UPDATES

ഓഫ് ബീറ്റ്

ഭീകരവാദം : അകമ്പുറം മാറേണ്ട ചില കാര്യങ്ങള്‍

ടീം അഴിമുഖം
 
കുറച്ച് ദിവസങ്ങളായി ഭീകരവാദവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ചുറ്റിലും. നൈജീരിയയില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥികളെ വെടിവച്ചു കൊന്നതു മുതല്‍ ഇങ്ങ് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ മുഖ്യമന്ത്രിമാര്‍ക്കുള്ള കത്തു വരെ. ഇതിനിടയില്‍ രാജ്യത്തുണ്ടായ ചില സംഭവങ്ങളും അവയ്ക്കു പിന്നിലെ അര്‍ഥങ്ങളും അനര്‍ഥങ്ങളുമൊക്കെ വേര്‍തിരിച്ചെടുക്കാനുള്ള ഒരു ശ്രമമാണിത്. 
 
നിരപരാധികളായ മുസ്ലീം ചെറുപ്പക്കാരെ വേട്ടയാടരുതെന്ന് കര്‍ശനമായി നിര്‍ദേശിച്ചു കൊണ്ടുള്ള ഷിന്‍ഡെയുടെ കത്ത് പുറത്തു വന്നത് സെപ്റ്റംബര്‍ 30-നാണ്. പതിവു പോലെ ഹിന്ദുത്വ പാര്‍ട്ടികള്‍ അതിനെതിരെ രംഗത്തു വരികയും ചെയ്തു. തൊട്ടടുത്ത ദിവസം വെളുപ്പിനെ മധ്യപ്രദേശിലെ കാണ്ട്‌വാ ജില്ലാ ജയിലില്‍ നിന്ന് ആറ് സിമി പ്രവര്‍ത്തകര്‍ ജയില്‍ ചാടി. നിരോധിത സംഘടനയായ സിമിയുടെ സജീവ പ്രവര്‍ത്തകരാണ് ഇവരെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അതിനു പിന്നാലെയാണ് വെള്ളിയാഴ്ച തടിയന്റവിട നസീര്‍, സര്‍ഫറാസ് നവാസ് എന്നിവരുള്‍പ്പെടെ 13 പേരെ ഭീകരവാദത്തിനായി ചെറുപ്പക്കാരെ കാശ്മീരിലേക്ക് അയച്ചതിന്റെ പേരില്‍ കുറ്റക്കാരായി കാണുന്നതും ജീവപര്യന്തം ശിക്ഷ വിധിക്കുന്നതും.  
 
ഇന്ത്യന്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 2008-ല്‍ നാലു മലയാളികള്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടതോടെയാണ് കേരളത്തില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് പുറത്തു വരുന്നത്. നസീര്‍ ലഷ്‌കര്‍ – ഇ -തൊയ്ബയുടെ പ്രധാന ആളാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. നവാസ് സിമിയുടേയും. ബാബറി മസ്ജിദ് പൊളിച്ചതും ഗുജറാത്ത് കലാപവും ഇന്ത്യന്‍ മുസ്ലീം യുവത്വത്തില്‍ കഠിനമായ പ്രതിഷേധാഗ്‌നി ഉണ്ടായിട്ടുണ്ടെന്നും അത് പടരുന്നുണ്ടെന്നും ഇന്റലീജന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇന്ത്യന്‍ മുസ്ലീം യുവത്വം ‘വഴിതെറ്റി’യതിന് ഈ രണ്ടു കാര്യങ്ങളും പ്രധാന കാരണമായെന്ന് ഈ ഇന്റലീജന്‍സ് വിഭാഗങ്ങളിലെ ഒരു വിഭാഗമെങ്കിലും സമ്മതിക്കുന്നുമുണ്ട്. 
 
കഴിഞ്ഞ ഒരൊറ്റ വര്‍ഷത്തിനിടയില്‍ വിവിധ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് 800-ഓളം പേര്‍ക്ക് ഇന്ത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്റലീജന്‍സും ഭീകരവിരുദ്ധ ഏജന്‍സികളും – സംസ്ഥാനങ്ങളിലെ പ്രത്യേക സെല്ലുകള്‍ മുതല്‍ എന്‍.ഐ.എ വരെ – അങ്ങോട്ടുമിങ്ങോട്ടും തല്ലു പിടിച്ചും പാരവച്ചുമൊക്കെ പല കേസുകളിലും തുമ്പുണ്ടാക്കി. അതില്‍ പലതും കോടതിയില്‍ നിലനിന്നില്ല. നാലുവര്‍ഷം ജയിലില്‍ ജയിലില്‍ കിടന്നതിനു ശേഷം രണ്ട് കാശ്മീരി യുവാക്കളെ ഒരു ഡല്‍ഹി കോടതി കഴിഞ്ഞ മാസമവസാനം വെറുതെ വിടുകയുണ്ടായി. അവരെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിനെ നന്നായി ഒന്നു കുടഞ്ഞിനു ശേഷമായിരുന്നു കോടതിയുടെ തീരുമാനമെന്നത് ശ്രദ്ധിക്കേണ്ടതാണ്. 
 
ഇന്ത്യന്‍ ഭീകരവാദത്തിന്റെ വേരുതേടിയുള്ള പോലീസിന്റെയും ഏജന്‍സികളുടെയും പരക്കംപാച്ചില്‍ ഇന്നും നിരോധിത സംഘടനയായ സിമിയുടെ ചുറ്റുവട്ടത്ത് തന്നെയാണ് കറങ്ങുന്നത്. ഇന്ത്യന്‍ ഭീകരവാദത്തിന്റെ അടിസ്ഥാനശില സിമിയില്‍ കെട്ടിപ്പൊക്കാന്‍ ശ്രമിച്ചാല്‍ ഒരു പക്ഷേ, ഈ ഏജന്‍സികള്‍ മറ്റു ചിലതിനെ മറച്ചു പിടിക്കുകയാണെന്ന് പറയേണ്ടി വരും. കാരണം, ഇതേ ഏജന്‍സികള്‍ തന്നെ ഉന്നയിച്ചിട്ടുള്ള ഒരു സംശയം, ഹൈദരാബാദ് ഭീകരവാദത്തിന്റെ കേന്ദ്രമായി മാറുകയാണോ എന്നാണ്. കേരളത്തില്‍ നിന്ന് റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ ഹൈദരാബാദിലെത്തിയാണ് കാശ്മീരിലേക്ക് പോയത് എന്നാണ് കോടതിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. മുസ്ലീം യുവാക്കളെ റാഡിക്കലൈസ് ചെയ്യുന്നതിന്റെ ഒരു കേന്ദ്രമായി ഹൈദരാബാദ് നിലനില്‍ക്കുന്നു എന്നതാണ് മറ്റൊരു സംശയം. ഇത്തരമൊരു പശ്ചാത്തലത്തില്‍ സിമിയുടെ പുറകെ പോകുന്നത് ഒരു പക്ഷേ വഴിതെറ്റലാവും. കാരണം യഥാര്‍ഥ ചരടുകള്‍ സിമിയുടെ കൈകളിലല്ല എന്ന് നിരവധി റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചു പറയാന്‍ സാധിക്കും. 
 
സിമിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ചര്‍ച്ചകളിലും വലിയ പിഴവുകളുണ്ട്. അത് തടിയന്റവിട നസീര്‍ ആയാലും ഈയിടെ പിടികൂടിയ യാസീന്‍ ഭട്കല്‍ ആയാലും, ഇവരാരും തന്നെ സിമി പട്ടികയില്‍ കണ്ടെന്നു വരില്ല. ഇവര്‍ റാഡിക്കലൈസ് ചെയ്യപ്പെട്ടത് മറ്റു വഴിക്കാണ്. ആ വഴി അന്വേഷിക്കാതെ, ആ വഴി പോകാതെ ഭീകരവാദ അന്വേഷണം എവിടെ എത്താനാണ്? നസീറും യാസിനുമൊക്കെ സിമിക്ക് സമാന്തരമായ വഴിയിലൂടെ പോയവരാണ്. അവരെയും സിമിയുടെ തൊഴുത്തില്‍ കെട്ടി അന്വേഷണം നടത്തുമ്പോള്‍ അന്വേഷണ ഏജന്‍സികള്‍ വഴിതെറ്റുന്നുവെന്നു തന്നെ പറയേണ്ടി വരും. 
 
 
സിമിയുടെ ഒരുപറ്റം ചെറുപ്പക്കാര്‍ പോലീസ് ഇന്‍ഫോര്‍മര്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും തള്ളിക്കളയേണ്ടതില്ല. അറസ്റ്റിലായ പല സിമി പ്രവര്‍ത്തകരും പോലീസിന് വിവരങ്ങള്‍ എത്തിച്ചു കൊടുത്തിരുന്നവരായിരുന്നുവെന്ന് അവരുടെ Interrogation റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നുണ്ട്. ഈ റിപ്പോര്‍ട്ടുകള്‍ തന്നെയാണ് പോലീസിന്റെ വാദങ്ങള്‍ തള്ളിക്കളയണമെന്ന് പറയുന്നതിന്റെ പ്രധാന കാരണവും. സിമി ഒരു ‘അതിഭയങ്കര ഭീകര പ്രസ്ഥാന’മാണെന്ന പോലീസിന്റെ അവകാശവാദം തട്ടിപ്പാണെന്ന് തെളിയിക്കുന്നതാണ് ആ റിപ്പോര്‍ട്ടുകളൊക്കെ. ഒരാളെ കണ്ടെത്തി അയാളെ റാഡിക്കലൈസ് ചെയ്ത് ഒരു സംഘടനയിലേക്ക് കടത്തിവിട്ടുള്ള സ്ഥിരം പോലീസ് സംവിധാനത്തിന്റെ നാടകം ഇവിടെ പലയിടത്തും നടന്നിട്ടുമുണ്ട്. 
 
ഇരുതലമൂര്‍ച്ചയുള്ള വാളാണ് ഇതെന്ന് അറിയാതെയാണോ പോലീസ് സംവിധാനം ഇതിനൊക്കെ മുതിരുന്നത്? മുസ്ലീങ്ങളെ മൊത്തത്തില്‍ സംശയമാണ് ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് എന്നത് ഒരു ആരോപണം മാത്രമാണോ? അത് ഐ.ബി ആയാലും റോ ആയാലും വ്യത്യാസമില്ലെന്നതാണ് കാര്യം. ഈ രണ്ട് ഏജന്‍സികളിലും വിരലിലെണ്ണാവുന്നതിലധികം മുസ്ലീങ്ങളെ കാണാനും കഴിയില്ല. മുസ്ലീങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് വേണ്ടതെങ്കില്‍ അവരെ ജോലിക്കെടുക്കുകയും അവരുടെ സേവനം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന മിനിമം പ്രാക്ടിക്കല്‍ കാര്യമെങ്കിലും ഈ ഏജന്‍സികള്‍ക്ക് ചെയ്തുകൂടെ? അല്ലാതെ സിമിയിലൊക്കെ ചെയ്തതു പോലെ ഇന്‍ഫോര്‍മര്‍മാര്‍ ആക്കിയിട്ട് പിന്നീട് അവരെ പിടിച്ച് അകത്തിടുന്നതല്ല ശരി. 
 
നമ്മുടെ സമൂഹത്തില്‍ മുസ്ലീം സമുദയത്തിനു നേര്‍ക്കുള്ള മാനസികാവസ്ഥയിലും മാറ്റം വരുത്തേണ്ടതുണ്ട്. ഹിന്ദുത്വ തീവ്രവാദം തലപൊക്കിയപ്പോള്‍, അതിനെതിരെ തെളിവുകള്‍ നിരന്നപ്പോള്‍, അത് പൂഴ്ത്തി വയ്ക്കാനാണ് ഈ അന്വേഷണ ഏജന്‍സികളിലെ പക്ഷപാതികളായ ഉദ്യോഗസ്ഥരൊക്കെ ആദ്യം ശ്രമിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. അതിന് അനുസരിച്ച് തെളിവുകളും നശിപ്പിക്കപ്പെട്ടു. ഫലമോ നിരപരാധികളായ ഒരുപറ്റം മുസ്ലീം ചെറുപ്പക്കാര്‍ ക്രൂശിക്കപ്പെട്ടു. ജര്‍മന്‍ ബേക്കറി കേസില്‍ വധശിക്ഷ കാത്തു കഴിയുന്ന ഹിമായത്ത് ബെയ്ഗ് തന്നെ ഉദാഹരണം. യാസീന്‍ ഭട്കല്‍ പറയുന്നത് ബെയ്ഗിന് ആ സംഭവവുമായി യാതൊരു ബന്ധവുമില്ലന്ന്. പക്ഷേ കേന്ദ്ര ആഭ്യന്തര മന്ത്രി പറയുന്നതാകട്ടെ, കേസില്‍ പുനരന്വേഷണമില്ല എന്നാണ്. അതേ ആള്‍ തന്നെയാണ് ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയത് എന്ന വിരോധാഭാസവും നിലനില്‍ക്കുന്നുണ്ട്. 
 
മറ്റൊരു ഉദാഹരണം ലിയാഖത്ത് അലി ഷാ എന്ന കാശ്മീരി മധ്യവയസ്‌കനാണ്. ജമ്മു-കാശ്മീര്‍ സര്‍ക്കാര്‍ കാശ്മീരി മിലിറ്റന്റുകള്‍ക്കായി രൂപം കൊടുത്ത കീഴടങ്ങല്‍ പദ്ധതി പ്രകാരം കാശ്മീരിലേക്കുള്ള യാത്രയ്ക്കിടെയാണ് നേപ്പാള്‍ അതിര്‍ത്തിയില്‍ വച്ച് ഡല്‍ഹി പോലീസ് അദ്ദേഹത്തെ പിടികൂടുന്നത്. ഷാ ഡല്‍ഹിയില്‍ ബോംബ് വയ്ക്കാനുള്ള യാത്രയിലാണെന്നായിരുന്നു ഡല്‍ഹി പോലീസിന്റെ അവകാശവാദം. ഷായുടെ ഭാഗ്യത്തിന് ജമ്മു-കാശ്മീര്‍ സര്‍ക്കാര്‍ അദ്ദേഹത്തിനൊപ്പം നിന്നു. ജാമിയ മിലിയ സര്‍വകലാശാലയിലെ ഒരു കൂട്ടം അധ്യാപകരുടെ കൂട്ടായ്മ നടത്തിയ പഠനത്തില്‍ പറയുന്നത് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ല് തല്ലിക്കൂട്ടിയ 90 ശതമാനം ഭീകരവാദ കേസുകളും കോടതിയില്‍ തള്ളിപ്പോയി എന്നാണ്. ഈ സംഭവങ്ങളൊക്കെ ചില കാര്യങ്ങള്‍ തെളിയിക്കുന്നുണ്ട്. അത് കാശ്മീരിലായാലും കേരളത്തിലായാലും. മാറേണ്ടത് നമ്മുടെയൊക്കെ മനോഭാവം തന്നെയാണ്. സുരക്ഷാ ഏജന്‍സികള്‍ ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനാണ്. അല്ലാതെ അവര്‍ക്ക് അരക്ഷിതാവസ്ഥ സമ്മാനിക്കാനല്ല. ജനങ്ങള്‍ക്ക് ആ സുരക്ഷ ലഭിക്കുന്നില്ലെങ്കില്‍ അതിനുള്ള കാരണക്കാരെയാണ് കണ്ടെത്തേണ്ടത്. അതിന് ഇപ്പോഴത്തെ മനോഭാവം അന്വേഷണ ഏജന്‍സികള്‍ മാറ്റേണ്ടതുണ്ട്. ചില പൂച്ചകള്‍ക്ക് മണി കെട്ടിയേ തീരൂ.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍