UPDATES

ഇന്ത്യ

മോഡി പുകഴ്ത്തല്‍ മാത്രം കേള്‍ക്കുമ്പോള്‍

മറ്റെങ്ങും വായിക്കാത്ത, പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങളുമായി അഴിമുഖത്തില്‍ വിജയ് ചൌക്ക് തുടരുന്നു. 
 
 
 
 
 
ജനറല്‍ വികെ സിംഗ് ന്യൂയോര്‍ക്കില്‍ പറഞ്ഞത്
കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സ്ഥിരം ശല്യക്കാരനും തലവേദനയുമായി  മാറി കഴിഞ്ഞ മുന്‍ കരസേന മേധാവി ജനറല്‍ വികെ സിംഗ്, അണ്ണ ഹസാരേയ്‌ക്കൊപ്പം അടുത്തിടെ ന്യൂയോര്‍ക്ക് സന്ദര്‍ശിച്ചു. സ്വാതന്ത്ര്യ ദിന ആഘോഷത്തില്‍ പങ്കു ചേരുന്നതിനായിട്ടായിരുന്നു സന്ദര്‍ശനം. രജപുത്തുകളേറെ കേള്‍വിക്കാരായെത്തിയ ആ ചടങ്ങില്‍ ജാതിയില്‍ രജപുത്തായ ജനറല്‍ വികെ സിംഗ് വിളങ്ങി. അദ്ദേഹം മാത്രമല്ല ഭാര്യ ഭാരതിയും ആ ആള്‍ക്കൂട്ടത്തില്‍ തിളങ്ങി. അടുത്ത ലോക് സഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചുകളയുമെന്നു വരെ ആള്‍ക്കൂട്ടത്തെ കണ്ട് മതിമറന്ന് ജനറല്‍ വി.കെ സിംഗ് തട്ടിവിട്ടതായാണ് അവിടെയുണ്ടായിരുന്ന വിശ്വസനീയ വൃത്തങ്ങള്‍ പറയുന്നത്. അതു മാത്രമല്ല അവിടക്കൂടിയവരുടെ സഹായവും അക്കാര്യത്തില്‍ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഏതൊക്കെ തരത്തിലാണ് തന്റെ ഭര്‍ത്താവിനെ കഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്ന് ഭാരതി അവരോട് സങ്കടപ്പെട്ടു. ഇപ്പറയുന്നതിലെ വാസ്തവം എന്തെന്ന് നമുക്കറിയില്ല. എന്തായാലും അവിടെ കൂടിവരൊക്കെ പറയുന്നത് ഇത്തരത്തില്‍ തന്നെ. എന്തായാലും ജനറല്‍ വി.കെ സിംഗിന്റെ മനസിലിരുപ്പ് പുറത്ത് വന്നു കഴിഞ്ഞു. എന്ത് പറയുമെന്നും പ്രവര്‍ത്തിക്കുമൊന്നും ആര്‍ക്കും മുന്‍കൂട്ടി പറയാന്‍ കഴിയാത്ത ഈ മനുഷ്യനെ കൂട്ടി തെരഞ്ഞെടുപ്പ് മുഖത്തേയ്ക്ക് പോകാന്‍  ബിജെപിയെന്നല്ല ഏതെങ്കിലും പാര്‍ട്ടി ധൈര്യം കാണിക്കുമോയെന്ന ചോദ്യമാണ് ശേഷിക്കുന്നത്. ജനറല്‍ വി.കെ സിംഗ് എവിടെങ്കിലും എത്തിയാല്‍ കരിമ്പിന്‍ കാട്ടില്‍ ആന കയറിയതുപോലെയാകുമെന്നാണ് ആളുകള്‍ അടക്കം പറയുന്നത്. അതാണ് കണ്ടുകൊണ്ടിരിക്കുന്ന പൂരവും. 
 
ജിംഖാന ക്ലബ്ബും ജനാധിപത്യത്തിന്റെ നാറുന്ന മുഖവും
7 റെയ്‌സ് കോഴ്‌സ് റോഡെന്ന പ്രധാനമന്ത്രിയുടെ വസതിയ്ക്ക് അതിരിടുന്നത് എന്താണ്? ജിംഖാന ക്ലബ്. കൈയില്‍ എത്ര കാശ് ഉണ്ടെങ്കിലും സാധാരണക്കാര്‍ക്ക് ഒരിക്കലും എത്തിനോക്കാന്‍ പറ്റാത്ത ഒരിടം. അവിടത്തെ അംഗത്വം ഉന്നതന്മാരുടെ കുത്തക. മുതിര്‍ന്ന സിവില്‍ സര്‍വീസ് ശിങ്കങ്ങളും സൈനിക ഉദ്യോഗസ്ഥരും അത് വീതിച്ചെടുക്കുന്നു – കുടുംബ സ്വത്ത് പോലെ. ഒരാള്‍ അംഗമായാല്‍ അയാളുടെ ഭാര്യക്കും മക്കള്‍ക്കും ഒക്കെ ആശ്രിത അംഗത്വമാകാം. അധികാരവും പദവികളും ഒരു പിടി ഉന്നതരുടെ കൈപ്പിടിയിലേക്ക് ഒതുക്കുന്ന ജനാധിപത്യ ഇന്ത്യയുടെ ഒരു ചെറു രൂപം. ഡല്‍ഹിയില്‍ ഇത്തരം ഒരുപാട് ക്ലബ്ബുകളുണ്ട്. ഡല്‍ഹി ഗോള്‍ഫ് ക്ലബ്, ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്റര്‍, ഇന്ത്യ ഹാബിറ്റാറ്റ് സെന്റര്‍ തുടങ്ങിയവ ചിലത് മാത്രം. ഇവയൊക്കെ ബൗദ്ധിക വ്യവഹാര ശാലകളെന്നൊക്കെ മേനി നടിക്കുമ്പോഴും കുടുംബ വാഴ്ചയുടെ ദായക്രമങ്ങളിലേക്ക് അംഗത്വം കൈമാറുന്ന ചിത്രം അത്രമേല്‍ വെറുപ്പ് ഉളവാക്കുന്നുണ്ട്.
 
നിരവധി പഴയ രമ്യ ഹര്‍മ്യങ്ങളുള്ള മനോഹരമായ കാമ്പസാണ് ജിംഖാന ക്ലബ്ബിന്റേത്. മനസ് കുളിര്‍പ്പിക്കുന്ന പച്ചപ്പ്. പക്ഷികള്‍. സ്വിമ്മിംഗ് പൂള്‍, ടെന്നീസ് കോര്‍ട്ട് അങ്ങനെ പോകുന്നു അവിടത്തെ ചാരുതയുടെ നാള്‍ വഴി. വളരെ വാശിയേറിയ തെരഞ്ഞെടുപ്പില്‍ റോഡ്, ഗതാഗത വകുപ്പ് സെക്രട്ടറി വിജയ് ഛിബ്ബര്‍ അതിന്റെ പ്രസിഡന്റായത് അടുത്തിടെ മാത്രം. രാജ്യത്തെ ദേശീയ പാതകളൊക്കെ കുളം തോണ്ടിക്കിടക്കുന്ന കാലത്ത് എങ്ങനെയാണ് വകുപ്പ് സെക്രട്ടറിക്ക് ക്ലബ്ബിനെ നയിച്ച് ഉല്ലാസ ചിത്തനാകാന്‍ സാധിക്കുക? തീര്‍ത്തും അരോചകമായ കാഴ്ച തന്നെ. പണ്ട് നാലു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കിയിരുന്ന ഡല്‍ഹി – ജയ്പൂര്‍ യാത്രയ്ക്ക് ഇപ്പോള്‍ എടുക്കുന്നത് ഏഴ് മണിക്കൂറാണ്. ഛിബ്ബറിനെ ക്ലബ്ബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സര്‍ക്കാര്‍ എങ്ങനെ അനുവദിച്ചുവെന്നതു തന്നെ വലിയ പ്രശ്‌നമാണ്. വലിയ നിര്‍മാണ കമ്പനികളൊക്കെ ഛിബ്ബറിന്റെ വിജയത്തിനായി പാര്‍ട്ടികളും മറ്റും സംഘടിപ്പിക്കാനായി മത്സരിച്ചു. മുന്‍ ഇന്റലിജന്‍സ് മേധാവി എ.എസ് ദുലാത്ത് ആയിരുന്നു ഛിബ്ബറിന്റെ എതിരാളി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാറുന്ന മുഖം ജിഖാന തെരഞ്ഞെടുപ്പും കാട്ടി തരുന്നു.
 
 
മോഡി അടുക്കളിലെ സംസാരം
നരേന്ദ്ര മോഡിയുടെ ‘inner circle’-ലെ ഒരാളുമായി അടുത്തിടെ വിശദമായി സംസാരിക്കാനിടയായി. അഡാനിയേയും പിപ്പാവാവിനേയും പോലുള്ള വലിയ ബിസിനസുകാര്‍ മോഡിക്കുവേണ്ടി രാജ്യമെമ്പാടും കാടിളക്കി പ്രചാരണം നടത്തുമ്പോഴും മോഡിയുടെ അടുക്കളക്കാര്‍ക്ക് അത്ര വലിയ ആവേശമൊന്നുമില്ല. മോഡി പ്രധാനമന്ത്രിയേ ആവില്ലെന്ന് വിശ്വസിക്കുന്നവര്‍ പോലുമുണ്ട് ആ കൂട്ടത്തില്‍. കാര്യങ്ങളൊക്കെ ആഗ്രഹിച്ച് തരത്തില്‍ പോവുകയും ബിജെപി 200നു മേലെ സീറ്റ് പിടിക്കുകയും മോഡി പ്രധാനമന്ത്രി ആവുകയും ചെയ്താല്‍ തന്നെ 2016 -ഓടെ അടുത്ത പൊതു തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുമെന്ന് കരുതുന്നവരും ആ കൂട്ടത്തില്‍ കുറവല്ല. മോഡിയുടെ സ്വഭാവം ഒന്നു കൊണ്ടു തന്നെ അത് വന്നുഭവിക്കുമെന്നാണ് ആ മോഡി വിശ്വസ്തന്റെ തന്നെ ആശങ്ക. പുകഴ്ത്തല്‍ മാത്രം കേള്‍ക്കാനാണ് മോഡിക്കിഷ്ടം. രാവിലെ മുതല്‍ കൈയടി കേള്‍ക്കണം. വിമര്‍ശനം തെല്ലു പോലും ഇഷ്ടമല്ല. മറ്റാരുടെ നിര്‍ദ്ദേശങ്ങള്‍ക്കും കല്പിക്കുന്നത് പുല്ലുവില. വിമര്‍ശകരെ അദ്ദേഹത്തിന് വേണ്ട. പ്രസംഗങ്ങളില്‍ തെറ്റായി വസ്തുതകളെ ഉദ്ധരിക്കുന്നത് തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല. വിമര്‍ശകരെ അടിച്ചിരുത്തി നിശബ്ദരാക്കുന്ന സ്വേച്ഛാധിപതിയായ മോഡിയുടെ ശീലങ്ങള്‍ ഏറെ പ്രസിദ്ധവുമാണ്. ആ മോഡി ഭക്തന്റെ ഏറ്റു പറച്ചിലുകള്‍ ഇങ്ങനെ പോകവെ, ഇതേ സ്വത്വവുമായി മോഡിക്ക് ഇന്ത്യയുടെ വൈവിധ്യത്തെ അഭിമുഖീകരിക്കാന്‍ ആവുമോയെന്ന ചോദ്യമാണ് കൂടുതല്‍ തെളിഞ്ഞുവരുന്നത്.
 
രാഹുലിന്റെ ആത്മവിശ്വാസം
പൂനെയില്‍ രാഹുല്‍ ഗാന്ധി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമായി ഒരു അനൗപചാരിക കൂടിക്കാഴ്ച നടത്തി. അതില്‍ പങ്കെടുത്ത ഒരു തലമുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പറഞ്ഞത് രാഹുലിന്റെ ശരീര ഭാഷയില്‍ കൂടുതല്‍ ആത്മവിശ്വാസം കൈവന്നിരിക്കുന്നുവെന്നാണ്. സാധാര കാണുന്നതിനപ്പുറമുള്ള ചങ്കുറപ്പ്. ആക്രമണോത്സുകത. ഒരു വേള, കത്തിക്കയറുന്ന മോഡിയുടെ പ്രതിഛായക്കൊപ്പം എത്താനുള്ള ശ്രമമാകാം – ആ പത്രപ്രവര്‍ത്തകന്റ്റെ അഭിപ്രായം.  പൂനെയിലെ ഈ കൂടിക്കാഴ്ച നടന്ന് കൂടുതല്‍ കഴിയുന്നതിനു മുന്‍പ് തന്നെയാണ് ഡല്‍ഹി പ്രസ് ക്ലബ്ബിലെ രാഹുലിന്റെ നാടകം. ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട എംപിമാരെ തെരഞ്ഞെടുപ്പില്‍ നിന്നും അയോഗ്യരാക്കുന്ന സുപ്രിം കോടതി വിധിയെ അതിജീവിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ കുറിച്ച് പ്രസ് ക്‌ളബ്ബിലെ പുല്‍ത്തകിടിയില്‍ കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ വലിയ വായില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുല്‍ കയറി വന്ന് ഈ നാടകമൊക്കെ കളിച്ചത്. വോട്ട് പെട്ടിയില്‍ വീഴാന്‍ ഇത്തരം നാടകങ്ങള്‍ കൊണ്ടാകുമോയെന്നതാണ് കാര്യം. അതുപോലെ തന്നെ പ്രസക്തമാണ് ഗൗരവത്തോടെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പാകപ്പെട്ടുവോ ഈ നാല്പതുകള്‍ പിന്നിട്ട യുവാവ് എന്നതും. രാഹുലിന്റെ താളത്തിനൊത്ത് തുള്ളുന്ന, ഒരു ഉള്‍ക്കാഴ്ചയും ഇല്ലാത്ത വെറും കുടുംബ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറി തീരുന്ന ചിത്രമാണ് ഇപ്പോള്‍ തെളിയുന്നത്. അതാകട്ടെ, രാജ്യത്തിനത്ര ഗുണകരവുമല്ല. 
 
ടെലിവിഷന്‍ യുദ്ധം
ഒരു പ്രത്യേക ദേശീയ നേതാവിന്റെ പ്രസംഗങ്ങള്‍ ലൈവായി കാണിക്കുന്ന ടെലിവിഷന്‍ ചാനലുകള്‍ക്ക് വലിയ കോര്‍പ്പറേറ്റ് ഹൗസുകളില്‍ നിന്നും കൈവിട്ട സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഇന്റലിജന്‍സ് കേന്ദ്രങ്ങളും പറയുന്നത് ഈ പ്രത്യേക നേതാവിന്റെ പ്രസംഗങ്ങള്‍ കാണിക്കുന്നതിന് വളരെ വലിയ സ്‌പോണ്‍സര്‍ഷിപ്പ് ഫീസാണ് ന്യൂസ് ചാനലുകള്‍ക്ക് നല്‍കുന്നതെന്നാണ്. ഈ നേതാവിനെ കാണിക്കുമ്പോള്‍ മാത്രമാണ് ഔദാര്യമെന്നതും ശ്രദ്ധേയം. പരസ്യങ്ങള്‍ കാണിക്കുന്നതിനുള്ള പ്രതിഫലം എന്നാണ് ഔദ്യോഗികമായ വ്യാഖ്യാനം. രാജ്യത്തെ 50 ശതമാനം വരുന്ന വീടുകളിലും ടെലിവിഷന്‍ എത്തുന്ന പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് ഈ മീഡിയ കാമ്പെയിന്‍ ആത്യന്തികമായി ഗുണം ചെയ്യാതിരിക്കില്ലല്ലോ? ഉത്തരത്തിനായി എന്തായാലും അടുത്ത വേനല്‍ക്കാലം വരെ നമുക്ക് കാത്തിരിക്കാം. 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍