UPDATES

വിദേശം

എവിടെയാണ് കത്തോലിക്കാസഭയ്ക്ക് പിഴച്ചത്?

വാഷിംഗ്ടണ്‍ പോസ്റ്റ്

സഭ “സങ്കുചിതമായ നിയമങ്ങളില്‍” ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് സ്വവര്‍ഗലൈംഗികത, ഗര്‍ഭചിദ്രം, ഗര്‍ഭനിരോധനം തുടങ്ങിയ വിവാദവിഷയങ്ങളെപ്പറ്റി പരാമര്‍ശിച്ചുകൊണ്ട്  പോപ്പ് പറഞ്ഞത് ആഹ്ലാദത്തോടെയാണ് ലോകത്തിന്‍റെ പലഭാഗത്തുനിന്നുള്ള കത്തോലിക്കര്‍ കേട്ടത്. ആറുമാസം മുന്‍പ് മാത്രം പോപ്പ് ആയി മാറിയ ഒരു മനുഷ്യനില്‍ നിന്ന് അംഗീകരിക്കലിന്‍റെ സന്ദേശം കേട്ടതിന്‍റെ സന്തോഷത്തിലാണ് വിശ്വാസികള്‍.

“അദ്ദേഹം പറഞ്ഞതു ശരിയാണ്”, റിട്ടയര്‍ഡ് സ്കൂള്‍ പ്രിന്‍സിപ്പളായ 77കാരി ഷേര്‍ളി ഹോള്‍സ്നെക്റ്റ് പറയുന്നു. “കത്തോലിക്കര്‍ എന്ന നിലയില്‍ നാം കൂടുതല്‍ വ്യത്യസ്തചിന്താഗതികള്‍ ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു.” സഭ ആധുനിക കാലത്തോട് പൊരുത്തപ്പെടേണ്ടിയിരിക്കുന്നു എന്നാണ് ക്യൂബയിലെ ഐറീന്‍ ടെല്‍ഗാടോയുടെ പക്ഷം. “ലോകം മാറുകയാണ്, തങ്ങള്‍ മാത്രം പുറകോട്ടു നില്‍ക്കുന്നത് ശരിയല്ല എന്ന് കത്തോലിക്കാസഭയ്ക്ക് തോന്നിത്തുടങ്ങിയെന്നാണ് ഞാന്‍ കരുതുന്നത്,” 57കാരിയായ ടെല്‍ഗാടോ പറയുന്നു. “പുരോഗമനചിന്താഗതിക്കാരനായത് കൊണ്ടും സ്ഥിതിഗതികള്‍ മാറേണ്ടതു കൊണ്ടുമായിരിക്കണം അവര്‍ പോപ്പ് ഫ്രാന്‍സിസിനെ തെരഞ്ഞെടുത്തത്.”
 


 

ഇക്കഴിഞ്ഞ ദിവസം ലോകമെമ്പാടുമുള്ള 16 ജസ്യൂട്ട് ലേഖനങ്ങളില്‍ പ്രത്യക്ഷപ്പെട്ട അഭിമുഖത്തിലാണ് ഗര്‍ഭചിദ്രം, വിവാഹം, ഗര്‍ഭനിരോധനം തുടങ്ങിയവയെപ്പറ്റിയുള്ള സഭയുടെ നിലപാടുകള്‍ സങ്കുചിതമാണെന്നും അത് ആളുകളെ അകറ്റുന്നുവെന്നും പോപ്പ് ഫ്രാന്‍സിസ് അഭിപ്രായപ്പെട്ടത്.

കത്തോലിക്കാ ബിഷപ്പുമാരുടെ യു എസ് കോണ്‍ഫറന്‍സ് തലവനായ കര്‍ദിനാള്‍ തിമോത്തി ഡോലാന്‍ പോപ്പിന്റെ വാക്കുകളെ സ്വാഗതം ചെയ്യുകയാണെന്നാണ് പറഞ്ഞത്. “ലോകത്തിന്‍റെ സങ്കല്‍പ്പങ്ങളെ അദ്ദേഹം മനസിലാക്കിയിരിക്കുന്നു,” ന്യൂയോര്‍ക്കിലെ സെന്‍റ് പാട്രിക്ക് കത്തീഡ്രലിലെ കുര്‍ബാനക്കുശേഷം ഡോലാന്‍ പറഞ്ഞു. “യേശുവിനെപ്പോലെ അദ്ദേഹവും പറയുകയാണ്‌, ‘പാപത്തെ വെറുക്കുക, പാപിയെ സ്നേഹിക്കുക’.

എന്നാല്‍ പോപ്പിന്റെ സംസാരത്തിലെ മാറ്റം സഭയുടെ നിയമങ്ങളില്‍ മാറ്റമുണ്ടാകുമെന്നതിന്‍റെ സൂചനയല്ലെന്നാണ് ഡോലാന്‍ പറയുന്നത്. “കാലാതിവര്‍ത്തിയായ സഭയുടെ വിശ്വാസവും പഠനങ്ങളും പ്രചരിപ്പിക്കുകയാണ് ഏറ്റവും പ്രധാനവും വിശുദ്ധവുമായ കര്‍ത്തവ്യം എന്ന് അദ്ദേഹത്തിന് അറിയാം”ഡോലാന്‍ പറയുന്നു. “അതിനായി നമ്മള്‍ കുറേകൂടി ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് അദ്ദേഹം പറയുന്നത്. സഭ കടുംപിടുത്തം നടത്തുന്നുവെന്ന തോന്നല്‍ ഗുണത്തെക്കാള്‍ ദോഷമുണ്ടാക്കിയേക്കാം.”

ലോകത്തില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ള ബ്രസീലില്‍ 22കാരിയായ വിദ്യാര്‍ഥിനി മരിയ ദാസ്‌ ഗ്രസാസ് ലെമോസ് പറയുന്നത് പോപ്പ് ഫ്രാന്‍സിസ് സഭയെ കാലത്തിനൊപ്പം എത്തിക്കുകയാണെന്നാണ്.” ബ്രസീലിലെ സ്കൂളുകളില്‍ നിന്നും വിവാഹബന്ധം വേര്‍പിരിഞ്ഞ മാതാപിതാക്കളുടെ കുട്ടികളെ ഒഴിവാക്കാറുണ്ടായിരുന്നു. “അതെല്ലാം ഇപ്പോള്‍ മാറിക്കഴിഞ്ഞു. വിവാഹമോചിതരായി എന്നതുകൊണ്ട് ബ്രസീലില്‍ ഇപ്പോള്‍ ആരെയും മാറ്റിനിര്‍ത്താറില്ല. വിവാഹമോചനം സഭ ഇപ്പോഴും അംഗീകരിക്കുന്നില്ലെങ്കിലും സമൂഹത്തിലെ മാറ്റങ്ങളോടു സഭ പൊരുത്തപ്പെടുകതന്നെ ചെയ്യും.”

ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഒരു സ്വകാര്യസര്‍വകലാശാലയില്‍ അധ്യാപകനായ ഇസയാസ് മിഗ്വാല്‍ ഓര്‍ടിസിനും പോപ്പിന്‍റെ സ്വവര്‍ഗലൈംഗികതയെക്കുറിച്ചുള്ള അഭിപ്രായത്തോട് ഇതേ കാഴ്ചപ്പാടാണ്. സഭ ഒരിക്കലും സ്വവര്‍ഗലൈംഗികത അംഗീകരിക്കില്ലെങ്കിലും പോപ്പ് ഫ്രാന്‍സിസ് “കൂടുതല്‍ ആളുകളുമായി അടുക്കുന്നു”വെന്നാണ് ഓര്‍ടിസ് പറയുന്നത്. “ആളുകള്‍ എങ്ങനെയാണോ അങ്ങനെതന്നെ അവരെ അംഗീകരിക്കേണ്ടതാണ്” അയാള്‍ പറയുന്നു.

ഗര്‍ഭഛിദ്രമോ സ്വവര്‍ഗലൈംഗികതയോ താന്‍ അംഗീകരിക്കുന്നുവെന്ന് പോപ്പ് പറഞ്ഞിട്ടില്ല, മാര്‍ത്താ ഫാബിയോള റോജസ് ലെര്‍മ എന്ന മെക്സിക്കോയില്‍നിന്നുള്ള 76കാരി പറയുന്നു. അത്തരം വിഷയങ്ങള്‍ക്ക്‌ അമിതപ്രാധാന്യം കൊടുക്കില്ല എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്. “വളരെ കൃത്യമായി, വളരെ നന്നായാണ് അദ്ദേഹം സംസാരിച്ചത്”, അവര്‍ പറയുന്നു. “ഒരുപാട് അനീതികള്‍ ഇതിലുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും പാര്‍പ്പിടം, ഭക്ഷണം, വസ്ത്രം എന്നിങ്ങനെ അടിസ്ഥാനസൌകര്യങ്ങള്‍ ലഭ്യമാക്കാനാണ് നാം ശ്രമിക്കേണ്ടത്.”
 


 

ഫിലാഡല്‍ഫിയയിലെ വിശ്വാസിയായ ഐറീന്‍ ഫെടിന്‍ പറയുന്നത് “പുരോഹിതര്‍ വ്യക്തികള്‍ക്ക് ദൈവവുമായി ആത്മീയ അടുപ്പം ഉണ്ടാക്കുവാനാണ് ശ്രദ്ധിക്കേണ്ടത്. അല്ലാതെ അവരുടെ ശരികള്‍ക്ക് നിന്നുകൊടുക്കാത്ത മനുഷ്യരെ കുറ്റക്കാരായി ചിത്രീകരിക്കാനല്ല” എന്നാണ്.

കോറല്‍ ഗേബിള്‍സിലുള്ള പള്ളിയുടെ വെളിയില്‍ നിന്ന് ഫ്രാങ്ക് റീക്കോ പറഞ്ഞത് സഭയുടെ ശബ്ദം മാറ്റാന്‍ ശ്രമിക്കുന്നതില്‍ പോപ്പിനോട് അയാള്‍ക്ക് നന്ദിയുണ്ടെന്നാണ്. “ഞാന്‍ ഒരു തീവ്രകത്തോലിക്കാവിശ്വാസിയാണ്, എക്കാലവും ആയിരുന്നു. എന്നാല്‍ ലോകത്തുനടക്കുന്ന പരിണാമങ്ങള്‍ ഒന്നും സഭ ശ്രദ്ധിച്ചിരുന്നില്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.” ടെക്നോളജിയുമായി ബന്ധപ്പെട്ട ജോലിയില്‍ നിന്നും വിരമിച്ച 69കാരനായ റീക്കോ പറയുന്നു. പുരോഹിതന്മാര്‍ക്ക് വിവാഹജീവിതം അനുവദിക്കുക മുതലായ മാറ്റങ്ങള്‍ താന്‍ അംഗീകരിക്കുമെന്നും റീക്കോ പറയുന്നു.”ഒരു പങ്കാളി ഉണ്ടാവുക എന്നത് സ്ത്രീപുരുഷന്മാരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ ജീവിതാവസ്ഥയാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പോപ്പ് പറയുന്നതുപോലെ സഭയുടെ പ്രധാന മുന്‍ഗണന സ്നേഹത്തിനായിരിക്കണമെന്ന് ബോസ്ടണിലെ 26കാരിയായ എവിലിന്‍ മാര്‍ടിനെസിന്‍റെ അഭിപ്രായം.“ഒരാളുടെ ലൈംഗികത അയാളെ മതത്തില്‍ നിന്ന് അകറ്റിനിറുത്തണമെന്ന് ഞാന്‍ കരുതുന്നില്ല”, ബിരുദവിദ്യാര്‍ഥിയായ മാര്‍ടിനെസ് തുടരുന്നു.

74കാരനും പഴയൊരു ഇന്‍ഷൂറന്‍സ് കമ്പനി വൈസ് പ്രസിഡന്‍റും മനിലയിലെ ദീര്‍ഘകാല പള്ളിപ്രവര്‍ത്തകനുമായ ജോസ് ബാല്ത്താസറിന്‍റെ അഭിപ്രായം യഥാര്‍ഥ്യങ്ങള്‍ മനസ്സില്‍വെച്ചുകൊണ്ടാണ് പോപ്പ് അങ്ങനെയൊരു അഭിപ്രായപ്രകടനം നടത്തിയത് എന്നാണ്. “കൂട്ടംപിരിഞ്ഞുപോയവരെ തിരികെക്കൊണ്ടുവരാനാണ് നമ്മള്‍ കൂടുതല്‍ ശ്രദ്ധകൊടുക്കേണ്ടത്”, ബാല്ത്താസര്‍ പറഞ്ഞു. “നാം അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്. എന്തിനാണവര്‍ വഴിതെറ്റിപ്പോയത്? എവിടെയാണ് നമുക്ക് പിഴച്ചത്? എവിടെയാണ് കത്തോലിക്കാസഭക്ക് പിഴച്ചത്?

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍