UPDATES

ഇന്ത്യ

ലാലു ഒരു തുടക്കം മാത്രമാണ് – അഡ്വ. ലില്ലി തോമസ്

ക്രിമിനല്‍കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ അയോഗ്യരാക്കണമെന്ന വിധി നേടിയെടുത്ത ഹര്‍ജിക്കാരി അഡ്വ. ലില്ലി തോമസ് അഴിമുഖത്തോട് സംസാരിക്കുന്നു.
 
ലാലു പ്രസാദ് യാദവ് വിതച്ചത് കൊയ്‌തെടുത്തു എന്നാണ് അദ്ദേഹത്തിന്റെ ജയില്‍ശിക്ഷയെക്കുറിച്ചും ലോക്‌സഭാഗത്വം റദ്ദായതിനെക്കുറിച്ചും എനിക്ക് പറയാനുള്ളത്. ക്രിമിനല്‍ കേസില്‍ ശിക്ഷ ഏറ്റുവാങ്ങുന്ന ജനപ്രതിനിധികള്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധി ആദ്യം ദോഷകരമായി ബാധിച്ചത് ലാലുവിനാണ്. തെറ്റ് ചെയ്തവര്‍ ഓരോന്നായി പുറത്തേക്കിറങ്ങണം, എങ്കില്‍ മാത്രമേ ഇന്ത്യന്‍ ജനാധിപത്യം ശുദ്ധീകരിക്കാനാകൂ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.
 
നിയമം മൂലം ഒരു മാറ്റവും വരില്ലെന്നും സ്ത്രീധനം നിരോധിച്ചെങ്കിലും അതിപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്നൊക്കെയാണ് വിധി പുറത്ത് വന്നപ്പോള്‍ പലരും പറഞ്ഞത്. പക്ഷെ എനിക്കറിയാമായിരുന്നു, ഉറപ്പായും ഈ വിധി കാര്യമായ ചലനങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വരുത്തുമെന്ന്. ലാലു ഒരു തുടക്കം മാത്രമാണ്. ഈ വിധിയെ ഒന്ന് തടഞ്ഞ് നിര്‍ത്താന്‍ എന്തൊക്കെ അഭ്യാസങ്ങളാണ് രാഷ്ട്രീയക്കാര്‍ കാട്ടിയതെന്ന് നിങ്ങള്‍ ആലോചിച്ച് നോക്കൂ.
 
സര്‍വകക്ഷിയോഗം വിളിച്ചപ്പോള്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ഓര്‍ഡിനന്‍സിന് അനുകൂലമായിട്ടാണ് സംസാരിച്ചത്. എതിര്‍ത്താല്‍ മൈലേജ് കിട്ടുമെന്ന് മനസിലായതോടെ തരാതരം പോല യെസ്, നോ എന്നീ വാക്കുകള്‍ മാറിമാറി പറഞ്ഞുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയക്കാര്‍ പറയുന്നത് അപ്പാടെ വിഴുങ്ങാന്‍ ഞാനില്ല. എനിക്ക് നിയമത്തില്‍ മാത്രമാണ് വിശ്വാസം. നിയമം മൂലം എല്ലാകാര്യങ്ങളും മാറ്റാന്‍ പറ്റിയില്ലെങ്കിലും കാതലായ മാറ്റങ്ങള്‍ വന്നത് നിയമം മൂലമാണ് എന്ന് ഓര്‍ക്കുക. അയിത്തം ഉള്‍പ്പെടെയുള്ള അനാചാരങ്ങള്‍ നിയമം മൂലം ഒഴിവാക്കാന്‍ കഴിഞ്ഞു. നിയമത്തെ എത്ര തള്ളിപ്പറഞ്ഞാലും ചില നിയമങ്ങള്‍ പാലിക്കാതെ നമുക്ക് മുന്നോട്ടു പോകാനാവില്ല. ക്രിസ്ത്യാനികളുടെ അടിസ്ഥാന പ്രമാണമായ പത്തു കല്‍പ്പനകളും അതേ പോലലെ പാലിക്കുന്ന എത്ര ക്രിസ്ത്യാനികളുണ്ട? പാലിക്കില്ലെങ്കിലും നമുക്ക് ചില നിയമങ്ങള്‍ വേണം. ഒരു പരിധിക്ക് അപ്പുറത്തേക്ക് സമൂഹം മാറുമ്പോള്‍ പിടിച്ചു നിര്‍ത്താനും നന്മയുടെ പ്രകാശ കിരണങ്ങള്‍ ചൊരിയാനും നിയമങ്ങള്‍ കൂടിയേ കഴിയൂ. 
 
 
നമ്മുടെ നേതാക്കന്മാര്‍ എല്ലാ പരിധിയും വിട്ട് അഴിമതിയിലേക്ക് മുങ്ങിത്താഴുമ്പോഴാണ് ഒരു തിരുത്തല്‍ ശക്തിയായി നിയമം വരുന്നത്, അല്ലെങ്കില്‍ വരേണ്ടത്. പഴയകാലത്ത് രാജാക്കന്മാര്‍ നല്‍കുന്നതായിരുന്നു ഏറ്റവും വലിയ ശാസനകളും പിഴകളും. എന്നാല്‍ അതിനേക്കാള്‍ ഭീകരന്മാരായി ജനനേതാക്കള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബന്‍സിലാല്‍ ഹരിയാന ഭരിക്കുന്ന സമയത്ത് രാഷ്ട്രീയ ശത്രുക്കളുടെ കണ്ണ് ചൂഴ്‌ന്നെടുക്കാന്‍ പോലും ഉത്തരവ് നല്‍കിയത് എനിക്കറിയാം. ഇത്തരം കവലച്ചട്ടമ്പികളല്ല നാട് ഭരിക്കേണ്ടതെന്ന ബോധ്യത്തില്‍ നിന്നാണ് കേസ് കൊടുക്കാന്‍ തയാറായത്. അടിയന്തരവാസ്ഥയുടെ കാലത്ത് സത്യസന്ധരും നീതിനിഷ്ഠരുമായ നേതാക്കള്‍ വേട്ടയാടപ്പെടുകയായിരുന്നു. അവരുടെ കേസ് ഏറ്റെടുക്കാന്‍ അഭിഭാഷകരുമില്ലായിരുന്നു. അന്ന് നിയമ രംഗത്ത് തുടക്കക്കാരിയായ ഞാന്‍ ഇവരുടെ കേസുകള്‍ ഏറ്റെടുത്തു. ഏതൊരു വക്കീലിനെയും പോലെ തൊഴില്‍ ആരംഭിക്കുമ്പോള്‍ എനിക്കും കേസുകള്‍ ഇല്ലായിരുന്നു. എന്റെ കക്ഷികളായ രാഷ്ട്രീയക്കാര്‍ ജനതാ പാട്ടിക്കാരും ജനസംഘം പ്രവര്‍ത്തകരുമായിരുന്നു. ഇവര്‍ അഴിമതി നടത്തുമോ എന്ന ചോദ്യം പോലും ഉദിക്കുന്നുണ്ടായിരുന്നില്ല. കാരണം നയാപൈസ പോലും കീശയില്‍ ഇല്ലാതിരുന്ന ഇവര്‍ക്ക് ആഹാരം വാങ്ങി നല്‍കുന്നതു പോലും ഞാനായിരുന്നു. ഞാന്‍ ആഹാരം നല്‍കിയെന്ന് പറയാനല്ല ഇത് പറഞ്ഞത്. അന്നത്തെ പ്രതിപക്ഷം സത്യത്തിന്റെ ആള്‍രൂപമായിരുന്നു. പൊതു ജീവിതത്തില്‍ ഇന്ന് ഈ ആദര്‍ശമെല്ലാം കൈമോശം വന്നിരിക്കുന്നു. 
 
ലാലു പ്രസാദ് യാദവ് ഒരു ദിവസം കൊണ്ടല്ല ഈ അഴിമതി നടത്തിയത്. അഴിമതി ചെയ്യാന്‍ കഴിയുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. ഈ സാഹചര്യം ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. കോടതി ശിക്ഷിച്ചാലും അപ്പീല്‍ നല്‍കി അവസാന നിമിഷം വരെ രാഷ്ട്രീയക്കാര്‍ കടിച്ചുതുങ്ങിക്കിടക്കുന്നത് ശരിയല്ല. ഈ രീതിക്കാണ് മാറ്റം വരുത്തേണ്ടത്. 
 
ബലാത്സംഗ കേസുകളിലും കൊലപാതക കുറ്റത്തിനും അഴികള്‍ക്കുള്ളിലാകുമ്പോഴും മത്സരിക്കാനുള്ള വ്യഗ്രത കാട്ടുന്നവര്‍ക്ക് താക്കീതു കൂടിയാണ് ഈ വിധി. 17 വര്‍ഷം നീണ്ട കാത്തിരിപ്പിന് ശേഷമാണ് ലാലുവിന് അഞ്ചു വര്‍ഷത്തെ ശിക്ഷ ലഭിച്ചത്. 1990-ല്‍ ചെയ്ത തെറ്റിനാണ് റഷീദ് മസൂദ് കഴിഞ്ഞ ദിവസം ശിക്ഷിക്കപ്പെട്ടത്.  ശിക്ഷിക്കപ്പെടുന്നവര്‍ക്ക് അയോഗ്യത കല്‍പ്പിക്കുന്ന വിധി നേരത്തെയുണ്ടായിരുന്നെങ്കില്‍ അത്തരം പ്രതികളെ എന്നേ അധികാരത്തില്‍ നിന്നു മാറ്റി നിര്‍ത്താമായിരുന്നു എന്ന് ആലോചിക്കുക. 
 
ഈ വിധി നേടിയെടുത്തതിന്റെ ക്രെഡിറ്റ് എനിക്കല്ല, ഫീസ് പോലും വാങ്ങാതെ വാദിച്ച ഭരണഘടനാ വിദഗ്ധന്‍ ഫാലി എസ്. നരിമാനുള്ളതാണ്.
 
സര്‍വകക്ഷിയോഗത്തില്‍ മഹാഭൂരിപക്ഷം പാര്‍ട്ടികളും വിധിയെ എതിര്‍ക്കുകയായിരുന്നു. ഇവരുടെ സമ്മര്‍ദ്ദം മൂലമാണ് വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടു വന്നത്. രാഹുല്‍ ഗാന്ധി അവസാന നിമിഷത്തിലായാലും പിന്‍വലിക്കാന്‍ ഇടപെട്ടതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത് കൊണ്ടൊന്നും രാഷ്ട്രീയം ശുദ്ധമാകുമെന്ന അബദ്ധധാരണകള്‍ ഒന്നും എനിക്കില്ല. നമ്മെക്കൊണ്ട് കഴിയാവുന്നത് ആത്മാര്‍ഥതയോടെ ചെയ്യുക, അത്രമാത്രം. 
 

 

ടീം അഴിമുഖം

ടീം അഴിമുഖം

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍