UPDATES

ടീം അഴിമുഖം

കാഴ്ചപ്പാട്

ടീം അഴിമുഖം

കാഴ്ചപ്പാട്

അവിഹിതങ്ങളില്ലാത്ത ആഫ്രിക്ക

കേട്ടറിഞ്ഞ കഥകളിലെ കറുത്ത ഭൂഖണ്ഡമല്ല ആഫ്രിക്ക. കണ്ടു മടുത്ത കാഴ്ച്ചകളുമല്ല. മണ്ണും മനുഷ്യരും മനുഷ്യത്വവും മലിനമാകാതെ ഇന്നും ജീവിക്കുന്ന നാടാണത് . കപടതകളില്ലാത്ത, മുഖമൂടികളില്ലാത്ത, മായങ്ങളില്ലാത്ത, സദാചാര പോലീസുകരില്ലാത്ത, സാമൂഹ്യ ചങ്ങലകള്‍ ഇല്ലാത്ത നാട്.
 
അയ്യോ, ആഫ്രിക്കയിലോ! അയ്യേ, ആഫ്രിക്കയിലോ! ഇതാണ് ആഫ്രിക്കയിലാണ് താമസം എന്ന് പറയുമ്പോള്‍ പലപ്പോഴും കേള്‍ക്കേണ്ടി വരുക. വെളുപ്പിനോട് വിധേയത്വം പുലര്‍ത്തുന്ന ചരിത്രം നമുക്ക് നല്കിയ മുന്‍ ധാരണകളുടെ പുറത്താണ് നാം ഇന്നും ഈ നാടിനെ കാണുന്നത്. കറുപ്പിനു ഭയവും മ്ളേച്ഛതയും കല്‍പ്പിക്കുന്നതില്‍ ഉപരിവര്‍ഗം എന്നും വിജയിച്ചിരുന്നു, ഇന്നും വിജയിക്കുന്നു. അതിന്റെ ഉത്തമ ഉദാഹരണമാണ് മുഖ്യധാര മാധ്യമങ്ങളും സാമ്രാജ്യ ശക്തികളും ചേര്‍ന്നുണ്ടാകുന്ന, ഭീതി ജനിപ്പിക്കുന്ന കറുത്ത ഭൂഖണ്ഡം എന്ന ചിത്രം.
 
ആഫ്രിക്കയെ കുറിച്ചുള്ള മിഥ്യാധാരണകള്‍ തുടച്ചുനീക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. ആദ്യം തന്നെ പറയട്ടെ, ആഫ്രിക്ക ഒരു രാജ്യമല്ല, വലിപ്പത്തിലും ജനസംഖ്യയിലും ലോകത്ത് രണ്ടാമത് നില്ക്കുന്ന അറുപത്തി ഒന്ന് രാജ്യങ്ങളുള്ള ഒരു ഭൂഖണ്ടമാണ്. ആഫ്രിക്കയെന്നാല്‍ സഹാറ മരുഭൂമിയല്ല, മഞ്ഞു മൂടി 
കിടക്കുന്ന കിളിമഞ്ചാരോ പര്‍വത നിരകളും, പച്ചപട്ടുടുത്ത മലമേടുകളും, മഴക്കാടുകളും എല്ലാം ഈ നാടിനു സ്വന്തമാണ്. ഒരു പക്ഷെ ഈ നാടിനു മാത്രം സ്വന്തമാണ്. 
 
 
മണ്‍വീടുകളില്‍ മാത്രം താമസിക്കുന്ന മനുഷ്യരുള്ള സ്ഥലമല്ല ആഫ്രിക്ക. ലോകത്തെ പല നഗരങ്ങള്‍ക്കൊപ്പം നില്കുന്ന അടിസ്ഥാന സൗകര്യങ്ങല്‍ ഉള്ള നഗരങ്ങളും ഈ നാടിന് സ്വന്തമാണ്. പരമ്പരാഗത ജീവിത ശൈലി പിന്തുടരുന്നവരെ വികസനത്തിന്റെ പേരില്‍ വലിച്ചിഴക്കാറില്ല ഈ നാട്ടില്‍. കയ്യേറ്റങ്ങള്‍ കാര്‍ന്നു തിന്നാത്ത ഈ ജീവിതങ്ങളെ ആരും കണ്ണ് വെയ്കാതിരിക്കട്ടെ.
 
പാമ്പിനെയും പുലിയെയും ചുട്ടു തിന്നുന്ന മനുഷ്യരല്ല ഇവിടെയുള്ളത്. ചോറും ചോളവും കപ്പയും ഉരുളക്കിഴങ്ങും ചേനയും ചേമ്പും കാച്ചിലും പയറും പഴങ്ങളുമൊക്കെയാണ് ഇവിടെയുള്ളവരുടെയും ഭക്ഷണം. ലോകത്ത് എല്ലായിടത്തും ഉള്ളത് പോലെ പാശ്ചാത്യ ഭക്ഷ്യ ശൃംഖലകളായ മക്‌ഡോണല്‍ട്‌സും കെ.എഫ്.സിയും എല്ലാം ഇവിടെയും ഉണ്ട്. ജീവിത ശൈലീ രോഗങ്ങള്‍ കാര്‍ന്നു തിന്നാത്ത ശരീരവും രാസമാലിന്യങ്ങള്‍ എല്ക്കാത്ത മണ്ണിന്റെ രുചിയുമാണ് ഈ നാടിന്റെ പുണ്യം .
 
നമ്മുടെ നാട്ടിലെ പോലെ ഇവിടെയും കാട്ടിലാണ് പുലിയും കടുവയും ഒക്കെ താമസിക്കുന്നത്, അല്ലാതെ വീടിന്റെ മുറ്റത്തും പറമ്പിലുമല്ല. നമ്മുടെ നാട്ടില്‍ ഇലക്ട്രിക് വേലികള്‍ കെട്ടിയും കൂട്ടില്‍ അടച്ചുമൊക്കെ ജീവികളെ ദ്രോഹിക്കുമ്പോള്‍ അവരുടെ സ്വകാര്യതകളിലേക്ക് കൈകടത്താതെ മൃഗങ്ങളുടെ അസ്ഥിത്വത്തെയും ഇവിടുത്തെ മനുഷ്യര്‍ ബഹുമാനിക്കുന്നു.  
 
 
നൂറ്റാണ്ടുകളുടെ അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും ബാക്കിപത്രമായുള്ള വംശസങ്കലനം അറബികളും പാശ്ചാത്യരും ഏഷ്യന്‍ വംശജരും അടങ്ങുന്ന വംശീയ വൈവിധ്യത്തിന്റെ കലവറയാണ് ഈ നാടിനു നല്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടുത്തെ മനുഷ്യരുടെ തൊലിയുടെ നിറം കറുപ്പു മാത്രമല്ല, ഇവരുടെ മനസിനെ കറുപ്പ് ബാധിച്ചിട്ടുമില്ല. 
 
അതിശക്തമായ കുടുംബ ബന്ധങ്ങളും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന സംഗീതവും ഫുട്‌ബോളും ഉബുണ്ടുവില്‍ അധിഷ്ടിതമായ ജീവിതവുമാണ് ഈ നാടിന്റെ ശക്തി. ഇവിടെ അവിഹിതങ്ങളില്ല, അനാശാസ്യമില്ല, അനാഥത്വമില്ല. എന്റെയും നിന്റെയുമില്ല. ഒരു കുഞ്ഞിനു ജനിക്കാനും വളരാനും അപ്പന്റെ മേല്‍വിലാസം ആവശ്യമില്ല. തന്തായില്ലാത്തവന്‍മാരില്ല. അപ്പന്റെ ആദ്യ ഭാര്യയിലെ കുഞ്ഞും അമ്മയുടെ മുന്നാം ഭര്‍ത്താവിലെ കുഞ്ഞും ഒരു വീട്ടില്‍ ഒരേ മനസ്സായി വളരും. കുടുംബബന്ധങ്ങള്‍ക്ക് രക്തബന്ധത്തിന്റെ അനിവാര്യതയില്ല. ഉള്ള ഭക്ഷണം ഉള്ളവര്‍ക്കെല്ലാം പകുത്തെടുക്കുന്ന ഉള്ളുറപ്പുള്ള സ്‌നേഹം ഇന്നും ഇവിടെയുണ്ട്.
 
 
ഏതു നാടിനെയും പോലെ അഴിമതിയും ആഭിചാരവും ഈ നാടിന്റെയും ശാപമാണ്. ദാരിദ്ര്യവും പട്ടിണിയും ഈ നാടിനു കുത്തകകള്‍ സമ്മാനിച്ചതാണ്. ഉറവകള്‍ ഊറ്റിയെടുത്ത് ദാരിദ്ര്യവും വരള്‍ച്ചയും സമ്മാനിക്കുകയാണവര്‍. ഏതു കോണിലും കാണാവുന്ന കൊക്കാകോളയുടെ ബോര്‍ഡുകളും മീഞ്ചന്തയില്‍ പോലും കാണുന്ന ചൈനീസ് പതാകകളും ആധുനിക സാമ്രാജ്യത്വത്തിന്റെ യാഥാര്‍ത്ഥ്യം നമ്മോടു പറയാന്‍ ശ്രമിക്കുന്നുണ്ട്. 
 
കണ്ടറിയാനും കേട്ടു പഠിക്കാനും കഥകളും കാര്യങ്ങളും ഒരുപാടുണ്ട് ഇവിടെ. ഇവിടം സ്വര്‍ഗമാണ്.
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍