UPDATES

ഇന്‍-ഫോക്കസ്

ബേബി ബൂം തലമുറയെ നോക്കാനാളുണ്ടാകില്ല

ടാര ബെഹ്രാംപൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)
 
 
വരുന്ന പതിറ്റാണ്ടുകളില്‍ അമേരിക്കയില്‍ വൃദ്ധരെ ശുശ്രൂഷിക്കുന്നവരില്‍ കാര്യമായ കുറവ് ഉണ്ടാകും. വാര്‍ദ്ധക്യത്തിലെത്തുന്ന ബേബി ബൂം തലമുറയെ ശ്രദ്ധിക്കാന്‍ സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ക്ഷാമം AARP റിപ്പോര്‍ട്ട് ചെയ്യുന്നു.
 
‘The Aging of the Baby Boom and the Growing Care Gap’ എന്ന ഈ റിപ്പോര്‍ട്ട്  2030-ഓടെ 80നോ മുകളിലോ പ്രായമുള്ള ഒരാള്‍ക്ക് നാലു ശുശ്രൂഷകരുടെ മാത്രം ശ്രദ്ധ ലഭിക്കാനെ സാദ്ധ്യതയുള്ളൂ എന്ന് അനുമാനിക്കുന്നു. 2010ല്‍ ഏഴിലധികം പേരുള്ളതില്‍നിന്നാണ് ഈ കുറവ്. 2050-ഓടെ ബൂം തലമുറക്കാര്‍ 86നും 104നും ഇടയിലാകുമ്പോള്‍ ഈ അനുപാതം 3 മുതല്‍ 1 വരെ താഴും. ഇപ്പോള്‍ ഏതാണ്ട് 14 ശതമാനം ശുശ്രൂഷകര്‍ 80നും അതിനു മുകളിലുല്‍ പ്രായമുള്ളവരെയും 9 ശതമാനം പേര്‍ 60നും 79നും ഇടയിലുള്ളവരെയും 7 ശതമാനം പേര്‍ 18നും 59നും ഇടയിലുള്ളവരെയും ശുശ്രൂഷിക്കുന്നു എന്ന് റിപ്പോര്‍ട്ടിനു പിന്നില്‍ പ്രവര്‍ത്തിച്ച ആറി ഹൗസര്‍ പറയുന്നു.
 
‘2030 പ്രശ്‌ന’ത്തിന് ഗവേഷകരുടെ വിവരണപ്രകാരം പല കാരണങ്ങള്‍ ഉണ്ട്. ബേബി ബൂം തലമുറക്കാരുടെ ഉയര്‍ന്ന സംഖ്യ, മുന്‍തലമുറകളെക്കാള്‍ താരതമ്യേന കുറവാണ് ഇവരുടെ സന്തതികള്‍ എന്ന വസ്തുത, സ്ത്രീകളുടെയും പുരുഷന്മാരുടെയും വര്‍ദ്ധിച്ച ആയുര്‍ദൈര്‍ഘ്യം എന്നിവയാണ് അവയില്‍ ചിലത്. 2010ല്‍ യു.എസ്സില്‍ 7 കോടി 80 ലക്ഷം ബേബി ബൂമര്‍മാര്‍ അഥവാ 1946നും 1964നും ഇടയില്‍ ജനിച്ചവര്‍ ഉണ്ടായിരുന്നു. ഏതാണ്ട് 6 കോടിപ്പേര്‍ ഇപ്പൊഴും ജീവിച്ചിരിക്കുന്നു. 2050ഓടെ 2 കോടിപ്പേര്‍ അവശേഷിക്കും എന്ന് REMI (സാമ്പത്തികാസൂത്രണം നടത്തുന്ന ഒരു കമ്പനി) കണക്കുകള്‍ പ്രകാരം AARP അനുമാനിക്കുന്നു.
 
 
4 കോടി 21 ലക്ഷം പേര്‍ യു.എസ്സില്‍ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും പരിചരിക്കുന്നുണ്ട്. ഇതില്‍ മൂന്നില്‍ രണ്ടു പങ്കും സ്ത്രീകളുടേതാണ്. ഇവര്‍ ശുശ്രൂഷിക്കുന്നവരില്‍ 80 ശതമാനത്തിലധികം പേരും 50നു മുകളിലുള്ളവരാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു. 49 വയസ്സ് പ്രായമുള്ള, വീടിനു പുറത്ത് പണിയെടുക്കുന്ന ഏതാണ്ട് 20 മണിക്കൂര്‍ സ്വന്തം അമ്മയെ വേതനമില്ലാതെ ശുശ്രൂഷിക്കുന്ന ചെയ്യുന്ന സ്ത്രീയാണ് ഒരു ശരാശരി ശുശ്രൂഷക കുടുംബാംഗം.
 
രണ്ടു ദശാബ്ദങ്ങള്‍ക്കു ശേഷം ഈ ശുശ്രൂഷകര്‍ വളരെ ചുരുക്കമാകും; അവരുടെ ആവശ്യക്കാര്‍ വളരെ കൂടുതലും.
 
‘പ്രായമായിക്കൊണ്ടിരിക്കുന്ന ബൂം തലമുറയ്ക്ക് ഇത് ജാഗ്രതയ്ക്കുള്ള സന്ദേശമാണ്.’ AARP പബ്ളിക് പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഉപദേഷ്ടാവും പ്രസ്തുത റിപ്പോര്‍ട്ട് തയ്യാറാക്കിയവരിലൊരാളുമായ ലിന്‍ ഫെയ്ന്‍ബെര്‍ഗ് പറയുന്നു. ‘നമ്മള്‍ ശരിക്കും ഒരു അനിശ്ചിതമായ ഭാവിയിലേക്കാണ് നീങ്ങുന്നത്. സ്വന്തം കുടുംബവും സുഹൃത്തുക്കളും ദീര്‍ഘകാലം ശുശ്രൂഷിക്കുമെന്ന് വിശ്വസിക്കുന്നത് ഇനിമുതല്‍ സങ്കല്പം മാത്രമാകും.’
‘സുഹൃത്തുക്കളെയും കുടുംബത്തെയും ശുശ്രൂഷിക്കുന്ന ബേബീ ബൂമര്‍മാരാണ് സമീപവര്‍ഷങ്ങളില്‍ ദീര്‍ഘകാലശുശ്രൂഷയുടെ കണ്ണികള്‍.’ ഫെയ്ന്‍ബെര്‍ഗ് പറയുന്നു. ‘അവരുടെ വേതനമില്ലാത്ത ശുശ്രൂഷ 2009ല്‍ 450 ബില്യണ്‍ യു.എസ്. ഡോളറിനു തുല്യമാണെന്ന് കണക്കാക്കിയിട്ടുണ്ട്. ഇത് വൈദ്യസാമഗ്രികളുടെയും വൈദ്യസേവനത്തിന്റെയും ചെലവിനെക്കാള്‍ കൂടുതലാണ്.’ പക്ഷേ പുതുതലമുറ ശുശ്രൂഷകരുടെ നിലയില്‍ എത്തുമ്പോള്‍ അവര്‍ക്ക് ഇതേ തരത്തിലുള്ള ശുശ്രൂഷ നല്‍കാനാവില്ല—റിപ്പോര്‍ട്ട് അനുമാനിക്കുന്നു.
 
ഇത് പരിഹരിക്കാന്‍ ശുശ്രൂഷകര്‍ക്ക് കൂടുതല്‍ പിന്തുണയും ഗൃഹപാലനത്തില്‍ സ്വീകാര്യമായ തിരഞ്ഞെടുപ്പുകള്‍ നടത്താനുള്ള സാദ്ധ്യതയും നല്‍കുന്ന നയങ്ങള്‍ അമേരിക്ക രൂപീകരിക്കണമെന്ന് റിപ്പോര്‍ട്ട് പറയുന്നുണ്ട്. സമീപകാലത്തുതന്നെ ദീര്‍ഘകാലശുശ്രൂഷയ്ക്കായി ഒരു ഫെഡറല്‍ കമ്മിഷന്‍ വരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. സാധാരണയായി കൂടുതല്‍ കാലം ജീവിക്കുന്നതിനാല്‍ ഇതിന്റെ ഭവിഷ്യത്ത് പ്രത്യേകിച്ചും സ്ത്രീകള്‍ക്കായിരിക്കും. പുരുഷന്മാര്‍ പിന്നാലെയുണ്ട് എന്നും റിപ്പോര്‍ട്ടിലുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍