ര്യം, തുല്യത എന്നീ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്കി, സ്ത്രീപക്ഷരാഷ്ട്രീയം പറഞ്ഞുകൊണ്ട് ഇടപെടേണ്ട ഒരു സംവാദമാണ് ഇപ്പോള്‍ ഇത്തരത്തില്‍ വിശാലമല്ലാത്ത ഒരു തലത്തില്‍ ഒതുങ്ങിപ്പോകുന്നത്. 

ഇന്ത്യന്‍ നിയമവ്യവസ്ഥ, മതനിയമങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഒരു വലിയ വിഭാഗം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ ഇരുപക്ഷത്ത് നിന്നുകോണ്ടുള്ള വാദങ്ങള്‍ ഉന്നയിക്കുന്നത്. പക്ഷെ ഇത്തരം നിയമ സംഹിതകളിലെ പരാമര്‍ശങ്ങളും നിബന്ധനങ്ങളും അടിസ്ഥാനമാക്കിയോ അതു മാത്രം പരിഗണനാവിധേയമാക്കിയോ ചര്‍ച്ചചെയ്യേണ്ട ഒന്നല്ല വിവാഹം എന്ന വിഷയം. ഇവിടുത്തെ സാഹചര്യത്തില്‍ വിവാഹം എങ്ങനെയാണ് ഒരു സ്ത്രീയെ ബാധിക്കുന്നുന്നത് എന്നതാണ് വിവാഹത്തെക്കുരിച്ചുള്ള ചര്‍ച്ചകളില്‍ പ്രധാനമായും പരിശോധനക്ക് വിധേയമാക്കേണ്ടത്. 

സ്ത്രീകളുടെ കാര്യത്തില്‍ വിവാഹം പലപ്പോഴും ഒരു അടിച്ചേല്പ്പിക്കലായി മാറുന്നു. സ്വന്തമായി വരുമാനമില്ലാത്ത, കുടുംബത്തില്‍ അഭിപ്രായ മേല്‌ക്കൊയ്മയില്ലാത്ത സ്ത്രീകളുടെ കാര്യത്തില്‍ ആണെങ്കില്‍ വിവാഹം – പലപ്പോഴും അല്ല എല്ലായ്‌പ്പോഴും – അടിച്ചേല്‍പ്പിക്കല്‍ തന്നെ ആകുന്നുണ്ട്. പ്രായം കൂടിയ സ്ത്രീകളുടെതില്‍ നിന്ന് വ്യത്യസ്തമായി പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഈ അടിച്ചേല്‍പ്പിക്കലുകള്‍ കൂടുതല്‍ രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഔദ്യോഗിക വിദ്യാഭ്യാസം നഷ്ടപ്പെടുന്നു എന്ന പരക്കെ ചര്‍ച്ച ചെയ്യുപ്പെടുന്ന വിഷയം മുതല്‍ അതീവ ഗുരുതരമായ മാനസിക പ്രശ്‌നങ്ങളും സാമൂഹിക ഇടപെടലുകള്‍ നിഷേധിക്കപ്പെടുന്നതുപോലുള്ള പ്രശ്‌നങ്ങളുമൊക്കെ ഈയൊരു പ്രതിസന്ധിയുടെ ഭാഗമാകുന്നു. മേല്‍ സൂചിപ്പിച്ചതുല്‌പ്പെടെയുള്ള കാരണങ്ങളാല്‍ തന്നെ കുറഞ്ഞ പ്രായത്തിലുള്ള വിവാഹം തീര്‍ച്ചയായും എതിര്‍ക്കപ്പെടേണ്ടതാകുന്നു. 
 

നിലവില്‍ പതിനെട്ടു വയസ്സാണ് ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം. പതിനെട്ടു വയസ്സില്‍ വിവാഹത്തിനു വിധേയയകേണ്ടി വരുന്ന പെണ്‍കുട്ടികളുടെ സ്ഥിതി എന്താണ്. അല്ലെങ്കില്‍ ഇരുപതോ ഇരുപത്തിരണ്ടോ വയസ്സില്‍ വിവാഹിതരാകുന്നവരൂടെതോ. മിക്കപ്പോഴും സമാനമായ അവസ്ഥകള്‍ തന്നെ. വിവാഹശേഷം വലിയൊരു വിഭാഗം സ്ത്രീകളുടെയും സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. പലര്‍ക്കും അവരുടെ വിദ്യാഭ്യാസം, തൊഴില്‍, സാമൂഹിക ഇടപെടലുകള്‍ എന്നിവ നിഷിദ്ധമാകുന്നു, വീട് എന്ന ചെറിയ ലോകത്ത് മാത്രം ഒതുങ്ങി ജീവിക്കേണ്ടി വരുന്നു. ഈയൊരു യാഥാര്‍ഥ്യം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്, കേവലം വിവാഹപ്രായം എന്നാ ഒരൊറ്റ മാനദണ്ഡമല്ല വിവാഹത്തെക്കുറിച്ചുള്ള സംവാദങ്ങളിലെ പരിഗണനാവിഷയമാകേണ്ടതെന്ന്. 

 

ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ വിവാഹവും സമാനമായ ബന്ധങ്ങളും ഉടമസ്ഥാവകാശമെന്ന തരത്തിലാണ് നിലനില്‍ക്കുന്നത്. ആ ബന്ധത്തില്‍ പുരുഷന്‍ ഉടമയായും സ്ത്രീ പുരുഷന്റെ ഉടമസ്ഥതയില്‍ ഉള്ള അടിമ അല്ലെങ്കില്‍ ഉപഭോഗ വസ്തു എന്ന രീതിയിലും നിര്‍വചിക്കപ്പെടുന്നു. ഭാര്യ എന്ന സ്ഥാനത്തിന്റെയും, വിവാഹം എന്ന ഉടമ്പടിയുടെയും പുറത്തും സ്ത്രീകള്‍ പലപ്പോഴും ഈ തരത്തില്‍ തന്നെ ചിത്രീകരിക്കപ്പെടുന്നു. മണ്ണ് – പൊന്ന് – പെണ്ണ് എന്ന ഫ്യൂഡല്‍ മത ബോധങ്ങളിലധിഷ്ഠിതമായ സമീകരണങ്ങളും, ചരക്ക് – ഐറ്റം – പീസ് എന്ന പുരുഷനോട്ടത്തിന്റെ ഭാഗമായി വരുന്ന പരാമര്‍ശങ്ങളും, അവള്‍ ഇനി അവനു സ്വന്തം എന്നതുപോലുള്ള സിനിമാ പരസ്യ വാചകങ്ങളുമൊക്കെ ഈയൊരു പൊതുബോധത്തിന്റെ സൃഷ്ടിയാണ്. പൊതുജീവിതത്തിലും അതിന്റെ ചെറിയ രൂപമായ കുടുംബ ജീവിതത്തിലും സ്ത്രീകളും പുരുഷന്മാരും ഈയൊരു ബോധത്തിന്റെ ഭാഗമായി ചിന്താഗതി രൂപപ്പെടുത്തുകയും ജീവിത രീതി ചിട്ടപ്പെടുത്തുകയും ചെയ്യുന്നു. 

പലപ്പോഴും സ്ത്രീകളെ ഈ ബോധാത്തിനനുസൃതമായി മാറ്റിയെടുക്കാനുള്ള ആജ്ഞകള്‍ ഒരു സ്ലോ പോയിസനിങ്ങിന്റെ സ്വഭാവത്തോടെ അടിച്ചേല്‍പ്പിക്കപ്പെടുന്നു. പാതിവൃത്യത്തെക്കുറിച്ചുള്ള സാരോപദേശങ്ങള്‍, സാരി ധരിച്ച വീട്ടില്‍ നിന്നു പുറത്തിറങ്ങാത്ത, വീട്ടുജോലികള്‍ ചെയ്യുകയും കുട്ടികളെ പരിപാലിക്കുകയും ചെയ്യുന്ന അമ്മ എന്ന ബിംബത്തില്‍ സ്ത്രീയെ തളച്ചിടുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍, മാതൃത്വമാണ് സ്ത്രീയുടെ പൂര്‍ണതയെന്നു പറഞ്ഞുകൊണ്ടുള്ള ചില മഹത്വവല്‍ക്കരണങ്ങള്‍, ഇത്തരം പ്രചാരണങ്ങളെ പിന്തുണയ്ക്കുന്ന പാഠപുസ്തകങ്ങള്‍ മുതല്‍ ചലച്ചിത്രങ്ങള്‍ വരെയുള്ള വിവിധ മാധ്യങ്ങള്‍, ഇവയോട് സ്ത്രീപക്ഷവാദികള്‍ എന്നവകാശപ്പെടുന്നവരില്‍ നിന്നുള്‍പ്പടെ വരുന്ന അനുകൂല പ്രതികരണങ്ങള്‍ എന്നിവയെല്ലാം സ്ത്രീവിരുദ്ധമായ അടിച്ചേല്‍പ്പിക്കലുകളുടെ ഭാഗമാകുന്നു. ഇത്തരം അടിച്ചേല്‍പ്പിക്കലുകളുടെ ഭാഗമായി സ്വതന്ത്രമായതും പൂര്‍ണമായതുമായ വ്യക്തിത്വം സ്ത്രീകള്‍ക്കില്ല എന്ന പൊതു ബോധം സൃഷ്ടിക്കപ്പെടുന്നു. മകള്‍ എന്നും ഭാര്യയെന്നും അമ്മയെന്നുമോക്കെയുള്ള ഐഡന്റിറ്റികളിലേക്ക് സ്ത്രീകളുടെ വ്യക്തിത്വത്തെ ചുരുക്കാന്‍ ശ്രമിക്കുന്നു. ഇത്തരം ഐഡന്റിറ്റികള്‍ മാത്രമാണ് സ്ത്രീ എന്ന ധാരണ കാരണം വിവാഹബന്ധം എന്നത് എത്ര പ്രയാസമേറിയ രീതിയിലുല്ലതാണെങ്കിലും സ്ത്രീകള്‍ അതു സഹിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് ഇന്നത്തെ വ്യവസ്ഥിതിയുടെ പ്രശ്നമാണ്, അതില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തിന്റെ പ്രശ്നമാണ്. 

 

 

പുരുഷാധിപത്യ വ്യവസ്ഥയ്യുടെ രൂപവും സ്വഭാവവും വിവിധ കാലഘട്ടങ്ങള്‍ക്കനുസൃതമായി മാറ്റങ്ങള്‍ക്കു വിധേയമാവുന്നുണ്ട്. കേവലം ലിംഗ സ്വത്വ (gender identity)ത്തിന്നപ്പുറം അതിന്റെ മുതലാളിത്ത സ്വഭാവത്തിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഉടമസ്ഥാവകാശമായി ബന്ധങ്ങളെ നിര്‍വചിക്കുന്നു എന്നത് പുരുഷാധിപത്യ രാഷ്ട്രീയത്തിന്റെ മുതലാളിത്ത സ്വഭാവത്തിനുള്ള തെളിവാണ്. ഫ്യൂഡല്‍ മതനിയമങ്ങളില്‍ അധിഷ്ഠിതമായിരുന്നതു മുതല്‍ സ്വതന്ത്ര കമ്പോളത്തിന്റെ രൂപത്തില്‍ നിലനില്‍ക്കുന്നതുവരെയുള്ള വിവിധ കാലഘട്ടങ്ങളിലെ മുതലാളിത്ത വ്യവസ്ഥകള്‍ക്കനുശൃതമായി പുരുഷാധിപത്യ രാഷ്ട്രീയവും രൂപാന്തരണങ്ങള്‍ക്ക് വിധേയമായി. പുരുഷന്‍ ഉടമയാണെന്നും സ്ത്രീ പുരുഷന്റെ ഉടമസ്ഥതയില്‍ നിലനില്‍ക്കുന്നു എന്നുമുള്ള പുരുഷാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന പ്രമാണം എല്ലാ രൂപാന്തരണങ്ങളിലും മാറ്റമില്ലാതെ തുടര്‍ന്നു. 

 

ഈയൊരു സാഹചര്യം കാരണം ബന്ധങ്ങളുടെ രൂപഘടനകള്‍ മാറുമ്പോഴും അതിലെ ലിംഗ അസമത്വങ്ങള്‍ നിലനില്‍ക്കുന്നു. ഈ സാഹചര്യം മാറേണ്ടതാണ്, മാറ്റിയെടുക്കേണ്ടതാണ്. ലിംഗ സമത്വത്തിന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ടുള്ള പോരാട്ടങ്ങലിലൂടെയാണ് ആ മാറ്റിയെടുക്കല്‍ സാധ്യമാക്കേണ്ടത്. ലിംഗ അസമത്വങ്ങള്‍ക്കു പിറകിലെ രാഷ്ട്രീയത്തെ വിമര്‍ശനവിധേയമാക്കുന്ന സംവാദങ്ങളാന് മാറ്റത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെ ഭാഗമായി ഉയര്‍ന്നു വരേണ്ടത്. വ്യവസ്ഥിതിയുടെ ഭാഗമായി നിലനില്‍ക്കുന്ന വിവിധ പക്ഷങ്ങളെ അനുകൂലിക്കുന്ന ഉപരിപ്ലവമായ ചര്‍ച്ചകകള്‍ക്കു പകരമായി  വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്ന സംവാദങ്ങള്‍ വിവാഹത്തിന്റെ കാര്യത്തിലും പ്രസക്തമാകുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍