UPDATES

ഇന്ത്യ

തെരഞ്ഞെടുപ്പില്‍ ഇല്ലാതെ പോയ തെരഞ്ഞെടുപ്പ് പ്രക്രിയ

അഡ്വ: സി.വി മനുവില്‍സന്‍
 
സ്വതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ ഇങ്ങോട്ടുള്ള തെരഞ്ഞെടുപ്പു ചരിത്രം പരിശോധിക്കുമ്പോള്‍ മനസിലാകുന്ന ഒരു രസകരമായ വസ്തുതയാണ് ഈ ശീര്‍ഷകത്തിന്റെ അടിസ്ഥാനം. ലോകത്തിലെ മറ്റേതിനേക്കാളും കുലീനമായ ജനാധിപത്യം എന്ന് ഞാനും നിങ്ങളും ഇടക്കിടെ ഗീര്‍വാണം അടിക്കാറുള്ള നമ്മുടെ സ്വന്തം തെരഞ്ഞെടുപ്പു പ്രക്രിയയെ കുറിച്ചു തന്നെയാണു പറഞ്ഞ് വരുന്നത്. ‘തെരഞ്ഞെടുപ്പിനുള്ളില്‍’ (ഇലക്ഷന്‍) നടന്നിരുന്ന ‘തെരഞ്ഞെടുക്കല്‍’ (സെലക്ഷന്‍) എന്ന സംഭവം, തെരഞ്ഞെടുപ്പിന്റെ അര്‍ത്ഥം തന്നെ ഇല്ലാതാക്കിയ വര്‍ത്തമാന യാഥാര്‍ത്ഥ്യത്തില്‍, സമ്മതിദായകനു പ്രതീക്ഷക്കു വക നല്കുന്ന പുത്തന്‍ വിധി ന്യായം സുപ്രീം കോടതി പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തില്‍ വേണം ഇതിനെ നോക്കി കാണാന്‍. 
 
നടന്നു വരുന്നത്
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാല്‍ അതത് രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കും. ഈതാണു നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ഏക തെരഞ്ഞെടുപ്പ്. ഇപ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുക്കുന്ന പ്രസ്തുത സ്ഥാനാര്‍ത്ഥികളില്‍ നിന്നും ആരെയെങ്കിലും ആരെയെങ്കിലും ഒരാളെ തെരഞ്ഞെടുത്ത് സെലക്ട് ചെയ്യ്യുക എന്ന പണി മാത്രമാണു സമ്മതിദായകന്‍ എന്ന പ്രജ ചെയ്യേണ്ടത്.
 
കോടതി പറഞ്ഞത്
പി.യു.സി.എല്‍ എന്ന സംഘടന, സുപ്രീം കോടതി മുമ്പാകെ നല്കിയ പൊതു താല്പര്യ ഹര്‍ജി പരിഗണിച്ച കോടതി ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന് ആഹ്വാനം ചെയ്തു എന്നു തന്നെ പറയാം. ഹര്‍ജ്ജിയിലെ വാദം തത്വത്തില്‍ അംഗീകരിച്ച കോടതി, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, തിരസ്‌കരണത്തിനുള്ളതു കൂടിയാണെന്ന് അടി വരയിട്ടു. നിലവിലെ രീതി മൌലികാവകാശ ലംഘനം എന്നഭിപ്രായപ്പെട്ട കോടതി, വോട്ട് യന്ത്രത്തില്‍ ‘തിരസ്‌കരണ ബട്ടണും’ കൂടി ചേര്‍ക്കുന്നതിനു ഇലക്ഷന്‍ കമ്മീഷനു നിര്‍ദ്ദേശം നല്കി.
 
കോടതി അങ്ങനെ പറഞ്ഞതെന്തു കൊണ്ട്?
ഭരണ ഘടനയുടെ 19 (1) (എ) അനുച്ഛേദ പ്രകാരം, അഭിപ്രായം പ്രകടിപ്പിക്കാനുള്ള മൗലിക അവകാശം ജന്മാവകാശമുള്ളവരാണ് ഓരോ ഭാരതീയനും. തെരഞ്ഞെടുപ്പെന്നാല്‍, ഒരു രാഷ്ട്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അഭിപ്രായ പ്രകടനമാണ്. ഇവിടെ, നമ്മുടെ നിലവിലുള്ള തെരഞ്ഞെടുപ്പ് പ്രക്രിയയില്‍, ഓരോ വോട്ടറും രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുത്തു കഴിഞ്ഞ ആളുകളില്‍ നിന്നും, ആരെങ്കിലും ഒരാളെ, നിജപ്പെടുതുക എന്ന വളരെ പരിമിതമായ വ്യാപ്തിയില്‍ ഒതുങ്ങി ജീവിച്ചു പോരുന്നു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥികള്‍ എല്ലവരും തന്നെ എത്ര അനഭിമതരാണെങ്കില്‍ കൂടി അവരില്‍ നിന്നും ഒരാളെ തെരഞ്ഞെടുത്തേ പറ്റൂ എന്ന അവസ്ഥയിലാണു നമ്മുടെ ഓരോ വോട്ടറും.
 
ഈ അവസ്തയാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. കാര്യങ്ങള്‍ നാളുകള്‍ എടുത്തു പഠിച്ച കോടതി ഹര്‍ജി അനുവദിച്ചു ഉത്തരവായി. പുതിയ കോടതി വിധി അനുസരിച്ച് അനഭിമതരായ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും തിരസ്‌കരിക്കുവാനുള്ള സമ്മതിദായകന്റെ അവകാശത്തെ അംഗീകരിക്കുന്നതിനൊപ്പം വളരെ ആരോഗ്യകരമായ ഒരു ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടു. കോടതി ഇപ്പോള്‍ അംഗീകരിച്ച ഈ അവകാശം ഒരു സ്വതന്ത്ര രാഷ്ട്രത്തിലെ പൗരന്മാര്‍ക്കു ഇക്കാലമത്രയും നിഷേധിക്കപെട്ട ശരി ആയിരുന്നു എന്ന് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. 
 
എന്തിനാണ് തിരഞ്ഞെടുപ്പില്‍ തിരസ്‌കരണം?
സമ്മതിദാനാവകാശം അവകാശങ്ങള്‍ക്കായുള്ള അവകാശമാണ്. മറ്റെന്തിനേക്കാളും പരമ പ്രധാനം ആണത്. തന്റെ നിയമവും ചട്ടങ്ങളും എന്തായിരിക്കണം എന്നും നിമിക്കപ്പെടുന്ന ആ നിയമങ്ങള്‍ തന്റെ തന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പൂര്‍ത്തീകരിക്കുവാന്‍ പര്യാപ്തമാണോ എന്നും ഒരാള്‍ നിരന്തരം ചിന്തിച്ചു കൊണ്ടേയിരിക്കും. അവിടെയാണു തെരഞ്ഞെടുപ്പിന്റെ ശരിയായ പ്രസക്തി. താന്‍ തെരഞ്ഞെടുക്കുന്ന ആള്‍ ഈ നിയമ നിര്‍മാണ സഭകളില്‍ തന്നെ പ്രതിനിധീകരിക്കുന്ന തന്റെ പ്രതിനിധി ആയിരിക്കണം എന്നു ഒരാള്‍ ആഗ്രഹിക്കുക സ്വാഭാവികം മാത്രം. അപ്രകാരം തന്റെ അഗ്രഹങ്ങളെയോ വിശ്വാസങ്ങളെയോ പ്രതിനിധീകരിക്കുവാനുള്ള യോഗ്യതയില്ലായെന്നു തനിക്കു തന്നെ ബോധ്യമുണ്ടെങ്കിലും, ഒരു പറ്റം അസ്വീകാരരില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കുന്നതിനു വോട്ടറെ അനുവദിക്കാത്ത ഈ നടപടി ക്രമം ഭരണഘടനാ വിരുദ്ധമെന്ന് വൈകിയെങ്കിലും കോടതിക്കും ബോധ്യമുണ്ടായി.
 
തിരസ്‌കരണ വോട്ടുകള്‍ ഭൂരിപക്ഷം വന്നലെന്തു ചെയ്യുമെന്നു ചോദിക്കുന്ന ചേട്ടന്മാരോട് പറയനുള്ളതിത്ര മാത്രം. ഈ തെരഞ്ഞെടുപ്പിനൊടുവില്‍ നാം തെരഞ്ഞെടുക്കുന്ന സംപൂജ്യന്‍ തട്ടി പോയാല്‍ എന്തുണ്ടാകുമോ, അതു തന്നെ ഇവിടെയും. പൊതു ജനത്തിനെ വെറുതെ ഓവര്‍ എസ്റ്റിമേറ്റ് ചെയ്യല്ലേ. ഒരു ഗതിയുമില്ലെങ്കില്‍ മാത്രമെ നമ്മുടെ ഒരു ശരാശരിക്കാരന്‍ തിരസ്‌കരണത്തിനു മുതിരൂ, അത് അവകാശമായാലും, മൗലികാവകാശമായാലും, എന്ത് തേങ്ങാക്കൊലയായാലും.
 
(കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍. Lex-Loce-ല്‍ സീനിയര്‍ അസ്സോസിയേറ്റ്)
 
 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍